Tuesday 25 September 2018 12:28 PM IST : By സ്വന്തം ലേഖകൻ

അന്ന് വെറും 30 രൂപ ശമ്പളം; ഇന്ന് 20 ബ്യൂട്ടി സലൂണുകൾ സ്വന്തം! ബോളിവുഡ് ഹെയർ സ്റ്റൈലിസ്റ്റ് ശിവയുടെ കഥ

ashivaram98643

കരീന കപൂർ, റീമ സെൻ തുടങ്ങി പ്രശസ്തരായ ബോളിവുഡ് താരങ്ങളുടെ ഹെയർ സ്റ്റൈലിസ്റ്റാണ് മുംബൈ സ്വദേശിയായ ശിവരാമ ഭണ്ഡാരി. നഗരത്തില്‍ ശിവാസ് സലൂണ്‍ എന്ന പേരില്‍ ഇദ്ദേഹത്തിന് സ്വന്തമായി ഇരുപതോളം സലൂണുകളും അവയില്‍ മുന്നൂറോളം ജീവനക്കാരുമുണ്ട്. എന്നാൽ ശിവരാമയുടെ പഴയകാലം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. അന്നത്തെ കാലത്ത് വെറും 30 രൂപ പ്രതിമാസ ശമ്പളത്തില്‍ സലൂണുകള്‍ തോറും കയറിയിറങ്ങി മുടിവെട്ടുമായിരുന്നു ശിവ. പട്ടിണിയായിരുന്നു ഈ അനാഥനായ ചെറുപ്പക്കാരന്റെ കൂട്ട്.

1959 ല്‍ തന്റെ നാലാം വയസ്സിലാണു ശിവയ്ക്കു അച്ഛനെ നഷ്ടപ്പെടുന്നത്. പിന്നീട് അയല്‍ക്കാര്‍ പിരിച്ചുനല്‍കിയ പണവുമായി രണ്ടു മക്കളെയും ചേര്‍ത്തുപിടിച്ച് ശിവയുടെ അമ്മ മുംബൈയില്‍ നിന്നും സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി. പക്ഷേ, അച്ഛന്റെ വീട്ടില്‍ താമസിക്കാന്‍ അവർക്ക് അനുവാദം ലഭിച്ചില്ല. മാതാപിതാക്കള്‍ മരിച്ചതിനാല്‍ സ്വന്തം വീട്ടിലേക്ക് മടങ്ങാനും ശിവയുടെ അമ്മയ്ക്കായില്ല. പിന്നീട് അവര്‍ ബന്ധുവീടുകളില്‍ മാറി മാറി താമസിച്ചു ദിവസങ്ങൾ തള്ളി നീക്കി.

കടുത്ത പ്രതിസന്ധികൾക്കിടയിലും തളർന്നിരിക്കാൻ ശിവയുടെ അമ്മ ഒരുക്കമായിരുന്നില്ല. നല്ലവരായ ഒരുകൂട്ടം ആളുകളുടെ സഹായത്തോടെ വൈദ്യുതിയോ ശുചിമുറികളോ ഒന്നുമില്ലാത്ത ഒരു താത്ക്കാലിക ടെന്റ് അമ്മ മക്കള്‍ക്കായി നിര്‍മ്മിച്ചു. അഞ്ചാം ക്ലാസില്‍ വച്ച് പഠനം നിർത്തിയ ശിവ അമ്മയെ ജോലികളിൽ സഹായിച്ചു തുടങ്ങി. അവൻ സൈക്കിള്‍ റിപ്പയറിങ് കടയിലും പച്ചക്കറി ചന്തയിലുമെല്ലാം ചെറിയ ജോലികൾ ചെയ്തു. 1979 ല്‍ ഭാവി കെട്ടിപ്പടുക്കാന്‍ അവൻ മുംബൈ നഗരത്തിലേക്ക് വണ്ടി കയറി. അവിടെ നഗരത്തിലെ ചെറിയ ബാർബർ ഷോപ്പുകളില്‍ വെറും 30 രൂപ മാസ ശമ്പളത്തില്‍ ജോലി ചെയ്തുതുടങ്ങി.

shiva.jpg.image.784.410

1984 ല്‍ വെട്ടിത്തെളിഞ്ഞ കൈകളുമായി ഖത്തറിലേക്കു പോകുന്നതോടെയാണു ശിവയുടെ തലവര മാറുന്നത്. അവിടെ ഒരു സ്‌പോര്‍ട്‌സ് ക്ലബിനു വേണ്ടിയായിരുന്നു ശിവയുടെ ആദ്യത്തെ ഹെയര്‍സ്‌റ്റൈലിങ്. ശിവയുടെ പരീക്ഷണങ്ങൾ അംഗീകരിക്കപ്പെട്ടതോടെ ബ്രസീല്‍, കൊറിയ, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കായികപ്രേമികള്‍ക്കു വേണ്ടി പുത്തൻ സ്‌റ്റൈലുകള്‍ പരീക്ഷിക്കാന്‍ അവസരം ലഭിച്ചുതുടങ്ങി. ലോക സഞ്ചാരം തൊഴിലിലും ശിവയെ ഒരുപാട് സഹായിച്ചു. വിവിധ കോണുകളിലുള്ളവരുടെ ഹെയർ സ്‌റ്റൈലുകള്‍ ശിവ പഎളുപ്പത്തിൽ പഠിച്ചെടുത്തു. ഖത്തറിലെ ദേശീയ ഫുട്‌ബോള്‍ ടീമിനു വേണ്ടി ഹെയർ സ്റ്റൈൽ ചെയ്യാനുള്ള അവസരവും ശിവയ്ക്കു ലഭിച്ചു. ഇതോടെ ശിവയുടെ ജോലിക്ക് വലിയ അംഗീകാരം ലഭിച്ചുതുടങ്ങി.

1988 ല്‍ മുംബൈയില്‍ മടങ്ങിയെത്തുമ്പോള്‍ സ്വന്തമായി ഒരു സലൂണ്‍ തുടങ്ങുക എന്നതായിരുന്നു ശിവയുടെ സ്വപ്നം. ഇതിനിടെ സഹോദരിയുടെ മരണത്തെ തുടർന്ന് അമ്മ ശിവയ്‌ക്കൊപ്പം മുംബൈയില്‍ വന്നു താമസമാക്കി. സെക്കന്‍ഡ് ഹാന്‍ഡ് ഫര്‍ണിച്ചറുകളുമായി താനെയിലാണു ശിവ തന്റെ ആദ്യ സലൂണ്‍ ആരംഭിക്കുന്നത്. ചെറിയ സലൂണ്‍ ആണെങ്കിലും ഗുണനിലവാരത്തിലും വൃത്തിയിലും മുൻപന്തിയിലായിരുന്നു ശിവയുടെ സലൂൺ.

തൊഴിലിനോടുള്ള ആത്മാർത്ഥത ശിവയ്ക്കു ധാരാളം ഉപഭോക്താക്കളെ നേടിക്കൊടുത്തു. വിദൂരങ്ങളിൽ നിന്നുപോലും ആളുകൾ അവിടെയെത്തി തുടങ്ങി. തിരക്കേറിയതോടെ വെളുപ്പിന് അഞ്ചു മുതൽ പാതിരാത്രി വരെ പലപ്പോഴും ജോലി ചെയ്യേണ്ടിവന്നു. ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ലാതെ മുടിവെട്ട് തുടര്‍ന്നതോടെ ശിവ കൂടുതൽ ക്ഷീണിതനായി. തുടർന്ന് സഹായത്തിനു ജോലിക്കാരെ നിയമിക്കേണ്ടി വന്നു...

shiva1.jpg.image.784.410

അങ്ങനെ പടിപടിയായി ശിവ ഉയർന്നുവന്നു, സലൂണുകളുടെ എണ്ണവും. ഒന്നില്‍ നിന്നു രണ്ടായി, രണ്ടു നാലായി, എട്ടായി... അങ്ങനെ മുംബൈ നഗരത്തില്‍ ശിവയുടെ പേരിൽ 20 സലൂണുകളായി. ബാല്‍ താക്കറെയെ പോലുള്ള പ്രമുഖരും ശിവയെ തേടിയെത്തി. പ്രശസ്തി ബോളിവുഡ് വരെയെത്തി. അങ്ങനെ കരീന ഉൾപ്പെടെയുള്ള താരങ്ങളുടെ പ്രിയപ്പെട്ട ഹെയർ സ്റ്റൈലിസ്റ്റായി ശിവ.

1998 ല്‍ നടന്ന സലൂണ്‍ ഇന്റര്‍നാഷണല്‍ ഇവന്റില്‍ പങ്കെടുക്കുമ്പോൾ വേള്‍ഡ് ഹെയര്‍ഡ്രസിങ് കമ്മീഷണര്‍ ക്രിസ്റ്റഫര്‍ മാന്‍ വിദേശത്ത് അഡ്വാന്‍സ്ഡ് കോഴ്‌സുകള്‍ ചെയ്യാന്‍ ശിവയെ പ്രചോദിപ്പിച്ചു. അങ്ങനെ ഇംഗ്ലീഷ് പോലും ശരിക്ക് സംസാരിക്കാനറിയാത്ത ശിവ ലണ്ടനില്‍ പോയി ഹെയര്‍ സ്‌റ്റൈലിങ്ങില്‍ പുതിയ കോഴ്‌സുകള്‍ ചെയ്തു. ലോക പ്രശസ്ത ഹെയര്‍ ഡ്രസര്‍മാരുമായി നേരിട്ട് പരിചയപ്പെട്ടു. ഫുട്‌ബോള്‍, ക്രിക്കറ്റ് ക്ലബുകളിലും നഗരത്തിലെ ഫാഷന്‍ വീക്കുകളിലുമെല്ലാം ശിവ ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമായി.

കേന്ദ്ര ഗവണ്‍മെന്റിന്റെ സംരംഭകത്വ നൈപുണ്യ വികസന പദ്ധതിയില്‍ ശിവാസ് അക്കാദമി പ്രമുഖ പങ്ക് വഹിക്കുന്നുണ്ട്. ഈ രംഗത്തെ പരിശ്രമങ്ങള്‍ക്കും നൂതന സംരംഭങ്ങള്‍ക്കും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളുടെ പുരസ്‌ക്കാരങ്ങളും ശിവയെ തേടിയെത്തി. സ്വന്തം കഥ, സ്വന്തം വാക്കുകളില്‍ ആത്മകഥയായി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ശിവ ഇപ്പോള്‍. സ്വപ്‌നങ്ങള്‍ കൈയെത്തി പിടിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരനും ശിവയുടെ ജീവിതം പ്രചോദനമാകുമെന്ന് ഉറപ്പാണ്.

shiva-2.jpg.image.784.410