Monday 10 December 2018 12:03 PM IST : By സ്വന്തം ലേഖകൻ

5 വയസ്സുകാരിയെ ഷോപ്പിങ് മാളിൽ മറന്നു, വീട്ടിലെത്തിയിട്ടും അറിഞ്ഞില്ല! ഓർത്തത് പൊലീസ് വിളിച്ചപ്പോൾ

girl-new

എന്തൊക്കെ, എവിടെ മറന്നു വച്ചാലും കുഞ്ഞിനെയൊക്കെ മറക്കുമോ ? മറന്നാൽ തന്നെ വീട്ടിലെത്തുമ്പോഴെങ്കിലും ഓർക്കേണ്ടതല്ലേ ? പക്ഷേ, കോഴിക്കോട്ടെ ഒരു കുടുംബം അഞ്ചു വയസ്സുകാരിയെ ഷോപ്പിങ് മാളിൽ മറന്നു. മറന്നതു മാത്രമല്ല, വീട്ടിലെത്തിയിട്ടും പൊലീസ് വിളിയ്ക്കുന്നതു വരെ കുട്ടിയെ കാണാനില്ല എന്ന കാര്യം അവർ ഓർത്തതുമില്ലത്രേ. ശനിയാഴ്ച രാത്രിയാണ് ആരെയും അമ്പരപ്പിക്കുന്ന സംഭവം. ഷോപ്പിങ് കഴിഞ്ഞുമടങ്ങിയ കുടുംബം അഞ്ചുവയസ്സുകാരിയെ ഹൈലൈറ്റ് മാളിലാണ് മറന്നത്. വീട്ടിലെത്തി, പോലീസ് വിളിച്ചപ്പോഴാണ് കൂടെ കുട്ടിയില്ലെന്ന കാര്യം അവർ അറിഞ്ഞത്.

വടകര സ്വദേശിയായ അഞ്ചു വയസ്സുകാരി പിതാവിന്റെ സഹോദരിയുടെ കൂടെയാണ് ഷോപ്പിങ് മാളിലെത്തിയത്. ബന്ധുവിന്റെ കല്യാണത്തിന് വസ്ത്രങ്ങള്‍ എടുക്കാനെത്തിയ സംഘത്തിൽ എട്ട് കുട്ടികളുണ്ടായിരുന്നു. രാത്രി 11-ന് മാള്‍ അടയ്ക്കുമ്പോൾ കുട്ടിയെ മാളില്‍ കണ്ട സുരക്ഷാജീവനക്കാര്‍ വനിതാ ഹെല്‍പ്പ് ലൈനില്‍ അറിയിച്ചു. പൊലീസെത്തി അന്വേഷിച്ചപ്പോള്‍ കുട്ടിക്ക് സ്കൂളിന്റെ പേരുമാത്രമേ അറിയുകയുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് വിവിധ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടുകയും ഒടുവില്‍ കുറ്റ്യാടി എസ്.ഐ. സ്കൂളിലെ അധ്യാപകര്‍ വഴി കുട്ടിയുടെ പിതാവിന്റെ ജ്യേഷ്ഠന്റെ ഫോണ്‍നമ്പര്‍ സംഘടിപ്പിച്ച് വിവരം അറിയിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവ് വിദേശത്താണ്. പോലീസ് കുട്ടിയുടെ പിതാവിന്റെ ജ്യേഷ്ഠനുമായി ഫോണില്‍ സംസാരിക്കുമ്പോഴാണ് ഷോപ്പിങ് കഴിഞ്ഞ് സംഘം വീട്ടിലെത്തിയതും കുട്ടി കാറില്‍ ഇല്ലെന്ന വിവരം അറിയുന്നതും. രാത്രി രണ്ടുമണിയോടെ കുട്ടിയെ ഉമ്മയും ബന്ധുക്കളുമെത്തി വനിതാ സ്റ്റേഷനില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി.