Monday 30 September 2024 11:10 AM IST : By സ്വന്തം ലേഖകൻ

18 വർഷം മുൻപ് നട്ടെല്ലിന് പരുക്കേറ്റ് പൂർണ്ണമായും കിടപ്പിലായി, ഒപ്പം വിഷാദരോഗവും; ഭാര്യയുടെ ജീവിതം തിരിച്ചുപിടിക്കാന്‍ കനിവുതേടി ശക്തിവേല്‍

crisis-indu

നട്ടെല്ലിന് പരുക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട എറണാകുളം ഏലൂർ സ്വദേശി ഇന്ദുവിന്റെ ജീവന്‍ രക്ഷിക്കാന്‍ പെടാപ്പാടുപെട്ട് ഭര്‍ത്താവ് ശക്തിവേലും കുടുംബവും. അടുത്തിടെയുണ്ടായ അണുബാധയാണ് ഇന്ദുവിന്റെ നില വഷളാക്കിയത്. മാനസിക വെല്ലുവിളി നേരിടുന്ന ഇവർക്ക് അടിയന്തരമായി ശസ്ത്രക്രിയ വേണ്ടി വന്നതോടെ കുടുംബം കഷ്ടത്തിലായി.

18 വർഷം മുൻപാണ് ഇന്ദുവിന് നട്ടെല്ലിന് പരുക്കേറ്റത്. പിന്നീട് വീൽചെയറിലായി ജീവിതം. ആകെ താങ്ങായി ഉണ്ടായിരുന്നത് തയ്യൽ തൊഴിലാളിയായ ഭർത്താവ് ശക്തിവേൽ ആണ്. മൂന്നു മാസമായി ഇന്ദു പൂർണ്ണമായും കിടപ്പിലാണ്. അണുബാധ കൂടി വ്യാപിച്ചതോടെ ജീവിതം കൂടുതൽ ഇരുട്ടിലായി. ഇതോടെ  ശക്തിവേലിന് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയുമായി.

കടുത്ത വിഷാദരോഗി കൂടിയാണ് ഇന്ദു. മരുന്ന് ഇല്ലാതെ ഉറങ്ങാൻ സാധിക്കാറില്ല. കിടപ്പായതിനെത്തുടർന്നാണ് അണുബാധ ഉണ്ടായത്. വൃക്കയെ മോശമായി ബാധിക്കുന്ന തരത്തിലേക്ക് വളർന്ന അണുബാധ തടയാന്‍ ശസ്ത്രക്രിയ കൂടിയേ തീരൂ. എത്രയും വേഗം ഇന്ദുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാകുമെന്ന വിശ്വാസമുണ്ട് ശക്തിവേലിന്. അതിന് താങ്ങാകാന്‍ ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയാണ് ആകെയുള്ള കരുത്ത്.

Tags:
  • Spotlight