Friday 21 January 2022 12:55 PM IST : By സ്വന്തം ലേഖകൻ

‘ഉറങ്ങുകയാണെന്നു കരുതി, പക്ഷേ എന്റെ കുഞ്ഞു അവസാന യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു’: കാൻസർ കവർന്ന നിധി

sreevesh

കാൻസർ കവർന്ന പ്രിയതമയെ കുറിച്ച് ഹൃദയം തൊടും കുറിപ്പ് പങ്കുവയ്ക്കുകയാണ് ശിവേഷ്. സന്തോഷം കളിയാടിയിരുന്ന ജീവിതത്തിനു മേൽ കരിനിഴൽ വീഴ്ത്തി അപ്രതീക്ഷിത അതിഥിയായി കാൻസറെത്തിയ നിമിഷത്തെ ഒരു ദു:സ്വപ്നം എന്ന പോലെ ശിവേഷ് ഓർത്തെടുക്കുന്നു. പോരാട്ടത്തിന്റെ നാളുകളിൽ തന്റെ പ്രിയപ്പെട്ടവൾ അനുഭവിച്ച വേദനകൾ, തങ്ങൾ ഒന്നിച്ചു കണ്ട സ്വപ്നങ്ങൾ എല്ലാം ശിവേഷിന്റെ വാക്കുകളിൽ വേദനയായി നിഴലിക്കുന്നു. വനിത ഓൺലൈനുമായി പങ്കുവച്ച ഓർമക്കുറിപ്പ് ഹൃദയവേദനയോടെയല്ലാതെ വായിച്ചു തീർക്കാനാകില്ല.

കുറിപ്പിന്റെ പൂർണരൂപം:

ഓഹ് വേറെ പണിയില്ലെ ഇത് വായിക്കാന്‍ എന്ന് പറഞ്ഞ് പോകരുത് ഇതില്‍ എന്‍റെ ജീവിതമുണ്ട്. നാളെ നിങ്ങളുടെ ജീവനുവേണ്ടിയുള്ള കരുതലുണ്ട് ...അധികം ആരും ഓര്‍ക്കാത്ത എന്നാല്‍ ഓര്‍ക്കേണ്ട ഒരു ദിവസം.. ഒരു പാട് പരിഷ്കൃതമായ, വിദ്യഭ്യാസമുള്ള ജനത എന്ന് പറയുന്ന മലയാളികള്‍ ഈ ദിനത്തെ ഒന്നു കൂടെ അറിയണം കാരണം കാൻസർ രജിസ്ട്രി കണക്കുകൾ പ്രകാരം കേരളത്തിൽ ഒരു ദശലക്ഷത്തിൽ 974 സ്ത്രീകളും 913 പുരുഷ കാൻസർ രോഗികളുമുണ്ട്. ഒരു വർഷത്തിനിടെ കേരളത്തിൽ ഏകദേശം 35,000 പുതിയ കാൻസർ കേസുകളുണ്ടായി. ഇതിൽ 50% അർബുദങ്ങൾ പുരുഷന്മാരിലും 15% സ്ത്രീകളിലും തൊണ്ടയിലും വായയിലും ശ്വാസകോശത്തിലുമാണ്. അസുഖം ആര്‍ക്കും വരാം എപ്പോളും വരാം അതെല്ലാം വിധി എന്നെല്ലാം പറയാമെങ്കിലും കുറെയെറെ നമ്മുടെ ജീവിത ഭക്ഷണ ശെെലികള്‍ കൊണ്ടാണ് എന്നതാണ് യാഥാര്‍ത്ഥ്യം..

2016-ൽ ഇന്ത്യയിലുടനീളമുള്ള അർബുദത്തിന്റെ അസംസ്കൃത നിരക്കിനെ പ്രതിനിധീകരിക്കുന്നു. കണക്കാക്കിയ കാലയളവിൽ, കേരളത്തിൽ ഏറ്റവും കൂടുതൽ കാൻസർ രോഗബാധിതരുണ്ട്,എന്തു കൊണ്ടോ നമ്മള്‍ മനപൂര്‍വ്വം ചില യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെയുള്ള ഈ കണ്ണടക്കല്‍ സ്വന്തം ജീവനും ജീവിതത്തിനും നേരെയുള്ള കടന്നുകയറ്റത്തെ കണ്ടില്ലെന്ന് നടിക്കലാണെന്ന് പറയേണ്ടി വരും..എല്ലാവര്‍ക്കും കാന്‍സര്‍ വരുന്നത് ജീവിതശെെലി കൊണ്ടല്ലങ്കിലും വരാതിരിക്കാന്‍ തീര്‍ച്ചയായും ജീവിതശെെലി മാറ്റേണ്ടത് അത്യാവശ്യമാണ്. ഇതെല്ലാം പറയുമ്പോള്‍ നിങ്ങള്‍ക്ക് തോന്നാം ''ഇവനാരടാ ഓങ്കോളജി ഡോക്ടറാണോ'' എന്ന്..എന്നാല്‍ അല്ല.. ഒരു വ്യക്തിക്ക് കാന്‍സര്‍ ഉണ്ടാകുമ്പോള്‍ അത് ആ വ്യക്തിയെ മാത്രമല്ല അദ്ദേഹത്തിന്‍റെ കുടുംബത്തെ കൂടെ അത് ബാധിക്കുന്നു എന്നത് ഒരു സത്യമാണ്.. എല്ലാവരും പറയും കാന്‍സറിനെ ഭയപ്പെടരുത് പോരാടണം എന്നെല്ലാം എന്നാല്‍ ഞാന്‍ കുറച്ച് വ്യത്യസ്ഥമായാണ് പറയുന്നത് അത് അനുഭവത്തില്‍ നിന്നു മനസ്സിലാക്കിയതാണ്.. പോരാട്ടത്തിന് പരിധികളും പരിമിതികളും ഉണ്ട് എന്നതും ഒരു കാരണമാണ് വരാതിരിക്കാന്‍ പോരാടുക എന്നതാണ് വന്ന് പോരാടുന്നതിനേക്കാള്‍ നല്ലത്..

2017 ലാണ് കാന്‍സര്‍ എന്ന കേട്ടുകേള്‍വിയില്‍ നിന്ന് മാറി കാന്‍സറെന്ന യാഥാര്‍ത്ഥ്യത്തെ ഞാന്‍ തിരിച്ചറിയുന്നത് ...പ്രണയത്തിലായിരുന്ന സഹപാഠി കൂടിയായ എന്‍റെ പ്രിയതമയിലൂടെ. സ്റ്റാഫ് നഴ്സായ അവള്‍ക്ക് ഇടക്കിടെ വരുന്ന ഒരു പനി അതായിരുന്നു തുടക്കം. ജോലിചെയ്യുന്ന ആശുപത്രിയിലെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ ചില ടെസ്റ്റുകള്‍ വഴ എത്തിപ്പെട്ടത് റീജിയണല്‍ കാന്‍സര്‍ സെന്‍റെര്‍ (RCC) എന്ന ആ വലിയ കുറെ നിലകളുള്ള കെട്ടിടത്തിലാണ് വിവാഹം കഴിഞ്ഞില്ല എങ്കിലും അവരുടെ കൂടെ പോകണം എന്ന് മനസ്സ് പറഞ്ഞു ആകെ ഒരു വെപ്രാളമായിരുന്നു എന്ന് തന്നെ പറയാം... ആര്‍ സി സി യുടെ പടിയിലെത്തിയതും എന്തെന്നില്ലാത്ത ഒരു മൂകത ,വേദനകള്‍, നഷ്ട്ടങ്ങള്‍,കഷ്ട്ടപ്പാടുകള്‍ ,സന്തോഷങ്ങള്‍ അങ്ങിനെ എല്ലാം സമ്മിശ്രമായി തളം കെട്ടി നില്‍ക്കുന്നു ഒരു പാട് മനുഷ്യര്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുന്നു.. ഞാനവളുടെ മുഖത്ത് നോക്കിയപ്പോല്‍ അവിടെ വരെ എത്തിപ്പെട്ട വേദന ഉള്ളിലൊതുക്കാന്‍ അവള്‍ നന്നെ പാടു പെടുന്നുണ്ടായിരുന്നു.. കുറെ നേരത്തെ കാത്തിരിപ്പിന് ശേഷം ഡോക്ടറെ കണ്ടു. അങ്ങോട്ട് എത്താന്‍ കാരണമായ ടെസ്റ്റുകളുടെ റിസള്‍ട്ടും ..സ്ളെെഡും ബ്ളോക്കും എല്ലാം ലാബില്‍ കൊടുക്കാനും അത് കഴിഞ്ഞ് 10 ദിവസത്തിനുള്ളോല്‍ വരാനും ആവശ്യപ്പെട്ടു..തിരിച്ചിറങ്ങുമ്പോള്‍ ഒരു വലിയ വീര്‍പ്പുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട അവസ്ഥയായിരുന്നു ഞങ്ങള്‍ക്ക് ..എന്‍റെ മുഖം കണ്ടിട്ടാവണം അവള്‍ പറഞ്ഞു..''നീ പേടിക്കണ്ട കുഞ്ഞാ..അത്ര ഒന്നും ഉണ്ടാവില്ല മാറി പോകും.''

അവളുടെ വാക്കുകള്‍ എന്നും ധൈ തരുന്നത് കൊണ്ടാകണം ഞാനും അതില്‍ ഓ.കെ ആയി കൂടെ ഉള്ള അവളുടെ സഹോദരി ഭര്‍ത്താവും ഒന്ന് ok ആയി...നേരെ ട്രെയിനിനു കേറി വീട്ടിലെത്തി അവള്‍ സാധാരണ പോലെ ജോലിക്ക് പോയി തുടങ്ങി.. ആ പത്താമത്തെ ദിവസം വരെ ഉള്ള കാത്തിരിപ്പ് അതി കഠിനമായ ടെന്‍ഷനായിരുന്നു എനിക്ക് പക്ഷെ അവള്‍ അപ്പോഴും വളരെ ആത്മവിശ്വാസത്തോടെ ആയിരുന്നു.. അങ്ങിനെ പത്താമത്തെ ദിവസം രാവിലെ എത്തിയ ഞങ്ങള്‍ ഡോക്ടറെ കാണുന്നത് വൈകിട്ട് 4 മണിക്കാണ് ..അതുവരെ ആയിരകണക്കിന് ആളംകളെ കണ്ടു പല ഡോക്ടര്‍മാരുടെ ചികിത്സയിലുള്ളവര്‍. ബോറടിച്ച് ഞങ്ങള്‍ രണ്ടും ഫോണില്‍ ഗെയിം കളിക്കാന്‍ തുടങ്ങി പെട്ടൊന്നൊരു വിളി വന്നു.. ഒരു നഴ്സ് അശ്വതിയുടെ കൂടെ ഉള്ള ആള്‍ മാത്രം ഉള്ളിലേക്ക് വരണം ..ഞാന്‍ കേറി ചെന്നതും ഉള്ളില്‍ രണ്ട് മൂന്ന് ഡോക്ടര്‍മാരുണ്ട് അതിലൊരാള്‍ തെല്ല് നിരാശയോടെ പറഞ്ഞ് തുടങ്ങി..

''അസുഖം കൂടുതലാണ് ..അധികം ഒന്നും ചെയ്യാനില്ല നമ്മുക്ക് നോക്കാമെന്നെ ഉള്ളൂ'' ആ വാക്കുകള്‍ ഇന്നും എന്റെ കാതില്‍ അലയടിക്കുന്നുണ്ട്.. കണ്ണ് നിറഞ്ഞ് പുറത്തിറങ്ങിയ എന്നെ കണ്ട് അവള് എന്താ ചോദിച്ചു പ്രത്യേകിച്ച് ഒരു ആരോഗ്യ പ്രശ്നവും ഇല്ലാത്ത കളിച്ച് ചിരിക്കുന്ന അവളോട് എന്ത് പറയാനാണ്. അത് മനസ്സിലാക്കിയ അവള്‍ ധൈര്യപൂര്‍വ്വം ഡോക്ടറുടെ മുറിയില്‍ കേറി സംസാരിച്ചു തിരിച്ചിറങ്ങുമ്പോള്‍ ചിരിച്ച് കൊണ്ട് അവള്‍ പറഞ്ഞു വാ കുഞ്ഞാ നമ്മുക്ക് പോകാം..എന്തെന്നറിയാത്ത ഒരു അവസ്ഥയില്‍ ഞാനും എഴുന്നേറ്റ് നടന്നു.. ട്രെയിനില്‍ വച്ച് അവളുടെ കണ്ണുകളും നിറയുന്നത് ഞാന്‍ കണ്ടു.. കുറച്ച് കഴിഞ്ഞ് എന്നോടവള്‍ പറഞ്ഞു ''ഈ ഡോക്ടര്‍മാരും മനുഷ്യരാണ് ഒരാള്‍ എങ്ങിനെ ജീവിക്കും എത്ര നാള്‍ ജീവിക്കും എന്ന് ആര്‍ക്കും പ്രവചിക്കാനൊന്നും പറ്റില്ല നമ്മുക്ക് നോക്കാന്നെ എന്തായാലും ഇവരെന്താ ഒരു അസുഖവും ഇല്ലാത്ത എന്നെ പറ്റി

ഇങ്ങനെ പറയുന്നത്? അല്ലെ കുഞ്ഞാ'' ഞാനും തലകുലുക്കി...പിന്നെ പറഞ്ഞ ഡോക്ടറോടും ആശുപത്രിയോടും ഒരു വെറുപ്പായിരുന്നു ഞങ്ങള്‍ക്ക് ..അങ്ങിനെ 10 ദിവസത്തെ ഗ്യാപ്പ് ഡോക്ടര്‍ വീണ്ടും പറഞ്ഞിരുന്നു..അങ്ങിനെ ഇരിക്കെ ആണ് ഷിമോഗ എന്ന ഒരു സ്ഥലവും നാരായണന്‍ എന്ന വൈദ്യരെയും പറ്റി കുറെ അധികം വിവരണങ്ങളും മറ്റും ഫെയ്സ്ബുക്കിലും യൂട്യൂബിലും നിറയുന്നത് ഒരു മരുന്ന് കൊടുക്കുന്നുണ്ട് കഴിച്ചാല്‍ കാന്‍സര്‍ മാറും എന്നാണ് പറയുന്നത്.. കാന്‍സറിനെ പറ്റി ആദ്യം അറിഞ്ഞ നമ്മള്‍ വിഷം തിന്ന പട്ടിയെ പോലാണ് പലയിടത്തും ഓടും പല കലത്തിലും തലയിടും രക്ഷപ്പെടാനുള്ള തെല്ല് വെളിച്ചമാണെന്ന് തെറ്റിദ്ധരിക്കും അങ്ങിനെ ഞാനും എന്‍റെ സുഹൃത്തുകളും കൂടെ ഷിമോഗക്ക് വച്ചു പിടിച്ചു.പോകുന്ന വഴി തമിഴ് നാട് അതിര്‍ത്തിയില്‍ ഞങ്ങളുടെ വാഹനം പോലീസ് തടഞ്ഞു..ഒരു ചെറുപ്പക്കാരനായ പോലീസുകാരന്‍ എവിടെക്കാണെന്ന് പരിശോധനക്കിടയില്‍ എന്നോട് ചോദിച്ചു ഞാന്‍ കാര്യം വ്യക്തമാക്കി ..കേട്ടതും അയാള്‍ ചോദിച്ചു..''നീ കേരള താനെ നിറയാ പഠിച്ചവനാകുമെ!? ഏ ഊരില് നല്ല ഹോസ്പിറ്റല്‍ ഇല്ലിയാ ? ആഹ് പോ പോ ''എന്ന് ഒരു പുച്ഛത്തോടെ അയാള്‍ പറഞ്ഞു.. അങ്ങിനെ പോയി കുറെ ദൂരം യാത്ര ചെയ്ത് അവിടെ ചെന്ന് കുറെ വരിയും നിന്ന് അടിയും ഉന്തും തള്ളുമായി പല നാട്ടുകാരുണ്ട് അവസാനം മരുന്ന് കിട്ടി..ഒരു പാട്ട ബക്കറ്റില്‍ നിരത്തി വച്ച 3 പൊടികള്‍ ..അതു തന്നെ ഷുഗറിനും ..മൂത്രക്കലിനും മറ്റു പലതരം കാന്‍സറുകള്‍ക്കും മരുന്ന് ..അപ്പോള്‍ തന്നെ മനസ്സില്‍ ഒരു പറ്റിക്കപ്പെടലിന്റെ സൂചനകള്‍ എനിക്ക് തോന്നി തുടങ്ങി..

ഈ പൊടി 3 ലിറ്റര്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരു ലിറ്ററാക്കി കുടിക്കണം പേരാത്തതിന് പഥ്യം വേറെയും ഉണ്ട്.. പത്യപ്രകാരം സത്യം പറഞ്ഞാല്‍ ഭക്ഷണമെ കഴിക്കാന്‍ പാടില്ലാത്ത പോലെ ആണ്..അങ്ങിനെ തിരിച്ചെത്തിയ ഞാന്‍ വീട്ടുകാരുടെ സമ്മതമില്ലാതെ ആദ്യമായി അവരുടെ എതിര്‍പ്പുകളെ അവഗണിച്ച് അവളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു തീരുമാനം അറിഞ്ഞ അശ്വതിയും കുറെ എന്നെ പിന്‍ന്തിരിപ്പിക്കാനും ഒഴിവാക്കാനും ശ്രമിച്ചു അവസാനം എല്ലാവരെയും എതിര്‍ത്ത് എന്‍റെ തീരുമാനം നടന്നു 2017 ഡിസംബര്‍ 10 ന് അധികമാരും ഇല്ലാതെ ഗുരുവായൂരില്‍ വച്ച് അവളെ സ്വന്തമാക്കി . ആദ്യമെ തന്നെ അവിടെ ഒരു flat ഞാന്‍ ശരിയാക്കിയിരുന്നു..അങ്ങോട്ട് അവളെയും കൊണ്ട് താമസം തുടങ്ങി..അങ്ങിനെ ഞങ്ങള്‍ രണ്ട് പേരും മാത്രമുള്ള ജീവിതം തുടങ്ങി ..ഒപ്പം ഷിമോഗയിലെ മരുന്നും പഥ്യം നോക്കി അന്നെല്ലാം കഞ്ഞിയും ഉപ്പീടാതെ പുഴുങ്ങിയ ചെറുപയറും ആണ് കഴിച്ചിരുന്നത് രണ്ട് പേരും..10 ദിവസത്തിനുള്ളില്‍ തിരികെ എത്താന്‍ പറഞ്ഞ ആര്‍ സി സി ഞങ്ങള്‍ മറന്നു ഏകദേശം ഒരുമാസമായപ്പോള്‍ സ്വയം തീരുമാനിച്ച് ഒരു ടെസ്റ്റ് നടത്തി. അതില്‍ മുന്നത്തെക്കാള്‍ കൂടുതല്‍ ആണ് അസുഖമെന്നും ഈ മരുന്ന് ശുദ്ധ തട്ടിപ്പാണെന്നും ഞങ്ങള്‍ മനസ്സിലാക്കി.പക്ഷെ അപ്പോളും അതൊന്നും അവളുടെ ശരീരം പുറത്ത് കാണിച്ചിട്ടില്ല ഒരു ക്ഷീണം പോലും അവള്‍ക്കില്ലായിരുന്നു..

പിന്നെ വേഗം ആര്‍സിസി യില്‍ പോയി അന്നും കുറെ കാത്തിരുന്ന് പുതിയ ഒരു ഡോക്റ്ററാണ് ഇന്ന് കണ്ടത്.. അദ്ദേഹം കീമോതെറാപ്പി തുടങ്ങാന്‍ നിര്‍ദ്ദേശിച്ചു 48 മണിക്കൂറാണ് ഒരു കീമോ തെറപ്പി അത് 2 മണിക്കൂര്‍ ആശുപത്രിയിലും ബാക്കി കഴുത്തില്‍ തൂക്കിയിട്ട് കയ്യിലൂടെ മരുന്ന് കേറുന്ന രീതിക്ക് വീട്ടില്‍ പോകാം എന്നും അദ്ദേഹം പറഞ്ഞു. പക്ഷെ കയ്യിൽ ഒരു കാനുല ഇടണം അത് ഈ കീമോ തെറാപ്പി അവസാനിക്കുന്നത് വരെ ഊരാന്‍ കഴിയില്ല അത് കൊണ്ട് കെെയിലെ സെന്‍റെര്‍ലെെനിലൂടെ ഹൃദയത്തിലേക്ക് എത്തുന്ന രീതിയില്‍ ഒരു കാനുല ഇടണം..ഒരു നഴ്സ് അത് വേടിക്കാന്‍ എഴുതി എന്റെ കയ്യില്‍ തന്നു ..സാധാരണ ഡ്രിപ്പ് ഇടുന്ന കാനുല മാത്രം കണ്ട ഞാന്‍ ഞാന്‍ ഈ കാനുല കണ്ട് ഞെട്ടിപോയി ഏകദേശം ഒരു മീറ്ററോളം നീളത്തില്‍ ഒരു ട്യൂബോടു കൂടിയ കാനുല ഇത് കയ്യിലൂടെടെ ഹൃദയം വരെ കേറ്റണം എന്ന് ആലോചിച്ചപ്പോള്‍ ഞാന്‍ ഒന്നവിടെ ആളൊഴിഞ്ഞ ഭാഗത്ത് നിന്ന് കണ്ണുനിറച്ചു. അവിടെ അവളുടെ കയ്യില്‍ കൊടുത്തപ്പോള്‍ അവള് എന്‍റെ മുഖത്ത് നോക്കി പറഞ്ഞു ''ലോക്കല് തരും കുഞ്ഞ യൂ ഡോണ്‍ഡ് വറി ..വേദനക്കില്ലന്ന്'' എങ്കിലും അവള്‍ക്ക് ഒരു ചെറിയ മുറിവുണ്ടാകുന്നത് വരെ വിഷമം ഉണ്ടാകുന്ന കാര്യമായി ഉള്ളപ്പോള്‍ ഈ കുത്തലുകളെല്ലാംം വേദനയാണ് .അതിന് മുന്നെ കഴുത്തില്‍ നിന്ന് പരിശോധിക്കാന്‍ ബയോപ്സി എടുത്തെങ്കിലും അത് അനസ്തേഷ്യ കൊടുത്താണെന്നുള്ള സമാധാനമായിരുന്നു എനിക്ക്...

അങ്ങിനെ കീമോ തുടങ്ങി ആദ്യമായി കീമോ ബെഡില്‍ കിടക്കുമ്പോള്‍ അവളുടെ കണ്ണൊന്ന് നിറഞ്ഞു... കുറെ രോഗികളെ കണ്ടിട്ടാവണം നഴ്സുമാരുടെയും മിക്ക സ്റ്റാഫുകളുടെയും മനസ്സ് മരവിച്ച് കണ്ണിലും പ്രവൃത്തിയിലും ഒരു സ്നേഹമില്ലാതെ തോന്നി..ഞാന്‍ അവളുടെ കാല്‍ക്കലായി ഇരുന്നു പതിയെ കാലുകള്‍ തിരുമ്മി കൊടുത്തു ..പിന്നെയാണ് അടുത്ത ടാസ്ക്ക് ബാക്കിയുള്ള 46 മണിക്കൂറിന്റെ മരുന്ന് ബോട്ടിലില്‍ ആക്കി കഴുത്തില്‍ തൂക്കിയിട്ട് ആ തലസ്ഥാന നഗരിയിലൂടെ ട്രെയിനും കേറി ഗുരുവായൂരെത്തണം.. ഡോക്ടര്‍ മാസ്ക്ക് വക്കുന്നത് നല്ലതാണ് എന്നു പറഞ്ഞപ്പോള്‍ മാസ്ക്കും കഴുത്തിലെ ആ ബോട്ടിലും കെെയിലെ ട്യൂബുമായി ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനിലെത്തി അവിടെ പലതരം നോട്ടങ്ങള്‍ ഞങ്ങള്‍ കണ്ടു.. ചിലര്‍ അത്ഭുതത്തോടെ..ചിലര്‍ എന്താണെന്ന് ചാഞ്ഞും ചരിഞ്ഞും നോക്കുന്നു എതോ പ്രത്യേകതരം ജീവികളെ കണ്ട കണക്ക് ട്രെയിനിലും തഥെെവ..അങ്ങിനെ വീട്ടിലെത്തിയതും അവള്‍ക്ക് തെല്ല് ക്ഷീണം തോന്നി തുടങ്ങി പതുക്കെ അവള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി പതിയെ പതിയെ ഞാന്‍ കണ്ടിട്ടില്ലാത്ത അത്രയും ക്ഷീണം ..അവള്‍ക്ക് എന്നോട് സംസാരിക്കാന്‍ വയ്യ കണ്ണു തുറന്ന് നോക്കാന്‍ വയ്യ ആകെ വിഷമത്തിലായ ഞാന്‍ അന്ന് ആദ്യമായി ഒറ്റപ്പെടലിന്‍റെ വേദനയറിഞ്ഞു.പലപ്പോഴും കെെ വച്ച് നോക്കി ജീവനുണ്ടോ എന്ന് തിരിച്ചറിയേണ്ടി വന്നിട്ടുണ്ട്..

അടിച്ച് വാരലും തറതുടക്കലും ..അലക്കലും കഴുകലും ..ടോയ്ലറ്റ് വൃത്തിയാക്കലും എല്ലാം ഞാന്‍ തന്നെ ചെയ്തു തുടങ്ങി .അവള്‍ ജോലിക്ക് പോകല് നിര്‍ത്തി അവളൊന്ന് ശരിയായി വരുമ്പോളെക്കും അടുത്ത കീമോയുടെ സമയമായിട്ടുണ്ടാകും അതിനിടക്ക് ടെസ്റ്റുകളും കുത്തലും വേറെയും അങ്ങിനെ ആണ് പാരമ്പര്യമായി ആണ് അസുഖം എന്ന് മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ അശ്വതിയുടെ സഹോദരിക്കും ടെസ്റ്റുകള്‍ പറഞ്ഞു അതിന്റെ ഫലവും ഞെട്ടിക്കുന്നതായിരുന്നു..അധികം ചികിത്സകള്‍ക്ക് കാത്തുനില്‍ക്കാതെ അവര് ആ കുഞ്ഞു മകളെയും തനിച്ചാക്കി പോയി.. അശ്വതിയാണ് സഹോദരി പ്രസവിച്ചപ്പോള്‍ ആ കുഞ്ഞിനെ ആദ്യമായി വാങ്ങിയത് അമ്മയെ പോലെ മേമ്മയായി സ്നേഹിച്ചത് ജീവനായിരുന്നു അവളെ അശ്വതിക്ക് ..ചേച്ചി പോയതോടെ കുഞ്ഞിനെ അവരുടെ ഭര്‍ത്താവ് കൊണ്ട് പോയി ഒരു പക്ഷെ ചേച്ചിയുടെ ഇല്ലായ്മയെക്കാള്‍ അവളെ വേദനിപ്പിച്ചത് ആ കുട്ടിയെ കാണാന്‍ പറ്റാത്ത വിധം അവര് കൊണ്ടു പോയതാണ്. ആ അങ്ങിനെ അശ്വതിക്ക് ഒരു 5 കീമോ കഴിഞ്ഞപ്പോള്‍ ഛര്‍ദ്ദി നിന്നു ചെറിയ ക്ഷീണം അതും ഒരു ദിവസം അതോടെ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ച് വരുന്ന പോലെ തോന്നി ..ഞങ്ങള്‍ക്കിടയില്‍ വീണ്ടും കളിചിരികളും നിറഞ്ഞു. പല തരം കീമോ തെറാപ്പികള്‍ അതിനിടയിലൂടെ പോയി ഒപ്പം രണ്ട് വീട്ടുകാരും ഞങ്ങളുടെ കൂടെ നിന്നു തുടങ്ങി ഇടവേളകളില്‍ എന്റെയും അശ്വതിയുടെയും വീട്ടില്‍ നിന്നു ..എന്റെ അച്ചുവിനെ അമ്മയും അച്ഛനും പെങ്ങളും എല്ലാം കുറെ സ്നേഹിച്ചു അവള്‍ അവരെയും വീട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും അവസാനവാക്ക് ആണ് അശ്വതി... അങ്ങിനെ എല്ലാ തരത്തിലും സന്തോഷം പക്ഷെ വീട്ടിലെ ലോണും ഞങ്ങളുടെ വാടകയും ആശുപത്രിയും ചിലവുകളും ആ സമയത്ത് വല്ലാതെ ഞെരുക്കിയിരുന്നെങ്കിലും ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ കുറെ നല്ല മനുഷ്യരുടെ സ്നേഹം കൊണ്ട് എല്ലാം തരണം ചെയ്തു...അങ്ങിനെ ടെസ്റ്റ് വീണ്ടും ചെയ്തു അസുഖം കുറഞ്ഞിരിക്കുന്നു വളരെ മാറ്റമുണ്ട് ..താത്കാലികമായി ചികിത്സ നിര്‍ത്താമെന്ന ഡോക്ടറുടെ നിര്‍ദ്ദേശം ലോട്ടറി അടിച്ച സന്തോഷമായിരുന്നു ..ഡോക്ടര്‍ അരുണ്‍ശങ്കര്‍ തൃശ്ശൂരുകാരനാണ്..വളരെ സ്നേഹമുള്ള ചിരി മാത്രം മതി പകുതി അസുഖം മാറാന്‍..അങ്ങിനെയാണ് അവള്‍ വീണ്ടും ജോലിക്ക് പോയി തുടങ്ങി ആ ഇടക്കാണ് അവളുടെ അച്ഛനും ഹാര്‍ട്ട് അറ്റാക്കായി പോകുന്നത്.. സത്യം പറഞ്ഞാല്‍ അസുഖത്തെക്കാള്‍ അവള്‍ക്ക് വേദനിച്ചത് ഉറ്റവരുടെ ഈ വേര്‍പാടുകളായിരുന്നു...

ഡയാലിസിസിലാണ് ഇത്തവണ അവള്‍ക്ക് ഡ്യൂട്ടീ അത് കഴിഞ്ഞ് വന്നാല്‍ അവിടെ നടന്ന കാര്യങ്ങള്‍ കലപില പറഞ്ഞ് എന്‍റെ ചെവി തിന്നും..അപ്പോഴെക്കും കോവിഡ് പിടിമുറുക്കിയെങ്കിലും അതൊന്നും അവള്‍ വകവെച്ചില്ല.അത്രക്ക് ഇഷ്ട്ടമായിരുന്നു ജോലി. നഴ്സിങ്ങില്‍ നല്ല ജ്ഞാനം ഉണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. ഇടക്കിടെ ഉള്ള ലീവെടുക്കല്‍ എന്‍റെ ജോലി പോയിരുന്നു എന്ന തമാശയും ഉണ്ട്...അങ്ങിനെ ഒരു വര്‍ഷം വെറുതെ ഫോളോഅപ്പുകള്‍ മാത്രമായി സുഖമായി ഇണങ്ങിയും പിണങ്ങിയും ഞങ്ങള്‍ ജീവിച്ചു.. അപ്പോഴെക്കും എന്റെ വീട്ടില്‍ അവൾ സ്നേഹനിധി ആയിരുന്നു ..എന്നും കുറെ ആഗ്രഹങ്ങള്‍ ഗവണ്‍മെന്റ് ജോലി വേണം ബി എസ് സി എടുക്കണം എന്നിട്ട് ജോലി കിട്ടിയില്ലെങ്കില്‍ പുറം രാജ്യത്ത് രണ്ടാള്‍ക്കും കൂടെ പോകണം കാശുണ്ടാക്കി നല്ല വീട് വെക്കണം.. ഒരു മോളെ വേണം അവള്‍ക്ക് എന്റെ ചുണ്ടും മൂക്കും എല്ലാം വേണം അങ്ങിനെ കുറെ ആഗ്രഹങ്ങള്‍ സ്വപ്നങ്ങള്‍.

പക്ഷെ അധികം നീണ്ടു നിന്നില്ല ടെസ്റ്റുകളില്‍ വീണ്ടും അസുഖം തിരിച്ച് വരാന്‍ തുടങ്ങിയതായി മനസ്സിലായി വീണ്ടും കീമോ തുടങ്ങി പക്ഷെ ഒന്നും ഫലം കണ്ടില്ല ..അതിനിടക്ക് ഛര്‍ദ്ദി തുടങ്ങി നില്‍ക്കാതെ ഒരു ദിവസം ആറും ഏഴും തവണ ഛര്‍ദ്ദി അവളുടെ ശരീരം ശോഷിക്കാന്‍ തുടങ്ങി മുഖം മാറി.. വയറ് വീര്‍ത്തു വന്നു ..വയറില്‍ ഒരു ഫ്ളൂയിഡ് നിറയാന്‍ തുടങ്ങി അത് കുത്തിയെടുത്ത് കളഞ്ഞു തുടങ്ങി ഇത്തവണ വേദനകളും ഉണ്ട് പക്ഷെ അപ്പോഴും അവള്‍ പൊരുതി നിന്നു തെല്ലും ഭയം തോന്നിയിട്ടില്ല അവള്‍ക്ക്..കീമോകള്‍ വേണ്ടത്ര ഫലം ഇല്ലാതായി വില കൂടിയ മരുന്നുകള്‍ പലരുടെയും സഹായം കൊണ്ട് ചെയ്തു ഒന്നും ഫലം കണ്ടില്ല..വേദനയോടെ ഡോക്ടര്‍ എന്നോട് പറഞ്ഞു ഒന്നും ചെയ്യാനില്ല ശിവേഷ്.. ആ വാക്കുകള്‍ അദ്ദേഹം പറയുന്നതിന് മുന്നെ ഞാന്‍ മനസ്സിലാക്കിയിരുന്നതു കൊണ്ടോ അശ്വതിയുടെ കൂടെ ജീവിച്ച ധെെര്യം പകര്‍ന്ന് കിട്ടിയത് കൊണ്ടോ എന്തോ ഞാന്‍ കരഞ്ഞില്ല. തൃശ്ശൂരിലെ പാലിയേറ്റീവ് കെയറില്‍ അശ്വതിയുടെ പ്രിയപ്പെട്ട അധ്യാപികയുടെ സഹായത്തോടെ കുറച്ച് പാലിയേറ്റിവ് ചികിത്സകള്‍ മാത്രമായി കുറച്ച് ദിവസം പോയി ..പിന്നെ ഡ്രിപ്പിടാനും ഇന്‍ഞ്ചെക്ഷന്‍ ചെയ്യാനും എന്നെ പഠിപ്പിച്ചിരുന്നു കുറെ മുന്നെ തന്നെ അത് കൊണ്ട് ക്ഷീണത്തിനുള്ള ഡി എന്‍ എസും മറ്റും ഞാന്‍ തന്നെ ഇട്ട് കൊടുത്തു..അവളുടെ കാലുകളില്‍ നല്ല രീതിയില്‍ നീര് വന്നു. നടക്കാനോ എഴുന്നേല്‍ക്കാനോ പരസഹായം വേണ്ട അവസ്ഥ എല്ലാം ഞാന്‍ ചെയ്തു വൃത്തിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറല്ലാത്ത അവള്‍ക്ക് എന്നും കുളിക്കണമായിരുന്നു അത് കൊണ്ട് തന്നെ കുളിപ്പിക്കലും ഞാന്‍ തന്നെയായി.. അവള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ ചെയ്യാനുള്ള കാര്യങ്ങളും പലതും എന്നോടവള്‍ പറഞ്ഞു തീര്‍ത്തു അവളുടെ അവസാന യാത്ര എന്റെ പെെസക്ക് വാങ്ങിയ പുതിയ വസ്ത്രത്തില്‍ ആകണം എന്നും വെള്ള പുതപ്പിക്കരുതെന്നും വരെ എനിക്ക് പറഞ്ഞു തന്നു ...

അങ്ങിനെ അവള്‍ ജോലി ചെയ്ത ആശുപത്രിയില്‍ അവളെ അഡ്മിറ്റാക്കി ..കിഡ്നി പ്രവര്‍ത്തനം നിര്‍ത്തി എന്നും ലിവറിലെക്ക് വരെ കാന്‍സര്‍ ബാധിച്ചെന്നും അറിഞ്ഞു..പിന്നെ പതിയെ അവള്‍ക്ക് പല ഓര്‍മ്മകളും നഷ്ട്ടമായി ഹാര്‍ട്ടിന്‍റെ പ്രവര്‍ത്തനം വരെ നിലനിര്‍ത്തുന്നത് മരുന്നുകള്‍ കൊണ്ടായി ..എനിക്ക് തോന്നുന്നു നല്ല ഭക്ഷണപ്രിയനായ ഞാന്‍ ഏകദേശം 10..11 ദിവസം ഭക്ഷണം വെറും ചായയും വെള്ളവുും മാത്രമായി എപ്പോളും ഓര്‍മ്മയില്ലാത്ത അവളെ നോക്കി ഇരിക്കും ആ കെെയ്യും പിടിച്ച് ഇടക്കെപ്പോളെങ്കിലും ഓര്‍മ്മ വന്നാല്‍ എന്റെ കഴുത്തിലെക്ക് കെെ പൊന്തിക്കും അങ്ങിനെ കഴുത്തിലൂടെ കെെയ്യിട്ട് അവള് കിടക്കും...എടുത്ത് കൊണ്ട് പോയി പ്രഥമിക കാര്യങ്ങള്‍ ചെയ്യിച്ചിരുന്നത് ഇപ്പോള്‍ എല്ലാം കിടന്നു തന്നെ ചെയ്യണം..അങ്ങിനെ കുറെ ദിവസം നല്ല വേദന അവള്‍ നിര്‍ത്താതെ കരയുന്നു എന്ത് ചെയ്തിട്ടും സഹിക്കാനാവാതെ അവള് കരയുന്നത് നിസ്സഹായനായി ഞാന്‍ നോക്കി നിന്നു .വേദനക്കുള്ള മരുന്നുകള്‍ കുത്തി വെച്ചിട്ടും നില്‍ക്കാത്ത വേദന ..എവിടെയാണ് കുഞ്ഞു വേദനയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള് പതുക്കെ കൈ ഉയര്‍ത്തി അവളുടെ നെറ്റി യില്‍ തൊട്ടു..വിക്സ് എടുത്ത് പതുക്കെ തടവി കൊടുത്തപ്പോള്‍ അവള്‍ ശാന്തയായി കണ്ണുകളടച്ചു.. ഉറങ്ങിയെന്നു കരുതിയ എനിക്ക് തെറ്റ് പറ്റി അവള് അവളുടെ അവസാന യാത്രക്ക് ഒരുങ്ങുകയൊയിരുന്നു പതുക്കെ പതുക്കെ അവളുടെ ശ്വാസം നില്‍ക്കുന്നത് ഹൃദയം നില്‍ക്കുന്നത് ആ കൈകള്‍ ചേര്‍ത്ത് പിടിച്ച് കൊണ്ട് ഞാന്‍ കണ്ട് നിന്നു വേദനയോടെ.

.....അങ്ങിനെ എന്റെ ജീവന്‍ എന്‍റെ എല്ലാമായ എന്‍റെ കുഞ്ഞു അവളുടെ പോരാട്ടം അവസാനിപ്പിച്ചു ..അവള്‍ പറഞ്ഞ പോലെ പുതിയ വസ്ത്രവും ഇട്ടാണ് അവളാ യാത്ര പോയത് ..ഞങ്ങളുടെ വീട്ടിലെ രാജ്ഞി ..എന്താ പറയാ അറിയില്ല അവള്‍ അത്രയും ആഴത്തിലായിരുന്നു എനിക്കും എല്ലാവര്‍ക്കും ...ഇന്നിപ്പോള്‍ ഒരു വിളിയില്ല ..കുഞ്ഞ എന്നാണ് പരസ്പരം വിളിച്ചിരുന്നത് ആ വിളി ഇനി ആരും എന്നെ വിളിക്കില്ല.വഴക്കിട്ടാല്‍ അതു പോലെ ആരും പത്ത് മിനിറ്റില്‍ വീണ്ടും ശരിയാവില്ല.എന്റെ പിറന്നാളുകള്‍ക്ക് സമ്മാനപ്പൊതി ആരും തരില്ല ..അവള്‍ക്കയക്കുന്ന മെസ്സേജുകള്‍ക്ക് മറുപടിയില്ല. .പുതിയ വസ്ത്രങ്ങളിട്ട് തുള്ളിച്ചാടലുകളില്ല.. തീരുമാനങ്ങളെടുക്കുമ്പോള്‍ അത് വേണ്ടെന്നും നല്ലതാണെന്നും പറയാനാളില്ല..ശബ്ദം കേള്‍ക്കാതെ വിളി കേള്‍ക്കാതെ ഒന്നു തൊടാന്‍ പറ്റാതെ പലപ്പോഴും ഇന്ന് ഞാന്‍ വിങ്ങിപ്പൊട്ടുന്നുണ്ട്...എന്നിരുന്നാലും എല്ലാ കാര്യങ്ങളും അവള്‍ക്ക് ഞാന്‍ മെസ്സേജയക്കാറുണ്ട് ബൈക്കില്‍ അവളുണ്ടെന്നു കരുതി സംസാരിക്കാറുണ്ട്.

5 വര്‍ഷം ഞങ്ങളുടെ സ്വര്‍ഗ്ഗമായിരുന്ന ആ ഫ്ളാറ്റ് ഒഴിഞ്ഞു കൊടുക്കണം അതില്‍ നിറയെ അവളുടെ ഓര്‍മ്മകളാണ്..അത് ഞങ്ങളുടെ സ്വര്‍ഗ്ഗമായിരുന്നു..വാടകയല്ലെ ഒഴിഞ്ഞ് പോകുകയല്ലെ പറ്റൂ..അവളുടെ പുസ്തകങ്ങള്‍ അവളുടെ വസ്ത്രങ്ങള്‍ അവളുടെ ചെരിപ്പുകള്‍ എല്ലാ കൊണ്ട് പോകണം..ജോലിക്ക് വേണ്ടി എഴുതിയ പി എസ് സി പരീക്ഷകളില്‍ രണ്ടെണ്ണം സര്‍ട്ടിഫിക്കറ്റ് സബ്മിഷനും ഒന്നില്‍ മെയിന്‍ലിസ്റ്റില്‍ പേരും വന്നിരുന്നു...അവള് പറഞ്ഞ് വച്ച ഞങ്ങള്‍ ഒരുമിച്ച് സ്വപ്നം കണ്ട കുറെ കാര്യങ്ങള്‍ എത്തിപ്പിടിക്കാനുള്ള ഓട്ടത്തിലാണ് ഞാന്‍..5വര്‍ഷമാണ് കൂടെ ജീവിക്കാന്‍ ആയതെങ്കിലും 50 വര്‍ഷത്തെ സ്നേഹമാണ് അവള്‍ തന്നത്..അവളെ കുറിച്ച് കുറെ പറയാനുണ്ട് അതെല്ലാം പറഞ്ഞ് തീര്‍ക്കാന്‍ ഈ ജന്മം പോരാ...ഞാന്‍ തനിച്ചല്ല അവള് എന്‍റെ കൂടെ തന്നെ ഉണ്ട് എന്ന് വിശ്വസിക്കുന്നു .എന്നിലൂടെ അവള് ജീവിക്കും..