Friday 18 September 2020 03:46 PM IST

‘മഹറായി റോയൽ എൻഫീൽഡ് ചോദിച്ചു കളയുമോ എന്ന് കളിയാക്കിയിരുന്ന ഉപ്പ വരെ നിക്കാഹിന്റെ സമയത്ത് വിതുമ്പിപ്പോയി’ ; മാതൃകാ വിവാഹത്തിന്റെ കഥ പറഞ്ഞ് റാഫിയ

Shyama

Sub Editor

haris1

മുസ്ലീം കല്യാണങ്ങളുടെ ഭാഗമാണ് മഹർ. വിവാഹമൂല്യമായി ഒരു പെൺകുട്ടി പുരുഷനോട് ചോദിക്കുന്ന സമ്മാനം. പെൺകുട്ടിയുടെ ഇഷ്ടത്തിനുസരിച്ചാണ് മഹർ ചോദിക്കുന്നത്. സ്വന്തം വിവാഹത്തിന് റാഫിയ ഷെറിൻ പ്രതിശ്രുത വരനായ ഫവാസ് അഹമദിനോട് ചോദിച്ചത് അവർ ഇതുവരെ നേരിട്ട് കാണാത്ത ഒരു സാധുപെൺകുട്ടിക്കുള്ള വീടാണ്...

‘‘മഹറായി വല്ല റോയൽ എൻഫീൽഡോ മറ്റോ ചോദിച്ചു കളയുമോ എന്ന് പണ്ട് ചോദിച്ചിരുന്ന എന്റെ ഉപ്പ വരെ നിക്കാഹിന്റെ സമയത്ത് വിതുമ്പിപ്പോയി... ഓൺലൈൈനായിട്ടായിരുന്നു നിക്കാഹ്. ‘സാധുവായ ഒരു കുട്ടിക്ക് ഒരു വീട് നൽകുന്നത് മഹറായി നിശ്ചയിച്ച്...’ എന്ന് നിക്കാഹിനിടെ പറയുമ്പോൾ ഉപ്പയുടെ ശബ്ദം ഇടറിയതും ഞങ്ങൾ എല്ലാവരും കരഞ്ഞു, സന്തോഷവും സങ്കടവും ഒക്കെ ചേർന്നുള്ളൊരു കരച്ചിലായിരുന്നു അത്. ഞാൻ അങ്ങനെ എളുപ്പം കരയുന്ന കൂട്ടത്തിലുള്ള ആളൊന്നുമല്ല... പക്ഷേ, ഇത്രേയുള്ളൂ മനുഷ്യന്റെ കാര്യം എന്ന് എനിക്കന്ന് മനസ്സിലായി.’’ ജർമനിയിൽ നിന്നാണ് റാഫിയയുടെ ശബ്ദം എത്തുന്നത്. ആർഭാടങ്ങളും ആഘോഷങ്ങളുമൊന്നുമില്ലാതെ റാഫിയയുടെയും ഫവാസിന്റേയും നിക്കാഹ് ഈ സെപ്റ്റംബർ ആറിനാണ് കഴിഞ്ഞത്.

മലപ്പുറം ജില്ലയിലെ ആമിയൂർ സ്വദേശി റാഫിയ കഴിഞ്ഞ ഒരു വർഷത്തോളമായി യു.കെ.യിൽ ഇന്റർ കൾച്ചറൽ ബിസിനസ് കമ്യൂണിക്കേഷൻസിൽ മാേസ്റ്റഴ്സും ഒപ്പം സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. വിവാഹത്തോട് തന്നെ താൽപര്യം ഇല്ലാതിരുന്ന റാഫിയ അതിന്റെ കാരണവും പറയുന്നു. ‘‘എനിക്ക് ആളുകളെ ട്രസ്റ്റ് ചെയ്യാൻ നല്ല പേടിയായിരുന്നു. കാരണം പലരും ആദർശങ്ങളൊക്കെ പറയും എഴുതും എന്നിട്ട് സ്വന്തം കാര്യം വരുമ്പോൾ അതൊക്കെ നേരെ തിരിയും. എനിക്ക് ഈക്വാലിറ്റിയിൽ വിശ്വസിക്കാനാണ് ഇഷ്ടം. അതുകൊണ്ടൊക്കെ തന്നെ കല്യാണം കഴിക്കാൻ വല്യ താൽപര്യമൊന്നും ഉണ്ടായിരുന്നില്ല. ഞാൻ ഒറ്റ മോളാണ്. അതുകൊണ്ട് വീട്ടിൽ നിന്നാണെങ്കിലും ഇന്ന വയസ്സിൽ തന്നെ കല്യാണം കഴിക്കണം എന്ന പ്രഷർ ഒന്നും എനിക്കുണ്ടായിട്ടില്ല. ഫവാസിനെ നാട്ടിൽ വച്ച് അറിയാം, യാത്രയുടെയും സിനിമയുടേയും ഒക്കെ പല കമ്യൂണിറ്റികളിലും ഒക്കെ ഹായ്്–ബൈ ബന്ധമുള്ള സുഹൃത്തുക്കളായിരുന്നു ഞങ്ങൾ, അത്രേയുണ്ടായിരുന്നുള്ളൂ. ഞങ്ങൾ രണ്ടാളും നന്നായി സിനിമ കാണുന്നവരും ആസ്വധിക്കുന്നവരുമാണ്. ഞാൻ സിനിമ കണ്ടിട്ട് അതേക്കുറിച്ച് സോഷ്യൽ മീ‍ഡിയയിൽ എഴുതുന്നത് അവൻ ശ്രദ്ധിച്ചിരുന്നു. അത്തരം ചർച്ചകളൊക്കെയാണ് സൗഹൃദത്തിലേക്ക് എത്തിച്ചത്. ഞങ്ങൾ പരസ്പരം കണ്ടിട്ടുണ്ടായിരുന്നില്ല. അവൻ ജർമനിയിലായിരുന്നു. സൗഹൃദത്തിലായ ശേഷമാണ് ഞങ്ങൾ ആശയങ്ങൾ തുറന്ന് സംസാരിക്കുന്നത്. അപ്പോ തമ്മിൽ ചേരും എന്ന് തോന്നി. ഞങ്ങൾ തമ്മിൽ സംസാരിക്കാൻ തുടങ്ങിയപ്പോഴേ അത് വീട്ടുകാരോട് പറഞ്ഞിരുന്നു. രണ്ട് വീട്ട്കാർക്കും സന്തോഷമായിരുന്നുതാനും. രസമെന്താണെന്നുവച്ചാൽ ഫവാസിന്റെ വീട്ടുകാർ എന്നെയോ എന്റെ വീട്ടുകാർ ഫവാസിനെയോ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല... രണ്ട് വ്യക്തികളായിരുന്ന് അവരവരുടെ സ്പെയ്സിനെ ബഹുമാനിച്ചു കൊണ്ട് ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ പറ്റും എന്ന് തോന്നിയപ്പോഴാണ് വിവാഹം എന്ന് തീരുമാനത്തിലേക്ക് എത്തിയത്.

എന്നെ ഞാനായി ഉൾക്കൊള്ളുന്നൊരു വീട്ടിലേക്ക് പോകണം എന്നായിരുന്നു ആഗ്രഹം, ഒരിക്കലും എന്റെ ഇഷ്ടങ്ങൾ കോംപ്രമൈസ് ചെയ്യാൻ താൽപര്യമുണ്ടായിരുന്നില്ല. സ്വന്തം സ്പെയ്സിന് മൂല്യം കൽപ്പിക്കുന്ന വ്യക്തിയാണ് ഫവാസും. അതുകൊണ്ട് തന്നെ ഞങ്ങൾ വീട്ടുകാരോട് സമയം ചോദിച്ചിരുന്നു. എന്തായാലും കുടുംബക്കാർ തമ്മിൽ ഞങ്ങളെക്കാൾ വേഗം അടുത്തു. അങ്ങനെ എല്ലാം കൊണ്ടും ഓകെ ആണെന്ന് തോന്നിയപ്പോൾ ഈ ഓഗസ്റ്റിൽ ഞങ്ങൾ നാട്ടിൽ വരാനായിരുന്നു തീരുമാനിച്ചിരുന്നത്. ഫവാസ് എൻജിനീയറിങ്ങിൽ മാേസ്റ്റഴ്സ് ചെയ്യാനാണ് ജർമനിയിൽ വന്നത്. പഠനം കഴിഞ്ഞ് യു.കെ.യിലേക്ക് താമസം മാറാം എന്നാണ് തീരുമാനിച്ചിരുന്നത്. പക്ഷേ, കൊറോണ വന്നതോടെ ആ പ്ലാനൊക്കെ പാളി. കോഴ്സ് തീർന്ന് അതാത് സ്ഥലങ്ങളിൽ ജോലിക്ക് കയറേണ്ട സാഹചര്യം വന്നു.

ആർഭാടത്തിന്റെ മറ്റൊരു പേരല്ല വിവാഹം!

വന്ദേ ഭാരതിന്റേതല്ലാത്ത ഫ്ലൈറ്റുകൾ ഒക്കെ ഓടിത്തുടങ്ങിതു തന്നെ ഈയടുത്താണ്. ഇനി നാട്ടിൽ വന്നാൽ ക്വാറന്റൈൻ ഒക്കെ കഴിഞ്ഞ് തിരികെ എത്തുമ്പോൾ ജോലിക്ക് കയറാനുള്ള സമയം കഴിഞ്ഞു പോകും. അതുകൊണ്ട് നാട്ടിലേക്ക് വരാനുള്ള പദ്ധതി മാറ്റി ഞങ്ങളൊക്കെ സംസാരിക്കുന്നതിനിടയ്ക്ക് ഫവാസിന്റെ പെങ്ങൾ ഒരു തമാശയ്ക്ക് പറഞ്ഞതാണ് ഓൺലൈൻ നിക്കാഹിനെ കുറിച്ച്... പക്ഷേ, ആലോചിച്ചപ്പോൾ ഞങ്ങൾക്ക് രണ്ടാൾക്കും അത് വളരെ നല്ലൊരു തീരുമാനമായി തോന്നി. വെറുതേ കുറേയാളുകൾക്ക് ഭക്ഷണം കൊടുത്ത്, ആർഭാടം കാണിച്ച് വിവാഹം നടത്താൻ ഞങ്ങൾ രണ്ടാൾക്കും താൽപര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാൻ ജർമനിക്ക് പോകാൻ തീരുമാനിക്കുന്നത്. ഓൺലൈനായിട്ടാണ് കല്യാണം നടന്നത്. എനിക്ക് ജർമനിയിലേക്കുള്ള വിസ കിട്ടിയത് നിക്കാഹിന് രണ്ട് ദിവസം മുൻപായിരുന്നു. ജർമനിയിലെത്തി, ഉടുപ്പൊക്കെ വാങ്ങി അടുത്ത ദിവസം നിക്കാഹ്. ഒരു സൂം ലിങ്ക് ഉണ്ടാക്കേണ്ട തിടുക്കം മാത്രമേ വേണ്ടി വന്നുള്ളൂ...

har55

എത്ര പുരോഗമനം പറയുന്ന ആളുകളും കല്യാണക്കാര്യം വരുമ്പോൾ പുരുഷാധിപത്യം മുറുകെ പിടിക്കുന്നു. സ്ത്രീകൾക്ക് അവർ ഇടുന്ന വസ്ത്രത്തിനെ കുറിച്ച് പോലും ചോയിസ് കുറവാണ്. പക്ഷേ, ഞാൻ വായിച്ചറിഞ്ഞത് വച്ച് കല്യാണത്തിൽ ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം ഉള്ളയാൾ സ്ത്രീയാണ്. പക്ഷേ, അതേക്കുറിച്ചൊന്നും സംസാരിക്കാറേയില്ല. മതപരമായ ഇടങ്ങളിൽ പോലും സ്ത്രീധനം എന്നൊരു കാര്യമേയില്ല, അവിടെ മഹറിനെ പറ്റി മാത്രമേ പറയുന്നുള്ളൂ. മഹറിനെ പറ്റി പറയുന്നത് തന്നെ ‘പെൺകുട്ടിക്ക് സംതൃപ്തിയുള്ളത് കൊടുത്താലെ നിക്കാഹ് ഹലാൽ ആകൂ’ എന്നാണ്. അതൊന്നുമല്ല ഞാൻ എന്റെ ചുറ്റും കാണുന്നതും നടക്കുന്നതും. ഞാൻ സ്വർണ്ണം ധരിക്കാത്ത ആളാണ്. അതിനോട് എനിക്ക് യാതൊരു താൽപര്യവുമില്ല. അങ്ങനെയുള്ള ഞാൻ സ്വർണം മഹറായി ചോദിക്കുന്നതിൽ അർഥമില്ല. പിന്നെ എനിക്കിഷ്ടം യാത്രകളോടാണ്. അതിപ്പോ ഞാൻ ഫിനാൻഷ്യലി ഇന്റിപെൻഡന്റ് ആണ്, എനിക്ക് യാത്ര ചെയ്യാൻ തോന്നിയാൽ അതിനുള്ള പൈസ എന്റെ കൈയിലുണ്ട്. അങ്ങനെ എനിക്ക് സംതൃപ്തി തോന്നുന്ന കാര്യം എന്താണെന്ന് ആലോചിച്ചപ്പോഴാണ് ആസാമിലും വെസ്റ്റ് ബംഗാളിലും ഒക്കെ പാവപ്പെട്ടവർക്ക് വീട് വച്ച് കൊടുക്കുന്നതിനെ പറ്റി അറിയുന്നത്. ഞാൻ സ്വർണം ഒന്നും ധരിക്കാത്തതു കൊണ്ട് എന്റെ കല്യാണത്തിന് അവർക്ക് വീടു വച്ച് കൊടുക്കാം എന്നത് പണ്ട് എന്റെ ബാപ്പയും ഉമ്മയും പറഞ്ഞൊരു പ്ലാൻ ആയിരുന്നു. ആ വഴിക്ക് വീണ്ടും അന്വേഷിച്ചപ്പോഴാണ് വെസ്റ്റ് ബംഗാളിലെ ഒരു പെൺകുട്ടിയെ കുറിച്ചറിയുന്നത്. ആ കുട്ടിക്ക് ഉമ്മ മാത്രമേയുള്ളൂ. അടുത്ത മാസം ആ കുട്ടിയുടേയും കല്യാണമാണ്, അവൾക്ക് നാല് സഹോദരങ്ങളുമുണ്ട്. അവരിപ്പോൾ ഒരു ഒറ്റ മുറി വീട്ടിലാണ് താമസം. ആ കുട്ടി കല്യാണം കഴിക്കാൻ പോകുന്ന ആളും കൂടിയാകുമ്പോൾ അവർ ഏഴ് പേർ ഒറ്റമുറി വീട്ടിൽ താമസിക്കേണ്ടി വരും. അങ്ങനെയാണ് അവർക്ക് വീട് വച്ച് കൊടുക്കാം എന്ന തീരുമാനം എടുക്കുന്നത്. ഫവാസും അക്കാര്യത്തിൽ വളരെ ഹാപ്പിയായിരുന്നു. അങ്ങനെ ആ കുട്ടിക്കുള്ള വീട് പണിഞ്ഞ് കൊടുക്കാം എന്ന വാക്ക് മഹറായി കരുതിയാണ് കല്യാണം നടന്നത്.

ഫവാസ് ഇപ്പോൾ ജർമനിയിൽ തന്നെ ജോലി ചെയ്യുന്നു. യുകെയിലേക്ക് താമസം മാറാനാണ് ഞങ്ങൾ നോക്കുന്നത്.

ഇതിനിടയിൽ പല കാര്യങ്ങളും നടന്നു. ഒരിക്കെ ഫവാസിന്റെ വീട്ടിൽ വിളിച്ച് അടുപ്പമുള്ളോരാൾ ചോദിച്ചു ‘അന്യ നാട്ടിൽ ഒറ്റയ്ക്ക് നിന്നൊരു പെണ്ണിനെയാണോ മോൻ കെട്ടുന്നത്’ എന്ന്. അതിന് ഫവാസിന്റെ ഉമ്മ കൊടുത്ത ഉത്തരം ‘അങ്ങനെയാണെങ്കിൽ ആ മോൾ എന്റെ മോനേയും കെട്ടാൻ രണ്ടാമതൊന്ന് ചിന്തിക്കണ്ടേ...? എന്റെ മോനും അന്യ നാട്ടിൽ ഒറ്റയ്ക്ക് നിന്ന ആളല്ലേ...’ എന്നാണ്. ഞങ്ങളുടെ രണ്ട് വീട്ടുകാരും അത്ര വല്യ പഠിപ്പൊന്നും ഉള്ളവരല്ല, പക്ഷേ, ഞങ്ങൾക്കൊപ്പം അവരും മാനസികമായി വളരാൻ ശ്രമിച്ചിട്ടുണ്ട്. അതാണ് ഈ ബന്ധം കൊണ്ടുണ്ടായ ഏറ്റവും നല്ല കാര്യം. നമ്മളും നമുക്ക് ചുറ്റുമുള്ള ആളുകളും മാറുമ്പോഴാണ് നല്ലൊരു നാളെ എന്നുള്ള സ്വപ്നം തെളിമയോടെ കാണാൻ നമുക്ക് ആത്മവിശ്വാസമുണ്ടാകുന്നത്.

Tags:
  • Spotlight