Wednesday 12 June 2019 07:08 PM IST : By സ്വന്തം ലേഖകൻ

മക്കളേയും വാരിയെടുത്ത് ഇറങ്ങുമ്പോൾ അവർ പറഞ്ഞു; "അവൾ കുഞ്ഞുങ്ങളെ വിട്ട്‌ ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടിയെന്ന്‌"; കുറിപ്പ്

sa

വേദനയുടേയും അവഗണനയുടേയും നടുക്കയത്തിൽ നിന്ന് കരകയറി വന്നൊരു പെണ്ണൊരുത്തി. ജീവിതം തന്നെ മടുപ്പിച്ച പീഡനങ്ങൾകൊടുവിൽ ഉയിരായി കരുതിയ മക്കളേയും വാരിയെടുത്തിറങ്ങിയ വീട്ടമ്മ. ഒരായുഷ്ക്കാലത്തിനും അപ്പുറമുള്ള വേദന ഭർതൃവീട്ടുകാരിൽ നിന്നും അനുഭവിക്കേണ്ടി വന്ന ആ വീട്ടമ്മയുടെ അനുഭവങ്ങൾ തുറന്നെഴുതുകയാണ് ഡോക്ടർ ഷിംന അസീസ്.

പെണ്ണിനെ എന്നും മൂന്നാം കിടയായും നാലാം കിടയായും കാണാൻ ആഗ്രഹിക്കുന്ന സമൂഹത്തിൽ നിന്നും ഒരു വീട്ടമ്മ അനുഭവിച്ച വീട്ടമ്മയുടെ കഥയാണ് വികാര നിർഭരമായി ഡോക്ടർ ഷിംന പങ്കുവയ്ക്കുന്നത്. പെറ്റു പോറ്റിയ കുഞ്ഞുങ്ങളുടെ സംരക്ഷകർ ചമഞ്ഞെത്തിയ ഭർതൃവീട്ടുകാർ അവളുടെ മാതൃത്വത്തെ പോലും ചോദ്യം ചെയ്യുന്ന സ്ഥിതി വിശേഷം ഉണ്ടാകുന്നു. എല്ലാ പീഡനങ്ങളും സഹിച്ച് ഒടുവിൽ വീട് വിട്ടിറങ്ങേണ്ടി വന്നപ്പോൾ അവളെ കൊള്ളരുതാത്തവൾ ആക്കിയ വിരോധാഭാസത്തേയും ഡോക്ടർ ഷിംന അസീസ് തുറന്നു കാട്ടുന്നു. ഫെയ്സ്ബുക്കിലാണ് വേദനിപ്പിക്കുന്ന അനുഭവം പങ്കുവച്ചിരിക്കുന്നത്.

അന്ന് പ്രധാനമന്ത്രി അജിതാ വിജയനെ നോക്കിപ്പറഞ്ഞു; ഇന്ത്യയിലെ ഒരേയൊരു ‘മിൽക് മേയർ’

ആറടിപ്പയ്യന് മൂന്നടിപ്പെണ്ണ്; ജിനിലിന്റെ ഹൃദയാകാശം തൊട്ട് ഏയ്ഞ്ചൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ശരണ്യയുടെ ജീവിതം; സംശയങ്ങൾക്ക് മറുപടി! അമ്മയും മകളും ഇപ്പോഴും ഒറ്റയ്ക്കാണ്

കുറിപ്പ് വായിക്കാം;

ആദ്യായിട്ടൊരു കുഞ്ഞുണ്ടായപ്പോ അതിനെ എടുക്കാൻ പോലുമറിയില്ലായിരുന്നു ഡോക്‌ടറേ... ഡോക്‌ടർക്കറിയോ, ഞാൻ ആദ്യായിട്ട്‌ കൈയിലെടുത്ത ചോരക്കുഞ്ഞാണെന്റെ മോൻ.

അവനെ നോക്കാൻ എന്റെ വീട്ടുകാര്‌ മൽസരിച്ചു. അതിന്‌ അങ്ങേരുടെ വീട്ടുകാർക്ക്‌ അസൂയയായിരുന്നു. എന്നും കുത്തുവാക്ക്‌. നൂറ്‌ പെണ്ണുങ്ങളുണ്ട്‌ ആ വീട്ടില്‌. കാണുമ്പോ കാണുമ്പോ ചോദിക്കും, "കുട്ടികൾ എവിടേ? നിനക്ക്‌ അതുങ്ങളെ നോക്കാൻ വയ്യെങ്കിൽ ഇങ്ങോട്ട്‌ കൊണ്ട്‌ വന്ന്‌ താ" എന്ന്‌. എന്റെ കഥ പറച്ചിലും പാട്ടും കൊച്ചുവർത്താനവും കേട്ട്‌ എന്റെ നെഞ്ചിൽ പറ്റിയുറങ്ങിയ മക്കളുടെ മേൽ എന്നേക്കാളും അവകാശം എന്നെങ്കിലും മേക്കിട്ട്‌ കേറാൻ വരുന്ന ആ ബന്ധു തള്ളമാർക്കായിരുന്നു.

അവരുടെ വീട്ടിലെ സൽക്കാരത്തിനും കല്യാണത്തിനും കളിയാട്ടത്തിനുമൊക്കെ എന്റെ മക്കൾ എന്നെ ബുദ്ധിമുട്ടിക്കാതെയും കാറാതെയും കൂവാതെയും നടന്നു, സ്വന്തം പ്ലേറ്റിൽ നിന്ന്‌ വൃത്തിയായി വാരിത്തിന്നു. "തള്ള നോക്കാഞ്ഞാൽ കുട്ടികൾ തന്നത്താൻ നോക്കുക തന്നെ" എന്നവർ വിധിയെഴുതി.

സ്‌കൂളിൽ ചേരും മുന്നേ എന്റെ മക്കൾ അപ്പിയിട്ടാൽ കഴുകാനും തന്നെ കുളിക്കാനും പഠിക്കണം എന്നെനിക്ക്‌ നിർബന്ധമായിരുന്നു. അവർ ആശ്രിതരാകുന്നതല്ല, സ്വതന്ത്രരാകുന്നതായിരുന്നു എനിക്ക്‌ അഭിമാനകരം. അതിനും കുത്തുവാക്ക്‌. എന്ത് സങ്കടമുണ്ടെങ്കിലും രാത്രി അവർക്ക്‌ നടുവിൽ വീണുറങ്ങുമ്പോൾ തീരുമായിരുന്നു കേട്ടോ.

എന്നിട്ടും ആ ബന്ധുക്കളുടെ ആവശ്യങ്ങൾക്കെല്ലാം വിളിക്കും മുന്നേ ഓടിച്ചെന്നു, ആശുപത്രിയിലും നാലാളോട്‌ സംസാരിക്കാനുമൊക്കെ എന്നെയവർ മുന്നിൽ നിർത്തി. ഞാൻ പ്രസന്റബിളായിരുന്നല്ലോ. ചെയ്‌ത്‌ കൊടുത്ത കാര്യങ്ങളെല്ലാം അത്രയേറെ ആത്മാർഥതയോടെയാണ്‌ ചെയ്‌തതും. അവരുടെ അസൂയ പൂണ്ട കണ്ണും നാക്കും കൊണ്ട്‌ തരം കിട്ടുമ്പോഴെല്ലാം എന്നെക്കുറിച്ച്‌ അപവാദം പറഞ്ഞു, കുട്ടികളുടെ അച്‌ഛനെ വരെ അവർ വിഷം തീണ്ടി. സാരമില്ല, വ്യക്‌തിത്വമില്ലാത്തവനാണെന്ന്‌ തിരിച്ചഴിഞ്ഞപ്പഴേക്കും കുട്ടികൾ രണ്ടായിരുന്നു.

ഒടുക്കം സഹികെട്ട്‌ ഞാൻ ആ കുടുംബത്തിൽ നിന്ന്‌ എന്റെ മക്കളെയുമെടുത്ത്‌ ഇറങ്ങി ഡോക്‌ടറേ. അപ്പോ അവറ്റകൾ എന്താ പറഞ്ഞുണ്ടാക്കിയേന്നറിയുമോ "ഞാൻ മക്കളെ വിട്ട്‌ ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടിയെന്ന്‌."

"എന്നിട്ട്‌ ഇപ്പോ നിന്റെ മക്കളെവിടെ? നീ അവരെ വിട്ട്‌ എങ്ങോട്ടെങ്കിലും പോയോ?"

"അവര്‌ മാത്രമാണെന്റെ സമ്പാദ്യം. അവരില്ലാതെ പോയെന്ന്‌ കഥയുണ്ടാക്കിയത്‌ അയാളുടെ വീട്ടുകാര്‌ തന്നെയാണ്‌. ഞാൻ ജോലിക്ക്‌ പോകുന്നതിന്‌ എന്നും ഞാൻ 'കുട്ടികളെയിട്ട്‌ പോകുകയാണ്‌' എന്ന പാട്ടായിരുന്നല്ലോ. അതൊന്ന്‌ കൂടി പൊലിപ്പിച്ചങ്ങ്‌ ആഘോഷിച്ചു. അവര്‌ സത്യമാർഗവും ദൈവമാർഗവും പറഞ്ഞ്‌ നടക്കുന്നത്‌ കണ്ടാൽ തോന്നും നന്മയും നേരും കൊണ്ടങ്ങ്‌ പതഞ്ഞ്‌ പൊങ്ങുകയാണെന്ന്‌. ആ പറഞ്ഞുണ്ടാക്കിയ നാവൊക്കെ പുഴുത്ത്‌ പോകുകയേ ഉള്ളൂ മാഡം. മക്കള്‌ ദേ എന്റെ മുന്നിലിരുന്ന്‌ ടിവി കാണുന്നു."

"നിങ്ങളേം മക്കളേം പറ്റി ഈ കഥ പറഞ്ഞവരൊക്കെയോ?"

''അറിയില്ല."

"എനിക്കറിയും, അടുത്ത ഇരയെ തേടിപ്പോയിക്കാണും."

"ങ്‌ഹാ..."

"ഈ കുട്ടികൾക്ക്‌ ആരാ ചിലവിന്‌ കൊടുക്കുന്നത്‌?"

"എനിക്ക്‌ ജോലി കിട്ടിയത്‌ മുതൽ പൂർണമായും ഞാൻ തന്നെ."

"ഇപ്പോ സമയം എത്രയായി?"

"പത്തു മണി കഴിഞ്ഞു. ഇവിടെ നല്ല മഴയാ."

"പറയുന്നവർ പറയും. ഒരു ചെറുപ്പക്കാരി പെണ്ണ്‌ 'കുട്ടികളെ കളഞ്ഞ്‌ ഒളിച്ചോടി' എന്നൊക്കെ പറയുന്നത്‌ രണ്ടാവശ്യത്തിനാണ്‌.

ഒന്ന്‌, അവൾക്കെതിരെ ആഞ്ഞടിച്ചില്ലെങ്കിൽ നാളെ പലരും ധൈര്യം നേടി വീടകങ്ങളിലെ ശ്വാസംമുട്ടൽ സഹിക്കവയ്യാതെ പുറത്ത്‌ ചാടും, വല്ല്യ പാടാകും. അത്‌ ഈ മഹദ്‌വ്യക്‌തിത്വങ്ങൾക്ക്‌ നന്നായറിയാം. അത്‌ കൊണ്ട്‌ തന്നെ പീഡനപർവ്വത്തിൽ നിന്ന്‌ രക്ഷപ്പെടാൻ നോക്കിയാൽ അപവാദം കൊണ്ട്‌ നേരിടാൻ നോക്കും. പെണ്ണിനെ ജയിക്കാൻ ഏറ്റവുമെളുപ്പം ഈ തോന്നിവാസം പറച്ചിലാണ്‌. ഒരു വിധം എല്ലാവരും അതിൽ കുഴഞ്ഞ്‌ വീഴുകയും ചെയ്യും. നീ അതിലും വീണില്ല, മിടുക്കി.

രണ്ട്‌, സമൂഹത്തിന്റെ ലൈംഗികദാരിദ്ര്യം. ഇതിന്‌ ആൺപെൺവ്യത്യാസമൊന്നുമില്ല. 'വെർബൽ റേപ്പ്‌' എന്ന്‌ കേട്ടിട്ടുണ്ടോ? നാല്‌ ചൂടുള്ള വർത്താനം പറയുമ്പോൾ കിട്ടുന്ന ആ ഒരിത്‌... അതിന്റെ പാപമൊക്കെ പള്ളിയിലും അമ്പലത്തിലുമൊക്കെ പോയി ബാലൻസാക്കുമെന്നേ..."

"എന്നാലും ഡോക്‌ടറേ..."

"എന്ത് എന്നാലും? മഴ മൂത്ത്‌ കറന്റ്‌ പോണേന്റെ മുന്നേ ആ മക്കളെ പിടികൂടി പല്ല്‌ തേപ്പിച്ച്‌ കിടത്തി ഉറക്ക്‌. നീ അധ്വാനിച്ച കാശ്‌ കൊണ്ട്‌ നീ നിന്റെ മക്കളെ പോറ്റുന്നു. സമൂഹം നാല്‌ ദിവസം ആഘോഷിക്കും. ധൈര്യമുള്ളവളാണ്‌ നീ. അവർക്ക്‌ ആശുപത്രിയിൽ പോകാനും തുണി വാങ്ങാനും പെട്രോളടിക്കാനും സർവ്വതിനും വരേണ്ട നഗരത്തിന്‌ നടുവിലാണ്‌ നീ ജീവിക്കുന്നത്‌. ബോധമുള്ളവർക്ക്‌ സത്യം മനസ്സിലാകും. മനുഷ്യന്റെ പച്ചയിറച്ചി തിന്ന്‌ വിശപ്പ്‌ മാറ്റുന്നവരുടെ സർട്ടിഫിക്കറ്റ് എന്തിനാണ്‌ നിനക്ക്‌? നിന്റെ കുട്ടികൾക്ക്‌ സത്യമറിയാം. നിനക്കും. പറഞ്ഞ്‌ നടക്കുന്നവൻമാരുടെ സൂക്കേടിന്‌ ചിരവ ബെസ്‌റ്റാ, ഇച്ചിരെ വിരശല്യത്തിനുള്ള ഗുളിക ആ തള്ളമാർക്കും കൊടുക്ക്. പോയിക്കിടന്നുറങ്ങ്‌ പെണ്ണേ... ഗുഡ്‌നൈറ്റ്‌... ഒഴിവ്‌ പോലെ വിളിക്ക്‌ട്ടാ..."

"ഗുഡ്‌നൈറ്റ്‌ ഡോക്‌ടർ."

(അവളും കുഞ്ഞുങ്ങളുമുറങ്ങട്ടെ... തളരാൻ വിടില്ലെന്നേ... )