Saturday 20 November 2021 11:41 AM IST : By സ്വന്തം ലേഖകൻ

ആണിന്റെ നെഞ്ചിൽപറ്റി എടുക്കേണ്ടതാണ് ‘കെയറിങ്ങെന്ന്’ കരുതിയ കാലം: ശോഭിത അത് അന്തസായി തിരുത്തി: കുറിപ്പ്

kala-14

പ്രതിബന്ധങ്ങളേയും പ്രതിസന്ധികളേയും നേരിട്ട് സ്വന്തംകാലിൽ നിൽക്കുന്ന പെണ്ണിന് ആരുടെ കെയര്‍ ആണ് വേണ്ടത്? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയില്‍ സജീവമാകുന്ന ചർച്ചയാണിത്. കുറുപ്പ് സിനിമയിലെ നായിക പദവിയിലൂടെ പ്രേക്ഷക മനസുകളിൽ ചേക്കേറിയ ശോഭിത ധൂലിപാലയാണ് ‘കെയറിങ്’ തെറ്റിദ്ധാരണകൾക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകിയത്. തനിക്ക് ആരുടെയും കെയർ വേണ്ടെന്ന ശോഭിതയുടെ അഭിപ്രായം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോഴിതാ ശോഭിതയുടെ നിലപാടിനെ വാഴ്ത്തി കുറിപ്പ് പങ്കുവയ്ക്കുകയാണ് കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല. ഈ ഭൂമിയിൽ ഒരു പെണ്ണിന് അന്തസ്സോടെ ജീവിക്കാൻ കെയറിങ് ആവശ്യമില്ല എന്ന് ബഹുമാനത്തോടെ ശോഭിത അടിവരയിട്ടുവെന്ന്  കല കുറിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ശോഭിതയാണ് താരം !
ഈ ഭൂമിയിൽ ഒരു പെണ്ണിന് അന്തസ്സോടെ ജീവിക്കാൻ കെയറിങ് ആവശ്യമില്ല എന്ന് ബഹുമാനത്തോടെ അടിവരയിട്ടു!!
എന്റെ തലമുറ ഒക്കെയാകണം കെയറിങ് ""കൊതിച്ചു നിരാശയിൽ പണ്ടാരമടങ്ങിയ സ്ത്രീകൾ..
അത് ഞങ്ങളെ വാർത്തെടുത്തതിന്റെ കുഴപ്പമാണ്.

സ്ത്രീ എന്നാൽ അവൾക്ക് കരുതലാണ് മുഖ്യം എന്ന് ആണിനും ഓതി വളർത്തി.
സുരക്ഷ എന്നത് അവൾ പുരുഷന്റെ കരവലയത്തിനുള്ളിൽ നിന്നും, ബലിഷ്ടമായ നെഞ്ചിൽ പറ്റിയും എടുക്കേണ്ട ഒന്നാണ് എന്ന് സ്വയവും ചുറ്റുമുള്ളവരെയും ചിന്തിപ്പിച്ചു കൊണ്ടേ ഇരുന്നു.
അതിലൊന്നും വലിയ കാര്യമില്ലെന്ന് പറയാതെ പറഞ്ഞു കൊണ്ട്,
, നല്ല എടുപ്പില് തലയുയർത്തി നടക്കുന്ന പെണ്പടകൾ ഞങ്ങളുടെ ഇടയിലും ധാരാളമായി ഉണ്ടായിരുന്നു താനും...
അത്രയും സമ്പന്നമായ സംസ്കാരത്തെ വ്യാപിപ്പിക്കാൻ കഴിഞ്ഞില്ല എന്ന്‌ മാത്രം.
റിവേഴ്‌സ് പേരന്റിങ് എന്നൊന്ന് ഉണ്ട്!!

പിന്നേ വന്ന ചുണയുള്ള പിള്ളേര് എന്നെ പോലെ ലേശം കരുതൽ മോഹഭംഗം ഉള്ളവരെ പോലും മാറ്റി എടുത്തു കളഞ്ഞു...
എന്റെ മകൾ പലപ്പോഴും എനിക്ക് നേർവഴി കാണിച്ചു തരാറുണ്ട്...
ഞാൻ അവളുടെ അമ്മയാണ് എന്ന കാരണം കൊണ്ട്, എന്റെ ശെരികൾ അതാകണം എന്നില്ല...
അവളുടെ വിലയിരുത്തൽ എനിക്ക് സമാധാനം തരുന്ന സാഹചര്യം ഉണ്ടാകുകയും, എന്റേതായ ചിന്തകളെ അഴിച്ചു പണിയുകയും ചെയ്തിട്ടുണ്ട്.
ജീവിതം ഒന്നേയുള്ളു...

ആസ്വദിച്ചു കൊണ്ട് പോകാൻ പെണ്ണായത് കൊണ്ട് മാത്രം സ്വാതന്ത്ര്യം ഇല്ലാതാക്കരുത്...
ഓരോ വ്യക്തിയും മറ്റൊരാൾക്ക്‌ കൊടുക്കുന്ന ബഹുമാനം അവനവന്റെ നിലപാടിൽ നിന്ന് തന്നെയാണ്.
അല്ലേൽ ഏത് ബന്ധങ്ങൾക്കാണ് ശാശ്വതമായ മൂല്യമുള്ളത്..
മനുഷ്യൻ എന്നും സാഹചര്യങ്ങൾക്ക് അടിമയല്ലേ!!
സമൂഹം പുരുഷകേന്ദ്രീകൃതമാണ് എന്ന പരിഭവം പറയുന്നതല്ലാതെ, യഥാർത്ഥ രീതിയിൽ മാറ്റങ്ങൾ കൊണ്ട് വരാൻ സ്ത്രീകൾ ശ്രമിക്കാറുണ്ടോ?
തുല്യപങ്കാളിത്തതിനു വേണ്ടി എരിഞ്ഞു പിടിച്ചു കാണിക്കുന്ന ആവേശം പ്ലാറ്റഫോം പ്രഹസനം മാത്രമായി തീരുന്നില്ലേ പലപ്പോഴും?
Caring എന്നത് കൊണ്ട് ഉടമസ്ഥാവകാശം എന്നതിന് അർഥം ഇല്ല...
ലോകത്ത് ഒരു അടിമയും തന്റെ ഉടമയെ സ്നേഹിച്ച ചരിത്രമില്ല!!

നിന്റെ വിധി ഞാൻ എഴുതി സൂക്ഷിച്ചിരിക്കുന്നു എന്ന മട്ടിൽ ആരും ആരെയും സുരക്ഷിതർ ആക്കേണ്ടതില്ല!!
മനുഷ്യൻ, മനുഷ്യനെ തന്നെ സ്നേഹിച്ചു ജീവിക്കണമെന്ന് നിയമം ഒന്നുമില്ല...
പൂക്കളെയും പക്ഷികളെയും മൃഗങ്ങളെയും ചെടികളെയും സ്നേഹിക്കുകയും അവരുടെ ദുഖങ്ങളിൽ സഹതപിക്കുകയും ചെയ്തു, അവത്തുങ്ങൾക്ക് കരുതൽ കൊടുത്ത് ജീവിതം നയിക്കുന്ന എത്രയോ പേരുടെ കൂടെ ഇടമാണ് ഈ ഭൂമി
സന്മനസ്സുള്ളവർക്ക് സമാധാനം, അത്രേയുള്ളൂ.

കല, കൗൺസലിങ് സൈക്കോളജിസ്റ്റ്