Monday 15 July 2019 02:47 PM IST : By സ്വന്തം ലേഖകൻ

റേഡിയേഷനിൽ ചോർന്നു പോകുന്ന ബോഡി ബാലൻസ്! ഇതിലും ഭേദം കമ്പിപ്പാരയെടുത്ത് കക്കാൻ ഇറങ്ങുന്നത്; വിഡിയോക്ക് പിന്നിൽ

sa

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ മനുഷ്യ ശരീരത്തിന് ദോഷകരമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? മൊബൈൽ വിട്ടിട്ട് നമുക്ക് മറ്റൊരു ജീവിതം ഇല്ല താനും. റേഡിയേഷനിൽ ‘സാന്ത്വനവുമായി’ ഇതാ ഒരു മരുന്ന് എന്ന പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഡിയോ കിടന്ന് കറങ്ങുന്നുണ്ട്.

എന്നാൽ ഇത് ശുദ്ധ തട്ടിപ്പാണെന്ന് വിശദമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. ഇത്രയും സാക്ഷരരായ മലയാളികള്‍ ഇതിനൊക്കെ തല വെക്കുന്നത് എന്തൊരു ദുരന്തമാണെന്ന് ഷിംന പറയുന്നു!

ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഒരു ചേട്ടന്‍ ചിരിച്ചോണ്ട് നില്‍ക്കുന്നു. ഒരു കോട്ടിട്ട ചേട്ടന്‍ പിറകില്‍ നില്‍ക്കുന്നു. മുന്നില്‍ കുറേ മണ്ടന്‍മാര്‍ ഇരിക്കുന്നു.

ആദ്യത്തെ ചേട്ടന്‍ വലതുകൈ വലതുഭാഗത്തേക്ക് പൊക്കുന്നു. കോട്ടേട്ടന്‍ താഴ്ത്താന്‍ ശ്രമിക്കുന്നു. ശക്തിമാനായ കൈപൊക്കിയ ചേട്ടന്റെ കൈ താഴുന്നില്ല.

അടുത്ത ഷോട്ടില്‍ മൂപ്പര്‍ മൊബൈല്‍ ഫോണ്‍ കൈയില്‍ പിടിക്കുന്നു. കോട്ടേട്ടന്‍ രണ്ട് വിരല്‍ കൊണ്ട് ചുമ്മാ താഴ്ത്തുന്നു. മൊബൈല്‍ ഫോണ്‍ കൈയിലുണ്ടായാല്‍ അതിന്റെ റേഡിയേഷന്‍ കൊണ്ട് നമ്മുടെ ബോഡിയുടെ എന്തോ ബാലന്‍സിംഗ് ഫോര്‍സ് പോയി ശക്തിയെല്ലാം ചോര്‍ന്ന് പോകുമെന്നാണ് കോട്ടേട്ടന്റെ നിഗമനം. ഈ റേഡിയേഷന്‍ ഇഫക്ട് പോകാന്‍ മൂപ്പര്‍ വില്‍ക്കുന്ന എന്തോ ഉഡായിപ്പ് സാധനം വാങ്ങണം പോലും.

ഇതിനെ അക്ഷരം തെറ്റാതെ 'തട്ടിപ്പ്' എന്ന് വിളിക്കുക. നന്നായി ചിരിക്കാനും ഇംഗ്ലീഷില്‍ പുലമ്പാനും അറിയാവുന്ന വെല്‍ ഡ്രസ്ഡായവരൊക്കെ വന്‍സംഭവമാണെന്ന് കരുതി കൈയിലുള്ള കാശ് കൊണ്ടുപോയി കൊടുക്കരുത്. വീട്ടിലെ പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം (ചിലപ്പോള്‍ അല്ലാത്തവര്‍ക്കും) ഉള്ള മൊബൈല്‍ ഫോണ്‍ കുഴപ്പമാണെന്ന് പറഞ്ഞ് പേടിപ്പിച്ചാല്‍ നടക്കാന്‍ സാധ്യതയുള്ള ഒരു കച്ചവടത്തിന്റെ പാളിയ ശ്രമം മാത്രമാണ് നമ്മളില്‍ പലര്‍ക്കും കിട്ടിയ ആ ഫേക്ക് മെസേജ് വീഡിയോ.

സംശയമുണ്ടെങ്കില്‍ ഫോണ്‍ പോക്കറ്റിലിട്ട് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യൂ, ഓടൂ, സ്‌റ്റെപ്പ് കയറൂ, കായികാഭ്യാസം ആവശ്യമുള്ള എന്ത് വേണേലും ചെയ്ത് നോക്കൂ. നിങ്ങളുടെ ശാരീരികക്ഷമതയെ തടയാന്‍ നിങ്ങളുടെ കൈയിലുള്ള മൊബൈല്‍ ഫോണിനും ഐപാഡിനുമൊന്നും സാധിക്കില്ല. ഏതൊരു റേഡിയേഷനും സുരക്ഷിതമാണെന്നല്ല. പക്ഷേ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വേണ്ട സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ചാണ് ഏതൊരു സെല്‍ ഫോണ്‍ കമ്പനിക്കും അനുമതി നല്‍കുന്നത്.

ഇത്രയും സാക്ഷരരായ മലയാളികള്‍ ഇതിനൊക്കെ തല വെക്കുന്നത് എന്തൊരു ദുരന്തമാണ്! ഒന്ന് കൂടി ഓര്‍മ്മിപ്പിക്കുകയാണ്, ഇവര്‍ പറഞ്ഞതെല്ലാം തികച്ചും അടിസ്ഥാനരഹിതവും അശാസ്ത്രീയവുമാണ്.

ആറടി ഉയരവും അതിനൊത്ത ശരീരവുമുള്ള കോട്ടേട്ടന്‍ ഇതെങ്ങാനും വായിക്കുന്നുണ്ടേല്‍ 'കമ്പിപ്പാരയെടുത്ത് കക്കാന്‍ ഇറങ്ങുന്നതാണ് ഇതിലും നല്ലത്' എന്ന് കാര്യം മനസ്സിലായ നാട്ടുകാര് പറയാന്‍ പറഞ്ഞു. കൂടെയുള്ള അഭിനേതാവിനെ സില്‍മേലെടുക്കാനുള്ള കാര്യങ്ങളും ഉടനെ ആരേലും നടപടിയാക്കാതിരിക്കില്ല. ധ്യാനം കൂടാന്‍ പോയോര്‍ക്ക് സെക്കന്റ് വെച്ച് ഞൊണ്ടലും വിക്കും മാറുന്നതിനെ വെല്ലുന്ന പെര്‍ഫോമന്‍സാണ്. എജ്ജാതി അഭിനയക്കുട്ടപ്പന്‍ ! നാണമുണ്ടോ മനുഷ്യരേ?

പ്രചരിക്കുന്ന വിഡിയോ ഇതാണ്;

Tags:
  • Social Media Viral