Tuesday 01 October 2019 04:45 PM IST

കൂൺകൃഷി ചെയ്യാൻ ഇരുട്ടുമുറി വേണ്ട; പൊതുധാരണ തിരുത്തി ഷീജ! ദിവസ വരുമാനം 5000 രൂപ വരെ...

Ammu Joas

Sub Editor

_BAP3112 ഫോട്ടോ: ടിബിൻ അഗസ്റ്റിൻ, ബേസിൽ പൗലോ

കൂൺകൃഷി ചെയ്യണമെങ്കിൽ ഇരുട്ടുമുറി വേണം. എന്നും തറയും ഭിത്തിയും അണുനാശിനി ഉപയോഗിച്ച് തുടച്ചിടണം. വൈക്കോൽ കൊണ്ടു മാത്രമേ കൂൺ വളർത്തുന്ന ബെഡ് തയാറാക്കാനാകൂ... ഇങ്ങനെയൊക്കെയാണ് മിക്കവരുടെയും ധാരണ. എന്നാൽ ടെറസിൽ ഷീറ്റ് കൊണ്ട് റൂഫിങ് ചെയ്ത് നാലു വശവും ഗാർഡൻ നെറ്റ് കൊണ്ട് മറച്ചാണ് എന്റെ കൂൺ കൃഷി. ഇങ്ങനെ ചെയ്താൽ വിജയിക്കുമോ എന്നു ചോദിക്കുന്നവർക്കുള്ള മറുപടിയാണ് എന്റെ ഒരു ദിവസത്തെ വരുമാനം, ശരാശരി 5000 രൂപ കൂൺ വിൽപനയിലൂടെ മാത്രം കിട്ടുന്നുണ്ട്.

കൃഷിയുടെ തുടക്കം

‘‘ഭർത്താവ് യഹിയയ്ക്ക് സൗദിയിലാണ് ജോലി, സാമ്പത്തിക സ്ഥിതിയും അത്ര മോശമല്ല. സ്വന്തം കാലിൽ നിൽക്കണമെന്ന മോഹം കൊണ്ടാണ് ആദ്യം അരി പൊടിക്കുന്ന മില്ല് തുടങ്ങിയത്. പിന്നെ, വൺ ഗ്രാം ഗോൾഡ് കട. മകന്റെ കല്യാണം കഴിഞ്ഞ് മരുമകൾ വീട്ടിലെത്തിയപ്പോൾ അവളെ വീട്ടിൽ ഒറ്റയ്ക്കാക്കാൻ മടി. ഉമ്മയ്ക്കും വാപ്പയ്ക്കും അവശതകളും കൂടിയതോടെ വീട്ടിൽ എന്തു ചെയ്യാമെന്നു ആലോചിച്ചു. പച്ചക്കറി കൃഷിയായിരുന്നു ആദ്യം. പിന്നെ, യൂട്യൂബ് നോക്കി കൂൺ കൃഷിയുടെ ബേസിക്സ് പഠിച്ചു. കുറെ പേരെ വിളിച്ചും പലയിടങ്ങളിൽ ക്ലാസ് അറ്റൻഡ് ചെയ്തും സംശയം തീർത്ത ശേഷമാണ് കൃഷി തുടങ്ങിയത്. ഞാൻ പഠിച്ചതും പരിചയിച്ചതുമാണ് ഇപ്പോൾ ക്ലാസിൽ പറഞ്ഞുകൊടുക്കുന്നത്. ആഴ്ചയി ൽ രണ്ടു ക്ലാസ് എടുക്കും. വെറും പത്തു മിനിറ്റ് കൊണ്ട് കൂൺ ബെഡ് ഒരുക്കേണ്ട രീതിയും പഠിപ്പിക്കുന്നുണ്ട്.

ടെറസ് എന്ന ആശയം

കൂൺകൃഷി അത്ര ബുദ്ധിമുട്ടേറിയ ഒന്നല്ല. രോഗം വന്നാൽ ബെഡ് മൊത്തത്തിൽ മാറ്റേണ്ടതു കൊണ്ട് നല്ല കരുതൽ വേണം. നന്നായി പരിചരിച്ചാൽ രോഗബാധ കുറയ്ക്കാമെന്നാണ് അഞ്ചു വർഷത്തെ കൂൺകൃഷി എന്നെ പഠിപ്പിച്ചത്.

ടെറസിൽ കൃഷി ചെയ്യുമ്പോൾ റൂഫിന് നല്ല ഉയരം വേണം.  75 ശതമാനം പ്രകാശം കയറാത്ത ഗാർഡൻ നെറ്റ് കൊണ്ടു വേണം വശങ്ങൾ മറയ്ക്കാൻ. എന്നിട്ടും ചൂടുണ്ടെങ്കിൽ കോട്ടൻതുണി കെട്ടിക്കൊടുക്കാം. തറയിലും ഗാർഡൻ നെറ്റിലും വെള്ളം തളിച്ച് തണുപ്പ് നിലനിർത്താം. പ്രാണികൾ വരാതിരിക്കാ ൻ വേപ്പെണ്ണ– വെളുത്തുള്ളി മിശ്രിതമാണ് തളിക്കുന്നത്.

ചിപ്പിക്കൂണും പാൽക്കൂണുമാണ് കൃഷി ചെയ്യുന്നത്. ചിപ്പിക്കൂൺ വശങ്ങളിലൂടെയാണ് വിത്ത് ഇടുക. പാൽ കൂൺ വിത്തുകൾ ബെഡിനു മുകളിൽ വേണം ഇടാൻ. ബട്ടൻ മഷ്റൂമിന് നല്ല തണുപ്പുളള കാലാവസ്ഥ വേണ്ടതിനാൽ നമ്മുടെ നാട്ടിൽ അത്ര പ്രായോഗികമല്ല, ജൈവ രീതിയിൽ പ്രത്യേകിച്ചും. ‘ക്രൗണ്‍ മഷ്റൂം’ എന്ന പേരിലാണ് വിപണനം. കൂണിൽ നിന്നു മൂല്യവർധിത ഉൽപന്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ചമ്മന്തിപ്പൊടിയും അച്ചാറുമൊക്കെ ഓർഡർ അനുസരിച്ച് തയാറാക്കി നൽകും. ഇതു കൂടാതെ വിത്തു പാക്കറ്റ് 300 ഗ്രാമിന് 60 രൂപ നിരക്കിൽ വിൽക്കുന്നു. ദൂരസ്ഥലങ്ങളിൽ നിന്നു പോലും കൂൺ ബെഡ് വാങ്ങാൻ വരുന്നവരുണ്ട്. തിരുവനന്തപുരം ജില്ലയിൽ പാരിപ്പള്ളിക്കടുത്തുള്ള പള്ളിക്കലെ വീടിന്റെ മട്ടുപ്പാവാണ് എ ന്റെ കൃഷിയിടം.

വീട്ടാവശ്യത്തിന് കട്ടിലിനടിയിൽ പോലും കൃഷി ചെയ്യാം. ഒരു കട്ടിലിനടിയിൽ പത്തു കൂൺ ബെഡ് വയ്ക്കാം. ആദ്യം  മുറിയും കട്ടിലിന് അടിവശവും നന്നായി തുടയ്ക്കണം. ഡിസിൻഫക്ന്റ് സ്പ്രേ ചെയ്യുകയും വേണം. ബെഡ് നിരത്തിയ ശേഷം ബെഡ് ഷീറ്റ് താഴ്ത്തിയിട്ടാൽ ആവശ്യത്തിന് ഇരുട്ടായി. ജനാലയും വാതിലും തുറന്നിടാൻ മറക്കേണ്ട. പൂ വിരിയുന്നതു വരെ കട്ടിലിനടിയിൽ തന്നെ വയ്ക്കാം. അതിനു ശേഷം പുറത്തെടുത്ത് വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം. അഞ്ചു ദിവസത്തിനുള്ളിൽ കൂൺ പറിക്കാം.

കൃഷി തുടങ്ങുമ്പോള്‍ എങ്ങനെ വിറ്റഴിക്കും എന്നായിരുന്നു പേടി. കൂൺ പറിച്ചെടുത്ത് രണ്ടു ദിവസത്തിനുള്ളിൽ വിറ്റില്ലെങ്കിൽ ഉപയോഗ ശൂന്യമാകും. ഫ്രിജിലാണെങ്കിൽ ഒരാഴ്ച വരെ സൂക്ഷിക്കാം. എന്നാൽ വിപണി കണ്ടെത്താൻ ഒട്ടും പ്രയാസമില്ലായിരുന്നു. കൂണിന്റെ പോഷക ഗുണങ്ങൾ എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. കൃഷി വിപുലമാക്കാനും കയറ്റുമതി ചെയ്യാനുമുള്ള ആലോചനയിലാണ് ഇപ്പോൾ. അതിനുള്ള ഒരുക്കങ്ങളും ചർച്ചകളും പുരോഗമിക്കുന്നു.

ലാഭത്തിന്റെ കണക്കുകൾ

അൻപതു രൂപയാണ് ഒരു ബെഡ് ഉണ്ടാക്കാനുള്ള ചെലവ്. നിറച്ച മിശ്രിതവും വിത്തും നന്നെങ്കിൽ ആദ്യ വിളവെടുപ്പിൽ അരക്കിലോ വരെ വിളവ് കിട്ടും. അപ്പോൾ തന്നെ മുതലും ലാഭവുമായി. ബാക്കിയുള്ള അഞ്ച് വിളവെടുപ്പും ലാഭമാണ്. മകൻ ഫായിസും മരുമകളും എനിക്ക് എപ്പോഴും സഹായത്തിനുണ്ട്. ഭർത്താവും ഫുൾ സപ്പോർട്ടാ. മകൾ ഫസ്നയെ വിവാഹം കഴിച്ചയച്ച വീട്ടിൽ മുൻപ് പല കൃഷികളുണ്ടായിരുന്നു. ഇപ്പോൾ അവരും വാണിജ്യാടിസ്ഥാനത്തിൽ കൂൺ കൃഷി തുടങ്ങി.

കൂൺ ബെഡ് ഈസി ആയി

വൈക്കോലല്ല, അറക്കപ്പൊടിയാണ് കൂൺ ബെഡ് തയാറാക്കാൻ ഞാൻ ഉപയോഗിക്കുന്നത്. അറക്കപ്പൊടിയുംലൈം സ്റ്റോൺ പൗഡറും വെള്ളം ചേർത്ത് നനച്ച് ആ വിയിൽ പുഴുങ്ങണം. പിപി കവറിൽ ഒരു ലെയർ നിരത്തി മുകളിൽ വശങ്ങളിലായി വിത്തിടും. ഇങ്ങനെ പല ലെയറുകളുണ്ടാക്കി കവർ മുറുക്കി കെട്ടും. വശങ്ങളിൽ പിന്നു കൊണ്ട് തുളയിട്ട് ഉറി പോലെ തൂക്കിയിട്ടാൽ 20–25 ദിവസം കൊണ്ട് വിളവെടുക്കാം.

Tags:
  • Spotlight
  • Inspirational Story