Tuesday 22 September 2020 11:18 AM IST : By സ്വന്തം ലേഖകൻ

കൃത്യസമയത്ത് ആശുപത്രിയിൽ എത്തിയില്ല, ചികിത്സ വൈകി അമ്മൂമ്മ മരിച്ചു; ആംബുലൻസ് വാങ്ങി കൊച്ചുമകന്റെ ‘പ്രതികാരം’

shyju887655

അമ്മൂമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസ് ലഭിച്ചില്ല. കൊച്ചുമകൻ ആംബുലൻസ് വിലയ്ക്കു വാങ്ങി. ഒരാഴ്ച മുൻപാണ് ചുനക്കര തടത്തിവിളയിൽ പാരിഷബീവിക്കു (95) നെഞ്ചുവേദന വന്നത്. തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകാനായി ആംബുലൻസ് അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. സമീപത്തെ ആശുപത്രികളിൽ ആംബുലൻസിനായി വിളിച്ചപ്പോൾ ഡ്രൈവർ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.

നെഞ്ചുവേദന രൂക്ഷമായതിനെ തുടർന്ന് കാറിനുള്ളിൽ കിടത്തി നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ നിന്നു വീട്ടിലേക്ക് മൃതദേഹം എത്തിക്കാനും ആംബുലൻസ് ലഭിച്ചില്ല. ആശുപത്രിയിലെ ആംബുലൻസിന് ഡ്രൈവർ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ആംബുലൻസ് ലഭിച്ചതും മൃതദേഹം വീട്ടിലെത്തിച്ചതും.

ജീവിതത്തിൽ നേരിട്ട ദുരനുഭവം മറ്റാർക്കും ഉണ്ടാകരുതെന്ന് ആഗ്രഹിച്ച കൊച്ചുമകനും ബസ് ഉടമയുമായ ഷൈജു ഷാജി സ്വന്തമായി ആംബുലൻസ് വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. കോഴിക്കോട് നിന്നാണ് ആംബുലൻസ് വാങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സൗജന്യമായി ആംബുലൻസ് സേവനം നൽകുകയാണ് ലക്ഷ്യമെന്ന് ഷൈജു പറയുന്നു.

Tags:
  • Spotlight