Saturday 25 April 2020 12:22 PM IST

ആംഗ്യഭാഷയും പാട്ടുപാടലുമായൊരു ലൈവ് ; മൂന്നാം ക്ലാസുകാരൻ വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്

Tency Jacob

Sub Editor

tency-story-final

ഈ ലോക്‌ ഡൗൺ കാലത്ത് ഒരു മൂന്നാം ക്ലാസുകാരന് ക്രിയാത്മകമായി എന്തു ചെയ്യാനാവും എന്നതിൻറെ ഉത്തമ ഉദാഹരണമാണ് താത്വിക്കിന്റെ വീഡിയോകൾ. അമ്മ ആർഷ അഭിലാഷിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാ ദിവസവും രാത്രി 11 മണിക്ക് താത്വിക് ലൈവ് സ്ട്രീമിൽ എത്തും. 15 മിനിറ്റ് നേരം സൈൻ ലാംഗ്വേജ് പഠിപ്പിക്കലും പാട്ട് പാടുകയുമൊക്കെ ചെയ്തു കാണുന്നവരെ ആവേശത്തിലാക്കും. ആദ്യമാദ്യം കുറച്ചു പേരെ ഉണ്ടായിരുന്നുള്ളൂവെങ്കിൽ ഇന്ന് താത്വിക്കിന്റെ വീഡിയോ കാത്തിരിക്കുന്നവർ ഏറെയാണ്. അമേരിക്കയിലെ വിസ്കോസിനിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് താത്വിക് എന്ന ഒമ്പതുവയസ്സുകാരൻ. അച്ഛൻ അഭിലാഷും അമ്മ ആർഷ യും ഐടി പ്രൊഫഷണലുകളാണ്.

"മാർച്ച് മാസം ആദ്യത്തെ ആഴ്ച അവരുടെ സ്കൂളിൽ സൈൻ ലാംഗ്വേജിനേകുറിച്ചുള്ള ഒരു വൺഡേ വർക്ക്ഷോപ്പ് ഉണ്ടായിരുന്നു. താത്വിക്‌ അന്ന് വീട്ടിൽ വന്നപ്പോൾ അതിനെ കുറിച്ചൊക്കെ വലിയ കാര്യമായി പറഞ്ഞു. ഹായ്, ഹലോ, ഗുഡ്മോണിങ്, വാട്ടീസ് യുവർ നെയിം, ഹൗ ആർ യു എന്നിങ്ങനെ നിസ്സാര കാര്യങ്ങളാണ് അവർ അന്ന് പഠിപ്പിച്ചത്." കൂട്ടുകാർ ടി എന്നും താച്ചു എന്നും സ്നേഹപൂർവ്വം വിളിക്കുന്ന താത്വിക്കിൻെറ അമ്മ ആർഷ പറഞ്ഞു തുടങ്ങി.

" ഇവിടെ മാർച്ച് പതിനാറാം തീയതി മുതൽ വെർച്യുൽ ലേണിങ് ആയിരുന്നു. പിന്നീട് ലോക്‌ ഡൗൺ തുടങ്ങിയപ്പോൾ ഞാനും വീട്ടിൽ തന്നെ ഇരുന്ന് ജോലി ചെയ്യാൻ തുടങ്ങി. അവനെ ഇലക്ട്രോണിക് മീഡിയയിൽ നിന്നു കുറച്ചു സമയത്തേക്ക് മാറ്റി നിറുത്താനാണ് എന്തെങ്കിലുമൊക്കെ ഫേസ്ബുക്കിൽ ചെയ്യാം എന്ന് വിചാരിച്ചത്. അതു വരെയുള്ള സമയം ലൈവിൽ പറയേണ്ടത് തയ്യാറാക്കാനായി ഉപയോഗിക്കുമല്ലോ. ആദ്യത്തെ ദിവസങ്ങളിൽ അവൻ സ്കൂളിൽ പഠിച്ച എക്സർസൈസുകൾ ചെയ്തു കാണിക്കുകയും വായിച്ച പുസ്തകങ്ങളെ കുറിച്ചും കഥകളുമൊക്കെയാണ് പറഞ്ഞിരുന്നത്. പഠിച്ച സൈൻ ലാംഗ്വേജ് ഒരു ദിവസം ചെയ്തു കാണിക്കാം എന്ന് താച്ചു തന്നെയാണ് നിർദ്ദേശം വച്ചത്. അങ്ങനെ മാർച്ച് 23ന് വന്ന ലൈവിൽ 'മൈ നെയിം ഈസ് താത്വിക്‌,ഹലോ' എന്നിങ്ങനെ ചെറിയ കാര്യങ്ങൾ സൈൻ ലാംഗ്വേജിലൂടെ പറഞ്ഞു. അന്ന് അഭിലാഷിന്റെ അച്ഛൻറെ പിറന്നാൾ ആയിരുന്നു. ഞങ്ങളന്നു 'ഹാപ്പി ബർത്ത് ഡേ' എന്ന് സൈൻ ലാംഗ്വേജിൽ പാടുകയൊക്കെ ചെയ്തു. കണ്ടവരുടെ ഇടയിൽനിന്ന് നല്ല കമന്റ്‌സും കിട്ടി. അന്ന് ഞങ്ങൾ വെറുതെ ഒരു ചലഞ്ച് പറഞ്ഞിരുന്നു. കുട്ടികളൊക്കെ ഇത് പഠിച്ചിട്ട് വീഡിയോ അയച്ചു തരണമെന്ന്. കുറച്ചുപേർ അങ്ങനെ ചെയ്തു അയച്ചു തന്നപ്പോൾ താച്ചു ഭയങ്കര ഹാപ്പി.അവൻറെ പേര് ആംഗ്യഭാഷയിൽ കാണിച്ചിരുന്നത് വേഗത്തിൽ ആയതുകൊണ്ട് പലർക്കും മനസ്സിലായില്ല എന്ന് കമൻറ് ചെയ്തിരുന്നു.അതുകൊണ്ട് അവൻ തന്നെയാണ് പിറ്റേദിവസം ഇംഗ്ലീഷ് അക്ഷരമാല സൈൻ ലാംഗ്വേജിൽ കാണിക്കാം എന്ന് പറഞ്ഞത്.എല്ലാ അക്ഷരങ്ങളും കൂടി കാണിച്ചാൽ ആശയക്കുഴപ്പം ഉണ്ടാവുമോ എന്ന സംശയത്തിൽ 10 ലെറ്ററും കുറച്ചു വാക്കുകളും കൂടി കാണിച്ചു. അതിനുവേണ്ടി അവൻ തലേന്ന് അതെല്ലാമിരുന്നു പഠിച്ചു. കാണുന്നവരുടെ പ്രതികരണം കണ്ടപ്പോൾ ഇത് തുടരാൻ താച്ചൂന് ഭയങ്കര താല്പര്യം. കുറച്ചു ദിവസം കഴിയുമ്പോൾ കക്ഷി മടുത്തു നിറുത്തുമെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷെ അവൻ നല്ല ആവേശത്തിലായിരുന്നു.

താച്ചു ഭാഷകൾ പഠിക്കാൻ ചെറുപ്പത്തിലെ നല്ല താല്പര്യം കാണിക്കുന്നത് കണ്ടിട്ടുണ്ട്. സ്കൂളിൽ നിന്നു സ്പാനിഷ് ഭാഷ പഠിക്കുന്നുണ്ട്. പിന്നെ വീട്ടിൽ ഞങ്ങൾ മലയാളം പറഞ്ഞു കൊടുക്കും. അതുകൊണ്ട് ആംഗ്യ ഭാഷ പഠിക്കാനും അവൻ നല്ല ഉത്സാഹം കാണിച്ചു.ഫീഡ്ബാക്ക് തരുന്നവർ പറയുന്നത് അനുസരിച്ചുള്ള വാക്കുകൾ ഒക്കെ പഠിച്ചു കാണിക്കും. അനിയൻ തദ്വിതിന് വേണ്ടി നഴ്സറി റൈംസുകളും ഇപ്പോൾ പാടുന്നുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ടരയാവാൻ നോക്കിയിരിക്കും. ആ സമയത്ത് എനിക്ക് ലഞ്ച് ബ്രേക്ക് ആണ്. ഞങ്ങൾ രണ്ടുപേരുടെയും ജോലി സമയം കൂടി നോക്കണമല്ലോ.

സൈൻ ലാംഗ്വേജ് തുടങ്ങിയിട്ട് നാളേക്ക് 25 ദിവസം പൂർത്തിയാകുന്നു. ലോക്‌ ഡൗൺ സമയത്തെ ബോറടി ഒഴിവാക്കാനാണ് ചെയ്തു തുടങ്ങിയതെങ്കിലും താത്വിക് സൈൻ ലാംഗ്വേജിൽ ഇപ്പോൾ ഭയങ്കര സീരിയസാണ്.രാവിലെ എഴുന്നേറ്റു വന്നാൽ അന്നത്തെ ദിവസം ഏതൊക്കെ വാക്കുകൾ കാണിക്കണം എന്ന് ഉറപ്പിക്കും. സ്കൂളിലെ ഓൺലൈൻ ക്ലാസ്സു കഴിഞ്ഞാൽ അന്നു കാണിക്കേണ്ട വാക്കുകൾ പഠിച്ചു അമ്മയ്ക്ക് കാണിച്ചു കൊടുക്കും. രണ്ടുമൂന്നു വട്ടം ചെയ്തു നോക്കിയതിനുശേഷം ലൈവ് വരും.

"ഇത് തുടങ്ങിയതിനുശേഷം ധാരാളം പേർ വിളിക്കുകയും മെസേജ് അയക്കുകയും ഒക്കെ ചെയ്യാറുണ്ട്. നാട്ടിൽ ഡഫ് ആൻഡ് ഡമ്പ് സ്കൂളിൽ പഠിപ്പിക്കുന്ന ഒരു ടീച്ചർ എന്നെ വിളിച്ചിരുന്നു.' വലിയൊരു കാര്യമാണ് മോൻ ചെയ്യുന്നത്.ആംഗ്യഭാഷ പഠിക്കാൻ എളുപ്പമാണ്. പക്ഷേ, ആംഗ്യഭാഷ ഉപയോഗിക്കുന്നവർക്ക് സാധാരണ ഭാഷ പഠിച്ചെടുക്കാൻ കുറച്ചു ബുദ്ധിമുട്ടണം. ആരും ആംഗ്യഭാഷ പഠിച്ച്‌ ഞങ്ങളോട് സംസാരിക്കാൻ ശ്രമിക്കാറില്ലല്ലോ" എന്ന് പഠിപ്പിക്കുന്ന കുട്ടികൾ പരാതി പറയാറുണ്ടെന്ന് ആ ടീച്ചർ പറഞ്ഞു.

എല്ലാവരും അയക്കുന്ന കമന്റ്‌സ് അവന് കേൾപ്പിച്ചു കൊടുക്കും.അവൻ പഠിക്കുന്നത് അമേരിക്കൻ സൈൻ ലാംഗ്വേജ് ആണ്. അതിൽ ഒരു സർട്ടിഫിക്കേഷൻ കോഴ്സ് ചെയ്യണം എന്നാണ് അവൻറെ ഇപ്പോഴത്തെ ആഗ്രഹം. കരാട്ടെ ആണ് കക്ഷിയുടെ ജീവൻ. അത് പഠിക്കുന്നുണ്ട്. സിനിമയിൽ അഭിനയിക്കണമെന്നും ആഗ്രഹമുണ്ട്. പക്ഷേ ഇവിടെ അതിന് അവസരങ്ങൾ ഇല്ലല്ലോ. യൂട്യൂബ് ചാനൽ തുടങ്ങണം എന്ന് പറയാറുണ്ട്. എൻറെ മടി കാരണം അതങ്ങനെ നീണ്ടു പോവുകയായിരുന്നു.ഇനി സൈൻ ലാംഗ്വേജ് വെച്ച് തുടങ്ങാം എന്നാണ് വിചാരിക്കുന്നത്. പാടാനും ഡാൻസ് കളിക്കാനും ഇഷ്ടമാണ്. നന്നായി പടം വരയ്ക്കുകയും ചെയ്യും. കഴിഞ്ഞവർഷം നൂറ് ദിവസം തുടർച്ചയായി ഓരോ പടങ്ങൾ വരച്ച്‌ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. സ്കൂൾ ടൈമിലും കക്ഷി അതിനു സമയം കണ്ടെത്തി എന്നുള്ളത് ഞങ്ങളെ അത്ഭുതപ്പെടുത്തി.

tency-2

ഏപ്രിൽ 24 വരെയായിരുന്നു ഇവിടത്തെ ലോക്‌ ഡൗൺ. ഇപ്പോൾ മെയ് 26 വരെ നീട്ടിയിട്ടുണ്ട്. അതുവരെ ഇതു തുടരണം എന്നാണ് കരുതുന്നത്. കൊറോണയൊക്കെ പോകും. ലോകം പഴയതുപോലെയാകും.കുട്ടികളും വളരും.കുറെ വർഷങ്ങൾക്കു ശേഷം അവർ ഈ മഹാമാരിയെ കുറിച്ച് ഓർക്കുമ്പോൾ' I did something creative' എന്നവൻ സന്തോഷം കൊള്ളട്ടെ എന്നു കരുതി മനപ്പൂർവ്വം ചെയ്യുന്നത് തന്നെയാണ്.നെഗറ്റീവ് കാര്യങ്ങൾ തുടർച്ചയായി കേട്ടിരുന്നാൽ വലിയവർ തന്നെ വിഷാദത്തിലേക്ക് വീണു പോകും. അപ്പോൾ കുട്ടികളുടെ കാര്യമോ. അതും മനസ്സിലുണ്ടായിരുന്നു. ഞങ്ങളിപ്പോൾ ആംഗ്യഭാഷയിൽ സംസാരിക്കുന്നുണ്ട്. ഒമ്പത് വയസ്സുള്ള മകനിൽ നിന്ന് പഠിക്കാൻ പറ്റുക വലിയൊരു കാര്യമല്ലേ."

"എന്റെ സ്കൂളിൽ എല്ലാവരും അറിഞ്ഞു. കൂട്ടുകാരൊക്കെ വീഡിയോ കാണുന്നുണ്ട്. നാട്ടിലും എല്ലാവരും കാണണം." താത്വിക് ധൃതിയിൽ പറഞ്ഞശേഷം അനിയനുമൊത്ത് കളിക്കുന്ന തിരക്കിലേക്ക് മടങ്ങി.

Tags:
  • Spotlight