Wednesday 09 September 2020 11:51 AM IST

17 ജീവനക്കാരികൾ നൽകിയ ലൈംഗിക അതിക്രമ പരാതി; എന്റെ ഭർത്താവിനെതിരെയുള്ള സ്വപ്നയുടെ പകയായിരുന്നു അത്

Sujith P Nair

Sub Editor

swapna-sibu

അഞ്ചു വർഷമായി ഞങ്ങൾ ഞങ്ങളിലേക്കു തന്നെ ഒതുങ്ങിയിട്ട്. അടുത്ത ബന്ധുക്കളുടെ കല്യാണത്തിനു പോലും പോകാറില്ല. മകളുടെ പഠനചെലവുകൾ കേസിനിടെ താങ്ങാനാകാത്തതായി. കേസ് നീണ്ടുപോയാൽ ഞങ്ങൾക്ക് സിബുവിനെ നഷ്ടമാകുമെന്ന് വരെ തോന്നി. പ്രാർഥന മാത്രമായിരുന്നു ആശ്വാസം...’’

തിരയടങ്ങിയ കടലുപോലെ ഗീതാദേവി സംസാരിക്കുകയാണ്. വാക്കുകളിൽ നിന്ന് അവരനുഭവിച്ച ആയുസ്സിന്റെ വേദന മുഴുവനും വായിച്ചെടുക്കാം. സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷും കൂട്ടരും വാർത്തയാകുന്നതിനിടെ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു പഴയ കേസിന്‍റെ പിന്നാമ്പുറ കഥകളാണിത്. സ്വപ്നയുടെ പകയിൽ വെന്തുരുകിയ ഒരു കുടുംബത്തിന്റെ ജീവിതകഥ.

തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് സ്ഥാപനമായ എയർ ഇന്ത്യ സാറ്റ്സ് പ്രൈവറ്റ് ലിമിറ്റ‍ഡിൽ സ്വപ്ന ജീവനക്കാരി ആയിരുന്ന കാലം. സ്വപ്നയും കൂട്ടരും നടത്തിയ ചില നീക്കങ്ങള്‍ക്ക് എതിരു നിന്നതാണ് തിരുവനന്തപുരം പട്ടം സ്വദേശി എൽ.എസ്. സിബു എന്ന എയർ ഇന്ത്യ ജീവനക്കാരൻ അവരുടെ ശത്രുവായതിന്‍റെ കാരണം. പിന്നീട് സിബുവിനെതിരേ വ്യാജ പീഡന പരാതികളടക്കം സ്വപ്ന നടത്തിയ നീക്കങ്ങൾ സിനിമാകഥയെ വെല്ലുന്നത്. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ സിബുവിനെതിരേയു ള്ള 17 പേർ ഒപ്പിട്ട പരാതി വ്യാജമാണെന്നു കോടതി വിധിച്ചു. സ്വർണക്കടത്തിന്റെ കഥയ്ക്കൊപ്പം വേണം സിബുവിന്‍റെ ഭാര്യ ഗീതാദേവി പറയുന്ന ഈ കനൽക്കഥകൾ കേൾക്കാൻ.

എല്ലാത്തിന്റെയും തുടക്കം...

‘‘തിരുവനന്തപുരം എയർപോർട്ടിൽ ഗ്രൗണ്ട് സർവീസ് വിഭാഗത്തിലായിരുന്നു സിബുവിനു ജോലി.’’ ഗീതാേദവി ഒാര്‍ക്കുന്നു. ‘‘ബാഗേജും മറ്റും വരുന്ന ഉപകരണങ്ങളുെട ചുമതലയാണ്. യാത്രക്കാരുടെ െസക്‌ഷനുമായി നേരിട്ട് ബന്ധമൊന്നും ഇല്ല. എയർ ഇന്ത്യ സ്റ്റാഫിന്റെ യൂണിയനായ ‘എയർഇന്ത്യ എംപ്ലോയീസ് ഗിൽഡ്’ നേതാവ് കൂടിയാണ് സിബു.

പരുക്കനെന്നാണ് പൊതുവേ അറിയപ്പെടുന്നത്. ചിലപ്പോൾ രാവിലെ നാലു മണിക്കൊക്കെ ഡ്യൂട്ടിക്ക് പോണം. കൂടെ ജോലി ചെയുന്ന സ്ത്രീ സഹപ്രവർത്തകരൊക്കെ ലിഫ്റ്റ് ചോദിക്കാറുണ്ട്, അവർക്ക് അത്ര വിശ്വാസമാണ്. അൽപം കടുംപിടുത്തക്കാരൻ എന്നതൊഴിച്ചാൽ ‘പെർഫെക്റ്റ് ജെന്റിൽമാൻ.’

ബിനോയ് ജേക്കബ് എന്ന ഉദ്യോഗസ്ഥന്‍ എയർഇന്ത്യ സാറ്റ്സ് വൈസ് പ്രസിഡന്റായി തിരുവനന്തപുരത്തുണ്ട്. അയാളുടെ വലംകൈ ആയി സ്വപ്ന സുരേഷും. ഇടയ്ക്ക് ഇരുവരുടെയും അനധികൃതമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചില പരാതികള്‍ ഉയര്‍ന്നിരുന്നു. യൂണിയൻ നേതാവായതു കൊണ്ട് സിബുവിനെയും ചിലർ ഈ വിവരങ്ങള്‍ അറിയിച്ചു.

എയർഇന്ത്യയുടെ തിരുവനന്തപുരം ഓഫിസിൽ ഒരു ബോർഡ് ഉണ്ട്, ‘അഴിമതിക്കെതിരേ പ്രതികരിക്കുക.’ ഒപ്പം അഴിമതി കണ്ടാൽ അറിയിക്കേണ്ട സിബിഐയുടെ നമ്പറും വിലാസവും. എയർ സാറ്റ്സിലെ ചിലരുടെ അഴിമതിയിലൂടെ എയർപോർട്ട് അതോറിറ്റിക്ക് വന്ന നഷ്ടം നേരിട്ടു മനസ്സിലാക്കിയ സിബു 2014 സെപ്റ്റംബർ 25ന് പ്രധാനമന്ത്രിക്കും സിബിഐക്കും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കത്തയച്ചു. കേന്ദ്ര വിജിലൻസ് കമ്മിഷനർക്കും പരാതിയുടെ പകർപ്പ് നൽകി. അതിനു ശേഷമാണ് ഞങ്ങളുടെ സന്തോഷം നിറഞ്ഞ ജീവിതം തകിടം മറിഞ്ഞത്.

ഒന്നും നിനച്ചിരിക്കാതെ...

2015 ജനുവരി 21ന് എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ തിരുവനന്തപുരം വിമാനത്താവള മേധാവിക്ക് ഒരു പരാതിയുടെ പകർപ്പ് അയച്ചു കൊടുത്തു. എയർഇന്ത്യ സാറ്റ്സിലെ 17 ജീവനക്കാരികൾ സിബുവിനെതിരേ നൽകിയ ലൈംഗിക അതിക്രമ പരാതി ആയിരുന്നു അത്. പരാതിക്കൊപ്പം സിബുവിനെതിരേ നടപടിയെടുക്കാനുള്ള നിർദേശവും.

പരാതി നൽകിയ മിക്കവരും പാസഞ്ചർ കൗണ്ടർ ഹാൻഡിൽ ചെയ്യുന്നവരായിരുന്നതിനാൽ ആരെയും സിബു നേരി ൽ പോലും കണ്ടിട്ടില്ല. എന്തു വന്നാലും ചെയ്യാത്ത തെറ്റിനു ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറല്ലെന്ന് സിബു ഉറപ്പിച്ചു. ആരോപണങ്ങളെ നേരിടാൻ തീരുമാനിച്ച ദിവസം എന്നെയും മകളെയും നെഞ്ചോട് ചേർത്തു നിർത്തി ചോദിച്ചു, ‘നിങ്ങൾ എന്റെ കൂടെ നിൽക്കില്ലേ...’ മരണം വരെയും കൂടെ നിൽക്കാൻ ഞങ്ങൾ ത യാറായിരുന്നു.

മൂന്നര വർഷം ശമ്പളം പോലും ഇല്ലാതെ, സ്വന്തം നിരപരാധിത്വം തെളിയിക്കാൻ ഇറങ്ങിയ ഒരാളുടെ പോരാട്ടത്തിന് അന്ന് അവിടെ തുടക്കമായി.

കേസിന്റെ നാൾവഴി

2015 മാർച്ച് 26. ഓഫിസ് സമയം കഴിഞ്ഞതിനു പിന്നാലെ സ്ഥാപനത്തിലെ ജീവനക്കാരന്‍ ഒരു കവറുമായി സിബുവിനെ അന്വേഷിച്ചു വന്നു. ഹൈദരാബാദിലേക്കുള്ള സിബുവിന്റെ ട്രാൻസ്ഫർ ഉത്തരവായിരുന്നു കവറിൽ. ലൈംഗിക അതിക്രമ പരാതിയുടെ ശിക്ഷാനടപടിയായാണ് ട്രാൻസ്ഫർ എന്നറിഞ്ഞ സഹപ്രവർത്തകർക്കെല്ലാം ഒരു കാര്യം ഉറപ്പായിരുന്നു, ഇത് ആരോ കൊടുത്ത ‘പണി’ ആണെന്ന്.

സിബു തന്നെയാണ് ‍ഞങ്ങളോട് ട്രാൻസ്ഫറിന്റെയും പരാതിയുടെയും കാര്യം പറഞ്ഞത്. കേട്ടപ്പോൾ ചിരിയാണ് വന്നത്. എന്റെ കൂട്ടുകാരികളോടു പോലും സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളാണ് 17 പേരെ പീഡിപ്പിച്ചു എന്നു പറയുന്നത്. മകളെക്കാൾ പ്രായം കുറഞ്ഞ പെൺകുട്ടികളാണ് പരാതി നൽകിയവരിൽ പലരും. സ്വപ്നയ്ക്കും കൂട്ടർക്കും പറ്റിയ ഏറ്റവും വലിയ അബദ്ധവും അതായിരുന്നു. വ്യാജ പരാതിയുടെ പേരിലുള്ള നടപടി അംഗീകരിച്ച് ഹൈദരാബാദിൽ ജോയിൻ ചെയ്യില്ലെന്ന് സിബു ഉറപ്പിച്ചു. വിശദീകരണം പോലും ചോദിക്കാതെ നൽകിയ ശിക്ഷ ഏറ്റുവാങ്ങാതെ, പരാതിയിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.

നടപടിക്രമങ്ങൾ പാലിക്കാതെയുള്ള ട്രാൻസ്ഫർ റദ്ദാക്കാൻ എയർഇന്ത്യയോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സിബു ഹൈക്കോടതിയെ സമീപിച്ചു. സ്‌റ്റേ അനുവദിച്ചില്ലെങ്കിലും കേസ് കോടതി ഫയലിൽ സ്വീകരിച്ചു. ട്രാൻസ്ഫർ ഉത്തരവ് കൈപ്പറ്റാതെ സിബു അവധിയിൽ പോയി. അവധി അനുവദിച്ചതിന്റെ പേരിൽ അന്നത്തെ മാനേജരെ പോലും പ്രമോഷൻ നൽകാതെ എയർഇന്ത്യയിലെ ചിലർ ബുദ്ധിമുട്ടിച്ചു.

തനിക്കെതിരായ പരാതിയുടെ പകർപ്പ് വേണമെന്നും അ ന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം കത്ത് നൽകി. തൊഴിൽ സ്ഥലത്ത് സ്ത്രീകൾക്കെതിരേയുള്ള പീഡന പരാതി കിട്ടിയാൽ ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റി (ഐസിസി) 90 ദിവസത്തിനുള്ളിൽ തെളിവെടുപ്പ് നടത്തി തീർപ്പ് കൽപ്പിക്കണമെന്നാണ് നിയമം. വേണ്ടപ്പെട്ടവരെ ഒക്കെ ഉൾപ്പെടുത്തിയാണ് െഎസിസി കമ്മിറ്റി തട്ടിക്കൂട്ടിയത്. ഇതോടെ തെളിവെടുപ്പ് പ്രഹസനമായി. പരാതി നൽകിയ പെൺകുട്ടികളോട് നേരിൽ അന്വേഷിക്കാതെ സ്വപ്ന നിർദേശിച്ചവരുടെ മൊഴി മാത്രം എടുത്തു. സിബുവിനെ അനുകൂലിച്ചവരുടെ മൊഴി പരിഗണിച്ചുമില്ല. ആറു മാസങ്ങൾക്കു ശേഷം സിബു കുറ്റക്കാരനാണെന്നു കണ്ടെത്തി കമ്മിറ്റി റിപ്പോർട്ട് നൽകി. അതിനു ശേഷമാണ് പരാതിയുടെ പകർപ്പ് സിബുവിന് നൽകിയതു പോലും.

(ജീവനക്കാരി(കൾ) പരാതി നൽകിയാൽ ഏഴു ദിവസത്തിനകം ആരോപണ വിധേയന് പകർപ്പ് നൽകണമെന്ന് നിയമം)

പോരാട്ടത്തിന്റെ നാളുകൾ

സിബുവിനെതിരേ തങ്ങളുടെ പേരിൽ പരാതി നൽകിയ വിവരം എയർ സാറ്റ്സിലെ പെൺകുട്ടികൾ പലരും അറിയുന്നത് സഹപ്രവർത്തകരിൽ നിന്നാണ്. സിബു ആരാണെന്ന് ചോദിച്ച് അവരിൽ ചിലർ വരികയും ചെയ്തത്രേ. ഇതിനിടെ ഹൈദരാബാദിൽ ജോയിൻ ചെയ്യാത്തതിന്റെ പേരിലും സമ്മർദം ഉ ണ്ടായി. അതോടെയാണ് പീഡന പരാതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷനറെ സമീപിക്കുന്നത്. ഒപ്പം ഐസിസിയുടെ റിപ്പോർട്ട് നൽകാൻ നിർദേശിക്കണം എന്നാവശ്യപ്പെട്ട് 2016 ഫെബ്രുവരിയി ൽ ഹൈക്കോടതിയിൽ റിട്ട് പെറ്റിഷനും നൽകി.

കേസിൽ ജസ്റ്റിസ് മുഷ്താഖ് അഹമ്മദ് സിബുവിന് അനുകൂലമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 17 പരാതിക്കാരുടെയും ഒപ്പ് പരിശോധിച്ച് ഉറപ്പ് വരുത്തണം എന്ന നിർദേശം അട്ടിമറിച്ചു. പൊലീസ് കമ്മിഷനർ നടത്തിയ അന്വേഷണത്തിൽ പ രാതി വ്യാജമാണെന്ന് കണ്ടെത്തി. വലിയതുറ പൊലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് വിഭാഗത്തിന് കൈമാറി. 15 മാസത്തിനുള്ളിൽ അന്നാദ്യമായി സിബു ചിരിച്ചു.

സ്വപ്നയിലേക്കും ബിനോയ് ജേക്കബിലേക്കും നീണ്ടതോടെ അന്വേഷണം വഴിമുട്ടി. പരാതി വ്യാജമാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥൻ രണ്ടു വർഷത്തിനു ശേഷം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത് ഇങ്ങനെ, ‘കുറ്റക്കാരെ കണ്ടെത്താൻ മതിയായ തെളിവുകളില്ല.’

എയർഇന്ത്യയും അന്വേഷണത്തില്‍ സഹകരിക്കാതെ നിരവധി റിട്ട് ഹർജികൾ ഫയൽ ചെയ്തു. കേസുകൾ കൂടിയതോടെ ഞങ്ങൾക്ക് പണത്തിന് നല്ല ബുദ്ധിമുട്ടായി. എൻജിനീയറിങ്ങിനു പഠിക്കുന്ന മകളുടെ ചെലവുകളുണ്ട്. അതിനു പുറമേയാണ് കേസ് നടത്തിപ്പും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ എന്റെ നഴ്സ് ജോലിയിൽ നിന്നുള്ള ശമ്പളം മാത്രമാണ് ആശ്രയം. പിഎഫും ലോണും എടുത്താണു പിടിച്ചു നിന്നത്. കേസിന്റെ സമ്മർദം താങ്ങാൻ പറ്റാതെ ചില ദിവസങ്ങളിൽ വെളുപ്പിന് നാലു മണിക്കൊക്കെ എണീറ്റ് സിബു പോകും. രാത്രി വൈകിയാണ് മടങ്ങിയെത്തുക.

ഇതോടെ ഞാനും ലീവെടുത്ത് ഒപ്പം പോകാൻ തുടങ്ങി. എന്റെ ജോലി സ്ഥലത്ത് ആരോടും ഒന്നും പറഞ്ഞിരുന്നില്ല. 2018ൽ ക്രൈബ്രാഞ്ച് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സിബുവിനെതിരേ നൽകിയ 17 പീഡന പരാതികളും വ്യാജമാണെന്നും, പരാതിക്കാരുടെ അറിവോടു കൂടിയല്ല പരാതി നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതോടെ സിബു നിരപരാധി ആണെന്നു കോടതി വിധിച്ചു.

swapna-suresh

വെളിച്ചം തെളിയുന്നു...

അപ്പോഴും പൂർണമായും ആഹ്ലാദിക്കാൻ വകയുണ്ടായില്ല. എ യർഇന്ത്യയുടെ ട്രാൻസ്ഫർ റദ്ദാക്കാൻ കോടതി കൂട്ടാക്കിയില്ലെന്നു മാത്രമല്ല, സിബുവിനോട് ജോലിയിൽ പ്രവേശിക്കാനും കോടതി ആവശ്യപ്പെട്ടു. അപ്പോഴേക്കും സിബുവിന്റെ പോരാട്ടം മൂന്നര വർഷത്തോളം നീണ്ടിരുന്നു. അത്രയും നാളത്തെ ശമ്പളവും വക്കീൽ ഫീസായി ലക്ഷക്കണക്കിന് രൂപയും കയ്യിൽ നിന്നു ചെലവായി.

ഇതോടെ ഹൈദരാബാദിൽ ജോയിൻ ചെയ്തുകൊണ്ട്, വ്യാജപരാതി നൽകിയവർക്കെതിരേ നിയമപോരാട്ടം തുടരാൻ തീരുമാനിച്ചു. വിശ്വാസ്യത തെളിയിച്ച ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചു. ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഇടപെടലിൽ ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘത്തെ നിയോഗിച്ചു. പരാതി നൽകിയെന്ന് പറയപ്പെടുന്നവരെ നേരിൽ കണ്ട സംഘത്തോട് പരാതി നൽകിയിട്ടില്ലെന്ന് 16 പേരും മൊഴി നൽകി. മുൻപും രണ്ട് എയർഇന്ത്യ ജീവനക്കാരെ ഇതേ തരത്തിൽ വ്യാജ പരാതി നൽകി ബിനോയിയും സ്വപ്നയും കുടുക്കിയതായും അന്വേഷണ സംഘം കണ്ടെത്തി.

ആദ്യ ഐസിസി സംഘം പരാതിക്കാരികളുടെ മൊഴി എ ടുക്കാൻ വന്നപ്പോൾ ആൾമാറാട്ടം വരെ നടന്നുവെന്നറിഞ്ഞ ക്രൈംബ്രാഞ്ച്സംഘം ഞെ‍ട്ടി. പരാതിക്കാരിൽ ഒരാളുടെ പേരിൽ ആൾമാറാട്ടം നടത്തി എത്തിയത് സ്വപ്നയുടെ അടുപ്പക്കാരിയായ നീതു മോഹനായിരുന്നു. തിരിച്ചറിയൽ രേഖ പോ ലും അന്ന് കമ്മിറ്റി പരിശോധിച്ചിരുന്നില്ല.

കുരുക്കുകൾ അഴിയുന്നു...

അന്വേഷണത്തിൽ സ്വപ്നയുടെ ഇടപെടലുകൾ വ്യക്തമായി പുറത്തുവന്നു തുടങ്ങി. 2020 ഫെബ്രുവരിയിൽ കേസുമായി ബന്ധപ്പെട്ട് ആദ്യമായി ചോദ്യം ചെയ്തപ്പോള്‍ സ്വപ്ന തെറ്റുകൾ ഏറ്റു പറഞ്ഞു. സിബുവിനെതിരായ പരാതി തയാറാക്കിയതു േപാലും സ്വപ്നയാണെന്ന് തെളിഞ്ഞു. ആ സമയത്ത് കോവിഡും ലോക്ഡൗണും എത്തി. കേസിൽ സ്വപ്നയും കൂട്ടാളികളും അറസ്റ്റിലാകും എന്നുറപ്പായിരുന്നു. അപ്പോഴാണ് എല്ലാവരേയും െഞട്ടിച്ചു െകാണ്ട് സ്വർണക്കടത്ത് കേസിൽ അ വർ കുടുങ്ങുന്നതും എതിരാളികൾ ‘വമ്പൻ സ്രാവാ’ണെന്ന് ഞങ്ങൾ തിരിച്ചറിയുന്നതും.

ഇപ്പോൾ എല്ലാം എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. പ ക്ഷേ, അഞ്ചു വർഷമായി ഞങ്ങൾ അനുഭവിച്ച വേദനയ്ക്ക് എന്തു പരിഹാരമാണുള്ളത്. അഴിമതി തടയാൻ ശ്രമിച്ചതിന് സിബുവിന് കിട്ടിയ കൂലിയാണിത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നീതി ലഭിക്കുമെന്നാണു പ്രതീക്ഷ.

സ്വപ്നയുടെ സുഹൃദ്‌വലയം വളരെ വലുതാണത്രേ. ഇതിനിടയില്‍ സാധാരണക്കാർക്ക് നീതി കിട്ടുമെന്ന് എന്താണുറപ്പ്? ആത്മഹത്യ ചെയ്യാതെ പിടിച്ചുനിന്നത് ദൈവവിശ്വാസം ഒന്നു കൊണ്ടുമാത്രം. പല രാത്രികളിലും മകളെയും കെട്ടിപ്പിടിച്ച് പൂജാമുറിയിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. പഴവങ്ങാടി ഗണപതിയുടെ അനുഗ്രഹം കൊണ്ടാണ് സ്വപ്നയുടെയും കൂട്ടരുടേയും കള്ളക്കളികൾ പുറത്തായത്. ഞങ്ങളുടെ സന്തോഷം അതൊന്നുമല്ല. സിബുവിന്റെ നിരപരാധിത്വം ലോകം തിരിച്ചറിഞ്ഞല്ലോ. ഞങ്ങൾക്കിതു ദൈവം തന്ന നീതിയാണ്...’

ഫോട്ടോ: അരുൺ സോൾ