രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും പത്തര മണിക്കൂറിന്റെയും 13 കിലോമീറ്ററിന്റെയും അകലത്തിൽ രാഷ്ട്രീയപ്പകയിൽ തകർന്നതു രണ്ടു കുടുംബങ്ങൾ. രണ്ടിടത്തായി 4 പെൺകുട്ടികൾക്ക് പിതൃസ്നേഹം നഷ്ടമായി. ‘കൊല്ലരുതേ’ എന്ന നിലവിളി രണ്ടിടത്തും ചോരയിൽ മുങ്ങി. ശനിയാഴ്ച രാത്രി എട്ടിനാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം നടുറോഡിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിന് (38) അക്രമികളുടെ വെട്ടേറ്റത്. രാത്രി 11.30നു കൊച്ചിയിലെ ആശുപത്രിയിൽ മരിച്ചു. ഇന്നലെ രാവിലെ ആറരയോടെ ആലപ്പുഴ വെള്ളക്കിണറിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസിനെ (45) അക്രമികൾ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മുന്നിൽവച്ചു വെട്ടിക്കൊന്നു. അതിക്രൂരമായിരുന്നു രണ്ടു കൊലപാതകങ്ങളും. ആലപ്പുഴയിൽ നടന്ന ദാരുണ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഷാനവാസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
ഷാനവാസ് പങ്കുവച്ച കുറിപ്പ് വായിക്കാം;
അമ്പിളിയമ്മാവനെയും നക്ഷത്രങ്ങളെയും നോക്കി ഒരുപിടി ചോറ് വാരി കഴിച്ചു അച്ഛനെയും വാപ്പയെയും നോക്കിയിരിക്കുന്ന ആ പിഞ്ചുപൈതങ്ങൾക്ക് മുമ്പിൽ ആശ്വാസത്തിന്റെ അവസാന വാക്കും നൽകി ഇന്ന് നിങ്ങൾ പടിയിറങ്ങും. നാളെയുടെ ഉദയങ്ങൾക്കും, അസ്തമനത്തിനും ഇടയിൽ വീണ്ടും ആരൊക്കെയോ വന്നു പോകും.
വെന്തു വെണ്ണീരായ രണ്ടു കുടുംബത്തിന് നിങ്ങൾ ഓരോ വാഗ്ദാനം നൽകി തിരികെ മടങ്ങുമ്പോൾ, ആ വീടിന്റെ ഉമ്മറപ്പടിയിൽ അനാഥമറ്റ നാലു ജന്മങ്ങൾ ഉണ്ടാകും. ആ അനാഥമറ്റ ജന്മങ്ങൾക്ക് മുമ്പിൽ ഒരുപാട് വേദനയോടെ രണ്ടുവരി കൂടി കുറിക്കുന്നു. ഇന്നത്തെ ജനാധിപത്യ രാജ്യത്തിൽ മനുഷ്യൻ ഇല്ല.. എല്ലാം തീരുമാനിക്കുന്നത് മതമാണ്... ആ മതം മനുഷ്യനെ കൊല്ലുന്നു.