Tuesday 28 August 2018 04:42 PM IST

കഥാപാത്രങ്ങളെ ‘വരച്ച വര’യിൽ നിർത്തും ഈ പയ്യൻ! പള്ളിക്കൽ നാരായണനും മേരിക്കുട്ടിയും ജനിച്ചത് സേതുവിന്റെ കാൻവാസിൽ

Binsha Muhammed

sethu-artust

സംവിധായകൻ മനസിൽ കാണും മുന്നേ മരത്തിൽ കാണുന്നൊരു കലാകാരൻ. വെള്ളിത്തിരയിൽ നാം കണ്ട് കൈയ്യടിച്ച, ഊറ്റം കൊണ്ട, ഗദ്ഗദപ്പെട്ട എത്രയോ കഥാപാത്രങ്ങളെ സംവിധായകന്റെ മനസിലേക്കിട്ടു കൊടുത്തൊരു കായംകുളംകാരൻ. മണലാരണ്യത്തിന്റെ തീച്ചൂളയിൽ ജീവിതം ഹോമിച്ച പത്തേമാരിയിലെ പള്ളിക്കൽ നാരായണനും കവിതയും വിപ്ലവവും ജീവിതത്തിൽ സമം ചേർത്ത ആമിയിലെ കമലാദാസും അതിജീവനത്തിന്റെ കഥ പറഞ്ഞ മേരിക്കുട്ടിയുമെല്ലാം ജീവനെടുക്കും മുന്നേ വരകളായി വിരിയുകയാണ്. കഥാപാത്രത്തിന്റെ വിത്തു മനസിൽ മുളപ്പിക്കുന്ന സംവിധായകന്റെ സാക്ഷാത്ക്കാരത്തിന് പൂർണത നൽകുന്ന ക്യാരക്ടർ കോൺസെപ്റ്റ് ആർട്ടിസ്റ്റ്, അതാണ് സേതു ശിവാനന്ദൻ എന്ന ചിത്രകാരൻ.

ആകെയുള്ള സമ്പാദ്യമായ വരയും കൈയ്യിൽ വച്ച് സിനിമയിൽ തലവര തെളിയുമോ എന്നറിയാൻ ഇറങ്ങിത്തിരിച്ച സേതു ശിവാനന്ദന്റെ ജീവിതത്തിനും ഒരു സിനിമാക്കഥക്കുള്ള സ്കോപ്പുണ്ട്. വരകളിലെ നിറങ്ങൾ ജീവിതത്തിലും വേണമെന്ന് കൊതിച്ച് സിനിമ സ്വപ്നം കണ്ടിറങ്ങുമ്പോൾ സേതു അറിഞ്ഞിരുന്നില്ല തന്റെ തലവര അതേ സിനിമ തന്നെ മാറ്റിയെഴുതുമെന്ന്. സിനിമയിൽ മുഖം കാണിച്ചു തുടങ്ങി ഒടുവിൽ വെള്ളിത്തിരയിൽ നിറ‍ഞ്ഞാടുന്ന കഥാപാത്രങ്ങൾക്ക് വരകളിലൂടെ ജീവൻ നൽകുന്ന ക്യാരക്ടർ ആർട്ടിസ്റ്റ് തന്റെ ജീവിത കഥപറയുകയാണ്. കഥാപാത്രങ്ങളിലേക്ക് പരകായ പ്രവേശം നടത്തുന്ന സൂപ്പർതാരങ്ങൾ വരകളായി വിരിയുന്ന തന്റെ കലാസപര്യയുടെ കഥ, വനിത ഓൺലൈനിനു വേണ്ടി...

sethu-7

തല‘വര’ തെളിയിച്ച സിനിമ

‘കൈയ്യിൽ വരയുണ്ടെന്നു കരുതി തലവര തെളിയമെന്നുണ്ടോ?, ബുദ്ധിജീവികളുടെ ജോലിയായ ചിത്രംവര കൊണ്ട് വല്ല ഉപയോഗവുമുണ്ടോ എന്ന് പലരും ചോദിച്ചു തുടങ്ങിയ സമയത്താണ് ആ സാഹസത്തിന് മുതിരുന്നത്. സിനിമയിലും ഒരു ൈക നോക്കണം, അതെങ്ങനെ എന്ന് ചോദിച്ചാൽ ടോട്ടൽ, ബ്ലാങ്ക്. അങ്ങനെയിരിക്കേ ഞെക്കാട് രാജ് എന്ന ആർട്ടിസ്റ്റ് എന്നെ ഒരു സിനിമാ ലൊക്കേഷനിലേക്ക് കൊണ്ടു പോയി. ശ്രീനാരായണ ഗുരുവിന്റെ കഥ പറഞ്ഞ യുഗപുരുഷൻ ആയിരുന്നു സിനിമ. ചെറിയ രീതിയിൽ ആ ചിത്രത്തിൽ മുഖം കാണിച്ചു. അവിടെ വച്ചാണ് പ്രശസ്ത മേക്ക്–അപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദിനെ പരിചയപ്പെടുന്നത്.

കൈയ്യിൽ വരയും വച്ചിട്ട് അഭിനയിക്കാൻ ഇറങ്ങിത്തിരിച്ച ഇവനാരെടാ എന്ന മട്ടിലൊരു നോട്ടം. ചെക്കൻ ആള് കുഴപ്പമില്ല എന്ന് ബോധ്യപ്പെട്ടതു കൊണ്ടാകണം. ഉടനെ കിട്ടി പണി, വിജയ രാഘവൻ നായകനാകുന്ന ദർബോണി എന്ന ചിത്രത്തിനു വേണ്ടി ക്യാരക്ടർ ഡിസൈൻ ചെയ്യണം. സാധാരണ പുറത്തു നിന്നും ഒരു ആർട്ടിസ്റ്റ് വന്നാണ് ഇത്തരം ജോലികൾ ചെയ്യുന്നത്. പക്ഷേ ആദ്യമായി എന്നിലൂടെ ക്യാരക്ടർ കൺസപ്റ്റ് ആർട്ടിസ്റ്റ് എന്നൊരു പ്രൊഫഷൻ മലയാള സിനിമയിൽ രൂപപ്പെടുകയായിരുന്നു.

കഥാപാത്രത്തെക്കുറിച്ചുള്ള ഒരു ലഘുവിവരണത്തിൽ നിന്നും ചിത്രം രൂപപ്പെടുത്തണം അതാണ് ജോലി. സത്യം പറഞ്ഞാൽ ഒന്നുമറിയാതെ കണ്ണുമിഴിച്ച് നിൽക്കുകയായിരുന്നു. പിന്നെ സകല ദൈവങ്ങളേയും പ്രാർത്ഥിച്ച് ആ വെല്ലുവിളി ഏറ്റെടുത്തു. സത്യം പറയാല്ലോ, എന്റെ വരയിൽ റഷീദിക്ക ഫ്ലാറ്റ്.’– ‘വര’ തെളിഞ്ഞ വഴിയിലൂടെ സേതുവിന്റെ ഫ്ളാഷ് ബാക്ക്.

sethu-6

പത്തരമാറ്റിന്റെ പത്തേമാരി

നല്ല അവസരങ്ങൾ ലോട്ടറി പോലെയാണ്. പിന്നാലെ പോയാൽ അൽപം വൈകിയിട്ടാണെങ്കിലും അത് അടിക്കുക തന്നെ ചെയ്യും. പത്തേമാരിയിൽ മമ്മൂക്കയുടെ ക്യാരക്ടർ ഡിസൈനിംഗ് സത്യത്തിൽ എനിക്കു പട്ടണം റഷീദ്ക്ക തന്ന ലോട്ടറിയായിരുന്നു. പ്രവാസ ജീവിതം ക്ഷീണിതനാക്കിയ കഥാപാത്രം. അതായിരുന്നു സംവിധായകനും മേക്കപ്പ് മാൻ പട്ടണം റഷീദിക്കയും എന്റെ മനസിലേക്കിട്ടു തന്ന വൺലൈൻ. സംഭവം എന്നിലെ കലാകാരനെ സംബന്ധിച്ചടത്തോളം പ്രസ്റ്റീജ് ഇഷ്യൂവാണ്. നന്നായി ചിന്തിച്ചു. മമ്മൂക്കയുടെ സുന്ദരൻ മുഖം എന്റെ വരയിലൂടെ കുളമാകുമോ എന്ന പേടി അപ്പോഴുമുണ്ടായിരുന്നു. പക്ഷേ ആ ജോലി സിനിമയിലെ നിലനിൽപ്പിന്റെ ഭാഗമായിരുന്നു. സകല ദൈവങ്ങളേയും വിളിച്ച് ഞാനത് പൂർത്തീകരിച്ചു. ക്യാൻവാസിൽ പത്തേമാരിയിലെ വയസൻ മമ്മൂക്ക. ഒള്ളത് പറയാല്ലോ, സംഭവം കളറായി, എന്റെ ജീവിതവും.

sethu-3

മമ്മൂക്ക നൽകിയ മേൽവിലാസം

മമ്മൂക്ക ചിത്രത്തിലെ ക്യാരക്ടർ ഡിസൈനർ എന്ന അഡ്രസു മാത്രം പോരേ, വേറേന്തു വേണം. അറിഞ്ഞോ അറിയാതെയോ മമ്മൂക്കയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. പത്തേമാരിയായിരുന്നു തുടക്കം, അവിടം തൊട്ടിങ്ങോട്ട് ഒരുപിടി ചിത്രങ്ങൾ. ആമിയിലെ മഞ്ജുവാര്യരെ വൃദ്ധയായ കമലാദാസാക്കി മാറ്റിയതായിരുന്നു ക്യാരക്ടർ ആർട്ടിസ്റ്റ് എന്ന നിലയിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പ്രേക്ഷക മനസുകളിൽ ഇപ്പോഴും യംഗ് ആയി നിൽക്കുന്ന കലാകാരിയുടെ വയസുകാലത്തെ രൂപം വരയ്ക്കുക എന്നതു പോലെ റിസ്ക്കു പിടിച്ച പണി വേറെയില്ലല്ലോ?,

പുത്തൻ പണത്തിലെ മമ്മൂക്ക, ഗപ്പിയിലെ ശ്രീനിയേട്ടൻ, സഖാവിലെ നിവിൻ പോളി, ഞാൻ മേരിക്കുട്ടിയിലെ ജയസൂര്യ, ഇബിലീസിലെ ലാൽ അങ്ങനെ തുടങ്ങി ഒരു പിടി കഥാപാത്രങ്ങള്‍ക്ക് വരകളിലൂടെ രൂപം നൽകാനുള്ള നിയോഗം എനിക്കുണ്ടായി. ടേക്ക് ഓഫ്, മൈ സ്റ്റോറി, ഗ്രേറ്റ് ഫാദർ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി തുടങ്ങിയ ചിത്രങ്ങളിലും കലാകാരൻ എന്ന നിലയിൽ സാന്നിദ്ധ്യമറിയിക്കാനായി. എന്തിനേറെ തമിഴിൽ ജയം രവിയുടെ വനമഗൻ ഉൾപ്പെടെ ഒരുപിടി ചിത്രങ്ങൾക്കും ക്യാരക്ടർ ഡിസൈനറുടെ റോളിൽ ഞാനുണ്ടായിരുന്നു. എല്ലാം സിനിമ തന്ന ഭാഗ്യം– സേതുവിന്റെ മുഖത്ത് നിറഞ്ഞ ചാരിതാർത്ഥ്യം.

sethu-4

കണ്ടത് മനോഹരം ഇനി കാണാനിരിക്കുന്നത് അതിമനോഹരം

സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ പൂർണതയിലാണ് ഞാനിപ്പോൾ. മലയാള സിനിമയുടെ ജാതകം തന്നെ മാറ്റിയെഴുതുന്ന രണ്ട് ബിഗ് ബജറ്റ് സിനിമകളിൽ ഞാനുൾപ്പെടുന്ന കലാകാരൻമാരുടെ കൈയ്യൊപ്പുണ്ട് എന്ന് പറയുമ്പോൾ ഏറെ ചാരിതാർത്ഥ്യം. ലാലേട്ടൽ–ശ്രീകുമാർ മേനോൻ ടീമിന്റെ വമ്പൻ പ്രോജക്ടായ ഒടിയന്റെ പോസ്റ്റർ, സ്റ്റോറി വർക്കുകളും ചെയ്യാൻ കഴിഞ്ഞുവെന്നത് വലിയ അംഗീകാരമായി കാണുന്നു. ഗോകുൽരാജ്, വെങ്കിടേശ്വർ, കൃഷ്ണലാൽ, തുടങ്ങിയ കലാകാരൻമാരുടെ കൂട്ടായ്മയായ ചക്രയുമായി ചേർന്നാണ് ഒടിയന്റെ ജോലികൾ പുരോഗമിക്കുന്നത്. പൃഥ്വിരാജ് ചിത്രം ആടുജീവി ത്തിന്റെ കഥാപാത്രങ്ങൾക്കു പിന്നിലും എന്റെ വരയുണ്ടാകും. എല്ലാം ഒരു സ്വപ്നം പോലെ അങ്ങനെ പോകുന്നു.

sethu-1

മേക്കപ്പിലും ഒരു കൈ നോക്കും

ചിത്രം വര മാത്രമല്ല. മേക്കപ്പിലും ഒരു നോക്കിയിട്ടുണ്ട് ഞാൻ. കഥാപാത്രങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്ന പ്രോസ്തെറ്റിക്ക് മോൾഡിങ്ങിൽ കൈ വയ്ക്കാനുള്ള ധൈര്യവും സിനിമ തന്നു കഴിഞ്ഞു. ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടിയിൽ ചാക്കോച്ചനെ ടാറ്റൂമാനാക്കി മാറ്റിയതിനു പിന്നിൽ എന്റെ കൈകളുണ്ട്. സഖാവിലെ നിവിൻ പോളിയും ആമിയിലെ മഞജുവാര്യറുടേയെല്ലാം ക്യാരക്ടർ പ്രോസ്തെറ്റിക്ക് മോൾഡ് വർക്കുകളിൽ സഹകരിച്ചിട്ടുണ്ട്.

ക്യാൻവാസിലെ നിറങ്ങളേക്കാൾ ചന്തമുണ്ട് സേതുവിന്റെ മോഹങ്ങൾക്കും. ആ മോഹങ്ങൾക്ക് കുടപിടിച്ച് അച്ഛൻ ശിവാനന്ദനും അമ്മ ലീലയും സഹോദരി ഇന്ദുവും കട്ടയ്ക്ക് കൂടെയുണ്ട്. സേതുവിന്റെ തന്നെ വാക്കുകൾ തന്നെ കടമെടുത്താൽ ഇതുവരെ കണ്ടത് മനോഹരം, വരാനിരിക്കുന്നത് അതിമനോഹരം. അതിനായി കാത്തിരിക്കാം.

sethu-8