Thursday 09 January 2020 06:53 PM IST

‘പൊതുപ്രവർത്തക ആയതിൽ ഏറ്റവും അഭിമാനം അദ്ദേഹത്തിന്റെ അച്ഛനായിരുന്നു’; വലതുപക്ഷത്തെ വനിത പറയുന്നു

Roopa Thayabji

Sub Editor

shanimol-family ആസിയ, ഷെനാസ്, ഷാനിമോൾ, അലിഫ്, ഉസ്മാൻ

ഷാനിമോൾ ഉസ്മാൻ ഒരു പോരാളിയാണ്... മഹിളാ കോൺഗ്രസ് അധ്യക്ഷ പദത്തിലിരിക്കുമ്പോഴാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്, പെരുമ്പാവൂരിൽ നിന്ന്. പക്ഷേ, വിജയിച്ചില്ല. പിന്നീട് ഒറ്റപ്പാലത്തു മത്സരിച്ചെങ്കിലും അപ്പോഴും ജയം കണ്ടില്ല. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 19 മണ്ഡലങ്ങളിലും യുഡിഎഫ് വിജയം കൈപ്പിടിയിലൊതുക്കിയപ്പോൾ തോറ്റത് ഷാനിമോൾ മാത്രം. പക്ഷേ, അങ്ങനെ തോൽക്കാൻ ഷാനിമോൾ തയാറല്ലായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടടങ്ങും മുൻപു നടന്ന ഉ പതിരഞ്ഞെടുപ്പിൽ അരൂരിൽ നിന്ന് വിജയിച്ച് ഷാനിമോൾ നിയമസഭയിലേക്ക് നടന്നു കയറി.

നിയമസഭാ സമ്മേളനത്തിന്റെ ഇടവേളയിൽ ആലപ്പുഴ കലക്ട്രേറ്റിനടുത്തുള്ള പൂപ്പറമ്പിൽ വീട്ടിലേക്ക് ഷാനിമോൾ എത്തിയപ്പോൾ പാതിരയായി. ‘‘തിരുവനന്തപുരത്തു നിന്നു നേരേ പോയത് അരൂരിലെ പ്രളയ ദുരിതാശ്വാസ ക്യാംപിലേക്ക്. അവിടെയുള്ള അമ്മമാരുടെ സങ്കടം കേട്ടു കണ്ണുനിറഞ്ഞു. ഉടനേ തന്നെ അരൂരിലേക്ക് താമസം മാറുകയാണ്. ഇനി മണ്ഡലത്തിൽ തന്നെയായിരിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണം...’’

തിരക്കുപിടിച്ച ദിവസത്തിലേക്ക് കടക്കുന്നതിനു മുൻപേ ടെറസിലെ പച്ചക്കറികളെ തൊട്ടും തലോടിയും നിൽക്കുകയാണ് ഷാനിമോൾ. ആ ഉത്സാഹവും ഉണർവും വാക്കുകളിലും പ്രകടം.

യുഡിഎഫിന്റെ ഏക വനിതാ എംഎൽഎയാണ് ?

നിയമസഭയിൽ യുഡിഎഫിനു കുറേ എംഎൽഎമാരുണ്ട്. വനിതയായി ഞാൻ മാത്രം. ഇക്കാര്യത്തിൽ മാതൃക കാണിക്കേണ്ടത് പാർട്ടി തന്നെയാണ്. സ്ത്രീ ശാക്തീകരണം വാക്കിലല്ല, പ്രവൃത്തിയിൽ കാണിച്ചുകൊടുത്ത ഒട്ടേറെ നേതാക്കളുണ്ട് നമുക്ക്. ഇന്ദിരാ ഗാന്ധി മുഖമായ മുന്നണിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 33 ശതമാനം സംവരണം സ്ത്രീകൾക്ക് നൽകിയ വിപ്ലവകരമായ തീരുമാനമെടുത്തത് സോണിയാ ഗാന്ധിയാണ്. ഇങ്ങനെ ഉള്ള ഈ കാലത്ത് യുഡിഎഫിനു ഒരു വനിതാ എംഎൽഎ പോലുമില്ല എന്നതു മനഃപ്രയാസമുണ്ടാക്കുന്ന കാര്യമായിരുന്നു.

വനിതാ നേതാക്കളെല്ലാം ഇക്കാര്യം പറയാറുണ്ടെന്നു മാത്രമല്ല, പൊതുസമൂഹത്തിന്റെ ആക്ഷേപം നേരിട്ടിട്ടുമുണ്ട്. ഞാൻ വന്നതു കൊണ്ട് ആ പേരു മാറില്ല. പ്രതിബദ്ധരും കരുത്തുറ്റവരുമായ നിരവധി വനിതാ നേതാക്കൾ കോൺഗ്രസിലുണ്ട്. അവർക്കൊക്കെ അവസരം ലഭിക്കണം.

അരൂരിലെ വിജയം അരനൂറ്റാണ്ടിനു ശേഷമാണ് ?

1957, 1960 തിരഞ്ഞെടുപ്പുകളിൽ പി.എസ്. കാർത്തികേയൻ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച ശേഷം 59 വർഷത്തെ കാത്തിരിപ്പുണ്ട് ഇത്തവണത്തെ വിജയത്തിന്. എന്നിലൂടെ പാർട്ടി, മണ്ഡലം തിരിച്ചുപിടിച്ചതാണ് എന്നുതന്നെ പറയാം. മണ്ഡലത്തിന്റെ മനസ്സ് യുഡിഎഫിനൊപ്പം ആണെന്ന് എ.എം. ആരിഫിന്റെ ഭൂരിപക്ഷത്തിലുണ്ടായ കുറവിലൂടെ പാർട്ടിക്ക് മനസ്സിലാക്കിയിരുന്നു. ആ തരംഗം നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഉറപ്പായിരുന്നു.

കെ.ആർ. ഗൗരിയമ്മയ്ക്കു ശേഷം അരൂരിനെ പിടിച്ചുലച്ച വനിതയാണ് ?

കെ.ആർ. ഗൗരിയമ്മയുടെ പിൻഗാമിയായി വർഷങ്ങൾക്ക് ശേഷമാണെങ്കിലും അരൂരിൽ നിന്ന് വിജയിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പറഞ്ഞറിയിക്കാനാകില്ല. കേരളം കണ്ട ഏറ്റവും കരുത്തുറ്റ നേതാവാണ് ഗൗരിയമ്മ, ഉരുക്കുവനിത. രാഷ്ട്രീയപരമായി എതിർചേരിയിൽ നിൽക്കുമ്പോഴും നിലപാടുകൾ കൊണ്ട് ആദരവ് തോന്നിയ നേതാവാണവർ.

രാഷ്ട്രീയത്തിൽ എന്റെ റോൾ മോഡൽ ആരാണ് എന്നു പലരും ചോദിക്കാറുണ്ട്. പല പാർട്ടിയിലുമുണ്ട് ഐക്കൺസ്. ഓരോരുത്തരുടെയും ഓരോ ഗുണങ്ങളാണ് സ്വാധീനിച്ചിട്ടുള്ളത്. പെട്ടെന്നു വിഷയം പഠിച്ച് ആഴത്തിൽ പ്രസംഗിക്കുന്ന പല നേതാക്കളുമുണ്ട്. ചടുലമായ തീരുമാനമെടുക്കുന്നവരുണ്ട്. എല്ലായിടത്തും ഒരുപോലെ ഓടിയെത്താൻ സാധിക്കുന്ന, ടൈം മാനേജ്മെന്റ് വിദഗ്ധരുണ്ട്. വീടും പൊതുപ്രവർത്തനവും ഒരുപോലെ മാനേജ് ചെയ്യുന്നവരുണ്ട്. സ്ത്രീകൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്നവരുണ്ട്. അങ്ങനെയൊക്കെ ഞാൻ ആദരിക്കുന്ന ഒരു നേതാവാണ് ഗൗരിയമ്മ.

shanimol

ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ നിരാശയെ എങ്ങനെ നേരിട്ടു ?

ജയിക്കുന്നതും തോൽക്കുന്നതും നിയോഗമായി കാണണം. പരാജയത്തിന്റെ നിരാശയോടു ഏറ്റവും വേഗത്തിൽ സെറ്റിൽ ചെയ്തത് ലോക്സഭാ ഇലക്‌ഷനു ശേഷമാണെന്നു പറയാം. കേരളത്തിൽ നിന്നു മത്സരിച്ച യുഡിഎഫ് സ്ഥാനാർഥികളിൽ 19 പേരും ജയിച്ചപ്പോൾ ഷാനിമോൾ ഉസ്മാൻ മാത്രം പരാജയപ്പെട്ടു. അതൊരു വലിയ റിയാലിറ്റി ആണ്. തകർന്നു പോയാൽ ഒരിക്കലും ഉയിർത്തെഴുന്നേൽക്കാനാകില്ല. വിജയവും പരാജയവും വ്യക്തിപരമായി കാണേണ്ട കാര്യമല്ലെന്നു പറഞ്ഞു സമാധാനിപ്പിച്ചവരിൽ പ്രധാനി രമേശ് ചെന്നിത്തലയാണ്. ആലോചിച്ചപ്പോൾ ശരിയാണ്, ആലപ്പുഴയിൽ തോറ്റതു ഞാനല്ലല്ലോ, പാർട്ടിയല്ലേ.

ലോക്സഭാ ഇലക്‌ഷന്റെ ചുവരെഴുത്തുകൾ മായും മുൻപാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത്. അരൂരിലെ മതിലുകളിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും ഉപതിരഞ്ഞെടുപ്പിന്റെയും ചുവരെഴുത്തുകൾ പലയിടത്തും കൂട്ടിമുട്ടുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള പോസ്റ്ററിനു വേണ്ടി ഫോട്ടോയെടുത്തപ്പോൾ, ‘പഴയതു തന്നെ മതിയായിരുന്നല്ലോ’ എന്നു പറഞ്ഞു ചിരിക്കാൻ എനിക്കായി. ആലപ്പുഴയിൽ നിന്നു തന്നെയുള്ള നേതാക്കളായ എ.കെ. ആന്റണി, വയലാർ രവി, ഇപ്പോൾ ആലപ്പുഴക്കാർക്ക് സ്വന്തമായ കെ.സി. വേണുഗോപാൽ, ഉമ്മൻചാണ്ടി, വി.എം. സുധീരൻ, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുടെ പിന്തുണയും മറക്കാനാകില്ല. നിയമസഭയിലേക്ക് വിജയിച്ചപ്പോൾ ഏറ്റവും സന്തോഷിച്ചത് പാർട്ടിയിലെ സ്ത്രീസുഹൃത്തുക്കളായ ലതികാ സുഭാഷും ബിന്ദു കൃഷ്ണയും അടക്കമുള്ളവരാണ്. ഞങ്ങളൊക്കെ പരസ്പര സഹായനിധിയായി കഴിയുന്നവരാണ്, അവരാണ് എന്റെ നിധികൾ.

ഒരു പാർട്ടി സംഘർഷ കാലത്താണ് ഷാനിമോൾ കെ എസ്‌യുക്കാരി ആയതെന്നു കേട്ടിട്ടുണ്ട് ?

രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത കുടുംബമാണ് എന്റേത്. ഉപ്പ ഇബ്രാഹിം കുട്ടിക്കും ഉമ്മ സൂറാക്കുട്ടിക്കും മൂന്നു പെൺമക്കളെയും നന്നായി പഠിപ്പിച്ച്, ധൈര്യമുള്ളവരായി വളർത്തണമെന്നായിരുന്നു ആഗ്രഹം.

അമ്മാവൻ നൂറുദ്ദീൻ അന്നു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ്. പാർട്ടി സംഘട്ടനത്തിനിടെ അമ്മാവന് സിപിഎമ്മുകാരുടെ വെട്ടേറ്റു മാരകപരുക്കേറ്റു. ഞങ്ങളാകെ ഭയന്നു. എടത്വ സെന്റ് അലോഷ്യസ് കോളജിലെ പ്രീഡിഗ്രിക്കാരിയായ ഞാൻ ഉമ്മയുടെ തകഴിയിലെ വീട്ടിൽ നിന്നാണ് പഠിക്കാൻ പോകുന്നത്. സംഘർഷത്തെ തുടർന്ന് പൊലീസ് കർഫ്യൂ പ്രഖ്യാപിച്ചു. എന്റെ പഠിത്തം നിന്നുപോകുന്ന അവസ്ഥ. ഇളയ അമ്മാവൻ ജിഹാനുദ്ദീനും, വോൾഗ നെരോണ എന്ന ബാല്യകാല സുഹൃത്തുമാണ് സപ്പോർട്ട് ചെയ്തത്. അവരുടെ വാക്കുകൾ എന്റെ സങ്കടം മായ്ച്ചു. ആയിടെ കോളജിൽ നടത്തിയ പാർട്ടി പ്രതിഷേധത്തിലും പങ്കെടുത്തു.

ഡിഗ്രിക്ക് ആലപ്പുഴ എസ്ഡി കോളജിൽ വന്ന ശേഷമാണ് കെഎസ്‌യുവിൽ അംഗമായത്. യൂണിറ്റ് കമ്മിറ്റി അംഗമായ കാലത്ത് കൂടെ പെൺകുട്ടികളാരുമില്ല. പിന്നീട് യൂണിറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റും, സംസ്ഥാന വൈസ് പ്രസിഡന്റും, യൂണിവേഴ്സിറ്റി സെനറ്റ് അംഗവുമൊക്കെയായി.

shani-2 ഷാനിമോളും ഭർത്താവ് ഉസ്മാനും കൊച്ചുമകൻ മൗറിവ് കയിലും

ആ കാലത്ത് ഹിന്ദിയിൽ പ്രസംഗിച്ച കഥ കേട്ടിട്ടുണ്ട് ?

എൻഎസ്‌യു ദേശീയ സമ്മേളനത്തിന്റെ ഭാഗമായ വനിതാ സമ്മേളനത്തിലാണ് ഹിന്ദിയിൽ പ്രസംഗിച്ചത്. മുകുൾ വാസ്നിക് ആണ് അന്ന് എൻഎസ്‌യു പ്രസിഡന്റ്. നമുക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കുന്നവർക്ക് മനസ്സിലാകുന്ന ഭാഷയിൽ വേണമെന്ന ചിന്ത കൊണ്ട് ഉറക്കമിളച്ച് പ്രസംഗം തയാറാക്കി. മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്ക് തർജമ ചെയ്തു.

ആ പ്രസംഗം കേട്ട് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി എന്നെ തിരിച്ചറിഞ്ഞു. വർഷങ്ങൾക്കിപ്പുറം രാഹുൽ ഗാന്ധിയുടെ അറ്റാച്ച്ഡ് സെക്രട്ടറിയായി പ്രവർത്തിച്ച കാലത്ത് അദ്ദേഹത്തിനൊപ്പമുള്ള യാത്രകൾക്കിടെയും അതതു ഭാഷയിൽ പ്രസംഗിക്കാൻ ശ്രമിച്ചു. ആസാമിയിലും ബംഗാളിയിലും കന്നടയിലും തെലുങ്കിലുമടക്കം പ്രസംഗിക്കുന്നതിനായി തയാറാക്കിയ കുറിപ്പുകൾ ഇപ്പോഴൊരു പുസ്തകമായി കയ്യിലുണ്ട്.

ഗാന്ധി കുടുംബത്തോട് ആത്മബന്ധമുണ്ട് ?

പാർട്ടിയിൽ പദവികളില്ലാതിരുന്ന കാലത്ത് ഒരിക്കൽ ഡൽഹിയിൽ വച്ച് സോണിയാ ഗാന്ധിയെ കണ്ടു, ‘ഷാനിമോൾ, ധൈര്യമായി മുന്നോട്ടു പോകൂ. അർഹമായവ തേടിയെത്തുക തന്നെ ചെയ്യും.’ ആ വാക്കുകളുടെ ഊർജം ചെറുതല്ല. ഇങ്ങനെ പ്രചോദിപ്പിക്കുമ്പോൾ എങ്ങനെയാണ് പിന്നോട്ടു പോകുക. സോണിയാജി പേരെടുത്തു വിളിച്ചാൽ നമ്മൾ ഫ്ലാറ്റാകും.

രാഹുൽ ഗാന്ധി എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന കാലത്താണ് ഞാനടക്കം നാലുപേർ അദ്ദേഹത്തിന്റെ അറ്റാച്ച്ഡ് സെക്രട്ടറിമാരായത്. തെക്കേ ഇന്ത്യയിൽ നിന്നുതന്നെ ആ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ഞാൻ. ദേശീയ നേതൃത്വം എന്നെ തിരിച്ചറിഞ്ഞു എന്നുതോന്നിയത് ആ സ്ഥാനലബ്ധിയോടെയാണ്.

രാഹുൽ ഗാന്ധി, ഒപ്പമുള്ളവരെ സ്വന്തം പോലെ നിർത്തും. അറ്റാച്ച്ഡ് സെക്രട്ടറിയായ ശേഷമുള്ള ആദ്യ കൂടിക്കാഴ്ച. വീട്ടിൽ തന്നെയാണ് രാഹുൽജിയുടെ ഓഫിസും. അദ്ദേഹത്തിന് നായ്ക്കളോട് വലിയ ഇഷ്ടമാണ്. എപ്പോഴും രണ്ടു നായ്ക്കൾ കൂടെയുണ്ടാകും. എന്റെ മതവിശ്വാസപ്രകാരം അതു കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്, പോരെങ്കിൽ അവയെ ഭയവും. എന്റെ മുഖം മാറിയതു കണ്ട് അദ്ദേഹം കാര്യം തിരക്കി. അടുത്ത തവണ എന്നെ കണ്ടതേ അദ്ദേഹം സഹായികളോട് വിളിച്ചു പറഞ്ഞു, ‘ഷാനിമോൾ ജി വന്നു, നായ്ക്കളെ വേഗം കൂട്ടിലാക്കൂ...’ എല്ലാവരോടും ഇതേ ശ്രദ്ധയും കരുതലുമുള്ള മറ്റൊരു നേതാവില്ല.

‘ലേഡി കരുണാകരൻ’ എന്നും വിളിപ്പേരുണ്ട് ?

എൽഎൽബിക്ക് പഠിക്കുമ്പോഴാണ് ആലപ്പുഴ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്, പക്ഷേ, വിജയിച്ചില്ല. പിന്നീട് വി.എസ്. അച്യുതാനന്ദന്റെ നാടായ പുന്നപ്രയിൽ സിപിഎം സ്‌ഥാനാർഥിയെ തോൽപ്പിച്ച് ജില്ലാ പഞ്ചായത്തിലേക്കു വിജയിച്ചു. അതാണ് അട്ടിമറി വിജയങ്ങളുടെ തുടക്കം.

ആലപ്പുഴ നഗരസഭാ ചെയർപേഴ്സനായ കാലത്ത് എനിക്കെതിരേ അവിശ്വാസപ്രമേയം വന്നു. ഒരു വോട്ടിന് പുറത്തുപോയ ഞാൻ 17ാം ദിവസം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് തിരിച്ചുവന്നത് ഇന്ത്യയിലെ തന്നെ റെക്കോർഡാണെന്ന് ഈയിടെ കൂടി ആരോ പറഞ്ഞു. അന്നത്തെ രാഷ്ട്രീയ സാഹചര്യം അതായിരുന്നു. ഒരുപാട് സ്വതന്ത്ര അംഗങ്ങളുള്ള കാലം. പരാജയത്തിന്റെ പിന്നിലെ ചരടുവലികളും വിജയത്തിനു പിന്നിലെ കരുനീക്കവുമൊന്നും ഇപ്പോൾ വിശദീകരിക്കാനാകില്ല. ആ വാർത്ത അച്ചടിച്ചു വന്ന മലയാള മനോരമ പത്രത്തിന്റെ തലക്കെട്ടായിരുന്നു ‘ലേഡി കരുണാകരൻ’ എന്ന്.

കെ. കരുണാകരൻ എന്റെയെന്നല്ല, എല്ലാ കാലത്തെയും യുവനേതാക്കളുടെ മാനസഗുരു ആയിരുന്നു. ലീഡർ ഒരുപാടു പേരെ പ്രോത്സാഹിപ്പിച്ച് ഉയർത്തി കൊണ്ടുവന്നു. അദ്ദേഹം കേന്ദ്ര വ്യവസായവകുപ്പ് മന്ത്രിയായിരിക്കുന്ന കാലം. മോൾക്കന്ന് കഷ്ടിച്ച് ഒരു വയസ്സേയുള്ളൂ. എംപിമാരുടെ മീറ്റിങ്ങിനിടെ കുഞ്ഞുമായി പുറത്ത് എന്നെ കണ്ട ലീഡർ കൈനീട്ടി, അവളങ്ങു ചാടിച്ചെന്നു. കുഞ്ഞിനെ മടിയിലിരുത്തി ലീഡർ കോൺഫറൻസ് തുടർന്നു. എനിക്കു ടെൻഷനായി, കുഞ്ഞെങ്ങാനും മൂത്രമൊഴിച്ചാലോ. ‘എനിക്കും കൊച്ചുമക്കളൊക്കെയുണ്ട്. കുഞ്ഞ് മൂത്രമൊഴിച്ചാൽ പോയി വസ്ത്രം മാറും, അത്രേയുള്ളൂ.’ അദ്ദേഹം എന്നെ ശാസിച്ച് പുറത്തിറക്കിവിട്ടു.

അദ്ദേഹത്തിന്റെ മക്കളും ആ അടുപ്പം കാണിച്ചിട്ടുണ്ട്. മുരളിയേട്ടൻ കെപിസിസി പ്രസിഡന്റായ കാലത്താണ് ഞാൻ മഹിളാ കോൺഗ്രസ് അധ്യക്ഷയായത്. അന്നൊക്കെ നന്നായി സപ്പോർട്ട് ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പിനിടെയായിരുന്നു ‘പൂതനാ പരാമർശം’ ?

സംഘടനാ പ്രവർത്തനത്തിൽ നിൽക്കുമ്പോൾ പിന്തിരിപ്പിക്കാനും മനസ്സു മടുപ്പിക്കാനും പലരും ശ്രമിക്കും. അതൊക്കെ അതിജീവിച്ചില്ലെങ്കിൽ നിലനിൽക്കാനാകില്ല. ആ പരാമർശം ആവർത്തിക്കാൻ പോലും മടിയാണ്. അതു കേട്ടപ്പോൾ ആദ്യം തോന്നിയത് ഷോക്കും വിഷമവുമാണ്. ‘മറുപടി പറയുന്നില്ലേ’ എ ന്നു പലരും ചോദിച്ചു. ആ ആരോപണത്തിനു മറുപടി പറയേണ്ടത് ആ മുന്നണിയിലെ തന്നെ വനിതാ നേതാക്കളാണ്. ഉപതിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മറുപടി നൽകിക്കഴിഞ്ഞു.

സ്ത്രീശാക്തീകരണത്തെ കുറിച്ച് ഒരു വശത്തു പറയുമ്പോൾ തന്നെ വനിതാ സ്ഥാനാർഥി വരുന്നതിന്റെ അസഹിഷ്ണുത മറുവശത്തുകൂടി പുറത്തുചാടിയതാണ്. ഏതു മുന്നണിയിലായാലും സീനിയർ നേതാക്കൾ പദപ്രയോഗത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നേ പറയാനുള്ളൂ.

കുടുംബത്തിന്റെ പിന്തുണ വലുതാണ് ?

പ്രീഡിഗ്രിക്ക് പഠിപ്പു നിർത്താനിരുന്ന ഞാൻ എംഎ സോഷ്യോളജി രണ്ടാം റാങ്കോടെയാണ് പാസായത്. പിന്നീട് എൽഎൽബി പാസായി. അനിയത്തി ഡോ. ബീനമോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രഫസറാണ്, ഇളയവൾ മഞ്ജുമോൾ എൻജിനിയറും.

ഭർത്താവ് അഡ്വ. മുഹമ്മദ് ഉസ്മാൻ തഹസിൽദാരായി വിരമിച്ച ശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു, ബാസ്കറ്റ് ബോൾ പ്ലേയറുമാണ് അദ്ദേഹം. കല്യാണം കഴിഞ്ഞ് ഒരു വർഷത്തിനകമായിരുന്നു ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ഞാൻ പൊതുപ്രവർത്തക ആയതിൽ ഏറ്റവും അഭിമാനം അദ്ദേഹത്തിന്റെ അച്ഛനായിരുന്നു. മക്കളുണ്ടായ കാലത്തും അവരെ നോക്കാൻ മുൻകൈയെടുത്തിട്ട് അദ്ദേഹത്തിന്റെ അമ്മ എന്നെ ഫ്രീയാക്കി വിട്ടിട്ടുണ്ട്.

മോൾ ആസിയ കംപ്യൂട്ടർ എൻജിനിയറാണ്, മോൻ അലിഫ് എൽഎൽബി എട്ടാം സെമസ്റ്റർ പഠിക്കുന്നു. മരുമകൻ ഷെനാസ് വിദേശത്തുനിന്ന് എംബിഎ കഴിഞ്ഞതാണ്, ഇപ്പോൾ നാട്ടിൽ ബിസിനസാണ്. ആസിയയുടെ മകൻ മൗറിവ് കയിൽ ആണ് വീട്ടിലെ സ്റ്റാർ. ഒരു പൊതുതിരഞ്ഞെടുപ്പും ഒരു ഉപതെരഞ്ഞെടുപ്പും നേരിട്ട കുഞ്ഞാണ്. ലോക്സഭാ സ്ഥാനാർഥി പ്രഖ്യാപനം വരുമ്പോൾ അവന് 20 ദിവസമേ പ്രായമുള്ളൂ. മുത്തശ്ശി എന്ന നിലയിൽ അവനു കിട്ടേണ്ട ദിവസങ്ങളാണ് പ്രചരണത്തിനായി പോയത്. ഫലം വന്നപ്പോഴുള്ള നിരാശയിൽ നിന്ന് എന്നെ കരകയറ്റിയത് അവന്റെ ചിരിയാണ്.

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

Tags:
  • Relationship