Wednesday 04 November 2020 02:37 PM IST

'അവളെന്‍റെ മോളാണ്, പൊന്നിന്റെ പേരില്‍ ഒരു കാലത്തും അവള്‍ പരാതി പറയില്ല'

Binsha Muhammed

shafi-shifa

പൊന്നില്‍ കുളിക്കുന്ന കല്യാണമേളങ്ങളുടെ കാലത്ത് 'പൊന്നുപോലെ' ഒരു ഉപ്പയും മകളും. കല്യാണപ്പെണ്ണിനൊരുങ്ങാന്‍ എണ്ണം പറഞ്ഞ സ്വര്‍ണങ്ങള്‍ വേണമെന്ന അലിഖിത നിയമത്തെ കാറ്റില്‍ പറത്തിയ ഉപ്പയുടെ പേര്, ഷാഫി ആലുങ്ങല്‍, മകള്‍ ഷിഫ ബിന്‍ത് ഷാഫി. ജനിച്ചനാള്‍ തൊട്ടേ മകളെ സ്വര്‍ണത്തിന്റെ പൊലിമയറിയിക്കാതെ വളര്‍ത്തിയ ഷാഫി അവളുടെ ജീവിതത്തിലെ സുപ്രധാന നിമിഷത്തിലും അതാവര്‍ത്തിച്ചു. പൊന്നിന്റെ തരിപോലും ഇല്ലാതെ നിക്കാഹിനെത്തിയ അബ്ദുള്‍ ബാസിത്തിന്റെ കൈപിടിച്ചു.   ആ വേറിട്ട വിവാഹത്തിന്  ആശംസയുമായി സോഷ്യല്‍ മീഡിയയും ഒന്നാകെയെത്തി. അവരുടെ വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോള്‍ ഹൃദ്യമായ വാക്കുകളിലൂടെ മറുപടി പറയുകയാണ് ഉപ്പ ഷാഫി. 

പൊന്നുവേണ്ട, പൊന്നു പോലൊരു മനസുണ്ടായാല്‍ മതി

സ്വര്‍ണത്തിന്റെ തൂക്കമോ ഏറ്റക്കുറച്ചിലോ ആണ് മനസുകളെ അടുപ്പിക്കുന്നത് എന്ന് ഞാന്‍കരുതുന്നില്ല. പൊന്നിനോട് ഭ്രമം ഉള്ള പെണ്‍കുട്ടിയാകില്ല എന്റെ ഷിഫയെന്ന് എനിക്ക് ഉറപ്പുണ്ട്. അവളെ ഞാന്‍ അങ്ങനെയാണ് വളര്‍ത്തിയത്. വിവാഹത്തിന് വെറും മൂവായിരം രൂപയുടെ വെള്ളിമാത്രമാണ് ഞാന്‍ നല്‍കിയത്. അതിന്റെ പേരില്‍ അവളെന്നോട് ഒരുകാലത്തും പരാതി പറയില്ല എനിക്കുറപ്പുണ്ട്- ഷാഫി പറയുന്നു. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ സഹോദരിമാരെ വിവാഹമന്വേഷിച്ച ഇന്നത്തെ എന്റെ പ്രിയപ്പെട്ട അളിയന്മാര്‍ അന്ന് സ്വര്‍ണ്ണം ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും അക്കാലത്തെ നാട്ടു നടപ്പ് നടപ്പിലാക്കാന്‍ ഞാന്‍ പാടു പെട്ടതും, മറ്റുള്ളവരില്‍ നിന്ന് അതിനായി പണം വാങ്ങേണ്ടി വന്നതും എനിക്കിന്നും മറക്കാനാവുന്ന ഓര്‍മ്മയല്ല. അന്ന് ഞാനെടുത്ത പ്രതിജ്ഞയാണ് എന്റെ മകളെ പൊന്നില്‍ കുളിപ്പിക്കില്ല എന്ന്.

SHAFI-DAUGHETR

ഏറെ സന്തോഷവും അഭിമാനവും നല്‍കുന്ന കാര്യം വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ എന്റെ ഈ നിലപാടിനെ കേള്‍ക്കാനും മനസു നിറഞ്ഞു സ്വീകരിക്കാനും അബ്ദുള്‍ ബാസിത്തിന്റെ വീട്ടുകാര്‍ തയ്യാറായി എന്നതാണ്. പെണ്ണിന് ഒരു തരി സ്വര്‍ണ്ണം നല്‍കില്ല എന്ന എന്റെ തീരുമാനത്തെ വരനാകാന്‍ പോകുന്ന അബ്ദുല്‍ ബാസിത്തിന്റെ പിതാവ് അരീക്കോട്ടുകാരന്‍  ഇബ്രാഹീകുട്ടി സാഹിബ് വളരെ സന്തോഷപൂര്‍വ്വമാണ് സ്വീകരിച്ചത്. മാതാവ് ബുഷ്‌റ ടീച്ചര്‍ക്കും അതുപോലെ തന്നെ. ഒരേ നിലപാടുള്ളവരെ യാദൃച്ഛികമായി കൂട്ടിയോജിപ്പിച്ച ദൈവത്തിനാണ് നന്ദി. ഡിഗ്രി വിദ്യാര്‍ത്ഥിയായ അവളുടെ പഠനവും പൂര്‍ത്തിയാക്കാന്‍ കൂടെയുണ്ടാകണമെന്നും ഞാന്‍ ബാസിത്തിനോട് പറഞ്ഞിട്ടുണ്ട്. പിജി വിദ്യാര്‍ത്ഥിണ് ബാസിത്ത്.  എനിക്കും മകള്‍ക്കും ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി-ഷാഫി പറയുന്നു. 

നിലമ്പൂര്‍ സ്വദേശിയായ ഷാഫി കെഎസ്ഇബിയില്‍ സബ് എഞ്ചിനീയറാണ്. സുല്‍ഫത്താണ് ഭാര്യ. മകളുടെ വിവാഹം കാതുകുത്തിനു പോലും പൊന്നില്ലാത്ത ഷാഫിയുടെ മകളുടെ വിവാഹ വാര്‍ത്തയും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു.