Saturday 09 January 2021 04:03 PM IST : By സ്വന്തം ലേഖകൻ

ഈ അധിക്ഷേപങ്ങള്‍ കണ്ട് പെണ്ണുങ്ങള്‍ പിന്നോട്ട് പോകുമെന്നത് വ്യാമോഹം: രാജിനിക്ക് പിന്തുണ: കുറിപ്പ്

shilpa-rajini

പെണ്ണിന്റെ സ്വാതന്ത്ര്യത്തിന് അതിരുകള്‍ നിശ്ചയിക്കുന്ന സദാചാര കൂട്ടങ്ങള്‍ എല്ലാക്കാലത്തുമുണ്ട്. നിര്‍ഭാഗ്യവശാല്‍ സോഷ്യല്‍ മീഡിയയാണ് ഇക്കൂട്ടരുടെ പുതിയ സൈ്വര്യവിഹാര കേന്ദ്രം. നടി രാജിനി ചാണ്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങളോടുള്ള അസഹിഷ്ണുതയുടെ കാര്യത്തിലും ഇക്കൂട്ടര്‍ പിന്നോട്ടു നിന്നില്ല. പ്രായത്തെ വെല്ലുന്ന അവരുടെ ആത്മവിശ്വാസവുമായി നില്‍ക്കുന്ന രാജിനിയുടെ ചിത്രങ്ങളെ കണ്ണുംപൂട്ടി വിമര്‍ശിച്ചു. 'ഈ പ്രായത്തിലും എന്താ ഇളക്കമെന്ന'് വിധിയെഴുതി പലരും. അത്തരക്കാര്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടി നല്‍കുകയാണ് ശില്‍പ നിരവില്‍പ്പുഴ. അന്ധമായ ഇത്തരം വിമര്‍ശനങ്ങള്‍ കണ്ട്  സ്ത്രീകള്‍ പിന്നോട്ട് പോകുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് അതിമോഹമാണെന്ന് ശില്‍പ കുറിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

"നീ ഇങ്ങനെ ഡ്രസ്സ് ചെയ്യരുത്, നീയൊരു പെണ്ണല്ലേ?"

"നീ ഇതുപോലെ സംസാരിക്കരുത്,നീ പെണ്ണല്ലേ?"

"നീ അവിടെയൊന്നും പോവരുത്,നീ പെണ്ണല്ലേ?"

"നീ അങ്ങനെ ചെയ്യരുതായിരുന്നു, ഒന്നുമില്ലെങ്കിലും നീ ഒരു പെണ്ണല്ലേ?"

നിരന്തരം ഇത് പോലെ "അരുത്"കളും "പാടില്ല"കളും കേട്ടു സ്വയം ഒതുങ്ങിക്കൂടിയും ആരൊക്കെയോ വരച്ചിട്ട അതിരുകൾക്കുള്ളിൽ സ്വയം തളച്ചിട്ടുമാണ് ഓരോ സ്ത്രീയും ഇന്നാട്ടിൽ ജീവിക്കുന്നത് എന്നറിയാമോ?അതിന് പ്രായഭേദമൊന്നുമില്ല.

അതിന് പുറത്തേക്ക്, സ്വയം ശക്തിയാർജിച്ചു കൊണ്ടൊരു സ്ത്രീ തുറന്നുസംസാരിക്കുമ്പോൾ, തനിക്കിഷ്ടമുള്ള രീതിയിൽ വസ്ത്ര ധരിക്കുമ്പോൾ,യാത്ര ചെയ്യുമ്പോൾ,കഴിവ് പ്രകടിക്കുമ്പോൾ സ്വാഭാവികമായും നിങ്ങൾ ഭയക്കും.നിങ്ങളുടെ സ്ത്രീ സങ്കല്പങ്ങളിൽ നിന്ന് ഏതൊരു സ്ത്രീ വഴിവിട്ടുമാറി നടന്നാലും നിങ്ങൾ തീർച്ചയായും insecure ആവും.അതിന്റെ ഫ്രസ്ട്രേഷൻ കമന്റ് ബോക്‌സിൽ നിങ്ങളുടെ നിലവാരത്തിനനുസരിച്ചു വാരിവിതറും.അതിനപ്പുറത്തേക്ക്, ഒന്നും ഒരു മണ്ണാങ്കട്ടയും ചെയ്യാൻ നിങ്ങളെ കൊണ്ട് കഴിയുകയുമില്ല.

ഇതൊക്കെ കൊണ്ട്, ഈ സ്ത്രീകള പിന്നോട്ട് പോവുമെന്ന് ഇനിയും നിങ്ങൾ കരുതുന്നുണ്ടോ?ഉണ്ടെങ്കിൽ വെറും വ്യാമോഹമാണ്.ഇതൊന്നുമവരുടെ ജീവിതത്തിന്റെ ഏഴയലത്ത് പോലും ചെന്നെത്തുന്നുണ്ടാവില്ല. അവർ വീണ്ടും മുന്നോട്ട് നടക്കുന്നുണ്ടാവും.വഴിയിൽ നിങ്ങളെ പോലെയുള്ള കീടങ്ങളെ ചവിട്ടിയരച്ചു മുന്നോട്ടു തന്നെ നടക്കുന്നുണ്ടാവും..!

ഒരു സ്ത്രീ തന്റെ നരവീണ മുടി ഡൈ ചെയ്യാതെ,ലിപ്സ്റ്റിക്ക് അണിഞ്ഞു ജീൻസ് ധരിച്ചു ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ തീർച്ചയായും നിങ്ങൾക്ക് പൊള്ളും.

കാരണം നിങ്ങളുടെ ചിന്താധാരയേക്കാൾ ഒരു നൂറ്റാണ്ട് മുന്നിലാണത്.

Grow up..!

Hats off to you !

Rajini Chandy

©ശിൽപ നിരവിൽപുഴ