എനിക്കുണ്ടായ നേട്ടങ്ങളിൽ ഏറ്റവും വ ലുതാണ് 52ാം വയസ്സിൽ ‘ആദ്യ’യുടെ അമ്മയായത്.’’ ഡോ. ഷീല രമണിയുടെ വാക്കുകളിൽ ആനന്ദത്തിന്റെ ഊഞ്ഞാലാട്ടം.
ഓരോ തവണയും ആദ്യയെ കുറിച്ച് പറയുമ്പോ ൾ അവർ ആകാശത്തേക്ക് ഉയർന്ന പറവയെ കണക്കെ സന്തോഷത്തിലാണ്. ആ വിശേഷം കേൾക്കും മുൻപ് വ്യത്യസ്ത മേഖലകളിലെ ഡിഗ്രികളും നേട്ടങ്ങളും സ്വന്തമാക്കിയ ഡോക്ടറുടെ ജീവിതകഥ അറിയാം.
കഴിഞ്ഞ കാലം
എൻസിസിയിൽ നിന്നുള്ള പി.എ.ബി.ടി.(പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ബാറ്ററി ടെസ്റ്റ്) പാസായ ശേഷമാണ് അന്ന് ഗ്ലൈഡർ പരിശീലനത്തിറങ്ങിയത്. അന്നത്തെ ബ്രിഗേഡിയർ ഗൗരി ശങ്കർ രാജസ്ഥാനിലെ കോട്ടയിൽ നിന്നു ക്യാപ്റ്റൻ യൂജിൻ ഖാനെ പരിശീലകനായി കൊണ്ടുവന്നു.
റിപ്പബ്ലിക് ദിന പരേഡിനായി ഡൽഹിയിൽ ഗ്ലൈഡർ മത്സരത്തിന് ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. പരിശീലനം കഴിഞ്ഞ് 1984ൽ തനിയെ ഗ്ലൈഡർ പറത്തി. അന്ന് അതിന്റെ പ്രത്യേകതയൊന്നും മനസ്സിലായില്ല. പിന്നീട് പത്രക്കാരും മറ്റും വന്നപ്പോഴാണു കേരളത്തിലെ ആദ്യ വനിതാ ഗ്ലൈഡർ എന്ന വലിയ നേട്ടമാണു കൈവരിച്ചതെന്നു മനസ്സിലായത്.
അക്കാലത്തു പെൺകുട്ടികൾ എൻസിസിയിൽ മുന്നിലെത്തുന്നതു തന്നെ അപൂർവമാണ്. ഗ്ലൈഡിങ് കൂടാതെ പല മെഡലുകളും കിട്ടി. സിഗ്‌നൽസിനു സ്വർണ മെഡൽ, ഫയറിങ്, ബെസ്റ്റ് കേഡറ്റ് തുടങ്ങി പലതും. എൻസിസിയിൽ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്യുന്ന വിദ്യാർഥിക്കുള്ള ക്വോട്ടയിലാണു ബിഎഎംഎസ് അഡ്മിഷൻ കിട്ടുന്നത്.
എൻസിസിയിൽ ഉള്ളപ്പോൾ തന്നെ കരാട്ടെ പഠിച്ചിരുന്നു. അന്നു തിരുവനന്തപുരം വിമൻസ് കോളജിൽ നിന്നു 20 പേരെ തിരഞ്ഞെടുത്താണു പരിശീലനം തന്നത്. പിന്നീട് ആ പദ്ധതി നിന്നു പോയി. പക്ഷേ, കരാട്ടെയോടുള്ള ഇഷ്ടം മനസ്സിൽ ഉണ്ടായിരുന്നതു കൊണ്ട് തുടർന്നു പഠിക്കണമെന്നു തോന്നി. അങ്ങനെ മാഷിനെ വീട്ടിൽ വരുത്തി ഞാനും കസിൻസും പഠനം തുടർന്നു. കരാട്ടെയുടെ ഡാൻ ടെസ്റ്റിനും പോയി. പക്ഷേ, അതും പതിയെ നിന്നു.
2003ൽ വിവാഹശേഷമാണ് ആ മോഹം വീണ്ടും തോന്നുന്നത്. ഭർത്താവ് അഭിഭാഷകനായ ഡോ. സാം എബനേസർ. അദ്ദേഹം കരാട്ടെയിൽ നയൻത് ഡാൻ ബ്ലാക് ബെൽറ്റ് നേടിയ ആളാണ്. ഞാൻ തേഡ് ഡാൻ വരെയെത്തി. കല്യാണം കഴിഞ്ഞുള്ള എല്ലാ നേട്ടങ്ങൾക്കും പിന്തുണ ഭർത്താവാണ്.
വിവാഹത്തിനു മുൻപേ ബിഎഎംഎസ് പാസായിരുന്നു. പിന്നെ, സിദ്ധവൈദ്യവും യോഗയും പഠിച്ചു. എംഎസ്‌സി. യോഗ, യോഗ തെറപി കോഴ്സുക ൾ ചെയ്തു. ആസ്ട്രോളജിയിൽ എംഎ നേടി. യോ ഗ ടിടിസി പാസായി.
ആയുർവേദ പഠനത്തിനിടെ കാലിക്കറ്റ് സർവകലാശാലയിൽ ജോലി കിട്ടി. അവിടെ നിന്ന് അവധിയെടുത്താണ് ആയുർവേദ പഠനം പൂർത്തിയാക്കിയത്. അതിനു ശേഷം ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ ജോയിൻ ചെയ്തു.
കാത്തിരിപ്പിന്റെ തുടക്കം
തിരുവന്തപുരം തമ്പാനൂരാണു നാട്. കാർമൽ കോ ൺവെന്റിലാണ് ഏഴാം ക്ലാസ് വരെ പഠിച്ചത്. ശേഷം ഹോളി എയ്ഞ്ജൽസ് കോൺവെന്റ്. പിന്നെ വിമൻസ് കോളജിൽ നിന്നു ഡിഗ്രിയും ബിരുദാനന്തര ബിരുദവും. എൻസിസിയിൽ ചേരാനുള്ള കൊതി കൊണ്ടാണ് അവിടെ ചേർന്നതു തന്നെ. അതു കഴിഞ്ഞ് സെൻട്രൽ പോളിടെക്നിക് വട്ടിയൂർക്കാവിൽ നിന്ന് ഇലക്ട്രോണിക്സ് എൻജിനീയറിങ് പഠിച്ചു. ബിഎഎംഎസ് പാസായി.
പിന്നീട് ജോലി സൗകര്യാർഥമാണു കോഴിക്കോട്ടേക്ക് താമസം മാറുന്നത്. വിവാഹശേഷം ഒരു കുഞ്ഞിനു വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പു വർഷങ്ങൾ നീണ്ടു. പല ചികിത്സയും തേടി. അതിനായി കൂടുതൽ ആയുർവേദ പഠനങ്ങൾ നടത്തി സ്വയം പരിഹാരം കണ്ടുപിടിക്കാൻ ശ്രമിച്ചു. ഭർത്താവാണു പലതും വായിച്ചും മനസ്സിലാക്കിയും എനിക്കും ആത്മവിശ്വാസം പകർന്നത്.
അങ്ങനെ സ്വയം ശീലിച്ച ചിട്ടകളിലൂടെ മുന്നോട്ടു പോ യ ശേഷം ഐവിഎഫ് ചെയ്തു. പല ശ്രമങ്ങൾക്കൊടുവിൽ ഫലം കണ്ടു. മോൾക്കിപ്പോൾ ആറുവയസ്സായി. ഒന്നാം ക്ലാസ്സ് വിദ്യാർഥിയാണ്. മാനസികമായും ശാരീരികമായും ആരോഗ്യവതിയാണ് ആദ്യ. അവൾക്കായി ഞങ്ങൾ പലതിനോടും പടവെട്ടി.’’
കയ്യൊഴിയലും ഉറച്ച് നിൽക്കലും
അമ്മയാകണമെന്ന ആഗ്രഹം എന്റെയുള്ളിലൊരു വാശി പോലെ ശക്തമായിരുന്നു. സമൂഹത്തിന്റെ ചോദ്യങ്ങളെക്കുറിച്ചു വേവലാതിയൊന്നും ഉണ്ടായിരുന്നില്ല. അച്ഛൻ മരിച്ച ശേഷം എന്നെ വളർത്തിയത് അമ്മയാണ്. പക്ഷേ, അമ്മ പോലും ഈ ആഗ്രഹത്തിനു വേണ്ടത്ര പിന്തുണ ത ന്നിരുന്നില്ല.
ഭർത്താവിന്റെ വീട്ടിലും സ്വകാര്യ തീരുമാനങ്ങളെ കുറിച്ചു ചർച്ച ചെയ്യാറില്ല. തീരുമാനം ഞങ്ങൾ രണ്ടുപേരുടേതുമായിരുന്നു. മകൾ ജനിച്ചപ്പോൾ തൊട്ട് അവൾക്കു വേണ്ടി ഉറക്കമിളയ്ക്കാനും എല്ലാത്തിനും ഞങ്ങൾ രണ്ടുപേരും മാത്രമായിരുന്നു. ചികിത്സ തേടി ചെന്ന പല ആശുപത്രികളിൽ നിന്നും നിരാശ ജനിപ്പിക്കുന്ന മറുപടികളാണു കിട്ടിയത്. ‘സരോഗസി ചെയ്യൂ, നിങ്ങൾക്ക് കുഞ്ഞുണ്ടാകില്ല’ എന്നു പറഞ്ഞവരുമുണ്ട്.
ഒടുവിൽ ഞങ്ങൾ ചെന്നൈയിലെ ജി.ജി. ആശുപത്രിയിലെത്തി. ഡോ. കമല ശെൽവരാജിനെ കണ്ടു. അവരുടെ മകൾ ഡോ. പ്രിയ ശെൽവരാജിന്റെ നേതൃത്വത്തിലാണ് ഐവിഎഫ് ചെയ്ത്. അവിടെ ചെയ്തതിൽ നാലാമത്തെ ഐവിഎഫ് വിജയകരമായി.
അതിനു മുൻപ് പല ആശുപത്രികളിൽ നിന്നായി ആറു തവണ ഐവിഎഫ് ചെയ്തിരുന്നു. നാലാമത്തെ ഐവിഎഫ് ചെയ്യുമ്പോൾ യൂട്രസിന്റെ അവസ്ഥ കണ്ടിട്ട് ഡോക്ടർമാർ സംശയം പറഞ്ഞിരുന്നു.
ഗർഭപാത്രത്തിനുള്ളിൽ വളരേണ്ടുന്ന ചില കോശങ്ങൾ അതിന്റെ പുറം ഭിത്തിയിലും വളരുന്ന അഡിനോമയോസിസ് എന്ന പ്രശ്നം എനിക്കുണ്ടായിരുന്നു.
ഓരോ തവണയും ഐവിഎഫ് ചെയ്തു പരാജയപ്പെടുമ്പോൾ പോലും ഒരു തുള്ളി കണ്ണീർ ഒഴുക്കിയിട്ടില്ല. കാരണം അമ്മയാകാനുള്ള ആഗ്രഹം ഉള്ളിൽ അത്രമേൽ ശക്തമായിരുന്നു. അങ്ങനെ പത്താമത്തെ ഐവിഎഫിൽ ഞങ്ങ ൾക്ക് ആദ്യ മോളെ കിട്ടി. ഐവിഎഫുകൾ പരാജയപ്പെട്ട് അടുത്തതിനു പോകും മുൻപേ തൃക്കരിപ്പൂരുള്ള സുഹൃത്തു ഡോ. രാജീവിന്റെ ആശുപത്രിയിൽ നിന്ന് ആയുർവേദ പരിചരണങ്ങൾ ചെയ്തിരുന്നു. അവസാനത്തെ ഐവിഎഫ് ചെയ്തിട്ടു ജോലിക്കും പോയിരുന്നു. സാധാരണ ആശുപത്രിക്ക് അടുത്തു തന്നെ നിൽക്കാറാണു പതിവ്, അങ്ങനെയാണു ഡോക്ടറും നിർദേശിക്കുക. ആദ്യയുണ്ടാകും മുൻപേ ജോലിക്കു വന്നിട്ട് പക്ഷേ, അവിടുത്തെ അന്തരീക്ഷം എനിക്ക് വല്ലാത്ത മാനസികപിരിമുറുക്കം ഏൽപ്പിച്ചു കൊണ്ടിരുന്നു. അതും തരണം ചെയ്തു.
എന്തു പ്രതിസന്ധി വന്നാലും ഡോക്ടറെ വിളിച്ച് സംസാരിച്ച് നിർദേശങ്ങൾ എടുത്തിരുന്നു. ഒപ്പം ഡോക്ടറുടെ നിർദേശപ്രകാരമുള്ള മരുന്നുകളും കഴിച്ചു.
ആദ്യയ്ക്കു കരാട്ടെയോട് ഇഷ്ടം ഉണ്ടായിക്കോട്ടെ എ ന്നോർത്ത് അവളെ ഗർഭംധരിച്ചിരിക്കുമ്പോൾ എനിക്കു കാണാൻ വേണ്ടി തന്നെ കരാട്ടെ ക്ലാസ് വച്ചിരുന്നു. മൂന്നു മണിക്കൂർ ആ ക്ലാസ്സുകളിൽ ഇരുന്നു. കുഞ്ഞ് ഉള്ളിലുള്ളപ്പോൾ മുതൽ അമ്മയും അച്ഛനും അതിനെ എങ്ങനെ പരിപാലിക്കുന്നോ അതിന്റെ ഫലം കുഞ്ഞു പുറത്തു വരുമ്പോൾ കാണും എന്നൊക്കെ പറയുന്നതിന്റെ അർഥം ഇപ്പോൾ മനസ്സിലാകുന്നു. ആദ്യയ്ക്ക് ഇപ്പോൾ കരാട്ടെയോട് ഒരു ചായ്‌വുണ്ട്.
എന്റെ ആഗ്രഹം അത്യാഗ്രഹമായിരുന്നു എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ, നമ്മളൊരു കാര്യം നേടണമെന്നു തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞാൽ അതിനു വേണ്ടി എത്രത്തോളം പ്രയത്നിക്കുന്നുവോ അതിലാണ് കാര്യം, സ മൂഹം എന്തു വിചാരിക്കും എന്ന് ചിന്തിക്കേണ്ടതില്ല.
ഞാൻ ഗർഭിണിയാണെന്നു പോലും അക്കാലത്ത് ആ രോടും അധികം പറഞ്ഞിട്ടില്ല. നമ്മളെ ഓർത്ത് ആത്മാർഥമായി സന്തോഷിക്കുന്നവർ എല്ലാ വിശദീകരണങ്ങൾക്കപ്പുറവും നമുക്കൊപ്പമുണ്ടാകും.’’
ശ്യാമ
ഫോട്ടോ: അരുൺ സോൾ
</p>