Friday 25 September 2020 11:47 AM IST : By സ്വന്തം ലേഖകൻ

‘മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാതെ തലയുയർത്തി നടക്കണം; ഇൻഷുറൻസിനു മുന്നിൽ മുഖം തിരിക്കരുത്, ജീവനോളം വിലയുണ്ട്’; ഷിൽന സുധാകർ പറയുന്നു

shilna44ddfttt

കുടുംബത്തിൽ ഗൃഹനാഥൻ നഷ്ടപ്പെടുമ്പോൾ അത് സൃഷ്ടിക്കുന്ന മാനസിക സംഘർഷങ്ങളും സാമ്പത്തിക ബാധ്യതകളും ഒട്ടും ചെറുതല്ലെന്ന് തുറന്നെഴുതിയിരിക്കുകയാണ് ഇരട്ടക്കുട്ടികളുടെ അമ്മയായ ഷിൽന സുധാകർ. "ഏറ്റവും വിലപ്പെട്ടതാണ് ലൈഫ് ഇൻഷുറൻസ്. എന്റെ അധിക ബാധ്യതയിൽ നിന്നും എനിക്ക് ഏറ്റവുമാദ്യം കൈസഹായമായി വർത്തിച്ചത് LIC യിൽ നിന്നും കിട്ടിയ അപകടമരണ ഇൻഷുറൻസ് തുകയായിരുന്നു. മാഷ് ശ്രദ്ധാപൂർവ്വം അത് ചെയ്തിരുന്നത് കൊണ്ട് എനിക്ക് ജീവിത ചിലവുകൾക്കും മറ്റു ബാധ്യതകൾ തീർക്കാനും മറ്റാരുടെയും മുന്നിൽ കൈ നീട്ടേണ്ടി വന്നില്ല. പറഞ്ഞുവരുന്നത് ഇൻഷുറൻസ് നമ്മുടെ ജീവിതത്തിൽ ഇത്രയേറെ പ്രാധാന്യം ഉണ്ടെന്നുള്ളതാണ്. അത് നിങ്ങൾക്ക് വേണ്ടി അല്ലെ അല്ല, നിങ്ങൾ ഒരു സുപ്രഭാതത്തിൽ ഇല്ലാതായാൽ നിങ്ങളുടെ പ്രിയപ്പെട്ടവർ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാതെ തല ഉയർത്തി നടക്കാനും കൂടെയാണ്."- ഷിൽന ഫെയ്സ്ബുക് കുറിപ്പിൽ പറയുന്നു.

ഷിൽന സുധാകർ പങ്കുവച്ച കുറിപ്പ് വായിക്കാം;

ഇത് തീർത്തും വ്യക്തിപരമായൊരു കുറിപ്പാണു ,അനുഭവത്തിൽ നിന്നും ചെയ്തിരിക്കേണ്ടതായിരുന്നു എന്ന് മനസ്സിൽ ആയിരമായിരം വട്ടം അവർത്തിച്ചോരു സംഭവത്തെക്കുറിച്ചാണ്. ഗൾഫിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് മരണങ്ങളുടെ എണ്ണം ഇപ്പോൾ ദിനം പ്രതി കുറഞ്ഞിട്ടുണ്ട്. .പ്രതേകിച്ചും മലയാളികളുടെ.ചെറുപ്പക്കാരായ ,ജീവിതത്തിന്റെ പച്ചപ്പ്‌ അനുഭവിച്ചു തുടങ്ങിയിട്ടില്ലാത്ത കുറച്ചേറെ പേർ കോവിഡ് ബാധിച്ചു മരണപ്പെട്ടിരിക്കുന്നു. മരണം എല്ലായ്പ്പോഴും വേദനാജനകം തന്നെയാണ്.

ഞങ്ങളുടെ ബ്രാഞ്ചിൽ, വളരെ പരിചിതരും അല്ലാത്തവരുമായ ഒട്ടനവധി കസ്റ്റമേഴ്സ് ഈ രോഗം ബാധിച്ചു കഴിഞ്ഞ ആറു മാസത്തിനിടെ ജീവൻ വെടിഞ്ഞിട്ടുണ്ട്. അതിലൊരു വ്യക്തിയുടെ വിധവ കഴിഞ്ഞ ദിവസം ബ്രാഞ്ചിൽ വന്നു. ഭർത്താവിന്റെ പേരിൽ ലയബിലിറ്റി എത്രയുണ്ടെന്ന് അറിയാനാണ് അവർ വന്നത്. ഏകദേശം 20 ലക്ഷം ബാലൻസ് ഉള്ളൊരു ഹൗസിങ് ലോൺ അയാളുടെ പേരിൽ ഉണ്ടായിരുന്നു. നിസ്സഹായായ ആ സ്ത്രീ ആദ്യം ചോദിച്ചത് ഈ ലോൺ ഇൻഷുർ ചെയ്തിട്ടുണ്ടോ എന്നായിരുന്നു. നിർഭാഗ്യവശാൽ ആ ലോൺ ഇൻഷുർ ചെയ്തിരുന്നില്ല. എന്തുകൊണ്ട് നിങ്ങൾ അത് ചെയ്യിച്ചില്ല എന്ന് അവരോടൊപ്പം വന്നൊരു മുതിർന്നൊരാൾ ചോദിച്ചു. സത്യത്തിൽ ലോൺ ഇൻഷുറൻസ് ഒരു mandatory പ്രാക്ടീസ് അല്ല. നമ്മൾ ഉപഭോക്താക്കൾക്ക് അതിന്റെ നല്ല വശങ്ങളെക്കുറിച്ചു പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷം അവരുടെ പൂർണ്ണ സമ്മതത്തോടെ മാത്രമേ ലോൺ ഇൻഷുറൻസ് ഓഫർ ചെയ്യാവു എന്നാണ് IRDA(Insurance Regulatory Development Authority ) rule .

ഇത്രയും പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോൾ അവർ വിലപിച്ചു, അന്നത് ചെയ്യിച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ ഇങ്ങനെ ബുദ്ധിമുട്ടേണ്ടി വരുമായിരുന്നില്ലല്ലോ എന്ന്. ഇത് കണ്ടപ്പോൾ രണ്ടു വർഷം മുന്നത്തെ എന്നെത്തന്നെ ഞാൻ ഓർത്തു പോയി. മാഷുടെ മരണശേഷം അദ്ദേഹത്തിന്റെ പേരിലുള്ള ബാധ്യത അന്വേഷിച്ചു ഞാനും അച്ഛനും നടന്നു വലഞ്ഞത്.. രണ്ടു പേരുടെയും പേരിലുള്ളൊരു Housing ലോണിനു പുറമെ KSFE, മറ്റു സഹകരണ ബാങ്കുകൾ തുടങ്ങിയവയിൽ നിന്നും ചികിത്സ ആവശ്യാർഥം എടുത്ത ഒട്ടനവധി ലോണുകൾ ഉണ്ടായിരുന്നു. രണ്ടു പേരുടെ വരുമാനത്തിൽ നിന്നും അടഞ്ഞു പോയിരുന്ന ഇവയൊക്കെയും ഒരാളുടെ മാത്രം വരുമാനത്തിൽ നിന്ന് എങ്ങനെ അടഞ്ഞു പോവുമെന്നോർത്തു ആദി പിടിച്ചു ഉറക്കം നഷ്ടപ്പെട്ടിരുന്നിട്ടുണ്ട് അന്നൊക്കെ.

Housing ലോൺ പാസ്സാക്കിയ സമയത്തു അന്നത്തെ മാനേജർ നിർബന്ധിച്ചു ലോൺ ഇൻഷുറൻസ് എടുപ്പിച്ചു. 67000 രൂപയാണ് അന്ന് പ്രീമിയം അടച്ചിരുന്നത്. പക്ഷെ അന്നത്തെ അവസ്ഥയിൽ ഒരു രൂപ പോലും വിലയുള്ളതായതിനാൽ ,മാഷ് സമ്മർദം ചെലുത്തി ആ ഇൻഷുറൻസ് തുക തിരിച്ചു വാങ്ങിയെടുത്തു. ഫലത്തിൽ ആ ലോൺ ഇൻഷുറൻസ് ക്യാൻസൽ ചെയ്തു. അന്നത്തെ ചെറിയ ബുദ്ധിമുട്ടുകൾ സഹിച്ചു ആ ഇൻഷുറൻസ് ഞാൻ ചെയ്തിരുന്നു വെങ്കിൽ ഇന്ന് Housing ലോൺ ബാധ്യതയിൽ നിന്നും ഞാൻ രക്ഷപെടുകയും ലോൺ ,ഇൻഷുറൻസ് കമ്പനി അടച്ചു ക്ലോസ്‌ ചെയ്യുമായിരുന്നു.ഒരു ബാങ്ക് സ്റ്റാഫ് ആയിരിന്നിട്ടു കൂടി ഞാൻ അത് ചെയ്തില്ല.അപ്പോൾ പിന്നെ സാദാരണക്കാരുടെ കാര്യം പറയേണ്ടല്ലോ..

അതുപോലെതന്നെ വിലപ്പെട്ടതാണ് ലൈഫ് ഇൻഷുറൻസ്. എന്റെ അധിക ബാധ്യതയിൽ നിന്നും എനിക്ക് ഏറ്റവുമാദ്യം കൈസഹായമായി വർത്തിച്ചത് LIC യിൽ നിന്നും കിട്ടിയ അപകടമരണ ഇൻഷുറൻസ് തുകയായിരുന്നു. മാഷ് ശ്രദ്ധാപൂർവ്വം അത് ചെയ്തിരുന്നത് കൊണ്ട് എനിക്ക് ജീവിത ചിലവുകൾക്കും മറ്റു ബാധ്യതകൾ തീർക്കാനും മറ്റാരുടെയും മുന്നിൽ കൈ നീട്ടേണ്ടി വന്നില്ല. പറഞ്ഞു വരുന്നത് ഇൻഷുറൻസ് നമ്മുടെ ജീവിതത്തിൽ ഇത്രയേറെ പ്രാധാന്യം ഉണ്ടെന്നുള്ളതാണ്. അത് നിങ്ങള്ക്ക് വേണ്ടി അല്ലെ അല്ല ,നിങ്ങൾ ഒരു സുപ്രഭാതത്തിൽ ഇല്ലാതായാൽ നിങ്ങളുടെ പ്രിയപ്പെട്ടവർ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാതെ തല ഉയർത്തി നടക്കാനും കൂടെയാണ്..

അതുപോലെ കൃത്യമായ നോമിനേഷനും എല്ലാ കാര്യങ്ങളിലും നിർബന്ധമാക്കേണ്ടതാണ്. നിങ്ങളുടെ അക്കൗണ്ടിൽ ഒരു രൂപ ആണെങ്കിൽ പോലും നിങ്ങളുടെ അഭാവത്തിൽ നിങ്ങളുടെ അനന്തരാവകാശികൾക്കു കിട്ടണമെങ്കിൽ കടമ്പകൾ ഏറെയാണ്. ഇനിയെങ്കിലും ഇൻഷുറൻസ് എന്ന് പറയുമ്പോൾ മുഖം തിരിക്കരുത്. ജീവനോളം തന്നെ അതിനു വിലയിടേണ്ടതാണ്. കാരണം മരണം ഏറ്റവും അടുത്ത് തന്നെ ഒളിഞ്ഞിരിപ്പുണ്ട്. ഇന്നല്ലെങ്കിൽ നാളെ..

Tags:
  • Spotlight
  • Social Media Viral