Friday 26 February 2021 04:21 PM IST

‘ആദ്യം ഞാൻ മാതൃകകാട്ടി, മകൾക്കു വേണ്ടി ആ ശീലം ഉപേക്ഷിച്ചു’: അരുന്ധതിയുടെ അമ്മയായ നിമിഷം: ശിവദ പറയുന്നു

Lakshmi Premkumar

Sub Editor

shivada-baby കടപ്പാട്: ശിവദ ഇൻസ്റ്റഗ്രാം

തിരക്കുള്ള സിനിമാജീവിതത്തിൽ നിന്ന് പെട്ടെന്ന് അമ്മ വേഷത്തിലേക്ക് മാറേണ്ടി വന്നപ്പോൾ എന്തൊക്കെ മുൻകരുതലുകളായിരിക്കും ഇവരൊക്കെ എടുത്തിട്ടുണ്ടാകുക, മക്കളെ നോക്കുമ്പോഴുള്ള കുഞ്ഞികൗതുകങ്ങളും സന്തോഷങ്ങളും എന്തൊക്കെയാകും? സിനിമയും കുടുംബജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളും ഒരുപോലെ കൊണ്ടുപോകുന്നതെങ്ങനെയാകും? നടി ശിവദ പറയുന്നു...

തിരക്കുകളിൽ നിന്നൊക്കെ ഒഴിഞ്ഞ് വളരെ സമാധാനത്തോടെയാണ് ഞാൻ അമ്മയാകാനായി തയാറെടുത്തത്. ഞാനും ഭർത്താവ് മുരളിയും ചെന്നൈയിൽ ആയിരിക്കുമ്പോഴാണ് ആ സന്തോഷവാർത്ത അറിയുന്നത്. പക്ഷേ, അതു കഴിഞ്ഞ് കുറച്ച് ദിവസത്തിനുള്ളിൽ മുരളിക്ക് വിദേശത്തേക്ക് പോകേണ്ടി വന്നു. അതുകൊണ്ട് ഗര്‍ഭത്തിന്‍റെ ആദ്യകാലങ്ങൾ ഞാൻ തനിച്ചാണ് ആസ്വദിച്ചത്. സംഭവം വലിയ സന്തോഷമാണെങ്കിലും മൂന്ന് മാസം കഴിഞ്ഞ് വീട്ടിൽ അറിയിച്ചാൽ മതിയെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. കാരണം വീട്ടുകാരൊക്കെ നാട്ടിലാണ്. അവരെ വെറുതേ വെപ്രാളത്തിലാക്കണ്ടല്ലോ എന്നു കരുതി. ഇത് വെറും സിംപിൾ ആയ കാര്യം എന്ന മട്ടിലായിരുന്നു എന്റെ ചിന്ത. ഞാൻ വിചാരിച്ച പോലെ ഈസി ആയിരുന്നില്ല. മുരളി ഒപ്പമില്ലാതെ മൂന്ന് മാസമൊന്നും എനിക്ക് ഒറ്റയ്ക്ക് ഓ ടിക്കാൻ പറ്റില്ലെന്ന് പൂർണമായി മനസ്സിലായതോടെ അച്ഛനെയും അമ്മയെയും വിവരം അറിയിച്ചു. അവർ ഉടന്‍ തന്നെ ചെന്നൈയിൽ എത്തി.

പണ്ട് തൊട്ടേ കേട്ടിട്ടുണ്ട് അമ്മമാരുടെ മൂഡ് ഉള്ളിലുള്ള മക്കളെ ബാധിക്കുമെന്ന്. എനിക്കാണെങ്കിൽ തുടക്കം മുതൽ തന്നെ ഛർദിയുണ്ട്. ആ ദിവസങ്ങൾ ഓർക്കാനേ വയ്യ. ഗർഭകാലത്ത് എല്ലാ മാസവും ഒന്നോ രണ്ടോ ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു.

പക്ഷേ, എന്റെ ശാരീരിക ബുദ്ധിമുട്ടുകൾ ഒരു തരത്തിലും കുഞ്ഞിനെ ബാധിക്കരുത് എന്നാഗ്രഹിച്ചിരുന്നു. പരമാവധി സന്തോഷമുള്ള കാര്യങ്ങൾ ചെയ്തു. ഇഷ്ടമുള്ള പാട്ടുകൾ ധാരാളം കേട്ടു. പോസിറ്റീവായ പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിച്ചു. കോമഡി സിനിമകൾ കാണലായിരുന്നു മറ്റൊരു ര സം. അഞ്ചു മാസം മുതൽ യോഗ ചെയ്തു. മാനസികപിരിമുറുക്കം കുറയ്ക്കാൻ അത് ഏറെ സഹായിച്ചു. സംഭവബഹുലമായ ഒൻപത് മാസം കഴിഞ്ഞ് അരുന്ധതിയെ പ്രസവിക്കുന്ന അന്ന് രാവിലെ കൂടി യോഗ ചെയ്തിട്ടാണ് ആശുപത്രിയിലേക്ക് പോയത്.

ആൺകുട്ടിയായാലും പെൺകുട്ടിയായാലും ആരോഗ്യമുള്ള കുഞ്ഞായിരിക്കണം എന്നേ ആഗ്രഹിച്ചിട്ടുള്ളൂ. വേദന തുടങ്ങിയപ്പോൾ മുതൽ പ്രസവസമയം വരെ മുരളി ഒപ്പമുണ്ടായിരുന്നു. എനിക്ക് ഇപ്പോഴും ഓർമയുണ്ട്. കുഞ്ഞ് പുറത്തേക്ക് വരാൻ തയാറായി. കുഞ്ഞിന്റെ തല കാണുന്നുണ്ട് നന്നായി പുഷ് ചെയ്യൂ എന്ന് ഡോക്ടർ പറഞ്ഞപ്പോൾ അതുവരെ എന്റെ സൈഡിൽ എന്നെ ആശ്വസിപ്പിച്ച് നിന്ന മുരളി വാവയെ കാണാനുള്ള ആവേശത്തിലായി.

മുരളിയുടെ ആ മുഖഭാവങ്ങൾ ഇപ്പോഴും എന്റെ മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല. സത്യം പറഞ്ഞാൽ മുരളിയുടെ മുഖം കണ്ടാണ് ആ സന്തോഷം ഞാൻ അറിയുന്നത്. പൊക്കിൾകൊടി പോലും മുറിക്കുന്നതിനു മുൻപേ മുരളി കുഞ്ഞിനെ കയ്യിൽ വാങ്ങി എന്റെ നേരെ നീട്ടി. ഞാനവളുടെ നെറുകയിൽ ഉമ്മ വച്ചു. അതുവരെ കരഞ്ഞു കൊണ്ടിരുന്ന അവൾ പെട്ടെന്ന് ക രച്ചിൽ നിർത്തി. അതുവരെ നമ്മൾ ‘മാതൃത്വത്തിന്റെ ഫീൽ’ എന്നൊക്കെ വായിച്ചിട്ടേയുള്ളൂ. ആ നിമിഷം ഞാൻ അത് തിരിച്ചറിഞ്ഞു. മനസ്സിൽ ചില്ലിട്ടു വച്ച നിമിഷം എന്നൊക്കെ ആലങ്കാരികമായി പറയില്ലേ. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം.

‘‘മോളാണ് ട്ടോ’’ എന്നു കേട്ടപ്പോൾ ഞാനോർത്തു. ഈശ്വരാ... ആ വാക്കിന് ഇത്രയും മധുരം മനസ്സിന് പകരാൻ കഴിയുമായിരുന്നോ? മോളോ, മോനോ എന്നൊന്നും അറിയാൻ ഞാൻ ശ്രമിച്ചിട്ടേയില്ല. പക്ഷേ, മോളാണ് എന്നറിഞ്ഞ നിമിഷം ഈ ഭൂമിയിലെ ഏറ്റവും സന്തോഷവതി ഞാനായിരുന്നിരിക്കണം.

പിന്നീട് ഇങ്ങോട്ട് കുഞ്ഞ് അരുന്ധതിയിലൂടെ അവളുടെ അമ്മയായി എന്റെ വളർച്ചയും തുടങ്ങി. പണ്ടു മുതലേ ഞങ്ങൾ തീരുമാനിച്ചിട്ടുള്ള കാര്യമാണ് കുഞ്ഞുങ്ങളെ ഒന്നും നിർബന്ധിച്ച് പഠിപ്പിക്കില്ല എന്ന്. ഏതു കാര്യത്തിനായാലും നമ്മള്‍ അവരെ ചീത്ത പറഞ്ഞാലോ, അടി കൊടുത്താലോ ഒന്നും അവർ അനുസരിക്കണം എന്നില്ല.

പകരം നമ്മൾ തന്നെ റോൾ മോഡലുകളാകണം. കാരണം കൊച്ചുകുട്ടികൾ എപ്പോഴും അനുകരണ ശീലമുള്ളവരായിരിക്കും. അവരെ നമ്മൾ കാണിച്ചു കൊടുത്താൽ മതി. അവർ അതുപോലെ ചെയ്യും. കളിപ്പാട്ടങ്ങൾ നിരത്തിയിടുമ്പോൾ ന മ്മൾ മൂന്നോ നാലോ വട്ടം അവരുടെ മുന്നിൽ വച്ച് എല്ലാം വൃത്തിയായി പെറുക്കി വച്ചു നോക്കൂ. കുറച്ചു കഴിയുമ്പോൾ അ വരും അത് ആവർത്തിക്കും. അല്ലാതെ പറഞ്ഞ് പേടിപ്പിട്ട് കാര്യമില്ല. കണ്ട് പഠിക്കുന്നതാണ് നല്ലത്.

കുഞ്ഞിന് ഇപ്പോള്‍ ഒരു വയസ്സ് കഴിഞ്ഞു. ഏതു ശീലവും അവൾക്ക് ഉണ്ടാകണമെങ്കില്‍ മാതാപിതാക്കളായ ഞങ്ങൾക്ക് ആ ശീലം ഉണ്ടാകണം. നമ്മൾ പുസ്തകവും മാസികയുമൊക്കെ വായിക്കുന്നത് കണ്ടാൽ കുഞ്ഞിനും അതിനോട് താൽപര്യം തോന്നും. കുഞ്ഞ് ചെയ്യണം എന്ന് നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആദ്യം നമ്മൾ ശീലിക്കണം എന്നാണ് ഞാൻ മനസ്സിലാക്കിയ കാര്യം.

ഞാനിപ്പോൾ മൊബെൽ ഉപയോഗം വളരെ കുറച്ചു. കാരണം എപ്പോഴും മൊബൈൽ നോക്കിയിരിക്കുന്ന അമ്മയെ കണ്ട് പഠിച്ചാൽ അവളും അതേ ആവർത്തിക്കൂ. പിന്നീട് കുഞ്ഞിനെ ചീത്ത പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഭാവിക്കായുള്ള നല്ല വഴിയേ അവർ നടക്കണമെങ്കിൽ ആ വഴിയേ ആദ്യം നമ്മൾ നടക്കണം.

ഇത് കുസൃതിയുടെ പ്രായം

‘‘അരുന്ധതിക്ക് അത്യാവശ്യം കുറുമ്പുണ്ട്, കുസൃതിയുണ്ട്. അവളത് ചെയ്തോട്ടെ അതിനുള്ള പ്രായമല്ലേ അത്. ഞങ്ങളുടെ മൂഡുകൾ അവളിലേക്ക് എത്താതെ പരമാവധി ശ്രദ്ധിക്കാറുണ്ട്, കുഞ്ഞിന് ഒന്നും അറിയില്ലല്ലോ,

അവളുടെ മേൽ‌ നമ്മുടെ ദേഷ്യമോ, സങ്കടമോ വാശിയോ തീർക്കുന്നത് തികച്ചും തെറ്റാണ്. പറഞ്ഞു കൊടുക്കുന്നത് മനസ്സിലാകുന്ന പ്രായത്തിൽ പറഞ്ഞു കൊടുക്കാം. അതുവരെ നമ്മൾ അവരുടെ നല്ല മോഡലുകളായാൽ മാത്രം മതി.’’