Thursday 05 September 2024 11:48 AM IST

‘മോളേ, നിന്നെക്കൊണ്ട് ഇതൊക്കെ പറ്റുമോ?’: ആ വാശി ടീച്ചറായ ഷിചിനയെ ഡ്രൈവറാക്കി: ഈ അധ്യാപിക മാതൃക

Delna Sathyaretna

Sub Editor

shichina-

ജോലി, വീട്, കുട്ടികൾ. തിരക്കിട്ടുള്ള ഒാട്ടമല്ലേ. അതിനിടയിൽ പാഷൻ പ ലപ്പോഴും മനസ്സിന്റെ പിൻസീറ്റിലിരുന്ന് ഉറങ്ങും.

എന്നാൽ പ്രധാന വരുമാനമാർഗമായ ജോലി സന്തോഷത്തോടെ ചെയ്യുന്നതിനൊപ്പം ഇഷ്ടമുള്ള മറ്റൊരു കാര്യം കൂടി ചെയ്താലോ?

ജോലിയിൽ വ്യത്യസ്തമായ പാഷൻ അല്ലെങ്കിൽ മറ്റൊരു തൊഴിലിനു കൂടി സമയം കണ്ടെത്തുന്ന മൂന്നുപേരുടെ കഥയാണിത്. കോഴിക്കോട് ടീച്ചറായ ഷിചിനയും എറണാകുളത്തെ ഇവന്റ് മാനേജർ മനോജ് വീരകുമാറും മാവേലിക്കരയിലെ ഡോ. വിഷ്ണു വി. നാഥും പങ്കുവയ്ക്കുന്ന ജീവിതാനുഭവങ്ങൾ.

‘‘ആ വാശിയാണു ടീച്ചറായ എന്നെ ഡ്രൈവറാക്കിയത്’’

ഷിചിനയുടെ വടകരയിലെ വീടിന്റെ ഗേറ്റു തുറന്ന് ഒരു ആൾട്ടോ കാർ പമ്മിയും പതുങ്ങിയും മടിച്ചു മടിച്ച് വീട്ടുമുറ്റത്തേക്ക് കയറി വന്നു. കാറിൽ നിന്നിറങ്ങിയ ഷിചിനയെ കണ്ടതും അമ്മ യുടെ ചോദ്യമഴ തുടങ്ങി. എല്ലാത്തിനും കൂടി ഷിചിന സമാധാനമായി ഉത്തരം പറഞ്ഞു. ‘‘സ്വന്തമായി വാങ്ങിയ കാറാണ്. സുഹൃത്താണ് ഇവിടെ വരെ ഡ്രൈവ് ചെയ്തു കൊണ്ടുവന്നത്. ഇനി ഡ്രൈവിങ് പഠിച്ച് ഞാനോടിക്കും.’’ അ തോടെ ആശങ്കയോടെ അമ്മ ചോദിച്ചു. ‘മോളേ, നിന്നെക്കൊണ്ട് ഇതൊക്കെ ആകുവോ?’ ജീവിക്കാനും എന്തെങ്കിലുമൊക്കെ ധൈര്യത്തോടെ ചെയ്യാനും ഷിചിനയ്ക്കു വാശിയേകുന്നത് അമ്മയുടെ ഈ ചോദ്യമാണ്.

‘‘ഉറപ്പായും പറ്റും’’ എന്നുത്തരം പറഞ്ഞെങ്കിലും രണ്ടുകാര്യങ്ങൾ അപ്പോഴും കയ്യിലില്ല. ഡ്രൈവിങ്ങും ലൈസൻസും. ആധിയുടെ എൻജിൻ ഉള്ളിൽ മുരളുന്നുണ്ടെങ്കിലും അതൊരു കൂൾ ചിരിയിൽ ഓഫ് ചെയ്തു വച്ചു. എന്തെങ്കിലും ഒന്നു തീരുമാനിച്ചാൽ അതു നടക്കുന്നതു വരെ ഉറക്കം കെടുന്ന ആളാണ് ഷിചിന. ആ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഡ്രൈവിങ് പഠനം ഒന്നും പ്രശ്നമായില്ല. ലൈസൻസും കിട്ടി.

കോഴിക്കോട്ടെ ഷിചിന ടീച്ചർ ‘ഡ്രൈവർ’ സീറ്റിലേക്കു കയറിയത് അങ്ങനെയാണ്. അന്നു ഫുൾ ടൈം ടീച്ചറായിരുന്ന ഷിചിന പിന്നീട് പാർട് ടൈം വർക് എജ്യുക്കേഷൻ ടീച്ചറായി. ഒപ്പം നന്മണ്ടയെന്ന നാടിന്റെ പ്രിയപ്പെട്ട ഓട്ടോ ഡ്രൈവറും.

ജീവിതത്തിന്റെ വളവിലും തിരിവിലും ധൈര്യത്തോടെ സ്റ്റിയറിങ് പിടിച്ച് ഡബിൾ റോളിൽ തിളങ്ങുന്ന ടീച്ചർ, കോഴിക്കോട് നന്മണ്ടയിൽ ഭർത്താവ് ബിജുവിനും മക്കളായ ഏഴാം ക്ലാസുകാരൻ ഗോകുലിനും നാലു വയസ്സുകാരൻ ഗൗതത്തിനുമൊപ്പം സ്ഥിരതാമസമാണ്.

shichina-4

കീശയിൽ ഉദിച്ച ഡ്രൈവിങ് ആശ

പഠിപ്പിക്കലും ഡ്രൈവിങ്ങും മാത്രമല്ല, തയ്യലും ക്രാഫ്റ്റും വശമുണ്ടു ഷിചിനയ്ക്ക്. സമയവും ആരോഗ്യവും എല്ലാം എപ്പോഴും ചെയ്യാൻ സമ്മതിക്കുന്നില്ലെന്നു മാത്രം. 2016 ലാ ണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ടീച്ചറാകാൻ അപേക്ഷ അയച്ചത്. ആ വർഷം കിട്ടിയില്ല. 2017 മുതൽ ഗവ. യുപി സ്കൂളിൽ പ ഠിപ്പിക്കാൻ തുടങ്ങി. വർക് എജ്യുക്കേഷൻ സംബന്ധമായ വിഷയങ്ങളാണു പഠിപ്പിക്കുന്നത്.

ഫാഷൻ ഡിസൈനിങ് കോഴ്സ് പഠിച്ച ശേഷം കൊയിലാണ്ടിയിലും മറ്റുമായി പ്രൈവറ്റ് സ്ഥാപനങ്ങളിൽ പഠിപ്പിച്ചു പരിചയമുണ്ട്. ആഴ്ചയിൽ മൂന്നു ദിവസമേ ജോലിയുള്ളൂ. കിട്ടുന്ന ശമ്പളം കൊണ്ടു ചെലവുകൾ നീങ്ങാൻ പ്രയാസം. അങ്ങനെ കാർ വിറ്റു. വീട്ടിൽ നിന്ന് എല്ലാവരുമൊത്തു പുറത്തു പോകുമ്പോൾ ബസ് യാത്ര അത്ര ഇഷ്ടമുള്ള കാര്യമല്ല. അങ്ങനെയാണു കാറിന്റെ സ്ഥാനത്തേക്ക് ഓട്ടോ കയറി വന്നത്. യാത്ര ചെലവ് ലാഭം, മറ്റൊരു വരുമാനവും ആകും.

shichina-2

വീട്ടിൽ പറഞ്ഞതോടെ എതിർപ്പുകൾ ടോപ് ഗീയറിലെത്തി. കാർ വാങ്ങിയ ‍ഞെട്ടിക്കല്‍ മാതൃക തന്നെ പിന്തുടർന്നു. ഒരു ദിവസം ഓട്ടോയുമായി മുറ്റത്തെത്തി. കാർ ഡ്രൈവിങ് പഠിച്ചതിനാൽ ഓട്ടോയെ മെരുക്കാൻ വിഷമിക്കേണ്ടി വന്നില്ല. നാട്ടിലെ ചെറുവഴികളിൽ പ്രാഥമിക പരിശീലനം. കൈതെളിഞ്ഞപ്പോൾ ഒാട്ടോ ഡൈവറുടെ കാക്കികുപ്പായത്തിലേക്കു കയറി. ‘ഭർത്താവ് ബിജുവിന് കൂലിപ്പണിയാണ്. എതിർസ്വരങ്ങൾക്കിടയിലും അദ്ദേഹത്തിന്റെ പിന്തുണയാണ് എന്റെ തീരുമാനത്തിനു ധൈര്യം തന്നത്.’’

സ്ത്രീകളേ പേടി വേണ്ട

‘‘വീടു വച്ചതും ഒരു വാശിപ്പുറത്താണ്. ഇങ്ങനെയുള്ള വീടാണ് ഞാൻ പണിയാൻ പോകുന്നതെന്നു പറഞ്ഞ് അമ്മയെ ഒരു ഫോട്ടോ കാണിച്ചു. അപ്പോൾ തന്നെ അമ്മയുടെ പതിവു ചോദ്യമെത്തി. ‘‘നിന്നെക്കൊണ്ടു പറ്റുമോ?’’അതൊരു പ്രചോദനമായെടുത്തു. സ്വന്തം ഇഷ്ടത്തിനു പ്ലാൻ വരച്ചു. പിന്നെ, എൻജിനീയറെ കാണിച്ച് പ്ലാൻ പാസ്സാക്കി. വീട് പൂർത്തിയായപ്പോൾ അമ്മ പറഞ്ഞു. ‘‘നിന്റെ വാശിയുടെ ബലത്തിലാ വീട് പൂർത്തിയായത്.’’

എന്താണു വിജയരഹസ്യമെന്നു ചോദിച്ചാൽ ഒന്നേ പറയാനുള്ളൂ. ‘പേടിയില്ല, അത്രേയുള്ളൂ, സക്സസ് മന്ത്ര’. ഇ പ്പോൾ കാറും ജീപ്പും ഡ്രൈവ് ചെയ്യും. ഹെവി ലൈസൻസ് ലേണിങ് ബാഡ്ജ് കിട്ടി. അടുത്തമാസം ടെസ്റ്റാണ്. ലൈസൻസ് വാങ്ങി പഴ്സിലിട്ട്, വണ്ടി ഓടിക്കാതെ പേടിച്ചിരിക്കുന്ന സ്ത്രീകളോട് ഒന്നേ പറയാനുള്ളൂ. പേടി വേണ്ട, ധൈര്യമായി ഇറങ്ങണം. വഴിയേ എല്ലാം ശരിയാകും.’’