Wednesday 18 December 2024 01:54 PM IST

‘എനിക്ക് കാണാൻ പറ്റുന്നില്ല അമ്മാ...’: ആ ഓപ്പറേഷനോടെ എന്റെ കുഞ്ഞിന്റെ കാഴ്ച പോയി: തലച്ചോറിൽ കാൻസർ: കാരുണ്യം തേടി ഷിന്റ

Binsha Muhammed

Senior Content Editor, Vanitha Online

shinta-

ചിത്രശലഭമായിരുന്നു അവൾ. പാട്ടും നൃത്തവും കുഞ്ഞു വർത്തമാനങ്ങളുമായി നാടിനും വീടിനും പ്രിയങ്കരിയായ മാലാഖക്കുഞ്ഞ്. ഒരു പെൺകുഞ്ഞിനെ കൊതിച്ച അച്ഛന്റേയും അമ്മയുടെയും സന്തോഷങ്ങളുടെയും പ്രതീക്ഷകളുടെയും ആകെത്തുകയായി വളർന്ന പൊന്നുമോൾ. പക്ഷേ ആ കൊഞ്ചിപ്പറച്ചിലുകളും സ്നേഹപരിലാളനങ്ങളും കണ്ട് ദൈവത്തിന് അസൂയ തോന്നിയിരിക്കണം. കാരണം ആ പുഞ്ചിരികളെയെല്ലാം മായ്ച്ചു കളയുന്ന കഠിനമായ വേദനകൾ നൽകി വിധി, ഷിന്റയെന്ന പൊന്നുമോളെ പരീക്ഷിക്കുകയാണ്. പൂക്കളേയും നിറങ്ങളേയും സ്നേഹിച്ച കുഞ്ഞുമാലാഖയുടെ കണ്ണിലെ വെളിച്ചം ആദ്യം കെടുത്തി. ചിത്രശലഭത്തെ പോലെ പാറിനടന്നിരുന്നവളെ കിടന്ന കിടപ്പിലാക്കി. എല്ലാത്തിനുമുപരി പച്ചമാംസത്തിൽ കൊളുത്തി വലിക്കുന്ന അതികഠിനമായ വേദനയും.

പത്തനംതിട്ട കുമ്പനാട് സ്വദേശിയായ മാത്യു എബ്രഹാമിന്റെയു ബിജി മാത്യുവിന്റെയും മൂന്നാമത്തെ മകളായ ഷിന്റ അന്ന മാത്യു ഇന്ന് അനുഭവിക്കുന്ന വേദനകളുടെ ആഴവും പരപ്പും അളന്നു കുറിച്ചിടുക പ്രയാസം. ഒരു ഛർദ്ദിയിലായിരുന്നു തുടക്കം. അവിടുന്നങ്ങോട്ട് ദേഹം തുളക്കുന്ന കുത്തിവയ്പുകളും മുഷിപ്പിക്കുന്ന മരുന്നു ഗന്ധങ്ങളും ചങ്കിടിപ്പേറ്റുന്ന ടെസ്റ്റുകളും അവളുടെ ശരീരത്തില്‍ കയറിയിറങ്ങി. ‘ഡോക്ടറേ... എന്റെ കുഞ്ഞ് പഴയ പോലാകില്ലേ...’ എന്ന അമ്മ ബിജിയുടെ ചോദ്യങ്ങൾക്ക് മുഖത്തോട് മുഖം നോക്കലല്ലാതെ ഡോക്ടർമാരുടെ പക്കൽ മറുപടിയില്ല. ബ്രെയിൻ ട്യൂമറും കാൻസറും കൊളുത്തി വലിക്കുന്ന മകളുടെ വേദനകളുടെ കണ്ണീർസാക്ഷ്യം ബിജി മാത്യുവെന്ന അമ്മ പറഞ്ഞു തുടങ്ങുകയാണ്.  

കണ്ണേ... കരയരുതേ...

സങ്കടങ്ങൾ ഉള്ളവർക്ക് സന്തോഷത്തിന്റെ നല്ലനാളെ വരുമെന്ന് ചിലർ പ്രതീക്ഷ നൽകാറുണ്ട്. എന്തുകൊണ്ടോ എന്റെ കുഞ്ഞും ഞങ്ങളുടെ കുടുംബവും അനുഭവിക്കുന്ന വേദനകളുടെയും പരീക്ഷണങ്ങളുടെയും കടംവീട്ടി സന്തോഷം തിരികെ പകരമായി വിധി തന്നിട്ടില്ല. എല്ലാം കണ്ടും കേട്ടും ആസ്വദിച്ചു നടന്ന എന്റെ കുഞ്ഞിന്റെ കണ്ണിലെ കാഴ്ചയുടെ വെളിച്ചം പോയി. പരസഹായമില്ലാതെ ഒന്നു നടക്കാൻ പോലും കഴിയാത്ത അവസ്ഥ. ആരോടാണ് ഈ വേദന പറയേണ്ടത്.– ബിജി പറഞ്ഞു തുടങ്ങുകയാണ്.

എല്ലാവിധ അംഗസൗകുമാര്യങ്ങളോടും കൂടിയാണ് ദൈവം ഞങ്ങൾക്ക് അവളെ തന്നത്. മൂത്തത് രണ്ടും ആൺമക്കൾ. ഷിബിനും ഷിജിനും. അവർക്കു കൂട്ടായി ഒരു കുഞ്ഞിപ്പെങ്ങളെ തരണേ എന്ന പ്രാർഥന ദൈവം ചെവിക്കൊണ്ടു. ഞങ്ങൾക്ക് ഷിന്റയെന്ന മാലാഖയെ കിട്ടി. സന്തോഷങ്ങളുടെ നാളുകളായിരുന്നു പിന്നീട്. കൈവളർന്നതും കാൽ വളർന്നതും സ്നേഹവായ്പുകളോടെ കണ്ടിരുന്നു. പാട്ടിനും ‍ഡാൻസിനും പള്ളിയിലേയും സ്കൂളിലേയും പരിപാടികൾക്കുമൊക്ക അവൾ ആക്ടീവായിരുന്നു.

ഭർത്താവിന് ഡ്രൈവിങ്ങായിരുന്നു ജോലി. അധികമൊന്നും ഇല്ലെങ്കിലും ജീവിതത്തിൽ ഉള്ള വരുമാനത്തിലും സന്തോഷത്തിലും ഞങ്ങൾ തൃപ്തരായിരുന്നു. സന്തോഷത്തോടെയുള്ള ഞങ്ങളുടെ ജീവിതത്തിൽ വേദനകളുടെ അധ്യായം തുടങ്ങുന്നത് ഭർത്താവിന്റെ മരണത്തോടെയാണ്. എപ്പോഴും തലവേദനയായിരുന്നു അദ്ദേഹത്തിന്. പരിശോധനയിൽ അദ്ദേഹത്തിന്റെ തലച്ചോറിനെ ഒരുതരം പൂപ്പൽ ബാധിച്ചു. ആ വേദനകൾ ചെന്നു നിന്നത് മരണത്തിലും.

മകളുടെ കാര്യത്തിലും തീരാേവദനകളുടെ പുതിയ അധ്യായം തുറക്കുകയായിരുന്നു. അവൾക്ക് എട്ടു വയസ് തികഞ്ഞ ശേഷമുള്ള ഒരു ദിവസം. ഞങ്ങളുടെ ജീവിതം കീഴ്മേൽ മറിച്ച ക്രൂരമായ വിധിയുടെ സൂചനകൾ അന്നാദ്യമായി വെളിപ്പെട്ടു.

ഒരു ഛർദ്ദിയിലായിരുന്നു തുടക്കം. ഒരു സാധാരണ മരുന്നിനും പിടിച്ചു നിർത്താനാകാതെ ശരീരത്തെ അടിമുടി തളർത്തുന്ന ഛർദ്ദി. കോഴഞ്ചേരിയിലെ ആശുപത്രി അധികൃതർ ആദ്യം പ്രതീക്ഷയുടെ വാർത്തകളാണ് പങ്കുവച്ചത്. രക്ത പരിശോധനകളിലൊക്കെ അവൾക്ക് ഒരു കുഴപ്പവും ഇല്ല. പക്ഷേ ചർദ്ദിയും ശരീര വേദനയും എന്തുകൊണ്ടോ കുറയുന്നില്ല. കോട്ടയത്തെ ചൈൽഡ് സ്പെഷല്‍ ആശുപത്രിയിലെത്തുന്നത് അങ്ങനെയാണ്. ഇക്കുറി തലയുടെ പുറകിൽ അസഹനീയമായരു വേദനകൂടി തലപൊക്കിയിരുന്നു. ആഴ്ചകളോളം ആന്റിബയോട്ടിക് കഴിച്ചു. എക്സ് റേയിലും കാര്യമായ പ്രശ്നങ്ങളില്ല. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയോടെ വീണ്ടും വീട്ടിലേക്ക്.

‘അമ്മാ... എന്റെ തല വല്ലാതെ വേദനിക്കുന്നു.’ എന്ന് പറഞ്ഞപ്പോഴും ആശ്വാസ വാക്കുകളും സ്നേഹച്ചൂടുമായിരുന്നു ഞങ്ങളുടെ മറുമരുന്ന്. ടേബിളിലേക്ക് വച്ചുകൊടുത്ത ഗുളിക തപ്പിത്തടഞ്ഞ് എടുക്കുന്നതു കണ്ടപ്പോൾ എന്റെ നെഞ്ചൊന്ന് പാളി. ‘അമ്മാ... എനിക്ക് ഗുളിക നേരാം വണ്ണം കാണാൻ പറ്റുന്നില്ല. എന്റെ കണ്ണിലെ വെളിച്ചം കെടുന്ന പോലെ.’ ആ വാക്കുകളില്‍ ചങ്കുപിടഞ്ഞു. വീണ്ടും കോട്ടയത്തെ ആശുപത്രിയിലേക്ക് മകളേയും കൊണ്ട് പാഞ്ഞു. ഇക്കുറി എംആർഐ എടുക്കാനായിരുന്നു ഡോക്ടറുടെ ഉപദേശം. പക്ഷേ ആ റിസൽറ്റിൽ ഞങ്ങളുടെ കുഞ്ഞിനെ ക്രൂരമായി വേദനിപ്പിക്കുന്നൊരു രോഗത്തിന്റെ കുറിപ്പടിയുണ്ടായിരുന്നു.

വേദനകൾ ഇടമുറിയാതെ

മെ‍ഡുല്ലോ ബ്ലാസ്റ്റോമ...! തലച്ചോറിലെ സെറിബല്ലത്തെ ബാധിക്കുന്ന ഒരുതരം കാൻസർ എന്നായിരുന്നു പരിശോധനയിൽ തെളിഞ്ഞത്. ട്യൂമറിന്റെ രൂപത്തിലായിരുന്നു തുടക്കം. അടിയന്തരമായി തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ‌ എത്തിക്കാനായിരുന്നു അറിയിപ്പ്. ശ്രീചിത്രയെന്നൊക്കെ കേട്ടിട്ടുണ്ടെന്നല്ലാതെ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുമെന്ന് അന്ന് കരുതിയില്ല. മകൾ പഠിക്കുന്ന സെന്റ് ജോൺസ് സ്കൂളിലെ പ്രിൻസിപ്പൽ ജോളി ടീച്ചർ പറഞ്ഞതനുസരിച്ച് അവർക്ക് പരിചയമുള്ളൊരു ഡോക്ടറെ പരിശോധന ഫലം കാണിച്ചു. അദ്ദേഹവും മറുത്തു പറഞ്ഞില്ല. ഉടന്‍ തന്നെ ഓപ്പറേഷൻ ചെയ്തേ തീരുവെന്ന് ഡോക്ടറുടെ അവസാന വാക്ക്...

ഓപ്പറേഷനു മുമ്പും അതിനു ശേഷവും എന്റെ കുഞ്ഞ് അനുഭവിച്ച വേദനകൾക്ക് സമാനതകളില്ലായിരുന്നു. തലച്ചോറിലെ പ്രഷര്‍ കുറയ്ക്കാനും ഫ്ലൂയിഡ് നിയന്ത്രിക്കാനും പ്രത്യേക ട്യൂബുകൾ ഇട്ടു. എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ച് അവര്‍ പറഞ്ഞ ഓപ്പറേഷൻ‌ ചെയ്തു. പുറത്തെടുത്ത ട്യൂമര്‍ പരിശോധനയ്ക്കായി അയക്കുമ്പോഴും ആ വേദന ഒരിക്കൽ കൂടി ഉറപ്പിച്ചു. തലച്ചോറിനെ മെഡുല്ലോ ബ്ലാസ്റ്റോമ എന്ന കാൻസർ  അവളെ കവർന്നു തുടങ്ങിയിരിക്കുന്നു.

shinta-3

അവിടുന്നങ്ങോട്ട് അവര്‍ പറഞ്ഞ എല്ലാ ടെസ്റ്റുകളും ചെയ്തു. പള്ളിയിൽ നിന്നും സുമനസുകളായ നാട്ടുകാരിൽ നിന്നും ഉറുമ്പ് കൂനകൂട്ടുംപോലെ ചേർത്തുവച്ച കാശും സ്വരുക്കൂട്ടി എല്ലാ ചികിത്സകൾക്കും ഞങ്ങൾ അവളെ വിട്ടുകൊടുത്തു. പക്ഷേ ഒന്നും പഴയതുപോലെയായില്ല. ട്യൂമർ ഒഴിവാക്കിയുള്ള ഓപ്പറേഷനോടെ അവളുടെ കാഴ്ച മങ്ങിത്തുടങ്ങി. ട്യൂമർ പുറത്തെടുത്തപ്പോൾ കണ്ണിന്റെ ഞരമ്പിനെ കൂടി അതു ബാധിച്ചുവത്രേ. പിന്നാലെ ആ ചിരിമായ്ച്ചു കൊണ്ട് മുഖം കോഡിപ്പോയി. വേച്ചുവേച്ച് നടക്കാനാകും. പക്ഷേ അവളുടെ നടത്തം ഉൾപ്പെടെയുള്ള ശാരീരിക ക്രമങ്ങളെ നിയന്ത്രിക്കുന്ന ബാലൻസ് നഷ്ടപ്പെട്ടു. ഇന്ന് ഒരടി എടുത്തു വയ്ക്കണമെങ്കിൽ മറ്റൊരാളുടെ സഹായം കൂടി വേണം. ഒരു കരുണ വിധി ഞങ്ങളോട് കാണിച്ചു. ആ ഓപ്പറേഷൻ ചെയ്തില്ലായിരുന്നുവെങ്കിൽ എന്റെ കുഞ്ഞ് കോമയിലേക്ക് പോകുമായിരുന്നുവത്രേ.

അസുഖമൊക്കെ വരുന്നതിനു മുന്നേ അവളുടെ മിടുക്ക് തിരിച്ചറിഞ്ഞ സെന്റ് ജോൺസ് ഇരവിപേരൂരിലെ സ്കൂൾ അധികൃതർ അവളെ ചേർ‌ത്തു നിർത്തുന്നുണ്ട്. അവളെ പഠിപ്പിക്കുന്നുണ്ട്. 80 ശതമാനം കാഴ്ച നഷ്പ്പെട്ട മോളെ ബ്രയിലി ലിപി പരിശീലിപ്പക്കണമെന്ന് പലരും പറയുന്നുണ്ട്. എല്ലാം ചെയ്യാം... അവളുടെ ചികിത്സയുടെ കാര്യമോ? നഷ്ടപ്പെട്ട കണ്ണിന്റെ വെളിച്ചം തിരികെ കിട്ടുമെന്ന പ്രതീക്ഷയിൽ ചികിത്സകൾ‌ നടക്കുന്നുണ്ട്. തിരുവനന്തപുരം ആർസിസിയിൽ നിന്നടക്കം കുറിച്ചിടുന്ന മരുന്നുകൾക്കും തുടർ പരിശോധനകൾക്കും വേണ്ട ചിലവും കണ്ടെത്തണം. വേദനകളുടെ ഈ നാളുകളിൽ ഒരുപാടുപേര്‍ ചേർത്തു നിർത്തി. പക്ഷേ ഇനിയും മുന്നോട്ടുള്ള ജീവിതം ചോദ്യ ചിഹ്നമാണ്. തൃശൂരിലെ വൈദ്യ എന്നു പേരുള്ള കണ്ണിന്റെ ആശുപത്രിയിൽ ചികിത്സ ചെയ്തപ്പോൾ കണ്ണിലെ കാഴ്ചയുടെ കാര്യത്തിൽ പ്രതീക്ഷ കൈവന്നിരുന്നു. ഇടയ്ക്ക് കാഴ്ച തിരികെ വരുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചതുമാണ്. പക്ഷേ ചികിത്സാ ചിലവ് താങ്ങുന്നില്ല. പലരും സഹായിച്ച് നൽകിയ രണ്ടര ലക്ഷത്തോളം അവിടെ ചിലവായി.  

shinta-1

ആൺമക്കളായ ഷിബിനും ഷിജിനും പള്ളിയുടെ ചിലവിൽ പഠിക്കുന്നു എന്നത് ആശ്വാസമാണ്. പക്ഷേ എന്റെ കുഞ്ഞിന്റെ ജീവിതം പാതിവഴിയിൽ മുറിഞ്ഞു പോകാതിരിക്കാൻ സുമനസുകളുടെ സഹായം വേണം. ഞങ്ങളുടെ കണ്ണീർ നന്മമനസുകൾ കണ്ണുതുറന്നു കാണുമെന്ന് തന്നെയാണ് പ്രതീക്ഷ.– ബിജി പറഞ്ഞു നിർത്തി.

ഷിന്റ അന്ന മാത്യുവിനെ സഹായിക്കേണ്ട അക്കൗണ്ട് വിവരങ്ങൾ ചുവടെ:

Name : Shinta Anna Mathew by Mother and Guardian Biji Mathew

AC No: 67286632129

IFSC: SBIN0070099