Saturday 09 July 2022 11:17 AM IST : By സ്വന്തം ലേഖകൻ

അച്ഛന്റെ മൃതദേഹത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞ് അഖിൽ; ശിവരാമനെ കൊലപ്പെടുത്തിയതു പുതിയ ആനയെന്ന് വനംവകുപ്പ്, പാലക്കാട് ടസ്കർ–7 ആണെന്ന് നാട്ടുകാർ!

palakkad-akhil.jpg.image.845.440

പ്രഭാത സവാരിക്കിടെ കാട്ടാന ചവിട്ടിക്കൊന്ന ശിവരാമന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് മകൻ അഖിൽ. ഒന്നാശ്വസിപ്പിക്കാൻ പോലുമാകാതെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. കഴിഞ്ഞ ദിവസമാണ് പാലക്കാട് ധോണി പെരുന്തുരുത്തിക്കളത്തിൽ എ. ശിവരാമൻ (60) ദാരുണമായി കൊല്ലപ്പെട്ടത്. രാവിലെ നടക്കാനിറങ്ങിയ ശിവരാമനെ കാട്ടാന ആക്രമിച്ചു ചെളിയിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്നയാൾ റോഡരികിലെ പാടത്തേക്കു ചാടി രക്ഷപ്പെട്ടു. 

റെയിൽവേ കോളനി – ധോണി റോഡിൽ പയറ്റാംകുന്നം സെന്റ് ജയിംസ് ദ് ഗ്രേറ്റ് പള്ളിക്കു സമീപം ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ശിവരാമനെ ഒപ്പമുണ്ടായിരുന്നവർ ചെളിയിൽ നിന്നു വലിച്ചെടുത്ത് ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. സത്യഭാമയാണു ശിവരാമന്റെ ഭാര്യ. മകൻ: അഖിൽ, മരുമകൾ: സ്വാതി.

ശിവരാമൻ ഉൾപ്പെടെ എട്ടംഗ സംഘം പതിവായി പുലർച്ചെ ഈ റോഡിലൂടെ നടക്കാറുണ്ട്. രണ്ടര കിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്നു പുറപ്പെട്ട ശിവരാമൻ മുന്നിൽ നടക്കുമ്പോഴായിരുന്നു പൊടുന്നനെ ആനയുടെ ആക്രമണം. പിന്നിലുണ്ടായിരുന്നവർ നിലവിളിയും ചിന്നംവിളിയും കേട്ട് ഓടിയെത്തിയപ്പോൾ റോഡരികിലെ പാടത്തെ ചെളിക്കു മുകളിൽ കാലുകൾ മാത്രമാണു കണ്ടത്. അപ്പോഴേക്കും ആന സ്ഥലംവിട്ടിരുന്നു. ശിവരാമനൊപ്പം നടക്കുകയായിരുന്ന രാജേഷ് റോഡിന്റെ മറുവശത്തുള്ള പാടത്തേക്കു ചാടി രക്ഷപ്പെട്ടു.

palakkad-shivaraman.jpg.image.845.440

ആനയുടെ ആക്രമണമുണ്ടായ സ്ഥലത്തിനു നാലര കിലോമീറ്റർ അകലെയാണു ധോണി വനമേഖല. ധോണി റോഡിൽ ഉമ്മിനി ഗവ. ഹൈസ്കൂളിൽ നിന്ന് 200 മീറ്റർ മാത്രം അകലെയുള്ള ഇവിടെ ഒട്ടേറെ വീടുകളുണ്ട്. 300 മീറ്റർ മാത്രം അകലെയാണു മാസങ്ങൾക്കു മുൻപു പുലി പ്രസവിച്ച വീട്. മരിച്ച ശിവരാമന്റെ കുടുംബത്തിനു വനംവകുപ്പ് നൽകുന്ന 10 ലക്ഷം രൂപ സമാശ്വാസ ധനസഹായത്തിൽ നിന്ന് 5 ലക്ഷം രൂപ എ.പ്രഭാകരൻ എംഎൽഎ വീട്ടിലെത്തി കൈമാറി. അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ അടുത്ത ഗഡു നൽകും.

എന്നാല്‍ ശിവരാമനെ കൊലപ്പെടുത്തിയതു പുതിയ ആനയെന്നു വനംവകുപ്പ്. അതേസമയം, ഏറ്റവും പ്രശ്നക്കാരനായി കണക്കാക്കുന്ന ആനയായ പാലക്കാട് ടസ്കർ–7 ആണെന്നു നാട്ടുകാർ പറയുന്നു. മലമ്പുഴയിൽ ഹോർട്ടികൾചർ ഫാമിനു മുകളിലെ വനത്തിൽ അടുത്തകാലത്ത് വന്നുചേർന്ന സംഘത്തിലെ ആനയാകാമെന്നും സംശയിക്കുന്നു. ഈ സംഘം ഫാമിൽ വലിയ നാശമുണ്ടാക്കിയിരുന്നു. വാളയാർ മുതൽ മുണ്ടൂർ വരെയുള്ള മേഖലകളിൽ സ്ഥിരമായി നാട്ടിലിറങ്ങി പ്രശ്നമുണ്ടാക്കുന്ന കാട്ടാനകളുടെ സ്വഭാവം നിരീക്ഷിച്ച് പാലക്കാട് ടസ്കർ എന്ന പേരിൽ നമ്പർ നൽകി നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ 15 ആനകളുടെ വിവരങ്ങളാണുള്ളത്.

ഇതിൽ പാലക്കാട് ടസ്കർ– 5,7,14 എന്നീ ആനകളാണ് സ്ഥിരം പ്രശ്നക്കാരായി കണക്കാക്കുന്നത്. അപകടം നടന്ന ഇന്നലെ ഈ മൂന്ന് ആനകളും തങ്ങളുടെ നിരീക്ഷണവലയത്തിലായിരുന്നെന്നു വനം ഉദ്യോഗസ്ഥർ പറയുന്നു. മുണ്ടൂർ–ധോണി മേഖലയിലെ സ്ഥിരം ശല്യക്കാരനാണ് ഏഴാം നമ്പർ ആന. നാട്ടിലിറങ്ങി നാശമുണ്ടാക്കുന്ന ആനകളുടെ കൂടെയെല്ലാം ഈ ആനയ്ക്ക് സീസൺ അനുസരിച്ച് ചങ്ങാത്തമുണ്ട്. ചക്ക, മാങ്ങ സീസൺ കണക്കാക്കി നാട്ടിലിറങ്ങുന്നതാണു രീതി. നെൽക്കൃഷി നശിപ്പിക്കാറുണ്ട്. ഇടയ്ക്കിടെ പ്രദേശത്തുനിന്നു മുങ്ങുന്ന ആന പിന്നീട് വന്നു വലിയ ശല്യമുണ്ടാക്കാറുണ്ട്. ഒരിക്കൽ പിടികൂടാൻ നിയോഗിച്ച കുങ്കിയാനയെ തന്നെ ഇവൻ ചങ്ങാത്തത്തിലാക്കിയിരുന്നു.

Tags:
  • Spotlight