Tuesday 15 June 2021 12:13 PM IST : By സ്വന്തം ലേഖകൻ

വീടൊരുക്കി കാത്തിരുന്നു, ബിജോയുടെ മുന്നില്‍ ചലനമറ്റ് ഷിന്‍സി: നെഞ്ചുപൊട്ടി അന്ത്യചുംബനം: യാത്രമൊഴി

shincy-final

സൗദിയിലെ നജ്‌റാനില്‍ വാഹനാപകടത്തില്‍ മരിച്ച നഴ്‌സ് വയലാ ഇടശേരിത്തടത്തില്‍ ഷിന്‍സി ഫിലിപ്പിനു (28) ജന്മനാട് കണ്ണീരോടെ വിട നല്‍കി. ഷിന്‍സിയുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വയലാ സെന്റ് ജോര്‍ജ് പള്ളിയില്‍ സംസ്‌കരിച്ചു.കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം കോട്ടയത്തു സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഇന്നലെ രാവിലെ ഭര്‍ത്താവ് ബിജോ കുര്യന്റെ കുഴിമറ്റം പാച്ചിറത്തോപ്പില്‍ വീട്ടില്‍ കൊണ്ടുവന്നു. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അന്തിമോപചാരം അര്‍പ്പിച്ച ശേഷം പതിനൊന്നോടെ വയലാ ഇടശേരിത്തടത്തില്‍ വീട്ടിലെത്തിച്ചു. വീട്ടിലെ ശുശ്രൂഷകള്‍ക്കു മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഷിന്‍സിയുടെ ഇടവക ദേവാലയത്തില്‍ നടന്ന സംസ്‌കാരശുശ്രൂഷകള്‍ക്കു മാര്‍ ജോസഫ് കല്ലറങ്ങാട്ട്, വികാരി ജനറല്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, വികാരി ഫാ.ജോസഫ് തറപ്പേല്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

വീടൊരുക്കി പ്രിയതമയ്ക്കായി കാത്തിരുന്ന ഭര്‍ത്താവ് ബിജോയ്ക്കു മുന്നിലേക്കാണ് ഷിന്‍സിയുടെ മരണവാര്‍ത്ത എത്തിയത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷം നാലു മാസം മുന്‍പ് വിവാഹിതരായ ബിജോയും ഷിന്‍സിയും കഷ്ടിച്ച് ഒരു മാസമാണ് ഒരുമിച്ചു കഴിഞ്ഞത്. ബിജോ കുര്യന്‍ ബഹ്‌റൈനില്‍ നഴ്‌സാണ്. ബഹ്‌റൈനിലെ ആശുപത്രിയില്‍ ജോലി ലഭിച്ചതോടെ ഷിന്‍സി കഴിഞ്ഞ ദിവസം സൗദിയിലെ ജോലി രാജിവച്ചിരുന്നു. ബഹ്‌റൈനിലേക്ക് പോകാന്‍ മേയ് 25നും 28നും വീസ ലഭിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങള്‍മൂലം യാത്ര മുടങ്ങുകയായിരുന്നു. ബിജോയും ഷിന്‍സിയും ഒരുമിച്ചാണ് നഴ്‌സിങ് പഠിച്ചത്. ജോലിയും ഒരേ ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു വിവാഹം. ഫെബ്രുവരി 17 ന് ഇരുവരും ജോലി സ്ഥലത്തേക്ക് തിരികെപ്പോയി.