Monday 12 November 2018 04:40 PM IST : By സ്വന്തം ലേഖകൻ

20 മിനിറ്റ് ‘ഐശ്വര്യ റായ്’ ദർശനത്തിന് ഒരു കോടി! ഹിന്ദി സിനിമാ പ്രാന്തനായ ഷെയ്ഖ് പിടിച്ച ‘ബോളിവുഡ് പുലിവാൽ’

sheikh

ബോളിവുഡ് താരങ്ങളെ ഒന്ന് നേരിൽ കാണുക, അൽപ്പ സമയം ഒപ്പം ചിലവഴിക്കുക എന്നതൊക്കെ ആർക്കാണ് താത്പര്യമില്ലാത്തത്. അത്ര മാത്രമാണ് സിനിമാ പ്രാന്തനായ ‘ഷെയ്ഖ് ഹമാദ് ഇസ അലി അൽ–ഖലീഫ’യ്ക്കും തോന്നിയത്. ബഹ്റൈന്‍ രാജകുടുംബാംഗമാണെന്നു കരുതി ആരാധന ഉപേക്ഷിക്കാൻ പറ്റുമോ. വെറുതേ വേണ്ട, നല്ല പ്രതിഫലം കൊടുക്കാം. അങ്ങനെ സംഗതി ഒരു വട്ടത്തിലാക്കാൻ ഈജിപ്തിലെ പ്രശസ്ത ഇവന്റ ് മാനേജ്മെന്റ ് കമ്പനി ഉടമ അഹമദിനെ ശട്ടം കെട്ടി. അഹമ്മദ് ‘ക്വട്ടേഷൻ’ ഏറ്റെടുത്തു. പറഞ്ഞത് ഷെയ്ഖാണല്ലോ, കാശിനു പഞ്ഞമില്ലല്ലോ. മുൻപിൻ നോക്കാതെ അഹമ്മദ് പണി തുടങ്ങി.

അനില്‍ കപൂര്‍, ഐശ്വര്യ റായ്, സഞ്ജയ് ദത്ത്, ദീപിക പദുകോണ്‍, കരിഷ്മ കപൂര്‍ തുടങ്ങി തിരക്കുള്ള 26 താരങ്ങളാണ് ഷെയ്ഖിന്റെ ‘ഫേവറിറ്റ്’. 20 മിനിറ്റ് അവരുമായി കുശലം പറഞ്ഞ്, ഒപ്പം നിന്നൊരു സെൽഫിയൊക്കെയെടുത്ത് പിരിയുന്നതിന് താരമൊന്നുക്ക് ഏതാണ്ട് ഒരു കോടി രൂപയാണ് ഷെയ്ഖുമായി അഹമ്മദ് കരാറൊപ്പിട്ടത്. സ്വപ്നം സഫമലമാക്കാൻ സഹായിക്കുന്നതിന് ഇന്ത്യയിലെ പ്രശസ്തമായ ഒരു മാധ്യമ ശൃംഖലയുടെ അവാർഡ് നൈറ്റിന് നാലു കോടി രൂപയുടെ സ്പോൺസർഷിപ്പ് വാഗ്ദാനവും കൊടുത്തു. മൂന്നു പേരെ കണ്ടു കഴിയുമ്പോൾ ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് മൂന്നര കോടിയോളം രൂപ ബോണസും വാഗ്ദാനം ചെയ്തു.

ദുബായിലേയും ഇന്ത്യയിലേയും ആര്‍ഭാട ഹോട്ടലുകളിലാണ് കൂടിക്കാഴ്ച തരപ്പെടുത്തിയിരുന്നത്. അങ്ങനെ ഒരു വശത്തു നിന്ന് ഷെയ്ഖ് കാണൽ തുടങ്ങി. ഓരോരുത്തരെയായി കണ്ടും മിണ്ടിയും തുടങ്ങിയ ഷെയ്ഖിന് പെട്ടെന്നൊരു മടുപ്പ്. കിംഗ് ഖാനെയും രൺവീർ സിംഗിനെയുമാണ് ആദ്യം കണ്ടത്. അടുത്ത രണ്ടു പേരെ കൂടി അഹമ്മദ് ഒപ്പിച്ചെങ്കിലും ഷെയ്ഖ് എത്തിയില്ല. അങ്ങനെ നാലു പേരെ കഴിഞ്ഞതും ഷെയ്ഖ് നയം വ്യക്തമാക്കി, ഈ പണിക്ക് ഞാനില്ല. കരാർ പാതി വഴി ഉപേക്ഷിച്ച് ഷെയ്ഖ് സ്കൂട്ടായതോടെ വെട്ടിലായത് അഹമ്മദാണ്. എന്നാൽ ദുഃഖം ഉള്ളിലൊതുക്കാമെന്നു കരുതി ഇരിക്കുമ്പോഴാണ് ഷെയ്ഖിന്റെ തനി നിറം അഹമ്മദ് അറിയുന്നത്. ‘തീരെ താൽപ്പര്യമില്ല’ എന്നു പറഞ്ഞു കരാർ ഒഴിവാക്കിയ ഷെയ്ഖ് അടുത്ത എട്ടു ദിവസത്തിനുള്ളിൽ 15 ബോളിവുഡ് താരങ്ങളുമായാണ് കൂടിക്കാഴ്ച നടത്തിയത്.

അതോടെ ഷെയ്ഖിനെതിരേ കോടതിയിൽ പോകാൻ തന്നെ അഹമ്മദ് തീരുമാനിച്ചു. ഒട്ടും കുറച്ചില്ല, 35 മില്ല്യണ്‍ പൗണ്ട് (ഏതാണ്ട് 320 കോടി രൂപ) നഷ്ടപരിഹാരം കിട്ടണമെന്നു ആവശ്യപ്പെട്ട് ‘ഒരു യമണ്ടൻ പരാതി’ തന്നെ ലണ്ടനിലെ കോടതിയിൽ ഫയൽ ചെയ്തു. പരാതി അനങ്ങിത്തുടങ്ങിയതും ഷെയ്ഖ് സടകുടഞ്ഞെഴുന്നേറ്റു. ഒരു കൂടിക്കാഴ്ചയ്ക്ക് 50 ലക്ഷം വരെയാണ് അഹമ്മദ് തുടക്കത്തിൽ പറഞ്ഞുറപ്പിച്ചിരുന്നതെന്നും പിന്നീട് അതിന്റെ പത്തിരട്ടി വരെ നൽകണമെന്ന് ആവശ്യപ്പെട്ടതായും ഷെയ്ഖിന്റെ അഭിഭാഷകൻ പറയുന്നു. പാവം ഷെയ്ഖിന് വല്ലാത്ത ‘പ്രഷർ’. അതുമാത്രമല്ല അഹമ്മദുമായി എന്തെങ്കിലും തരത്തിലുള്ള കരാർ ഒപ്പിട്ടിരുന്നില്ലെന്നും ഷെയ്ക്ക് തിരിച്ചടിച്ചു. ‘ആകെ മൊത്തം ടോട്ടൽ’ അലമ്പ്. കേസിന്റെ വാദം ലണ്ടണില്‍ കേള്‍ക്കണമെന്നാണു അഹമദിന്റെ അപേക്ഷ. ബഹ്റൈനില്‍ കേസ് നടന്നാല്‍ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നതാണ് കാരണം. ബഹ്റൈന്‍ രാജാവിന്റെ കസിനും പ്രധാനമന്ത്രിയുടെ അനന്തരവനുമാണ് ഷെയ്ക്ക്. കുടുംബത്തിലെ സിനിമാ പ്രാന്തൻ കാരണം ചില്ലറ തലവേദനയല്ല രാജകുടുംബത്തിനുള്ളതെന്നു സാരം.