Saturday 25 September 2021 02:36 PM IST : By സ്വന്തം ലേഖകൻ

രോഗാണുക്കളുമായി നഗ്നപാദരായി അകത്തേക്ക്: ഈ കാഴ്ച കണ്ടോ?: തെറ്റ് ചൂണ്ടിക്കാട്ടി കുറിപ്പ്

shabeer-kaliyattamukk

ജീവിതം സാധാരണ നിലയിലാകുമ്പോഴും കോവിഡ് ഭീതി നമ്മളെ വിട്ടുപോയിട്ടില്ല. ദിനംപ്രതി ഉയരുന്ന കേസുകളും മരണ നിരക്കും ഭയം നിറയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അധികാരികളുടെ ശ്രദ്ധ പതിയേണ്ടുന്ന ഒരു സംഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് ഷബീർ കളിയാട്ടമുക്ക്. വാക്സീൻ വിതരണം ചെയ്യുന്ന പിഎച്ച്സിയിൽ ജനങ്ങൾ പാദരക്ഷയില്ലാതെ പ്രവേശിക്കുന്ന കാഴ്ചയാണ് ഷബീർ പങ്കുവയ്ക്കുന്നത്. കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിൽ എത്തുന്നവരെ നിർബന്ധിച്ച് പാദരക്ഷ അഴിപ്പിച്ചു വയ്ക്കുന്നതിലെ സാംഗത്യമെന്തെന്ന് ഷബീർ ചോദിക്കുന്നു. ആരോഗ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഫെയ്സ്ബുക്കിലൂടെയാണ് വിഷയം പൊതുജനമധ്യത്തിൽ അവതരിപ്പിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിലേക്ക്,

ഞാൻ ഇന്ന് വാക്സിനെടുക്കാൻ കളിയാട്ടമുക്ക് പി എച്ച് സി യിൽ ചെന്നു.

അവിടെയുള്ള ആരോഗ്യ പ്രവർത്തകർ പാദരക്ഷ(ചെരുപ്പ്) പുറത്ത് അഴിച്ചു വെക്കാൻ നിർബന്ധിച്ചു.

ഞാൻ സമ്മതിച്ചില്ല.

ഒരുപാട് സാധാരണക്കാർ ചെരുപ്പ് അഴിച്ച് നഗ്നപാദരായി ആശുപത്രിയിലേക്ക് കയറുന്നു.

എന്നാൽ ഈ ആരോഗ്യ പ്രവർത്തകർ പുറത്ത് ഉപയോഗിച്ച ചെരുപ്പ് തന്നെയാണ് അകത്തും ഉപയോഗിക്കുന്നത്.

ആ സ്ഥലത്തേക്കാണ് സാധാരണ മനുഷ്യർ നഗ്നപാദരായ് കടന്നു ചെല്ലുന്നത്.

അതിന്റെ അപകടം ആരോഗ്യ പ്രവർത്തകരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ അവർ തിരുത്താൻ തയ്യാറായില്ല.

പാദ രക്ഷകൾ ഇടുന്നതല്ലേ എല്ലാവരുടെയും രക്ഷക്ക് നല്ലത്.

പലരുടെയും ശരീരത്തിൽ ഉള്ള രോഗാണുക്കൾ, സ്രവങ്ങൾ,വിയർപ്പ് ഒക്കെ മറ്റുള്ളവരുടെ കാലുകളിലേക്ക് പടരാൻ അല്ലെ നഗ്നപാദരായി ആശുപത്രിയിൽ കയറുന്നതിന് കാരണമാകൂ.

ചെരുപ്പ് ഇട്ടാൽ അകത്ത് പറ്റുന്ന മണ്ണ് പോലും ശരീരവുമായി നേരിട്ട് ബന്ധം വരുന്നില്ലല്ലോ.

ഐസിയു,ഓപ്പറേഷൻ തിയേറ്റർ ഒക്കെ പോലെ ക്ലോസ്ഡ് ആയ, ലിമിറ്റഡ് എൻട്രി ഉള്ള, സാനിറ്റൈസ്ഡ് പരിസരം അല്ലലോ വാക്സിനെഷൻ റൂമും,ആശുപത്രി നിലവും.

വാക്‌സിൻ എടുക്കാൻ ചെരുപ്പ് ഊരി വരുന്നതിന് തൊട്ട് മുൻപേ ആളുകൾ എവിടെ പോയെന്നോ എന്ത് ചെയ്തെന്നോ നമുക്ക് അറിയില്ലല്ലോ..


അതുകൊണ്ട് അപകടരമായ ഈ അനാരോഗ്യ പ്രവണത തിരുത്താൻ ആരോഗ്യ പ്രവർത്തകർക്ക് താങ്കൾ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെടുന്നു.