Saturday 21 September 2019 06:50 PM IST

ഹോട്ടലിൽ വച്ച് കൊച്ചുമകനെ മറന്നു, അമ്മയെ ചവിട്ടി താഴെയിട്ടു! അച്ഛന്റെ മറവിരോഗത്തിന് കൂട്ടിരുന്ന ആ മകൾ പറയുന്നു

Santhosh Sisupal

Senior Sub Editor

alz ഫൊട്ടോ; സരിൻ രാംദാസ്

അച്ഛന്റെ മറവിയെക്കുറിച്ച് ഓർമിക്കുമ്പോൾ സിന്ധുവിന്റെ മനസ്സിലേക്ക് ആദ്യമെത്തുന്നത് ഒരു തമാശയാണ്. 10–14 വർഷം മുൻപാണ്.‘എന്റെ മകന് അഞ്ചോ ആറോ വയസ്സേയുള്ളൂ. ഒരു ദിവസം അച്ഛനോടൊപ്പം പുറത്തുപോയപ്പോൾ അവന് ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങിച്ചുകൊടുത്തു. കഴിച്ചുകൊണ്ടിരുന്ന അവനെ മറന്ന് അച്ഛൻ വീട്ടിലേക്കു മടങ്ങി പോന്നു.

ഒടുവിൽ അപ്പൂപ്പനെ കാണാതെ കുഞ്ഞ് ഹോട്ടലിലെ ഫോണിൽ നിന്നു വീട്ടിലേക്കു വിളിച്ചു:‘‘ഹലോ...കാഥികൻ ഗോപാൽ കാട്ടകാമ്പാലിന്റെ ചെറുമകനെ അദ്ദേഹം ജംങ്ഷനിലെ ഹോട്ടലിൽ മറന്നു വച്ചിട്ടുണ്ട്, എത്രയും പെട്ടന്നു വന്ന് കുട്ടിയെ കൈപ്പറ്റേണ്ടതാണ്.’’

‘‘അന്ന് ഞങ്ങൾക്കെല്ലാം വലിയൊരു ചിരിക്കുള്ള വകയായി അത്..അച്ഛനെ കളിയാക്കി. ആ തമാശകളിൽ അച്ഛനും കൂടി..ക്രമേണ ആ ചിരിയൊക്കെ മാഞ്ഞില്ലാതായി, മറവിരോഗം അതിന്റെ എല്ലാ തീവ്രതയിലും അച്ഛനെ ബാധിച്ച് കുടുംബത്തെയാകെ തകർത്തു കളഞ്ഞു.’’ കുന്നംകുളം ഗാന്ധിനഗറിലെ സാന്ത്വനം എന്ന മറവി രോഗികളുെട പരിചരണകേന്ദ്രത്തിലിരുന്ന് അതിന്റെ നടത്തിപ്പുകാരിലൊരാൾ കൂടിയായ സിന്ധു ഗോപാൽ പറഞ്ഞു.

മറവിക്കൊരു ഫ്ലാഷ്ബാക്

രണ്ടുവർഷം മുൻപ് അച്ഛൻ മരിച്ചു. മറവിരോഗം മായ്ചുകളഞ്ഞ അച്ഛന്റെ ജീവിതത്തിനൊപ്പം നടന്ന സിന്ധു എന്ന നാട്ടിൻപുറത്തുകാരി ആ നടത്തം നിർത്തിയതേയില്ല. ഇന്ന് ഒരുപാട് മറവിരോഗികളുെട ജീവിതത്തിനുള്ള കൂട്ടിരിപ്പാണ് സിന്ധുവിന്റെ ജീവിതം. കണ്ണീർ വീണുണങ്ങിയ ഉപ്പുപരലുകൾ കാണാത്ത ഒരു താളുപോലും സിന്ധുവിന്റെ ജീവിതത്തിലില്ല. അപ്പോഴും ജീവിതത്തെ നോക്കി, ലോകത്തെ നോക്കി സിന്ധു പുഞ്ചിരിക്കുന്നു. മറവി രോഗികളെ പോലും ചിരിക്കാൻ പഠിപ്പിക്കുന്നു.

തൃശൂർ ജില്ലയിെല കാട്ടകാമ്പാൽകാരുടെ പ്രിയ കാഥികനായിരുന്നു ‘ഗോപാൽ കാട്ടകാമ്പാൽ’. 25 വർഷം തുടർച്ചയായി സ്വന്തമായി കഥയെഴുതി കഥാപ്രസംഗം അവതരിപ്പിച്ചു കാണികളുെട കയ്യടി നേടിയ കാഥികൻ. മകൾ സിന്ധു ലബോറട്ടറി ടെക്നീഷ്യൻ പഠനം കഴി‍ഞ്ഞ് ഒരു ലാബിൽ പ്രവർത്തിക്കുന്നു. ആ വരുമാനവും കൂടി വേണമായിരുന്നു അനുജന്റെ പഠനമുൾപ്പെടെയുള്ള വീട്ടുചെലവുകൾ കഴിയാൻ. അതിനിടയിലാണ് 19–ാം വയസ്സിൽ വിവാഹം. മലപ്പുറത്തായിരുന്നു ഭർത്താവിന്റെ വീട്. സ്വപ്നം പോലും കാണാത്ത ഒരുപാട് പ്രശ്നങ്ങളുടെ നടുവിലേക്കാണ് സിന്ധു വിവാഹം കഴിച്ചെത്തിയത്.

ഭർത്താവിനും അമ്മയ്ക്കും ഹൃദ്രോഗം, അദ്ദേഹത്തിന്റെ അച്ഛൻ കിടപ്പിലാണ്. ആ വീട്ടിലേക്കു വരുമാനത്തിന് ഒരു വഴിയുമില്ല. ചെന്നു കയറിയ വീടിന്റെ ഭാരം മുഴുവൻ ആ 19 കാരിയുടെ ചുമലിലായി. സ്വന്തം വീട്ടിലെ അവസ്ഥയും മെച്ചമല്ല.. എന്തുചെയ്യണമെന്നറിയാതെ ക്രമേണ കടുത്ത വിഷാദത്തിനടിപ്പെട്ടുപോയ സിന്ധു ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിച്ചു. ഒടുവിൽ മനശ്ശാസ്ത്രജ്ഞനെ കാണാൻ തീരുമാനിച്ചു. ‘‘ആ ഡോക്ടർ, എന്റെ മുൻപിലുള്ള രണ്ടു വഴികൾ എനിക്കു കാണിച്ചു തന്നു. ഒന്ന് എല്ലാറ്റിൽ നിന്നും ഒളിച്ചോടാനുള്ള വഴി, മറ്റൊന്ന് പൊരുതി നിൽക്കാനുള്ള വഴി.. ഒടുവിൽ ഞാൻ രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു’’– സിന്ധു പറയുന്നു.

ഭർത്താവിെന്റ കുടുംബത്തിെന്റ മുഴുവൻ ഭാരവും ചുമലിലേറ്റി അവരെയും കൊണ്ട് നാട്ടിലേക്കു മടങ്ങി. അപ്പോഴൊക്കെയും എനിക്കും കരുത്തായിരുന്നത് അച്ഛനാണ്. കാട്ടകാമ്പാലിൽ കുടുംബവീടിനടുത്ത് വാടകവീട്ടിൽ താമസം തുടങ്ങി. മാസം 12,000 രൂപ വരെ ശമ്പളമെടുക്കും വിധം ഞാൻ ആ സമയത്ത് ലബോറട്ടറിയിൽ കഠിനമായി ജോലിചെയ്തു. പക്ഷേ രണ്ടുവീട്ടിലെയും കാര്യങ്ങൾ നോക്കാൻ ആ തുക മതിയായില്ല. അപ്പോഴാണ് കുടുംബശ്രീയുടെ ‘സാന്ത്വനം’ പദ്ധതിയെപ്പറ്റി കേൾക്കുന്നത്. വീടുകളിൽ പോയി ബിപിയും ഷുഗറും ജീവിതശൈലീരോഗങ്ങളും പരിശോധിക്കുന്ന പദ്ധതി. തിരുവനന്തപുരത്ത് അതിന്റെ പരിശീലനത്തിനു നേതൃത്വം നൽകുന്നത് ഡോ.സി. ആർ. സോമൻ സർ ആയിരുന്നു. അദ്ദേഹം പകർന്ന ഊർജമാണ് പിന്നീടുള്ള ജീവിതത്തിൽ പിടിച്ചു കയറാൻ സഹായിച്ചത്– സിന്ധു പറയുന്നു.

alz-1

അറിയാതെ പോയ ലക്ഷണം

നാട്ടിലെത്തി ഒരു സ്കൂട്ടർ വാങ്ങി സാന്ത്വനം പ്രവർത്തകയായി. ഒരു വീട്ടിൽ നിന്ന് 20 രൂപയാണ് അന്നു കിട്ടുക. ദിവസം ശരാശരി ആയിരം രൂപവരെ സമ്പാദിച്ചു.. ചില ദിവസം ജോലി പാതിരാവരെ നീളും. കാരണം ചില ദിവസം രണ്ടായിരം രൂപയെങ്കിലുമില്ലാതെ വീട്ടിലേക്കു പോകാൻ പറ്റില്ല. അനുജന്റെ നഴ്സിങ് പഠനം കൂടിയായപ്പോൾ ശരിക്കും കഷ്ടപ്പെട്ടു. പെട്ടെന്നു പൈസയ്ക്ക് ആവശ്യം വരുമ്പോൾ അയൽ പഞ്ചായത്തുകളിെല സാന്ത്വനം കൂട്ടുകാരികളെ കൂട്ടുപിടിച്ച് ക്യാംപ് സംഘടിപ്പിക്കും. ക്യാംപാകുമ്പോൾ സാധാരണ പരിശോധനകൾ പോരാ, ആളു കൂടാൻ എന്തങ്കിലും ഫ്രീ കൊടുക്കണം. അങ്ങനെ കിട്ടിയതാണ്‘‘ഫസ്റ്റ് എയ്ഡ് ഫ്രീ’’ എന്ന ആശയം.

വീട്ടിനടുത്തായിരുന്നു ആദ്യ ക്യാംപ്. ആദ്യ രോഗിക്കായി കാത്തിരിക്കുകയാണ്. ഒരുകൂട്ടം ക്യാംപിലേക്കു വരുന്നതു കണ്ടപ്പോൾ സിന്ധു സന്തോഷിച്ചു. പക്ഷേ ‘മുന്നിൽ ഓടിവരുന്നത് സിന്ധുവിന്റെ മകൻ പവി അല്ലേ..?’ എന്നു കൂട്ടുകാരികളിലൊരാളുടെ ചോദ്യം കേട്ടപ്പോഴാണ് സിന്ധു കൂടുതൽ ശ്രദ്ധിച്ചത്. ആറുവയസ്സുള്ള മകനു പിന്നിൽ മുഖമാകെ ചോരയിൽ കുതിർന്ന്, ഒരു കണ്ണ് പുറത്തേക്കു തള്ളി അച്ഛൻ. മോനെ സ്കൂളിലാക്കാൻ സ്കൂട്ടറിൽ പോയപ്പോ ആക്സിഡന്റായതാണ്. ‘‘അതേ.. മോളേ വണ്ടിയുെട ബ്രേക്കു പോയതാ..’’ അച്ഛൻ പറഞ്ഞു. പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലേക്കു പാഞ്ഞു.

മുന്നിൽ ഒരു ചുവപ്പു കാറുണ്ടായിരുന്നു.. അതിനു മേലേ സ്കൂട്ടറോടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു വെന്ന് കൂടെ വന്നവർ പറഞ്ഞു... പിന്നീട് എപ്പോഴോ മോൻ പറഞ്ഞു.. ‘‘അമ്മേ അപ്പൂപ്പൻ സ്കൂട്ടറോടിക്കുന്നതു വേറെന്തോ ആലോചിച്ചിട്ടാണെന്ന്.’’ പക്ഷെ, ഇതൊക്കെയും വരാനിരിക്കുന്ന മറവി രോഗത്തിെന്റ സൂചനകളാണെന്നു ഞങ്ങൾക്കാർക്കും മനസ്സിലായില്ല.

ഈ അച്ഛനെ അറിയില്ല

‘രണ്ടാംക്ലാസുവരെ മാത്രം പഠിച്ച അച്ഛനെ പിന്നീട് പഠിപ്പിച്ചത് ഞങ്ങളാണ്. അച്ഛൻ കഥാപ്രസംഗം മാത്രമല്ല, മനോഹരമായി സംസാരിക്കും. കഥയും കവിതകളുമെഴുതും. ഞങ്ങളുെട ഏറ്റവും വലിയ സ്വത്ത് അച്ഛനായിരുന്നു.

അച്ഛനെയും അമ്മയെയും പോലെ ഇത്രയും പരസ്പരം സ്നേഹിച്ചു ജീവിച്ച ദമ്പതികളെ ഞങ്ങൾ കണ്ടിട്ടില്ല. ഇതിനിടെ അച്ഛന്റ സ്വഭാവമാകെ മാറിത്തുടങ്ങി. ദേഷ്യം വന്ന് പൊട്ടിത്തെറിക്കുക പതിവായി. അമ്മയെ സംശയം. അമ്മയെയും ഹൃദ്രോഗിയായ എന്റ ഭർത്താവിനെയും ചേർത്തു സംശയിക്കുന്നത് ഞങ്ങൾക്കെല്ലാം വലിയ ഷോക്കായി. അമ്മ കലിതുള്ളി. അച്ഛനെ തിരി‍ഞ്ഞു നോക്കാതായി. ഒരു ദിവസം അമ്മയെ ചവിട്ടി താഴെയിട്ടു. നട്ടെല്ലു പൊട്ടി. 19 ദിവസം അമ്മ ആശുപത്രിയിൽ. ഇപ്പോഴും മാറിയിട്ടില്ല, അമ്മയ്ക്ക് അതിന്റെ വേദന. ഈ അച്ഛന് ഇതെന്തുപറ്റി? ഇതു ഞങ്ങളുടെ അച്ഛനല്ല.. എന്നുവരെ ആലോചിച്ചിട്ടുണ്ട്.

alz-2

മനോരോഗമോ?

ഒരിക്കലും കടം വാങ്ങാത്ത ആളായിരുന്നു അച്ഛൻ. ഞാൻ തുടങ്ങിയ ലബോറട്ടറിയിൽ ചെന്ന് അവിടെ നിൽക്കുന്ന കുട്ടികളോട് ‘‘മോളേ.. ഒരു ഇരുപതു രൂപ തരുമോ.. ടൈഗർ ബിസ്കറ്റ് വാങ്ങാനാ’’എന്ന് അച്ഛൻ ചോദിക്കുന്നതു കേട്ട് ഞാൻ കരഞ്ഞുപോയി. അവിടെയുള്ള മുഴുവൻ പൈസയുമെടുക്കാൻ സ്വാതന്ത്ര്യമുള്ളയാളാണ് 20 രൂപ കടം ചോദിക്കുന്നത്. പലരോടും 10 രൂപയും 20 രൂപയും കടം ചോദിക്കുന്നുവെന്നറിഞ്ഞതോടെ അച്ഛന് എന്തോ മനോരോഗമാണെന്ന് ഞങ്ങൾ ഉറപ്പിച്ചു.

അങ്ങനെയാണ് ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്തേക്കു കൊണ്ടുപോയത്. എംആർഐ യും സിടിയും മറ്റു പരിശോധനകളുമൊക്കെ നടത്തിയശേഷം ഡോക്ടർ പറഞ്ഞു: ‘‘അൽസ്ഹൈമേഴ്സ്’’ എന്ന മറവി രോഗമാണ്. പരിഹാരമില്ല. രോഗം തീവ്രമാകുന്ന മൂന്നാംഘട്ടത്തിലാണ് ഇപ്പോൾ.. തൽക്കാലം ഇപ്പോഴത്തെ പെരുമാറ്റപ്രശ്നങ്ങൾ കൂടി കുറയ്ക്കാനുള്ള മരുന്നു തരാം’’

കരളു കലങ്ങിയ നാളുകൾ

മരുന്നു കഴിച്ച് കട്ടിലിൽ തളർന്നു കിടക്കുന്ന അച്ഛൻ. ആർക്കും ഒരു ശല്യവുമില്ല. എന്തിനും ഏതിനു ഒരാൾ കൂടെ വേണം. അതായി അവസ്ഥ. അമ്മയോടു ചെയ്ത ക്രൂരതകൾ മറവിരോഗത്തിന്റേതായിരുന്നെന്നു വിശ്വസിക്കാൻ കഴിയാതിരുന്നതുകൊണ്ട് അമ്മ തിരിഞ്ഞു നോക്കിയില്ല.

ശരിക്കും മുള്ളിൻമേൽ നടക്കുന്ന അനുഭവമായിരുന്നു എനിക്ക്. ജോലിക്കു പോകാതിരിക്കാനും വയ്യ അച്ഛനെ നോക്കാതിരിക്കാനും വയ്യ. മറവി രോഗിയെ എങ്ങനെ നോക്കണമെന്നൊന്നുമറിയില്ല. അവരുടെ ആവശ്യങ്ങളും മനസ്സിലാവില്ല. അതുകൊണ്ട് എങ്ങനെ പരിചരിക്കണമെന്നു പഠിക്കാനും വായിക്കാനും തുടങ്ങി. ഒടുവിൽ അതിനുള്ള പരിശീലനത്തിനും അവസരം കിട്ടി. വീടുവിട്ടു നിൽക്കേണ്ടിവരുമ്പോൾ പകൽ അച്ഛനെ ഒരു ഡിമൻഷ്യ സെന്ററിലേക്കു കൊണ്ടുപോകും. അമ്മയ്ക്ക് അതു വലിയൊരു ആശ്വാസമാണ്.

വള്ളിനിക്കറുമിട്ട് സ്കൂൾബാഗും നെഞ്ചോടു ചേർത്തു പിടിച്ചു സെന്ററിൽ കൊണ്ടു പോകാനുള്ള പതിവ് ഓട്ടോയും കാത്തുള്ള ആ കാഴ്ചയുണ്ടല്ലോ.. അതുകണ്ട് കരളു കലങ്ങിയാണ് ഞാൻ പരിശീലനത്തിനൊക്കെ പോയത്. ഓട്ടോയിൽ കയറില്ല. കൊച്ചു കുട്ടികളെക്കാൾ വാശിയാണ്. ‘എവിടെ പോവ്വാ?’ എന്ന് ആരേലും ചോദിച്ചാൽ അച്ഛൻ പറയും ‘പ്രാന്താശൂത്രിയിലേക്കാ..’ എന്ന്.

ദുരന്തത്തിലാകുന്ന കുടുംബം

അച്ഛനെന്ന മറവി രോഗിയിലൂടെ ആ രോഗത്തിെന്റ എല്ലാ ഭാവങ്ങളും സിന്ധു കണ്ടു. ദേഷ്യവും ദുർവാശിയും സംശയവും അക്രമവും കരച്ചിലുമൊക്കെ അവരിലൂെട മാറിമറി‍ഞ്ഞുപോകുമ്പോൾ, രോഗി ഒന്നും അറിയുന്നില്ല. പക്ഷേ, കൂടെയുള്ളവരുടെ ജീവിതം താറുമാറാവും. വാസ്തവത്തിൽ ചികിത്സ വേണ്ടത് കൂടെയുള്ളവർക്കാണ്. മുൻപരിചയമില്ലാത്ത അസാധാരണമായ ഈ ഭാവപ്പകർച്ചകൾക്കുമുന്നിൽ ഹൃദയം നുറുങ്ങാതെ പിടിച്ചു നിൽക്കാൻ, കുട്ടികളേക്കാൾ നിഷ്കളങ്കരായ അവർക്ക് ഒരു സാന്ത്വനമാകാൻ സിന്ധു പഠിച്ചു. രണ്ടുവർഷം മുൻപു അച്ഛന്റെ മരണം വരെ അത് അച്ഛനിലൂടെ പരിചയിച്ചു. ഓർമകൾ അലിഞ്ഞു തീർന്ന അവസാന നാളുകൾ വരെയും മകളുെട ആ സ്നേഹസ്പർശം അച്ഛൻ തിരിച്ചറിഞ്ഞിരുന്നു എന്നതായിരുന്നു സിന്ധുവിെന്റ ഏറ്റവും വലിയ ആശ്വാസം.

പഠിക്കേണ്ടത് ആരാണ്?

‘‘മറവി രോഗികളെ നമുക്ക് ഒന്നും പഠിപ്പിക്കാനാവില്ല. എന്നാൽ അവരിൽ നിന്നു നമ്മൾ ഒരുപാടു കാര്യങ്ങൾ പഠിക്കണം, അപ്പോഴേ ഓരോ രോഗിക്കും ചേരും മട്ടിൽ ഏറ്റവും നല്ല പരിചരണം നൽകാനാവൂ’’ –താൻ അച്ഛനിൽ നിന്നു പഠിച്ച ഏറ്റവും പ്രധാന കാര്യം ഇതാണ് എന്ന് സിന്ധു പറയുന്നു.

രോഗം തീവ്രമായ അവസാനത്തെ മൂന്നരവർഷം ഒരു ജോലിക്കും പോകാതെ സിന്ധു അച്ഛന്റെ പരിചരണം ഏറ്റെടുത്തു വീട്ടിൽ തങ്ങി. അച്ഛൻ മരിച്ചു കഴിഞ്ഞപ്പോൾ ആറു ലക്ഷം രൂപ കടം.

കടം വീട്ടണം രണ്ടു കുടുംബങ്ങൾ നോക്കണം. സിന്ധു വീണ്ടും തുടങ്ങി, ഓട്ടപ്പാച്ചിൽ. ക്യാംപുകളും ധാരാളം നടത്തി. ദിവസവും മൂന്നു മണിക്കൂർ മാത്രമാണ് ഉറക്കം. ഈ ശീലം അച്ഛനെ പരിചരിച്ചകാലം തുടങ്ങിയതാണ്. അത് ജോലിയിലും സഹായിച്ചു. ഇതിനിടെയാണ് ‘സാന്ത്വനം’ കൂട്ടുകാരികളുമായി തിരുവനന്തപുരത്തേക്കു തുടർ പരിശീലനത്തിനായി പോയത്. ഈ യാത്രയിലുടനീളം സിന്ധുവിനു പറയാനുണ്ടായിരുന്നത് അച്ഛന്റെ കഥകളും മറവി രോഗികളുെട ജീവിത ദുരന്തവുമായിരുന്നു.

ഒരു നാളം പകരുന്നു

അവർ എട്ടു പേരും പരിശീലനം കഴിഞ്ഞ് തൃശൂരിൽ തീവണ്ടിയിറങ്ങിയത് ഒരു തീരുമാനമെടുത്താണ്. മറവി രോഗികൾക്കു പരിചരണം നൽകാൻ ഒരു കേന്ദ്രം, അതിനു ‘സാന്ത്വനം’ എന്നല്ലാതെ മറ്റൊരു പേരും അവരുടെ മനസ്സിലേക്കു വന്നില്ല. അങ്ങനെ കുന്നംകുളം ഗാന്ധിനഗറിലെ ഒരു വാടകവീട്ടിൽ കഴിഞ്ഞവർഷം മാർച്ചിൽ, മറവിരോഗികൾക്ക് സാന്ത്വനമായി പരിചരണകേന്ദ്രം തുറന്നു.

അവരവരുെട ജോലികളിൽ നിന്നും ആഴ്ചയിലൊരു ദിവസം അവധിയെടുത്തു ഓരോരുത്തരായി രോഗികളെ പരിചരിക്കാനായി കേന്ദ്രത്തിൽ നിൽക്കും. പാചകം ചെയ്യാനും രോഗികളെ സഹായിക്കാനുമായി സ്ഥിരമായി ആളുണ്ട്. ആവശ്യമുള്ളപ്പോഴെല്ലാം രോഗികളെ നോക്കാനായി താലൂക്ക് ആശുപത്രിയിലെ ഡോ. പ്രവീൺ വിളിപ്പുറത്തുണ്ട്. ഒരു പ്രതിഫലവും വാങ്ങാതെയാണ് ഡോക്ടർ ഓരോ തവണയും ഓടിയെത്തുന്നതെന്ന് ചാരിതാർഥ്യത്തോടെ സിന്ധു പറയുന്നു.

ഉപേക്ഷിക്കാനൊരിടം അല്ല

‘‘മറവി രോഗികളെ ഉപേക്ഷിച്ചു പോകാനൊരിടമല്ലിത്. ഓരോ രോഗിയുടെയും ബന്ധു ആഴ്ചയിലൊരു ദിവസം വരണം. ഞങ്ങൾ പരിചരിക്കുന്നത് അവർ കാണണം. അങ്ങനെ കണ്ട് ഈ പടിക്കെട്ടു കടന്ന് പുറത്തു പോകുമ്പോൾ അവർ ആലോചിക്കും , ഒരു ബന്ധവുമില്ലാത്ത ഈ സ്ത്രീകൾക്ക് എന്റെ പ്രിയപ്പെട്ടവർക്ക് ഇത്രയും ചെയ്യാൻ കഴിയുന്നുണ്ടല്ലോ? ഇത് എനിക്കു തന്നെ ചെയ്യാൻ പറ്റില്ലേ?’’ പിന്നൊരു നാൾ അവർ

വന്ന് ഈ രോഗിയെ കൂട്ടിപ്പോകും. ആ ചിന്ത അവർക്കുണ്ടാക്കിക്കൊടുക്കുന്നതാണ് ഞങ്ങളുെട വിജയം.’’ സിന്ധു പറഞ്ഞു നിർത്തി.

പറയാൻ കഥകൾ തീർന്നിട്ടല്ല, അവരുടെ കണ്ണുകളിൽ‌ വന്നു നിറയുന്ന സങ്കടത്തിന്റെയും അതിജീവനത്തിന്റെയും നനവുകൾക്കു മുന്നിൽ നിന്നും തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതുകൊണ്ട്... അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചതുകൊണ്ട് മാത്രം.

(സാന്ത്വനം പരിചരണകേന്ദ്രം, കുന്നംകുളം ഫോൺ: 97464 62425)

Tags:
  • Inspirational Story