Friday 27 August 2021 12:09 PM IST : By സ്വന്തം ലേഖകൻ

ഭാര്യയുടെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധം; ബലാത്സംഗമായി പരിഗണിക്കാനാവില്ലെന്ന് കോടതി! വിവാദ വിധിക്കെതിരെ വൻ രോഷം

rapee44565hhhyh

ഭർത്താവ് നിയമപ്രകാരം വിവാഹം കഴിച്ച ഭാര്യയ്ക്ക് മേൽ, ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും ബലാത്സംഗമായി പരിഗണിക്കാനാവില്ലെന്ന വിവാദ പ്രസ്താവനയുമായി ഛത്തിസ്ഗഡ് ഹൈക്കോടതി. ഭാര്യയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ഭര്‍ത്താവിനെ വെറുതേ വിട്ടു കൊണ്ടാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. കോടതി വിധിക്കെതിരെ വൻ രോഷമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. 

കഴിഞ്ഞ വര്‍ഷം നവംബര്‍ 22 നാണ് യുവതി ഭര്‍ത്താവിനെതിരെ പരാതി സമര്‍പ്പിച്ചത്. വിവാഹശേഷം ഭര്‍ത്താവും കുടുംബവും നിരന്തരം പണം ആവശ്യപ്പെട്ട് പീഡനം തുടങ്ങിയെന്ന് യുവതി പറയുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുശേഷം തന്റെ സമ്മതം കൂടാതെ ഭര്‍ത്താവ് ബലമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു. 

ജനുവരി രണ്ടിന് മുംബൈയ്ക്കു സമീപം മഹാബലേശ്വറില്‍ പോയപ്പോഴും ഭര്‍ത്താവ് ബലാത്കാരം നടത്തിയതായി യുവതി ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നുവെന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയെ തുടർന്ന് മുന്‍കൂര്‍ ജാമ്യമെടുത്താണ് ഭര്‍ത്താവ് കോടതിയിലെത്തിയത്. 

കോടതിവിധി പ്രകാരം ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല. ഭാര്യയുടെ പ്രായം 18 വയസില്‍ താഴെയല്ലെങ്കിൽ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രസ്തുത കേസില്‍ ലൈംഗികബന്ധം ബലപ്രയോഗത്തിലൂടെയോ ഭാര്യയുടെ ഇംഗിതത്തിനു വിരുദ്ധമായോ ആണെങ്കില്‍ പോലും ബലാത്സംഗക്കുറ്റം ചുമത്താനാവില്ലെന്നും കോടതി പറഞ്ഞു. 

Tags:
  • Spotlight