Friday 07 December 2018 06:08 PM IST : By സ്വന്തം ലേഖകൻ

ഷാർജയിൽ നിന്നൊരു മിടുമിടുക്കി പാട്ടുകാരി; പാടുന്ന പാട്ടുകളൊക്കെ സൂപ്പർഹിറ്റ്!

aswathy-singer21

’ഒപ്പം’ സിനിമയിലെ ’മിനുങ്ങും മിന്നാമിനുങ്ങേ...’ എന്ന സൂപ്പർഹിറ്റ് ഗാനം പാടി സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുകയാണ് പത്തു വയസ്സുകാരി അശ്വതി നായർ. കുട്ടിത്താരത്തിന്റെ പാട്ട് ഹിറ്റായതോടെ സാക്ഷാൽ എം ജി ശ്രീകുമാറിനൊപ്പം ദുബായിലെ ഒരു വേദിയില്‍ ലൈവായി പാടാനും അവസരം ലഭിച്ചു.

ഷാർജയിൽ സ്ഥിരതാമസമാക്കിയ പ്രശാന്ത് നായരുടെയും ദീപ്തിയുടെയും മകളാണ് അശ്വതി. ഒപ്പത്തിലെ ഗാനം അശ്വതി പാടുന്നതിന്റെ  വിഡിയോ പ്രശാന്ത് ഫെയ്സ്ബുക്ക് പേജിലൂടെ ഷെയർ ചെയ്യുകയായിരുന്നു. ഈ വിഡിയോ സൈബർ ലോകം ഏറ്റെടുത്തതോടെ സംഗീത സംവിധായകൻ ജിം ജേക്കബും ഗായകൻ എം ജി ശ്രീകുമാറും അശ്വതിയെ അഭിനന്ദിച്ചു രംഗത്തുവന്നിരുന്നു. തുടർന്നാണ്‌ എം ജി ശ്രീകുമാറിനൊപ്പം സ്റ്റേജിൽ പാടാൻ അവസരം ലഭിച്ചത്.

ദുബായിലെ പൊതുവേദികളിലും മത്സരങ്ങളിലും സജീവമാണ് അശ്വതി. സംഗീത മത്സരത്തിൽ നിരവധി പുരസ്കാരങ്ങളും അശ്വതിയെ തേടിയെത്തിയിട്ടുണ്ട്. പാട്ടുകൾ എളുപ്പത്തിൽ പഠിച്ചെടുക്കാൻ മിടുക്കിയാണ് അശ്വതി. മകൾ പാടുന്ന പാട്ടുകൾ അച്ഛൻ വിഡിയോ ആക്കി അപ്പോൾത്തന്നെ ഫെയ്‌സ്ബുക്കിലിടും. അശ്വതി പാടിയ പാട്ടുകളെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു.

aswathy-nair-singer435

നാലു വയസു മുതലാണ് അശ്വതി പാടിത്തുടങ്ങിയത്. ശ്രൂതിനാഥ് മാഷിന്റെ കീഴിൽ സംഗീതം അഭ്യസിക്കുകയാണ് ഇപ്പോൾ. പഠനത്തിലും മിടുമിടുക്കിയായ അശ്വതി ഒരു ഓൺലൈന്‍ റിയാലിറ്റി ഷോയിലെ മത്സരാർത്ഥി കൂടിയാണ്. ഗായകന്‍ ബ്രഹ്മാനന്ദന്റെ സ്മരണാർഥം നടത്തിയ സംഗീത മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. നിരവധി ആൽബങ്ങളിൽ പാടിയ സെവൻത് ഗ്രേഡ് വിദ്യാർഥിനിയായ അശ്വതിയുടെ ഏറ്റവും വലിയ ആഗ്രഹം നല്ലൊരു പിന്നണി ഗായിക ആവുകയാണ്. അശ്വതിയുടെ ചേച്ചി അദിതിയും ടി വി പരിപാടികളില്‍ സജീവമാണ്. ഗായിക ലതാ മങ്കേഷ്‌കറിനു ട്രിബ്യൂട്ട് ആയി അശ്വതി പാടിയ പാട്ടും കഴിഞ്ഞ ദിവസം പുറത്തിറങ്ങി.