Tuesday 29 June 2021 05:19 PM IST

കൊച്ചിയിലേക്ക് ട്രാൻസ്ഫർ ഞാൻ ആഗ്രഹിച്ചു നേടിയത്! ‘ആണായി’ മാറിയ കാലം ഓർത്തെടുത്ത് ആനി ശിവ; കേരളത്തിന്റെ സൂപ്പർ ഗേളിന്റെ ജീവിതം ഇങ്ങനെ

Priyadharsini Priya

Senior Content Editor, Vanitha Online

anie-siva1

ഒറ്റ ദിവസം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ സൂപ്പർതാരമായി മാറി ആനി. പ്രതിസന്ധികളെ മനക്കരുത്ത് കൊണ്ട് അതിജീവിച്ച പെണ്ണിന് കേരളം ഒറ്റക്കെട്ടായി സല്യൂട്ട് അടിച്ചപ്പോൾ അത് അടിച്ചമർത്തപ്പെട്ട ഒരുപാട് ജീവിതങ്ങൾക്കുള്ള പ്രചോദനം കൂടിയായി. സമാനതകളില്ലാത്ത ജീവിതകഥ വൈറലായതിനു പിന്നാലെ ആനിക്ക് ട്രാൻസ്ഫർ കിട്ടിയ വാർത്തയും പുറത്തുവന്നു. സമൂഹമാധ്യമങ്ങളിൽ അനുഭവം പങ്കുവച്ചതിന് ലഭിച്ച ‘സമ്മാനം’ ആണെന്നാണ് ചിലർ കണ്ടെത്തിയത്. 

സത്യം എന്താണെന്ന് ആനി തന്നെ പറയട്ടെ, ‘ഞാൻ സാധാരണ നാട്ടിൻപുറത്തെ അമ്മയല്ല, എന്റെയിഷ്ടങ്ങളും മോന്റെ ഇഷ്ടങ്ങളും ചേർന്നൊരു ജീവിതമാണ് ഞങ്ങളുടേത്. ഏഴാം ക്ലാസിലാണ് അവൻ പഠിക്കുന്നത്. പഠിപ്പിനേക്കാൾ സ്പോർട്സിനോടാണ് അവന് കൂടുതൽ ഇഷ്ടം. ബാസ്‌ക്കറ്റ് ബോൾ നന്നായി കളിക്കും. കൊച്ചിയിലേക്ക് മാറണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അങ്ങനെയാണ് ട്രാൻസ്ഫറിന് ശ്രമിച്ചത്. മകന്റെ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ കൊച്ചി സിറ്റിയിലേക്ക് തന്നെ ട്രാൻസ്ഫർ കിട്ടി. തിരുവനന്തപുരം സെന്റ് ജോസഫിലാണ് ഇപ്പോൾ പഠിക്കുന്നത്. ടിസി വാങ്ങിച്ചു. ഇനി എറണാകുളത്ത് നിർത്തി പഠിപ്പിക്കണം.’– ആനിയുടെ വാക്കുകളിൽ നിറയുന്നത് ചാരിതാർത്ഥ്യം. 

ജീവിതപ്രതിസന്ധികളെ മനക്കരുത്ത് കൊണ്ട് നേരിട്ട കാഞ്ഞിരംകുളം സ്വദേശിനി സബ് ഇൻസ്പെക്ടർ ആനി ശിവയുടെ ജീവിതം സിനിമയെ വെല്ലുന്നത്. 31 ാം വയസ്സിൽ ഒറ്റയ്ക്ക് നേടിയ നേട്ടങ്ങളുടെ കഥ ‘വനിതാ ഓൺലൈനു’മായി പങ്കുവയ്ക്കുമ്പോൾ വാക്കുകൾക്ക് പലപ്പോഴും കാരിരുമ്പിന്റെ കരുത്ത്. 

വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിച്ചു മുന്നേറുമ്പോഴും ആനി പറയുന്നു, മകനാണ് എന്റെ ലോകം. ‘ജോലിയിൽ ബിസിയാണ് എങ്കിലും അവന്റെ കാര്യങ്ങൾക്ക് സമയം കണ്ടെത്താറുണ്ട്. ചില ദിവസം വൈകി വരുമ്പോൾ അവനെന്നെ വഴക്ക് പറയും, കടിക്കും, ഇതിനാണോ ഞാൻ പഠിപ്പിച്ച് എസ്ഐ ആക്കിയത് സമയത്ത് വീട്ടിൽ വന്നുകൂടെ എന്നൊക്കെ ചോദിക്കും. അത്രയേയുള്ളൂ.. വലിയ പരിഭവവും പിണക്കവുമൊന്നുമില്ല. ഞാൻ വരുമ്പോൾ അവന് സന്തോഷമാണ്, മടിയിൽ കിടക്കണം കൊഞ്ചിക്കണം, അവനെയും കൂട്ടി ബുള്ളറ്റിൽ പുറത്തുപോകണം. ചെറുയാത്രകളൊക്കെ ഞങ്ങൾ പോകാറുണ്ട്. വെറുതെ ഡ്രൈവ് ചെയ്തു കുറച്ചുദൂരം പോകണം. അത്തരം യാത്രകളോടാണ് അവനിഷ്ടം. മുന്നിലിരുന്ന് കാഴ്ചകൾ കാണണം, ഐസ്ക്രീം കഴിക്കണം, ചോക്ലേറ്റ് കഴിക്കണം. കിട്ടുന്ന സമയത്തൊക്കെ ഞാനോടി ചെല്ലും. അവന്റെ സന്തോഷമാണ് എനിക്ക് വലുത്.’– കാക്കിത്തൊപ്പിക്ക് താഴെ വെട്ടിയൊതുക്കിയ മുടി കൈകൊണ്ട് കോതി ഓർമകളിലേക്ക് ആനി മെല്ലെ ചുവടുവച്ചു. 

anie-siva6

മരംകേറിപ്പെണ്ണായി കുട്ടിക്കാലം

വിലക്കുകൾ തീരെ ഇല്ലാതിരുന്ന കുട്ടിക്കാലം ആയിരുന്നു എന്റേത്. ഞാൻ കയറാത്ത മരങ്ങളോ, കയറാത്ത മാവുകളോ, ചാടിക്കടക്കാത്ത മതിലുകളോ, ചവിട്ടാത്ത സൈക്കിളുകളോ നാട്ടിൽ ഉണ്ടായിരുന്നില്ല. എന്നോടൊരിക്കലും അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത് എന്നൊന്നും അച്ഛനും അമ്മയും പറഞ്ഞിട്ടില്ല. അവർ നന്നായി പഠിപ്പിച്ചു. രണ്ടുപേരും എസ്എസ്എൽസി തോറ്റവരാണ്. എന്നിട്ടും നല്ല രീതിയിൽ വിദ്യാഭ്യാസം തന്നു. പഠിച്ച ഇടങ്ങളിലൊക്കെ ഞാന്‍ ഒന്നാമത് വന്നു. ഒരു പെൺകുട്ടിയെ അടച്ചിട്ട് വളർത്തുന്നത് പോലെയൊന്നും എന്നെ വളർത്തിയിട്ടില്ല. അവർക്ക് തരാൻ പറ്റുന്നതൊക്കെ തന്നു. അതിന്റേതായ എല്ലാ ഗുണങ്ങളും എനിക്ക് കുട്ടിക്കാലത്ത് കിട്ടിയിട്ടുണ്ട്. ഞാൻ സ്പോർട്സിൽ സജീവമായിരുന്നു. 

അമ്മ കിരൺ ബേദി ലൈൻ ആയിരുന്നു. അതുകൊണ്ട് ചെറുപ്പം തൊട്ടേ ധൈര്യത്തിനൊട്ടും കുറവുണ്ടായിരുന്നില്ല. അന്നൊന്നും എനിക്ക് മുടി നീട്ടി വളർത്തുന്നതിൽ താല്പര്യമില്ല. പിന്നെ നമ്മുടെ സംസ്കാരം അങ്ങനെയായതു കൊണ്ട് നാടൻ പെൺകുട്ടിയെ പോലെയാണ് വളർന്നുവന്നത്. അച്ഛൻ ഗൾഫിലായിരുന്നു. അച്ഛന് ഞാൻ ചുരിദാർ ഇടണം, പാവാട ഇടണം എന്നൊക്കെ ആഗ്രഹമായിരുന്നു. അമ്മയ്ക്ക് അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. അച്ഛൻ നാട്ടിലുള്ളപ്പോൾ ശാലീന സുന്ദരിയായി നടക്കും. അല്ലാത്തപ്പോൾ പാന്റ്സും ഷർട്ടുമൊക്കെയിട്ട് ഫ്രീക്കത്തിയായി നടക്കും. പണ്ടൊക്കെ പെൺകുട്ടികളിൽ പാന്റ്സ് അത്ര സാധാരണം ആയിരുന്നില്ല. ഞാൻ വ്യത്യസ്തയായിരുന്നു. ബൈക്ക് ഓടിച്ച് അടിച്ചുപൊളിച്ച് നടക്കും. ഒട്ടുമിക്ക വണ്ടികളും ഓടിക്കുമായിരുന്നു. ഒരു ബുദ്ധിമുട്ടും അറിയിക്കാതെയാണ് അവരെന്നെ വളർത്തിയത്. എല്ലാത്തിനും അച്ഛൻ സപ്പോർട്ട് ആയിരുന്നു. എന്റെയൊരു പൊട്ടത്തരത്തിന് വീട്ടിൽ നിന്ന് ഇറങ്ങും വരെ.

anie-siva5

സെയിൽസ് ഗേൾ മുതൽ എസ്ഐ വരെ 

കാഞ്ഞിരംകുളം സർക്കാർ കോളജിലാണ് ഞാൻ പഠിച്ചത്. 18 ാം വയസ്സിലാണ് കല്യാണം. 2007 ൽ നിയമപരമായി വിവാഹിതയായി. 2009 ൽ കുടുംബകോടതി മുഖേന തന്നെ പിരിഞ്ഞു. എല്ലാ കുടുംബത്തിലും ഉള്ള പ്രശ്നങ്ങൾ തന്നെയായിരുന്നു ഞങ്ങൾക്കിടയിലും. അദ്ദേഹം വേറൊരു കുടുംബമായി ജീവിക്കുകയാണ്. അങ്ങനെയുള്ള കാര്യങ്ങൾ ഞാൻ വീണ്ടും ചികയുന്നതിൽ ഒരർത്ഥവുമില്ല. അദ്ദേഹം സന്തോഷത്തോടെ ജീവിക്കുന്നുണ്ടാകും. ഞാനും എന്റെ സന്തോഷങ്ങളിൽ ജീവിക്കുന്നു. 

വിവാഹജീവിതം അവസാനിപ്പിച്ച് ഞാൻ എന്റെ വീട്ടിലേക്ക് വന്നു. അച്ഛൻ നാട്ടിൽ ഉണ്ടായിരുന്നില്ല, ഗൾഫിലായിരുന്നു. ആനി മോനുമായി വന്നിട്ടുണ്ടെന്ന് അമ്മ അച്ഛനെ വിളിച്ച് അറിയിച്ചു. ‘ആരാണെന്ന് എനിക്ക് അറിയാൻ പാടില്ല, എന്റെ വീട്ടിൽ ആരോ അതിക്രമിച്ചു കയറിയിട്ടുണ്ട്’ എന്ന് അച്ഛൻ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു. അവിടെ നിന്ന് മോനുമായി ഞാനിറങ്ങി. അമ്മൂമ്മയുടെ വീട്ടിലായിരുന്നു പിന്നീട് താമസിച്ചത്. അവിടെ നിന്നാണ് സേവന കറി പൗഡറുകളുടെ ഡോർ ടു ഡോർ ഡെലിവറി ചെയ്തത്. അതിന്റെ ഇടയിലാണ്  ഡിഗ്രി പരീക്ഷ എഴുതിയത്. ജസ്റ്റ് പാസായിരുന്നു. 

അതുകഴിഞ്ഞു തിരുവനന്തപുരം ടൗണിൽ വന്ന് എച്ച്ഡിഎഫ്‌സി ലൈഫിൽ ജോലി നേടി. മോന് ഒരു വയസ്സ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. അവനെ ഡേ കെയറിലാക്കി. 3500 രൂപയായിരുന്നു ലഭിക്കുക. ശമ്പളം അതിനേ തികയൂ. ഇൻഷൂറൻസ് ഏജന്റായും ശിവഗിരി തീർഥാടന വേളയിൽ നാരങ്ങാവെളളവും ഐസ്ക്രീമും വിറ്റുമൊക്കെ ഉപജീവനം കണ്ടെത്താൻ ശ്രമിച്ചു. 2014 ൽ ആണ് ഞാൻ എസ്ഐയ്ക്ക് വേണ്ടി പഠിക്കുന്നതും പരീക്ഷ എഴുതുന്നതും. ഇതിനായി ഒന്നര മാസം, 20 മണിക്കൂറോളം ഒരു ദിവസം പഠിച്ചു. പിന്നീട് കോൺസ്റ്റബിൾ പരീക്ഷ എഴുതിയത്. സാങ്കേതിക പ്രശ്നം കാരണം എസ്ഐ പരീക്ഷാ റാങ്ക് ലിസ്റ്റ് വൈകുകയായിരുന്നു. അങ്ങനെയാണ് ആദ്യം കോൺസ്റ്റബിൾ ആയി സർവീസിൽ കയറിയത്. 2019 ൽ എസ്ഐ ആയി ചുമതലയേറ്റു.

anie-siva8

ആൺവേഷത്തിൽ കംഫർട്ടബിൾ 

ഞാൻ ഒറ്റയ്ക്ക് വാടക വീടെടുത്ത് താമസിച്ച കാലം തൊട്ടാണ് മുടി മുറിച്ച് പാന്റ്സും ഷർട്ടുമൊക്കെ സ്ഥിരമായി ധരിച്ചു തുടങ്ങിയത്. സ്ത്രീയെന്ന നിലയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായത് കൊണ്ടാണ് അങ്ങനെയൊരു രൂപമാറ്റത്തിന് തയാറായത്. വിവാഹിതയായി ഒറ്റയ്ക്കായ ശേഷം ആ രൂപത്തിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ വന്നു. രാത്രിയൊക്കെ എന്തെങ്കിലും ആവശ്യം വന്നാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമുണ്ടായി. ഇതായപ്പോൾ കംഫർട്ട് ആയി. 

എന്റെയൊരു ശരീരഭാഷ വച്ചിട്ടു പെട്ടെന്നൊരാൾക്ക് കണ്ടാൽ സ്ത്രീയാണെന്ന് മനസ്സിലാകില്ല. ദൈവം സഹായിച്ച് ഫിസിക്കലി അത്‌ലറ്റിക് ബോഡി കിട്ടിയിട്ടുണ്ട്. നോട്ട് ചെയ്യാൻ പറ്റുന്ന ഫീച്ചേഴ്സ് ഒന്നും ഉണ്ടായിരുന്നില്ല. അതെന്നെ ഒരുപാട് സഹായിച്ചു. എന്നിട്ടും പിന്നേയും പെണ്ണാണെന്ന് അറിയുന്നവർ ഉണ്ടല്ലോ, അങ്ങനെ ചില്ലറ ഉപദ്രവങ്ങൾ വീണ്ടുമുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ഞാൻ വാടകവീട് മാറും, സിം മാറ്റും. 2016 ൽ പൊലീസിൽ കയറുന്നത് വരെയും ഏകദേശം അങ്ങനെത്തന്നെയായിരുന്നു. 

anie-siva3

മോനാണ് എന്റെ ലോകം 

മോൻ ശിവസൂര്യയ്ക്ക് ബുള്ളറ്റ് ഇഷ്ടമാണ്. മുൻപ് ഉണ്ടായിരുന്നത് യുണിക്കോൺ ബൈക്ക് ആയിരുന്നു. എസ്ഐ ആകുന്നതിനു മുൻപ് തന്നെ ബുള്ളറ്റ് എടുത്തു. അവൻ കാണുന്ന ലോകത്ത് അച്ഛൻ മകനെ ബുള്ളറ്റിൽ കൊണ്ടുപോകുന്നു, പട്ടം പറത്താൻ കൊണ്ടുപോകുന്നു, തോളിലെടുത്ത് നടക്കുന്നു. അവന് അമ്മ മാത്രമായിരുന്നില്ല ഞാൻ. അവൻ ഇപ്പോഴും എന്റെ തോളിൽ കയറും. ബുള്ളറ്റിൽ മുന്നിൽ ഇരുന്നു റൈഡിനു വരും. അവൻ എന്റെ എല്ലാമാണ്. 

സത്യം പറയാമല്ലോ? എനിക്ക് സങ്കടങ്ങളൊന്നുമില്ല. ഇപ്പോഴുള്ള ജീവിതത്തിൽ നൂറു ശതമാനവും സന്തോഷം തന്നെയാണ്. ആഹ്ളാദം വെറുതെ പുറത്തു കാണിച്ചു നടക്കുന്നതല്ല. ചിലപ്പോഴൊക്കെ പഴയ ഓർമ്മകളിലേക്ക് മനസ്സ് പോകുമ്പോൾ പതറിപ്പോകാറുണ്ട്. ഒരു സ്ഥലത്ത് ഡ്യൂട്ടിയ്ക്ക് പോയപ്പോൾ സിഗരറ്റിന്റെ മണം വന്നു, എനിക്ക് പെട്ടെന്ന് അച്ഛനെ ഓർമ്മ വന്നു. ചെറുപ്പത്തിൽ അച്ഛൻ വലിക്കുന്ന ഒരു സിഗരറ്റ് ഉണ്ട് അതിന്റെ അതേ മണമായിരുന്നു. രണ്ടുമൂന്നു ദിവസം മനസ് മുഴുവൻ അച്ഛന്റെ ഓർമ്മകളായിരുന്നു. ഇങ്ങനെ എന്തെങ്കിലും സംഭവം ഉണ്ടാകുമ്പോൾ ഉള്ള വിഷമങ്ങളെ ഉള്ളൂ.

ജീവിതത്തിൽ കൂടുതൽ നേടണം, ഉയരത്തിൽ എത്തണം എന്ന ചിന്തയൊന്നുമില്ല. കുറച്ചു രൂപ കൂടുതൽ ശമ്പളം കിട്ടിയെന്ന് വച്ച് എനിക്ക് നേടാനൊന്നുമില്ല. കിട്ടുന്നത് തന്നെ ധാരാളമാണ്. ഇത്രയും രൂപ വച്ചൊന്നും ഞാൻ ജീവിച്ചിട്ടില്ല. ചിലർ ഐപിഎസ് എഴുതിയെടുക്കണം എന്ന് പറയുന്നു. ഇനി രണ്ടുവർഷം അതിനുവേണ്ടി കളയാനില്ല. എനിക്ക് എന്റെ മോനേ നോക്കണം, അവന്റെ കൂടെ നിൽക്കണം, അവനെ നന്നായി പഠിപ്പിക്കണം, നല്ല കാര്യങ്ങൾ പറഞ്ഞുകൊടുക്കണം. അല്ലാതെ ഞാൻ കുത്തിയിരുന്ന് പഠിച്ച് എന്തെങ്കിലും ആയിത്തീരണം എന്നൊന്നുമില്ല. അവന്റെ ലൈഫ് ഒരു പരിധിവരെ മാറ്റിവച്ചാണ് അവനെന്നെ പഠിക്കാൻ അനുവദിച്ചത്. അവന്റെ കുട്ടിക്കാലം ഇനിയും ത്യാഗം ചെയ്യാൻ ഞാൻ ഒരുക്കമല്ല. ഇപ്പോഴത്തെ ലൈഫിൽ ഹാപ്പിയാണ്.

anniesiva333

നിമിഷകവി, കൂട്ടിന് വരയും 

എന്റെ മനസ്സിലെ സന്തോഷത്തിനു വരയ്ക്കാറും എഴുതാറും ഉണ്ടെന്നേയുള്ളൂ... അത് കവിതയാണോ, ചിത്രമാണോ എന്നൊക്കെ പറയാമോ എന്നറിയില്ല. വരയ്ക്കുന്നതൊക്കെ എന്റെ തന്നെ അനുഭവങ്ങളാണ്. എവിടെയെങ്കിലുമൊക്കെ കണ്ടതും അനുഭവിച്ചതുമൊക്കെ ചിത്രങ്ങളിൽ പകർത്താറുണ്ട്. അനുഭവങ്ങളും ചിന്തകളിലുമുള്ള വ്യത്യാസം കൊണ്ടാകാം, അല്ലാതെ കഴിവ് ഉണ്ടായിട്ടല്ല. 100 ദിന ചലഞ്ചില്‍ പങ്കെടുത്തിരുന്നു. 99 ചിത്രങ്ങൾ വരച്ചു. നൂറാമത്തെ ചിത്രം വരച്ചില്ല. എന്റെ ആഗ്രഹത്തിന് അത് വരയ്ക്കാൻ പറ്റില്ല എന്നെനിക്കറിയാം. അത് വരച്ചു കഴിഞ്ഞാൽ ചിലർ അംഗീകരിക്കില്ല എന്നും. അമ്മയെ തല്ലിയാൽ രണ്ടുണ്ട് വാദം എന്ന് പറയുന്നപോലെ നമ്മൾ ജീവിച്ചാലും തെരുവിൽ കിടന്നാലും നല്ലതും ചീത്തയുമൊക്കെ ആളുകൾ പറയും. 

ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നെഗറ്റീവ് വാർത്തകളായിരുന്നു കൂടുതലും. അതിനിടയ്ക്കാണ് ഒരു പോസിറ്റീവ് വാർത്ത വരുന്നത്. അതാണ് ഇത്രയധികം വൈറലായി മാറിയത്. കഴിഞ്ഞ ദിവസം ഒരു യുവതി വിളിച്ചു, ആത്മഹത്യ ചെയ്യണമെന്ന് ഉറപ്പിച്ച് ഇരിക്കുകയായിരുന്നു എന്നും മാഡത്തിന്റെ കഥ കേട്ടപ്പോഴാണ് തുടർന്ന് ജീവിക്കണമെന്ന് തോന്നിയതെന്നും പറഞ്ഞു. എന്റെ ജീവിതം കൊണ്ട് നല്ല കാര്യങ്ങൾ സംഭവിക്കുകയാണെങ്കിൽ സന്തോഷം.       

anie-siva2
Tags:
  • Spotlight
  • Inspirational Story