Wednesday 07 April 2021 04:49 PM IST : By സ്വന്തം ലേഖകൻ

‘മൂന്ന് മക്കൾക്കും മുത്തംനൽകി യാത്ര പറഞ്ഞിറങ്ങി, തിരികെയെത്തിയത് ഷിഹാബിന്റെ മയ്യിത്ത്’: ചങ്കുപിടയുന്ന മരണവാർത്ത: കുറിപ്പ്

shihab

സ്വപ്നങ്ങള്‍ തേടി മണലാരണ്യത്തിലേക്ക് ചേക്കേറുന്നവർ, ഒടുവിൽ അത് പൂർത്തിയാക്കാതെ പാതിവഴിയിൽ മരണം. പല പ്രവാസികളുടെയും വിധി ഏതാണ്ട് ഇങ്ങനെയൊക്കെയാണ്. കണ്ണെത്താ ദൂരത്ത് ചോരനീരാക്കി പ്രിയപ്പെട്ടവർക്കായി ജീവിച്ചു തീർക്കുന്ന പ്രവാസികളുടെ മുന്നിലേക്ക് കണ്ണിൽ ചോരയില്ലാതെ മരണം എത്രയോ വട്ടം എത്തിയിരിക്കുന്നു. ദുബായിയില്‍ മരണപ്പെട്ട മലപ്പുറം വേങ്ങോട് സ്വദേശി 36കാരൻ ഷിഹാബുദ്ദീനും സ്വപ്നങ്ങൾ പൂർത്തിയാക്കും മുന്നേ വിധിയുടെ വിളികേട്ട് മടങ്ങിയ ആളാണ്. ഹൃദയാഘാതം മൂലം മരണപ്പെട്ട ഷിഹാബിനെ കുറിച്ചുള്ള വേദന സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയാണ് സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചത്. മരിക്കുന്ന ദിവസം മൂന്ന് മക്കളേയും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി ചുംബനവും നല്‍കിയാണ് ഷിഹാബുദ്ദീന്‍ പുറത്ത് പോയത്. പിന്നെ ആ വീട്ടില്‍ തിരിച്ചെത്തിയത് ഷിഹാബുദ്ദീന്റെ മയ്യിത്തായിരുന്നുവെന്ന് അഷ്റഫ് കുറിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ആ വേദനിപ്പിക്കുന്ന വാർത്ത അഷ്റഫ് താമരശ്ശേരി പങ്കുവച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഇന്നലെ വളരെ വേദനയോട് കൂടിയാണ് ഒരു ചെറുപ്പക്കാരന്‍റെ മയ്യത്ത് നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ കുറെ വര്‍ഷക്കാലമായി അജ്മാനിലെ ഒരു സ്വകാരൃ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരുകയായിരുന്നു. മലപ്പുറം വേങ്ങോട് സ്വദേശി 36 വയസ്സുളള ഷിഹാബുദ്ദീന്‍ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. പരേതന് മൂന്ന് പിഞ്ചുമക്കളാണ്. മരിക്കുന്ന ദിവസം മൂന്ന് മക്കളേയും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി ചുംബനവും നല്‍കിയാണ് ഷിഹാബുദ്ദീന്‍ പുറത്ത് പോയത്.പിന്നെ ആ വീട്ടില്‍ തിരിച്ചെത്തിയത് ഷിഹാബുദ്ദീന്‍റെ മയ്യത്തായിരുന്നു.

പറക്ക മുറ്റാത്ത ആ കുഞ്ഞുമക്കളുടെ നിഷ്കളങ്കമായ മുഖം നോക്കിയാല്‍ ആരുടെ മനസ്സും ഒന്ന് പതറിപോകും.വേദനിക്കാത്ത ഒരു മനസ്സും ഉണ്ടാവില്ല. വളരെ കുഞ്ഞു പ്രായത്തില്‍ ഉപ്പായെ നഷ്ടപ്പെട്ട ആ മക്കളുടെ ഭാവി എവിടെയാണ്.ആരൊക്കെ എന്തൊക്കെ നല്‍കിയാലും ഉപ്പാക്ക് പകരമാകുമോ,ഇതാണ് ദുനിയാവ്, അപ്രതീക്ഷമായി നമ്മുടെ ജീവിതത്തില്‍ വന്ന് സംഭവിക്കുന്ന നേട്ടങ്ങളായാലും, നഷ്ടങ്ങളായാലും അത് അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍ മനുഷ്യര്‍.

ഷിഹാബിന്റെ വേര്‍പ്പാട് മൂലം ആ കുടുംബത്തിനുണ്ടായ ദുഃഖത്തില്‍ പങ്ക് ചേരുന്നതോടപ്പം,അല്ലാഹു പരേതന്‍റ കബറിനെ വിശാലമാക്കി കൊടുക്കുകയും പാപങ്ങള്‍ പൊറുത്തു കൊടുക്കകയും ചെയ്യുമാറാകട്ടെ, ആമീന്‍.

അഷ്റഫ് താമരശ്ശേരി