Wednesday 31 July 2019 04:10 PM IST

'സ്ത്രീകളെ ലോകം കാണാതെ വീട്ടിൽ ഇരുത്തുന്ന കാലം കഴിഞ്ഞു'; പാത്തൂന്റെ കിനാവിനൊപ്പം കൈപിടിച്ചു നടന്ന ബനി പറയുന്നു

Binsha Muhammed

paatthu88654 ഫോട്ടോ: ബേസിൽ പൗലോ

ആരാണ് സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് വിലക്കിട്ടത്...  വിശ്വവിഖ്യാതമായ ഈ ചോദ്യം ആദ്യം ചോദിച്ച പെൺമണിയെക്കുറിച്ച് ആർക്കും അറിയില്ല. പക്ഷേ, ഇടയ്ക്കിടെ പലയിടത്തും ഇപ്പോഴും ഈ ചോദ്യം കേൾക്കാറുണ്ട്. എന്നാലിനി, പരിചയപ്പെടാം. പിറന്നാൾ സമ്മാനമായി സോളോ ട്രിപ് നടത്തിയ ഷഹ്നാസ് ബനി സദറിനെ...

‘ഇക്കാ, സൂപ്പറാ...’ 

‘ഇനിയെന്തു നൽകണം ഞാൻ ഇനിയുമെന്ത് നൽകണം...’ ഭർത്താവ് ബനിയുടെ പ്രണയഗീതം കേട്ട് പാത്തുവിന്റെ മറുപടി ഇങ്ങനെ. ‘ഇമ്മാതിരി സർപ്രൈസ് തന്നോണ്ടിരുന്നാ മതി... ഞാൻ ഗ്ലോബിൽ ഒന്നു രണ്ടു സ്ഥലങ്ങൾ കൂടി കണ്ടു വച്ചിട്ടുണ്ട്. അടുത്ത സോളോ ട്രിപ് അങ്ങോട്ടേക്ക്...’ പാത്തു പറഞ്ഞത് കേട്ടപ്പോൾ ബനിയുടെ കണ്ണിൽ ചെറിയൊരു ഞെട്ടൽ.

ഭാര്യയെ സോളോ ട്രിപ് വിട്ടതിന്റെ പേരിൽ കേരളത്തിലെ ബഹുഭൂരിപക്ഷം ഭർത്താക്കൻമാരുടേയും പ്‌രാക്ക് കിട്ടി. ഭാര്യമാരുടെ കുശുമ്പ് വർത്തമാനത്തിൽ വലഞ്ഞ കെട്ട്യോൻമാരായ കൂട്ടുകാരുടെ വക ‘പ്രത്യേക’ മെസേജുകളും ഏറ്റുവാങ്ങി. ആ നിമിഷങ്ങൾ തലശേരിക്കാരൻ ബനിയുടെ മനസ്സിലേക്ക് ഓടിയെത്തി. ‘ഇനീം എന്നെക്കൊണ്ട് തുമ്മിക്കണോ പാത്തൂ’ – ബനി ചിരിയോടെ ചോദിക്കുന്നു.

യാത്രകളാണ് ജീവിതത്തിലെ ഫിക്സഡ് ഡിപ്പോസിറ്റുകളെന്ന് വിശ്വസിക്കുന്ന ഐഡിയൽ കപ്പിൾ. തലശേരിക്കാരൻ ബനി സദറും ബനിയുടെ നല്ല പാതി ഷഹ്നാസ് എന്ന പാത്തുവും. നാട്ടിൽ വക്കീലായി ഷൈൻ  ചെയ്തു നടക്കേണ്ട ഭാര്യയെ ദുബായിലേക്കു കൊണ്ടുവരേണ്ടി വന്നതിൽ നല്ല വിഷമമുണ്ട് ബനിക്ക്. അതിന്റെ സങ്കടം തീർക്കുന്നത് യാത്രകളിലൂടെയാണ്. പാതിരാ സൂര്യന്റെ നാടെന്ന് പാഠപുസ്തകത്തിലേ പരിചയപ്പെട്ട നോർവേയിലും മഞ്ഞിന്റെ മുഖപടമണിഞ്ഞ സ്വീഡനിലും എന്നു വേണ്ട ഖൽബിൽ കിനാവായ ഇടങ്ങളിലേക്കെല്ലാം അവർ ഒരുമിച്ചാണ് പോയത്.

പക്ഷേ, പിറന്നാളിന് സർപ്രൈസായി ഭാര്യക്ക് ഗ്രീസിലേക്ക് സോളോ ട്രിപ് സമ്മാനിക്കുമ്പോൾ ട്രോളുകൾ കൊണ്ടൊരു തുലാഭാരം ഉണ്ടാകുമെന്ന് ബനി തീരെ പ്രതീക്ഷിച്ചില്ല. ഷെഹ്നാസിനും കിട്ടി കുശുമ്പ് ചാലിച്ച മെസേജുകൾ. ട്രോളും കൂരമ്പ് വച്ച മെസേജുകളും ചേർത്ത് സോഷ്യൽ മീഡിയ ബനിയെ അപ്പുക്കുട്ടനാക്കി. കാശ് ലാഭിക്കാൻ ഭാര്യയെ ഒറ്റയ്ക്ക് ഹണിമൂണിന് വിട്ട് ‘ടു ഹരിഹർ നഗർ’ സിനിമയിലെ അപ്പുക്കുട്ടൻ. സോളോ ട്രിപ്പ് പോയിവന്ന കഥാനായികയും അത് അറേഞ്ച് ചെയ്ത് വിപ്ലവം സൃഷ്ടിച്ച ബനിയും പറയുന്നു, വ്യത്യസ്തമായ ആ സമ്മാനത്തിന്റെ കഥ.

തുടക്കം ഷാറൂഖ് ഖാൻ

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാറൂഖ് ഖാന് എന്താ ഈ യാത്രയിൽ കാര്യമെന്ന് ചോദിക്കാൻ വരട്ടെ. ‘ചൽതേ ചൽതേ’ സിനിമയിലെ തോബാ തുമാരെ യെ ഇഷാരെ...എന്നു തുടങ്ങുന്ന പാട്ടിൽ റാണി മുഖർജിക്കൊപ്പം പ്രണയാതുരനായി ഷാറൂഖ്. പശ്ചാത്തലം ഗ്രീസിലെ മനോഹര ദ്വീപ്. അതു കണ്ടതും ഷെഹ്നാസിന്റെ മനസ്സിലേക്ക് കോളിങ് ബെൽ അമർത്താതെ ആ സ്ഥലമങ്ങ് കയറി.  അഴകും പൗരാണികതയും കവിളുരുമ്മി നിൽക്കുന്ന ഇടം.

‘പലവട്ടം ഇക്കാനോട് ഞാനത് പറഞ്ഞിട്ടുമുണ്ട്. ഒരുമിച്ച് പലയിടത്തും കറങ്ങിയെങ്കിലും ഇത് മാത്രം ഇങ്ങനെ മനസിന്റെ വെയ്റ്റിങ് ലിസ്റ്റിൽ കിടന്നു. പക്ഷേ, ഇങ്ങനൊരു സർപ്രൈസ് കിട്ടുമെന്ന് പടച്ചോനാണേ, നിനച്ചിരുന്നില്ല. എന്തായാലും അതീ പിറന്നാളിന് അങ്ങ് സാധിച്ചു. ‘ലവ് യൂ... ഇക്കാ...’ ഷഹ്നാസിന്റെ കോംപ്ലിമെന്റ് ബനി കള്ളച്ചിരിയൊടെ സ്വീകരിച്ചു.

അങ്ങനെ യാത്ര വൈറലായി

‘ഓള് പോയത് വലിയ സംഭവമായി എനിക്ക് തോന്നുന്നില്ല. ആ യാത്ര തമാശ രൂപത്തിൽ എഴുതി അത് ഒടുക്കം വൈറലായി കയ്യീന്ന് പോയി അതാണ് സംഭവം. അഭിനന്ദനത്തിലായിരുന്നു തുടക്കം. പിന്നെ, ട്രോളുകളുടെ പന്തുവരാളി പ്രവാഹമായിരുന്നു. ‘ഇനിയീ വീട്ടിൽ അളിയൻ അലുവ മേടിച്ചോണ്ട് വരരുത്’ എന്ന് ഒരു കെട്ട്യോന്റെ ട്രോളിൽ മുക്കിയ സങ്കട മെസേജ് ഇപ്പോ ദേ വന്നതേ ഉള്ളൂ...’– പൊട്ടിച്ചിരിയോടെ ബനി സംസാരിച്ച് തുടങ്ങി.

യാത്ര എന്ന സ്ഥിര നിക്ഷേപം

patthu8889

നാളത്തേക്കു വേണ്ടി കരുതി വയ്ക്കാനും ബാങ്കിൽ എഫ്.ഡി ഇടാനും മെഷീൻ കണക്കെ ജീവിച്ചു തീർക്കാനുമുള്ളതല്ല ജീവിതം. അതിൽ എനിക്ക് വിശ്വാസമേയില്ല. പടച്ചോൻ നമ്മളെ ഇങ്ങോട്ടേക്ക് അയച്ചിരിക്കുന്നത് ഈ ലോകം കാണാനാണ്... അവന്റെ അദ്ഭുതങ്ങൾ കാണാനാണ്. ഒന്നും നമ്മൾ ഇവിടുന്ന് കൊണ്ടുപോകുന്നില്ലല്ലോ.

മക്കൾ ഫസായ്ക്കും  ഹെസായ്ക്കും ഫൈസിക്കും ഞങ്ങൾ കൊടുക്കുന്ന ഏറ്റവും വലിയ നീക്കിയിരിപ്പാണ് ഈ യാത്രകൾ. പാത്തൂനും (ഷഹ്നാസ്) ഞാൻ അത് തന്നെയാണ് നൽകിയത്. അവൾ ജീവിതത്തിൽ എന്നും എക്കാലവും ഓർമിക്കുന്ന വലിയൊരു നീക്കിയിരിപ്പ്. അവളുടെ സ്വപ്നഭൂമിയായ ഗ്രീസിലെ സാന്റോറിനി ദ്വീപിലേക്കൊരു യാത്ര.

ഞാൻ ദുബായിൽ ഇറാനിയൻ ഡെയറി കമ്പനിയിൽ സെയിൽസ് മാനേജരാണ്. അത്യാവശ്യം മോശമല്ലാത്ത ശമ്പളം. അതിൽ നിന്നാണ് ഈ അടിച്ചുപൊളിയൊക്കെ നടത്തുന്നത്. യാത്രകളോടുള്ള പ്രിയം ഞങ്ങൾക്കു രണ്ടുപേർക്കും ഒരുപോലെ. ഇക്കാലത്തിനിടയിൽ സ്വീഡൻ, നോർവേ, ഐസ്‌ലൻഡ്, നേപ്പാൾ, ഭൂട്ടാൻ തുടങ്ങി പതിനഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ചു.

പാത്തു നിയമ ബിരുദധാരിയാണ്. യൂണിവേഴ്സിറ്റി റാങ്കോടെയാണ് പാസായത്. ദുബായിൽ വന്ന് എനിക്കും മക്കൾക്കും വേണ്ടി മാത്രമായി ഒതുങ്ങിക്കൂടണമെന്ന് പറയാൻ കഴിയില്ല. വീട്ടിലെ കാര്യങ്ങൾ നോക്കേണ്ടതു കൊണ്ടാണ് ജോലി പോലും വേണ്ടെന്ന് വച്ചിരിക്കുന്നത്. സ്ത്രീകളെ ലോകം കാണാതെ വീട്ടിൽ തന്നെ ഇരുത്തുന്ന കാലം കഴിഞ്ഞുവെന്നാണ് എന്റെ തോന്നൽ.

ലഡാക്കിലേക്കുള്ള യാത്രയാണ് മറക്കാനാകാത്തത്. എല്ലാത്തിനും സപ്പോർട്ട് നൽകുന്ന വീട്ടുകാർക്കും ചെറിയ ടെൻഷൻ. മക്കളേയും കൂടെ കൂട്ടുന്നതായിരുന്നു പേടി. പിന്നെ, എല്ലാവരെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി സമ്മതം വാങ്ങി. വീട്ടുകാരുടെ സപ്പോർട്ട് ഉള്ളപ്പോൾ നമ്മൾ നാട്ടുകാരുടെ പരദൂഷണത്തെ മൈൻഡ് ചെയ്യേണ്ടതുണ്ടോ?’ അക്കാര്യത്തിൽ പാത്തൂന്റെ മനസ്സ് തന്നെയാണ് ബനിക്കും.

ഇനി അടുത്ത ട്രിപ്പ് ഒറ്റയ്ക്കായിരിക്കുമോ എന്ന ചോദ്യത്തിന് ലൈഫിൽ പ്രീ പ്ലാനുകളില്ലെന്ന് ബനിയുടെ മാസ് റിപ്ലൈ. വരാനിരിക്കുന്ന സുന്ദര യാത്രയ്ക്ക് അഡ്വാൻസ് ഹാപ്പി ജേർണി നേർന്നു കൊണ്ടു ഈ സോളോ ട്രിപ്പ് വിശേഷത്തിന് ഫുൾസ്റ്റോപ്പ്!

Tags:
  • Spotlight
  • Inspirational Story