Saturday 15 September 2018 05:07 PM IST : By എന്‍.എം അബൂബക്കര്‍

മനസ്സില്‍ കുളിര് കോരി മഴയത്ത് നൃത്തം; ലോകോത്തര സംവിധാനത്തിലൂടെ മഴയനുഭവം സമ്മാനിച്ച് ഷാര്‍ജ

sharjah-rain

മരുഭൂമിക്ക് നടുവിലൊരു പെരുമഴക്കാലം. ഷാര്‍ജ മുബാറക് സെന്‍ററിന് എതിര്‍ വശമുള്ള അല്‍ മജര്‍റ പാര്‍ക്കിന് സമീപം ഒരുക്കിയ റെയിന്‍ റൂമാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും തോരാത്ത മഴയനുഭവം സമ്മാനിക്കുന്നത്. കാലവര്‍ഷത്തിന്‍റെ പ്രതീതി ഉളവാക്കി തുള്ളിക്കൊരു കുടം മഴ പെയ്യുകയാണ് ഈ മരുഭൂമിയില്‍. സന്ദര്‍ശകന്‍റെ മനസിലേക്ക് കുളിര് കോരിയിട്ട് തിമിര്‍ത്ത് പെയ്യുന്ന മഴയിലൂടെ നടന്ന് ആസ്വദിക്കാം... നൃത്തം ചെയ്യാം... സെല്‍ഫിയെടുക്കാം... മഴ നനയാതെ തന്നെ.

യുഎഇയുടെ സാംസ്കാരിക നഗരിയായ ഷാര്‍ജയാണ് ലോകോത്തര സംവിധാനത്തിലൂടെ വര്‍ഷം മുഴുവന്‍ മഴയനുഭവം സമ്മാനിക്കുന്നത്. യുഎ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മഴ മുറി ഉദ്ഘാടനം ചെയ്തത്. ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷനുവേണ്ടി ലണ്ടന്‍ ആസ്ഥാനമായുള്ള റാന്‍ഡം ഇന്‍റര്‍നാഷനലാണ് മഴ മുറി യാഥാര്‍ഥ്യമാക്കിയത്.

പുറത്ത് ചുട്ടുപൊള്ളുന്ന കൊടുംചൂടിലും മഴമുറിക്കകത്ത് കോരിച്ചൊരിയുന്ന പെരുമഴയാണ്. നിലാവുള്ള രാത്രിയില്‍ മ ഴയത്ത് സ്വസ്ഥമായി നടക്കുന്ന അനുഭവം ഓര്‍ത്തുനോക്കൂ. അത്തരമൊരു അനുഭവമാണ് ഷാര്‍ജ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. മധ്യപൂര്‍ വ ദേശത്തെ ആദ്യത്തെ മഴമുറിയാണ് ഷാര്‍ജയിലേതെന്ന് ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷന്‍ ഡവലപ്മെന്‍റ് മാനേജര്‍ നവാര്‍ അല്‍ ഖാസിമി പറഞ്ഞു.

മഴ കാണാന്‍  എത്തുന്നവര്‍ക്ക് പുറത്തുനിന്നു തന്നെ  ഇരമ്പല്‍ കേള്‍ക്കാം. അകത്തേക്ക് പ്രവേശിക്കുമ്പോള്‍ സ്വാഗതം ചെയ്യുന്നത് തുള്ളിക്കൊരു കുടം മഴ.  എന്നാല്‍ പിെന്ന  അല്‍പം മഴ നനഞ്ഞിട്ടുതന്നെ കാര്യം  എന്നുറപ്പിച്ച് മുന്നോട്ടു നടന്നാല്‍ മഴ വഴി മാറും. നൂതന സാങ്കേതിക വിദ്യ അതിഥിക്കായി കുടപിടിക്കും. എന്നുവച്ചാല്‍ സന്ദര്‍ശകനെ നനയ്ക്കാതെ ചുറ്റും തിമിര്‍ത്തു പെയ്യും. കേരളത്തിലെ കാലവര്‍ഷം അനുസ്മരിപ്പിക്കുന്ന മഴ മുറി മനസ്സില്‍ കുളിര് കോരിയിട്ടതായി അജ്മാന്‍ സിറ്റി കോളജ് വിദ്യാര്‍ഥി ആദില്‍ പറഞ്ഞു.

1460 ചതുരശ്ര അടി വിസ്തൃതിയിലുള്ള മഴമുറി നൂതന സാങ്കേതിക വിദ്യകളുടെ സങ്കേതമാണ്. മുറിക്ക് നടുവിലായി സജ്ജീകരിച്ച പാനലുകളിലെ സുഷിരങ്ങളിലൂടെയാണ് മഴ പെയ്യിക്കുന്നത്. സന്ദര്‍ശകന്‍റെ ചലനങ്ങള്‍ക്കനുസരിച്ച് ഇന്‍സ്റ്റലേഷന്‍ സെന്‍സറുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കും. മനുഷ്യന്‍റെ ചലനമനുസരിച്ച് നിമിഷങ്ങള്‍ക്കകം ത്രി ഡി മാപ്പ് തയാറാക്കി അവിടെ മഴതുള്ളി വീഴാതെ നോക്കുന്ന ജോലിയാണ് സംവിധാനത്തിന്‍റെ മികവ്. അവാച്യമായ അനുഭൂതിയാണ് മഴമുറി സമ്മാനിക്കുന്നതെന്ന് മഴ ആരാധിക യും സ്വദേശിയുമായ വനിത ഫഹ്റിയ ലുത്ഫി പറഞ്ഞു.

sharjah-rain002

ഈ കാലവര്‍ഷ പ്രതീതിയൊരുക്കാന്‍ ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷന്‍ ചെലവാക്കുന്നത് 1200 ലീറ്റര്‍ ജലം മാത്രം. സ്വയം ശുചീകരിച്ച് ഈ ജലം വീണ്ടും ഉപയോഗിക്കുന്നു. മഴ ആസ്വദിക്കുന്നതോടൊപ്പം പ്രകൃതിയുടെ വരദാനമായ വെള്ളം സംരക്ഷിക്കുക എന്ന സന്ദേശവും ഇതോടൊപ്പമുണ്ട്. വല്ലപ്പോഴും മാത്രം കിട്ടുന്ന ചാറ്റല്‍ മഴയ്ക്ക് പകരം വര്‍ഷം മുഴുവനും മഴ അനുഭവം ഒരുക്കിയതിന് ഭരണാധികാരിക്ക് നന്ദി പറയുകയാണ് ഫഹ്റിയ ലുത്ഫി.

മഴയെന്ന് കേട്ട് ഇവിടെക്ക് ഓടിക്കയറാനോ തിക്കിത്തിരക്കാനോ പറ്റില്ല. ഒരേ സമയം ആറു പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. മഴയില്‍ സാവധാനം മുന്നോട്ട് നീങ്ങിയാല്‍ തുള്ളി വെള്ളം ദേഹത്ത് വീഴില്ല. കൈനീട്ടി നോക്കിയാലും മഴത്തുള്ളികള്‍ പിടി തരില്ല. സെല്‍ഫിയെടുക്കുന്നവരെയും മഴ അല്‍പം മാറിനിന്ന് പ്രോത്സാഹിപ്പിക്കുന്നു.

മഴ നനഞ്ഞേ വിടൂ....

ഇനി മഴയെ പറ്റിക്കാമെന്നുവച്ച് ഓടിക്കളിച്ചാല്‍ നനച്ചിട്ടേ വിടൂ. തിക്കിത്തിരക്കി ആറിലധികം പേര്‍ കയറിയാലും തിടുക്കത്തില്‍ ചലിച്ചാലും നിയന്ത്രണം വിട്ട്  മഴത്തുള്ളികള്‍ ദേഹത്ത് പതിക്കും. മഴനൃത്തത്തിനിടയില്‍ അല്‍പം  മഴത്തുള്ളികള്‍ കുടിച്ചാലും പേടിേക്കണ്ട, ശുദ്ധീകരിച്ച ജലമാണ് മഴ വര്‍ഷത്തിന് ഉപയോഗിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
മുതിര്‍ന്നവര്‍ക്ക് 25 ദിര്‍ഹവും കുട്ടികള്‍ക്കും 22 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്കും 15 ദിര്‍ഹവുമാണ് പ്രവേശന നിരക്ക്. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യം. പ്രവൃത്തി ദിനങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെയും വെള്ളിയാഴ്ചകളില്‍ വൈകിട്ട് നാലു മുതല്‍ രാത്രി പതിനൊന്നുവരെയുമാണ് പ്രവേശനം.

2012ല്‍  ലണ്ടനിലെ ബാര്‍ബികന്‍ െസന്‍ററിലായിരുന്നു ലോകത്തെ ആദ്യ മഴ മുറിയുടെ ഉദ്ഭവം. 2013ല്‍ ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടിലും മഴ മുറി തുറന്നു. ഷാങ്ഹായിലെ യുസ് മ്യൂസിയത്തില്‍ 2015ലും ലോസാഞ്ചല്‍സിലെ കണ്‍ട്രി മ്യൂസിയം ഓഫ് ആര്‍ട്ടില്‍ 2015-2016 കാലഘട്ടത്തിലും മഴ മുറി സജ്ജമാക്കി. മധ്യപൂര്‍ വദേശത്തെ ആദ്യത്തെ സ്ഥിരം മഴ മുറി എന്ന റെക്കോര്‍ഡ് ഇനി ഷാര്‍ജയ്ക്ക് സ്വന്തം. എന്നാല്‍  പിന്നെ ഒട്ടും വൈകണ്ട, വണ്ടി കയറിക്കോളൂ, 365 ദിവ സവും തോരാതെ മഴ വര്‍ഷിക്കുന്ന ഷാര്‍ജയിലേക്ക്.