Monday 11 November 2019 11:14 AM IST

‘എന്തിനാ ഒളിക്കണത്, പണി ചെയ്തു ജീവിക്കണത് നല്ല കാര്യല്ലേ’; ഇത് ഷീജ, കേരളത്തിലെ ആദ്യത്തെ കള്ളുചെത്തുകാരി!

Tency Jacob

Sub Editor

shhtoo ഫോട്ടോ: രാകേഷ് പുത്തൂർ

‘‘സത്യം പറഞ്ഞാൽ, തെങ്ങിന്റെ മുകളിൽ കയറിയപ്പോൾ പേടിയൊന്നും തോന്നിയില്ല. മുകളിൽ നല്ല കാറ്റല്ലേ. തിരിച്ചും മറിച്ചും കാറ്റടിച്ചപ്പോൾ ഛർദിക്കാനാണ് വന്നത്. പോത്തിന്റെ എല്ലിനുള്ളിൽ ഈയം നിറച്ച കൊട്ടുകൊണ്ട് കുറച്ചു കൊട്ടിക്കഴിഞ്ഞപ്പോഴേക്കും വലത്തേ കൈ കഴച്ച് പൊട്ടുന്ന പോലെ വേദനയായിരുന്നു. പക്ഷേ, നിർത്താൻ പറ്റില്ലല്ലോ. കൊട്ടിനൊരു കണക്കുണ്ട്. കള്ളു ചെത്താനെടുക്കുന്ന തെങ്ങിൻകുലയുടെ രണ്ടുവശത്തും പന്ത്രണ്ടുതവണ അടിക്കണം. വീണ്ടും, പകുതി വരെ ആറു തവണ കൂടി അടിക്കണം. അങ്ങനെ, കുലയുടെ ഉള്ളിലെ മൂപ്പെത്താത്ത മച്ചിങ്ങകൾ ചതച്ച് നീരു വരുത്തണം. അതിൽ നിന്നൂറി വരുന്ന പാനിയാണ് കള്ള്. രണ്ടാമത്തെ ദിവസം ഭയങ്കര ക്ഷീണമൊക്കെ തോന്നി. ഏട്ടനോടു പറഞ്ഞാൽ വിഷമാവൂന്നു വെച്ച് പറഞ്ഞില്ല. വേറെ ആരോടു പറയാനാണ്.’’

ഇത് ഷീജയാണ്. കേരളത്തിലെ ആദ്യത്തെ കള്ളുചെത്തുകാരി. കണ്ണൂർ കൂത്തുപറമ്പ് കണ്ണവത്തു ചെന്ന് ഷീജ എന്നു പറഞ്ഞതേയുള്ളൂ ഓട്ടോക്കാരൻ വണ്ടി സ്റ്റാർട്ടാക്കി. നിരത്തിൽ നിന്നു അരക്കിലോമീറ്റർ കയറിയാൽ ഫോറസ്റ്റ് ഏരിയയാണ്. വഴി മുഴുവൻ നീർച്ചാലുകളും ചെറിയ വെള്ളച്ചാട്ടങ്ങളും ഒറ്റപ്പെട്ട വീടുകളും മനുഷ്യരും. കാടിന്റെ നിഗൂഢതയിലേക്കുള്ള ആ സഞ്ചാരം ചെന്നെത്തിയത് നല്ല അസ്സൽ പെണ്ണിന്റെ മുൻപിലായിരുന്നു. ‘‘ആശ തോന്നി കള്ളുചെത്തുകാരിയായതല്ല, ചരിത്രത്തിലേക്കു നടന്നു കയറാനുമല്ല. വേറെ നിവർത്തിയില്ലാത്തതുകൊണ്ട് ചെയ്യുന്നതാണ്.’’

ഇതു ജീവിതമല്ലേ...

‘‘എനിക്ക് വിദ്യാഭ്യാസം കുറവാണ്. ഏഴാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. എട്ടാം ക്ലാസിലേക്ക് ജയിച്ച് കുറച്ചു നാൾ പോയി. ആ സമയത്താണ് കാൻസർ രോഗിയായ ഒരമ്മയെ നോക്കാൻ ചെല്ലാമോ എന്ന് നാട്ടിലൊരാൾ ചോദിക്കുന്നത്. വീട്ടിലെ കഷ്ടപ്പാടു കാരണം ആ പണിക്കു പോയി. കല്യാണം കഴിക്കണ സമയത്ത് ഭർത്താവ് ജയകുമാറിന് ബെംഗളൂരുവിൽ ബേക്കറിപ്പണിയായിരുന്നു. ഞാനും അഞ്ചാറു മാസം അവിടെ പോയി നിന്നു. ഗർഭിണിയായപ്പോൾ തിരികെ പോന്നു. പിന്നെ, നാട്ടിൽ വന്ന് ഏട്ടൻ മ രം മുറിക്കണ പണിക്ക് പോയിത്തുടങ്ങി. മോള് ജനിച്ചേനു ശേഷമാണ് എന്റെ ഏച്ചീന്റെ ഭർത്താവ് ചെത്തു പഠിക്കാന്നു പറഞ്ഞ് വിളിച്ചത്. ഞങ്ങളുടെ കുലത്തൊഴിലൊന്നുമല്ല ഇത്.

എല്ലാ ദിവസവും പണിയാവൂല്ലോ എന്നു വിചാരിച്ചാണ് ഏട്ടൻ ഈ പണിക്കിറങ്ങിയത്. ചെറുവാഞ്ചേരിയിലുള്ള എന്റെ വീട്ടിലായിരുന്നു അന്ന് താമസം. കാലത്തെഴുന്നേറ്റ് ബസിൽ ക യറി പോകും. വൈകുന്നേരത്തെ ചെത്തും കഴിഞ്ഞ് തിരിച്ചു വരും.

ആദ്യമൊന്നും കള്ള് ശരിക്കു കിട്ടിയില്ല. ‘ഇതോണ്ടൊന്നും ആവുന്നില്ല, വേണ്ടാന്നു വയ്ക്കാം’ എന്നു പറഞ്ഞിരിക്കണ സമയത്ത് പൈസ കുറേശ്ശേ കിട്ടിത്തുടങ്ങി. പിന്നെ, ഏട്ടന്റെ നാടായ ഇവിടേക്കു വന്ന് ചെത്തുതുടങ്ങി. പത്തു കൊല്ലമായി ഏട്ടൻ ഈ പണി ചെയ്തു തുടങ്ങിയിട്ട്.

അങ്ങനെയിരിക്കെയാണ് ഏട്ടന്റെ വണ്ടി അപകടത്തിൽ പെടുന്നത്. കണ്ണവത്തു നിന്നു കള്ളും കൊണ്ടു വരുമ്പോൾ എതിരെ വന്ന വണ്ടി ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ്. വീണ് വലതു കയ്യൊടിഞ്ഞു. ‘നീ ഉടുപ്പു മാറി നിൽക്ക്. കോളാട് പോവാന്നു’ പറഞ്ഞു പോയതാണ്. സമയമായിട്ടും കാണാതായപ്പോൾ ഞാനാകെ പേടിച്ചു. താഴേ വീട്ടീന്നു പെങ്ങള് വിളിച്ചിട്ട് ‘ഏട്ടൻ വണ്ടീന്നു വീണെ’ന്നു പറഞ്ഞു. നെഞ്ചാകെ കാളി. അനിയൻ മരിച്ചേനുശേഷം ഇങ്ങനത്തെ വാർത്തകൾ കേൾക്കുമ്പോൾ പേടിയാണ്.

മഴയൊക്കെ കാരണമായിരിക്കും രണ്ടു കൊല്ലമായിട്ടു കള്ള് അധികം കിട്ടുന്നില്ല. നഷ്ടമാണെങ്കിലും ചെത്ത് നിന്നു പോകാതിരിക്കാൻ വേറെ ഒരാളെ വച്ചു. കിട്ടുന്ന പൈസ മുഴുവൻ ഓന് കൊടുക്കാനേ തികയൂ. അങ്ങനെയിരിക്കേ ഓനും ബൈക്കിൽ നിന്നു വീണു. രണ്ടു ദിവസം ചെത്തു മുടങ്ങി.

RAK_5807

ഞാൻ തൊഴിലുറപ്പിനു പോകുന്നുണ്ടെങ്കിലും മഴ പിടിച്ചാൽ പിന്നെ, പണിയുണ്ടാകില്ല. മാർച്ചിൽ പണി കഴിഞ്ഞാൽ പിന്നെ, ചിങ്ങം വരണം. ഒരു ദിവസത്തെ കൂലി 276 രൂപയാണ്. സ്കൂൾ തുറക്കുന്ന സമയമായിരുന്നു. മോൻ ഹൈസ്കൂളിലേക്കാണ്. പുതിയ യൂണിഫോം വേണം. ഫീസ്, സ്കൂൾ വണ്ടിയുടെ പൈസ, വീട്ടിലെ കാര്യങ്ങൾ. ചെലവുകൾ കൂടുന്നോണ്ട്  ആകെ കഷ്ടത്തിലാകാൻ പോവാന്ന് മനസ്സിലായി. തെങ്ങുചെത്താൻ വരുന്ന ആള് വീണ്ടും വന്നപ്പോൾ വേണ്ടാന്നു പറഞ്ഞു. ഓന് കൊടുക്കാൻ പൈസ വേണ്ടേ. ആ സമയത്താണ് തെങ്ങു ചെത്താൻ എനിക്കു പറ്റൂല്ലേ എന്ന ചിന്ത വന്നത്. ഭർത്താവിനോടു പറഞ്ഞപ്പോൾ ‘നിനക്കാവൂല്ല’ എന്നാണ് ആദ്യം പറഞ്ഞത്. വീട്ടിൽ അച്ഛനും ഇഷ്ടമില്ലായിരുന്നു.

എത്തേണ്ടിടത്ത് ആരോടെങ്കിലും ചോദിച്ചിട്ടായാലും എ ത്തും. അതു പണ്ടേയുള്ള സ്വഭാവമാണ്. മുറ്റത്തെ ചെറിയ തെങ്ങില് കയറിയാണ് പഠിച്ചത്. ഏട്ടൻ താഴേ നിന്ന് എല്ലാം പറഞ്ഞുതന്നു. കത്തിക്കൂട് അരയില് കെട്ടീട്ട് വേണം കയറാൻ. അതിൽ ഓല ചെത്താനുള്ള ചെറിയ കത്തിയും കൂമ്പരിയാനുള്ള വലിയ കത്തിയും പിന്നെ, ചെളിക്കൂടുമുണ്ടാകും. കള്ള് ശേഖരിക്കാനുള്ള പാത്രവും കൊട്ടും അതിൽ തൂക്കിയിടും. തോളിൽ തളാപ്പുണ്ടാകും.

തെങ്ങിന്റെ മോളിൽച്ചെന്നിട്ട് പണി ഒരുപാടുണ്ടപ്പാ. ഒരു കുല പിടിച്ചാൽ പത്തിരുപതു ദിവസം അടിച്ചാലേ കള്ളുണ്ടാകാൻ തുടങ്ങൂ. ദിവസവും വളർന്നു വരുന്ന പൂക്കുലയുടെ തുമ്പ് അരിഞ്ഞു കളയണം. അതു കൂട്ടിപ്പിടിച്ചു ഓലത്തുമ്പു കീറി കെട്ടി വയ്ക്കണം. ഊറി വരുന്ന പാനി ശേഖരിക്കാൻ മൺകുടം വയ്ക്കും. തെങ്ങിന്റെ പട്ടയിൽ അടിച്ചിപാറ കൊണ്ട് താങ്ങു കൊടുത്ത് അതിനു മുകളിലാണ് ഈ മൺകുടം ഉറപ്പിച്ചു വയ്ക്കുക. കള്ള് ഊറി വരുമ്പോൾ ഈച്ചയൊന്നും കടക്കാതിരിക്കാൻ വിടവുകളിൽ പുരട്ടാനാണ് ചെളി. ദിവസത്തിൽ മൂന്നുനേരം ചെത്തണം. കത്തിക്കൂടും കൊട്ടും പാത്രവും എല്ലാം താങ്ങിപ്പിടിച്ച് തെങ്ങിൽക്കയറൽ എളുപ്പമല്ലാത്തോണ്ട്, കാലത്തും വൈകുന്നേരവും കള്ളെടുക്കും. ഉച്ചയ്ക്ക് കൊട്ടും.

ഒരു ദിവസത്തെ പാച്ചിൽ

എട്ടു തെങ്ങ് ചെത്തുന്നുണ്ട്. പുലർച്ചെ എഴുന്നേറ്റ് പണിയൊക്കെ തീർത്തു വയ്ക്കും. കുളിച്ച് ആറു മണിയാകുമ്പോൾ ചെത്താൻ പോകും. പിന്നെ, മക്കളെ സ്കൂളിൽ വിട്ട് തൊഴിലുറപ്പിനു പോകും. ഉച്ചയ്ക്കു വന്നു ചെത്തും. വൈകുന്നേരം പണി കഴിഞ്ഞു വന്നു വീണ്ടും ചെത്തും. പിന്നെ, അത്താഴമൊരുക്കി കുറച്ചു നേരം ടിവി കാണും.

മാസക്കുളി വരുമ്പോൾ ഏഴു ദിവസം ചെത്താൻ പറ്റില്ല. പകരം ചെത്തുന്ന ആൾക്ക് ദെവസം ആയിരം രൂപയാണ് കൂലി. കിട്ടുന്ന ലാഭം മുഴുവൻ അതിലു തീരും. കുടുംബശ്രീല് സ്വീകരണം തന്നപ്പോൾ ഞാൻ പറഞ്ഞു, ‘ആർക്കേലും ആഗ്രഹമുണ്ടേൽ ഞാൻ പഠിപ്പിച്ചു തരാം’. അവർക്കു കയറാൻ പറ്റാത്തപ്പോൾ ഞാൻ അവരുടെ തെങ്ങും എനിക്കു പറ്റാത്തപ്പോൾ അവർ എ ന്റെ തെങ്ങും ചെത്തിയാൽ ഏഴായിരം രൂപ ലാഭം കിട്ടൂല്ലോ എന്നായിരുന്നു മനസ്സിൽ. പക്ഷേ, ഇതുവരെ ഒരു സ്ത്രീയും മുന്നോട്ടു വന്നില്ല. ഇപ്പോൾ ഭർത്താവിന്റെ പേരിലാണ് കള്ള് അ ളക്കുന്നത്. ആറു മാസം കഴിഞ്ഞാലേ എനിക്ക് ലൈസൻസ് കിട്ടുള്ളൂ. യൂണിയൻ വേഗം തരാന്നു പറഞ്ഞീറ്റുണ്ട്.

മക്കൾക്ക് വെഷമാവോന്നായിരുന്നു പേടി. പക്ഷേ, മോൻ വിഷ്ണുവും മോൾ വിസ്മയയും സന്തോഷത്തിലാണ്. ആൾക്കാരെല്ലാം എന്തു പറയൂന്നു ഒരു പേടിയുണ്ടായിരുന്നു. കത്തിക്കൂടൊന്നും വീട്ടീന്നേ കെട്ടൂലാ. കവറിലാക്കി കൊണ്ടോയി ആടെന്നേ കെട്ടൂ. വണ്ടിയെല്ലാം വരുമ്പോൾ ഞാൻ റോഡിലിറങ്ങാതെ കാട്ടിൽ മരത്തിന്റെ പിന്നിൽ ഒളിച്ചു നിൽക്കും. ഒരു ദിവസം ഒരാൾ കണ്ടുപിടിച്ചു. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ അയാള് പറഞ്ഞു ‘എന്തിനാ ഒളിക്കണത്. പണി ചെയ്തു ജീവിക്കണത് നല്ല കാര്യല്ലേ...’

അപ്പം ഉണ്ടാക്കാൻ കൊറച്ച് എടുക്കുന്നല്ലാതെ കള്ള് തൊട്ടു നോക്കിയിട്ടില്ല. ആദ്യം കഷ്ടി ഒരു ലീറ്ററാണ് കിട്ടിയത്. അത് മുത്തപ്പനു പൈങ്കുറ്റി വച്ചു. അല്ലേലും മുത്തപ്പൻ കൂടെയുണ്ട്. ഞാൻ കള്ളു ചെത്താൻ പോകുമ്പോൾ ഞങ്ങടെ ചെമ്പൻ നായ കൂടെ വരും. എന്റെ മുന്നിൽ നടന്നു വഴി കാണിക്കും. തെങ്ങിൽകേറിയിറങ്ങണ വരെ താഴെ കാവൽ കിടക്കും. പിന്നെന്തിനാ പേടിക്കണേ... 

വാവയുണ്ടായിരുന്നെങ്കിൽ

ഞങ്ങൾ നാലു പെണ്ണുങ്ങൾക്ക് ഒറ്റ ആങ്ങളയായിരുന്നു. താഴത്തെയാളായതു കൊണ്ട് വാവ എന്നായിരുന്നു അനിയനെ വിളിച്ചിരുന്നത്. ഓനും ചെത്തായിരുന്നു പണി. അ ന്നു നാലുമണിയായപ്പോൾ അവൻ എന്നെ വിളിച്ചിരുന്നു.

‘ഏച്ചീ, ഇവിടെ നല്ല മഴ വരാൻ പോകുന്നുണ്ട്. ആടെ മഴയുണ്ടോ?’ ‘ആ, ഈടെയും മഴ വരാൻ പോണുണ്ട്.’ പ്രളയം വരുന്നതിന്റെ മുന്നായിട്ടായിരുന്നു അത്. പിന്നെ, എന്റെ ഫോ ൺ സൈലന്റായിപ്പോയി.

ഏട്ടന്റെ പെങ്ങളാണ് ചോദിച്ചത്, ‘ഇതെന്താ, ഫോണിങ്ങനെ ലൈറ്റു കത്തണത്.’ നോക്കിയപ്പോൾ വീട്ടിൽ നിന്നു അനിയത്തി വിളിച്ചുകൊണ്ടിരിക്കുകയാണ്. അനിയത്തിയുടെ ഭർത്താവ് മരിച്ചിട്ട് അവളും കുട്ടിയും വീട്ടിലാണ് നിൽക്കുന്നത്.

 ‘വാവ ആശുപത്രിയിലാണ്.’ ഞാൻ ശരീരം മൊത്തം  വെറച്ചീറ്റ്, ആകെ വല്ലാതായിപ്പോയി. തെങ്ങിൻ കൊല ചെത്തുന്ന സമയത്ത് കത്തികൊണ്ട് ഞരമ്പ് അറിയാണ്ട് മുറിഞ്ഞതാണ്. മുറിഞ്ഞിടത്തു അമർത്തിപ്പിടിച്ചു തെങ്ങിൻക്കൊരലിൽത്തന്നെ പിടിച്ചിരുന്നു. ചോര വാർന്നു കഴിഞ്ഞപ്പോഴാകണം താഴേക്കു വീണു. ആ ഒച്ച കേട്ട് അനിയത്തി ചെന്നപ്പോഴാണ് വീണു കിടക്കുന്നതു കണ്ടത്.

വിവരമറിഞ്ഞ് ആശുപത്രിയിൽ പോയെങ്കിലും അവൻ ഐസിയുവിലാണെന്നു പറഞ്ഞ് ഞങ്ങളെയൊക്കെ വീട്ടിലേക്ക് പറഞ്ഞയച്ചു. പൊലർച്ചെ നാലുമണിയാവുമ്പോ ഞാനൊരു സ്വപ്നം കണ്ടു. അവനെ വെള്ള പുതച്ച് പറമ്പിൽ കെടത്തുന്നത്.

പൊലർച്ചയ്ക്ക് കണ്ട സ്വപ്നം ഫലിക്കുമെന്നല്ലേ...  രണ്ടര വർഷമായി ഓൻ പോയീറ്റ്. ഓനുണ്ടായിരുന്നേൽ എനിക്ക് ഈ പണിക്കൊന്നും പോകേണ്ടി വരില്ലായിരുന്നു.

Tags:
  • Spotlight
  • Inspirational Story