Friday 22 April 2022 01:44 PM IST : By സ്വന്തം ലേഖകൻ

എഴുന്നേൽക്കാനോ നടക്കാനോ കഴിയില്ല, ആരെങ്കിലും എടുത്ത് ഇരുത്തിയാൽ ഇരിക്കും; വൈകല്യത്തെ അതിജീവിച്ച് എസ്എസ്എൽസി പരീക്ഷ എഴുതി ശിവപ്രിയ

crrr45555y

ജന്മനാ കിട്ടിയ രോഗത്തിന്റെയും വേദനയുടെയും ലോകത്തെ മറന്ന് ശിവപ്രിയ മണി എസ്എസ്എൽസി പരീക്ഷ എഴുതുകയാണ്. പരീക്ഷാകേന്ദ്രമായ ഗവ. ഹൈസ്കൂളിലെത്തുന്നത് വീൽചെയറിൽ. ഉത്തരമെഴുതുന്നത് മറ്റൊരാളുടെ സഹായത്തോടെ. എഴുതിയ പരീക്ഷയെല്ലാം വളരെ എളുപ്പമായിരുന്നുവെന്നു ശിവപ്രിയ പറയുന്നു. പരീക്ഷയ്ക്ക് മാത്രമാണ് ശിവപ്രിയ സ്കൂളിൽ പോകുന്നത്. വീട്ടിലെത്തുന്ന ബിആർസി (ബ്ലോക് റിസോഴ്സസ് സെന്റർ) അധ്യാപകരാണ് ആഴ്ചയിലൊരിക്കൽ പഠിപ്പിക്കുന്നത്.

ബാക്കി ദിവസങ്ങളിൽ മാതാവ് അനിത മണിയാണ് പാഠഭാഗങ്ങൾ പറഞ്ഞുകൊടുക്കുന്നത്. വിരലുകൾക്ക് ബലം കൊടുക്കാൻ പറ്റാത്തതിനാൽ കൈകൊണ്ട് എഴുതാൻ സാധിക്കില്ല. വിരൽ സ്പർശം മാത്രം മതിയെന്നതിനാൽ കംപ്യൂട്ടറും മൊബൈൽ ഫോണുമെല്ലാം നന്നായി ഉപയോഗിക്കും. ശരീരത്തിലെ എല്ലുകൾക്കുണ്ടാകുന്ന പൊട്ടലാണ് ശിവപ്രിയയുടെ രോഗം. ജനിച്ചു വീണതുതന്നെ 14 പൊട്ടലുകളുമായാണെന്നു മാതാവ് പറഞ്ഞു.

ജീവിതകാലം മുഴുവൻ മരുന്നു കഴിക്കണം. എഴുന്നേൽക്കാനോ നടക്കാനോ കഴിയില്ല. ആരെങ്കിലും എടുത്ത് ഇരുത്തിയാൽ ഇരിക്കും. അതും ഒരു മണിക്കൂറോളം മാത്രം. ശരീരത്തിന്റെ അവസ്ഥ ഒരിക്കലും പഠനത്തെ ബാധിച്ചിട്ടില്ല. തിരുവല്ല മതിൽഭാഗം കൃഷ്ണവിലാസം കോവിലകത്തെ വിനോദ് മണിയുടെ മകളാണ്. ഒന്നു മുതൽ 5 വരെ മതിൽഭാഗം ഗവ. യുപി സ്കൂളിലും 6, 7 ക്ലാസുകളിൽ തിരുവനന്തപുരത്തും 8 മുതൽ 10 വരെ തിരുവല്ല ഗവ. മോഡൽ ഹൈസ്കൂളിന്റെ കീഴിലുമായാണ് പഠനം.

പ്ലസ് ടുവിനു ഓപ്പൺ സ്കൂളിൽ ചേരാനാണ് തീരുമാനം. അതിനുശേഷം കംപ്യൂട്ടർ വിദ്യാഭ്യാസത്തിലേക്കു മാറാനാണ് ആഗ്രഹം. ടാബ് ഉപയോഗിച്ച് ഫെയ്സ്ബുക്കിൽ ബന്ധുക്കളും സുഹൃത്തുക്കളുമായി എല്ലാ ദിവസവും സംവദിക്കും. വിദ്യ കൊണ്ട് സ്വന്തം വൈകല്യത്തെ മറികടക്കുകയാണ് ശിവപ്രിയ.

Tags:
  • Spotlight