Thursday 18 February 2021 03:11 PM IST : By സ്വന്തം ലേഖകൻ

കഴുമരം ഒരുങ്ങുന്നു, ബന്ധുക്കളെ മഴുകൊണ്ടു വെട്ടിക്കൊന്ന ക്രൂരതയ്ക്ക് തൂക്കുകയർ: ഷബ്നം ഇന്ത്യയിൽ തൂക്കിലേറ്റുന്ന ആദ്യ വനിത

shabnam-hang

അവളുടെ ക്രൂരതയ്ക്ക് കഴുമരം ഒരുങ്ങുമ്പോൾ പുതിയൊരു ചരിത്രം കൂടിയായിരിക്കും പിറവിയെടുക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി ഒരു വനിതാ കുറ്റവാളിയെ തൂക്കിലേറ്റുന്നു. ഏഴുജീവനുകളെ നിർദാക്ഷിണ്യം വെട്ടിവീഴ്ത്തിയ ഷബ്നമാണ് പാപഭാരത്തിന്റെ പേരിൽ ചരിത്രത്തിന്റെ ഭാഗമാകുന്നത്. നിർഭയ കേസിലെ നരാധമൻമാർക്ക് കഴുമരം ഒരുക്കിയ ആരാച്ചാർ പവൻ ജല്ലാദ് തന്നെയായിരിക്കും ഷബ്നത്തിനും കഴുമരം ഒരുക്കുന്നത്.

2008 ഏപ്രിലിലാണ് ഷബ്നത്തിന്റെ ഭൂതകാലത്തിന് കുപ്രസിദ്ധി നേടിക്കൊടുത്ത ആ കൊടുംക്രൂരത അരങ്ങേറിയത്. കുടുംബത്തിലെ ഏഴംഗങ്ങളെ കാമുകൻ സലീമിന്റെ സഹായത്തോടെ കോടാലിക്കു വെട്ടിക്കൊന്ന കേസിലെ പ്രതി ഷബ്‌നം അന്ന് വാർത്താക്കോളങ്ങളിലൂടെ ജനങ്ങളുടെ ഇടയിൽ ശപിക്കപ്പെട്ടവളായി മാറി.

സലീമുമായുള്ള ബന്ധത്തിന് കുടുംബം തടസംനിൽക്കുമെന്ന് കരുതിയായിരുന്നു ദാരുണമായ കൂട്ടക്കൊല. കേസിൽ ഷബ്നത്തെയും സലീമിനെയും പോലീസ് പിടികൂടി. രണ്ട് വർഷത്തിന് ശേഷം 2010 ജൂലായിൽ ജില്ലാ കോടതി ഇരുവരെയും വധശിക്ഷയ്ക്ക് വിധിച്ചു. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതിയും ശിക്ഷ ശരിവെച്ചു. രാഷ്ട്രപതിക്ക് നൽകിയ ദയാഹർജിയും തള്ളിപ്പോയി. ഇതോടെയാണ് പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്.

ഷബ്നം നിലവിൽ ബറേലിയിലെ ജയിലിലും സലീം ആഗ്രയിലെ ജയിലിലുമാണ് തടവിൽ കഴിയുന്നത്. എന്നാൽ മഥുരയിലെ ജയിലിൽവെച്ചാകും ഷബ്നത്തിന്റെ വധശിക്ഷ നടപ്പാക്കുകയെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് വനിതകളെ തൂക്കിലേറ്റുന്ന ഏക കേന്ദ്രം മഥുരയിലെ ജയിലിലാണുള്ളത്. 150 വർഷം മുമ്പ് പണിത ഇവിടെ സ്വാതന്ത്ര്യത്തിന് ശേഷം ഒരാളെ പോലും തൂക്കിലേറ്റിയിട്ടില്ല. ഒരുപക്ഷേ, 1947-ന് ശേഷം ഇന്ത്യയിൽ ആദ്യമായി തൂക്കിക്കൊല്ലുന്ന വനിതയും ഷബ്നമായിരിക്കുമെന്നാണ് ജയിൽ അധികൃതർ പറയുന്നത്.

ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്ത്രീകളെ തൂക്കിലേറ്റാനുള്ള ഏക ജയിലിലാണ് ശിക്ഷ നടപ്പാക്കുന്നത്. നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയ ആരാച്ചാര്‍ പവന്‍ ജല്ലാദ് രണ്ടു തവണ നടപടിക്രമങ്ങള്‍ പരിശോധിച്ചു. ശിക്ഷ നടപ്പാക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല. ഷബ്‌നത്തിനു മരണ വാറന്റ് പുറപ്പെടുവിച്ചുകഴിഞ്ഞു. 

കേസില്‍ ഷബ്‌നത്തിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നു. തുടര്‍ന്ന് ദയാഹര്‍ജി പ്രസിഡന്റ് നിരസിക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ കുറ്റവാളിയെ തൂക്കിലേറ്റുന്നത്. വനിതകളുടെ വധശിക്ഷ നടപ്പാക്കാനുള്ള സംവിധാനം 150 വര്‍ഷം മുമ്പാണു മഥുരയില്‍ നിര്‍മിച്ചത്. എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇതുവരെ ഒരു വനിതയെയും തൂക്കിലേറ്റിയിട്ടില്ല. ഇവിടം സന്ദര്‍ശിച്ച ആരാച്ചാര്‍ പവന്‍ ജല്ലാദ് കുറച്ചുകൂടി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജയില്‍ സൂപ്രണ്ട് ഷൈലേന്ദ്ര കുമാര്‍ പറഞ്ഞു. ബിഹാറിലെ ബുക്‌സാറില്‍നിന്നാണ് തൂക്കുകയര്‍ എത്തിക്കുന്നത്. 

കാമുകനായ സലിമിനൊപ്പം ചേര്‍ന്ന് ഷബ്‌നം സ്വന്തം മാതാപിതാക്കളെയും രണ്ട് സഹോദരന്മാരെയും സഹോദര ഭാര്യയെയും സഹോദരിയെയും മരുമകനെയും മഴു ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്കു പാലില്‍ മയക്കുമരുന്നു ചേര്‍ത്തു നല്‍കിയതിനു ശേഷമായിരുന്നു കൊടുംക്രൂരത. സലിമുമായുള്ള പ്രേമബന്ധത്തിനു കുടുംബാംഗങ്ങള്‍ തടസം നിന്നതാണ് കൊലയ്ക്കു കാരണം. രണ്ടുവര്‍ഷത്തെ വിചാരണയ്ക്കു ശേഷം അംരോഹ കോടതി 2010 ജൂലൈയില്‍ ഷബ്‌നത്തിനും സലിമിനും വധശിക്ഷ വിധിച്ചു. തുടര്‍ന്ന് ഇവര്‍ മേല്‍ക്കോടതികളെ സമീപിച്ചെങ്കിലും ശിക്ഷ ശരിവയ്ക്കുകയായിരുന്നു.

നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവൻ ജല്ലാദ് തന്നെയാണ് ഷബ്നത്തെയും തൂക്കിലേറ്റുക. ശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി പവൻ രണ്ട് തവണ മഥുരയിലെ ജയിലിലെത്തി പരിശോധന നടത്തി. ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം കഴുമരത്തിന്റെ ചില ഭാഗങ്ങളിൽ അറ്റക്കുറ്റപ്പണി നടത്തുകയും ചെയ്തു. ബക്സറിൽനിന്നുള്ള കയറും മഥുരയിലെ ജയിലിൽ എത്തിച്ചിട്ടുണ്ട്.