Tuesday 20 November 2018 12:27 PM IST

അവൾ പാടുമ്പോൾ മനമുരുകും; ശബ്ദങ്ങളോട് കൂട്ടുകൂടിയ കൊച്ചുഗായിക അനന്യയുടെ വിശേഷങ്ങൾ

Rakhy Raz

Sub Editor

ananya

രണ്ട് വയസ്സുവരെ കാക്ക, പൂച്ച, തത്ത എന്നൊക്കെ കൊ ഞ്ചി കൊഞ്ചിപ്പറഞ്ഞിരുന്നു അനന്യ. എന്നിട്ടും ‘കുട്ടിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് പരിശോധിക്കണം’ എന്ന് അവളുടെ മുത്തച്ഛൻ പറഞ്ഞപ്പോൾ എയർഫോഴ്സ് ഉദ്യോഗസ്ഥനായ ബിജേഷിനും ഭാര്യ അനുപമയ്ക്കും അതിശയമാണ് തോന്നിയത്. വളർച്ചയുടെ പടവുകൾ അവൾ കൃത്യമായി കയറുന്നുണ്ടായിരുന്നു. ജോലി കഴിഞ്ഞു വരുന്ന ബിജേഷിന്റെ കൈകളിലേക്ക് അവൾ ചാടി വീഴുമായിരുന്നു.

‘‘രണ്ടു വയസ്സായിട്ടും കാര്യമായി സംസാരിക്കാത്തതിനെക്കുറിച്ച് ഞങ്ങൾ ആലോചിച്ചിരുന്നെങ്കിലും പലരും പറഞ്ഞു ചില കുഞ്ഞുങ്ങൾ വൈകിയേ സംസാരിക്കൂ എന്ന്. പക്ഷേ, അവൾ വസ്തുക്കൾ ചൂണ്ടിക്കാണിക്കാതിരിക്കുകയും ഭയമില്ലാതെ പട്ടിയുടെ വാലിൽ പിടിച്ചു വലിക്കുകയും വലിയവർ കളിക്കുന്നതിനിടയിലേക്ക് അപകട ഭീതിയില്ലാതെ കയറി പോകുകയും വിളിച്ചാൽ മുഖത്തേക്ക് നോക്കാതിരിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് അനുപമയുടെ അച്ഛൻ കുഞ്ഞിനെ പരിശോധിപ്പിക്കണം എന്ന് പറയുന്നത്. ’’ ബിേജഷ് ഓർത്തു.

‘‘ അച്ഛനിത് പറയുമ്പോഴും ഞങ്ങൾക്ക് തോന്നിയിരുന്നില്ല കുഞ്ഞിന് എന്തെങ്കിലും കുഴപ്പം കാണും എന്ന്. കാരണം നഴ്സറി ഗാനങ്ങളുടെ വരികൾ അവൾ നന്നായി പാടുമായിരുന്നു. എങ്കിലും അച്ഛൻ പറഞ്ഞതല്ലേ എന്ന് കരുതി പീഡിയാട്രീഷ്യനെ കാണിച്ചു. അവർ രണ്ടു മൂന്നു ചോദ്യങ്ങൾ ചോദിച്ചു. എത്ര വാക്ക് പറയും? രണ്ട് വാക്ക് കൂട്ടി യോജിപ്പിച്ച് പറയുമോ? സംസാരിക്കുമ്പോൾ കണ്ണിലേക്ക് നോക്കിയാണോ സംസാരിക്കുന്നത്? അവർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഞങ്ങളുടെ ഉത്തരം ഇല്ല എന്നായിരുന്നു. അവൾക്ക് ഓട്ടിസം ആണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. ’’ ശബ്ദമിടറി അനുപമ പറഞ്ഞൊപ്പിച്ചു.

എങ്ങനെയും നോർമൽ ആക്കാൻ

‘‘പിന്നെ സൈക്യാട്രിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സൊ സൈറ്റി ഓഫ് ഡിഫറന്റ്ലി ഏബിൾഡ്, അനന്യയുമായി ഞങ്ങൾ പലയിടത്തും കയറിയിറങ്ങി. എങ്ങനെയെങ്കിലും മോളെ നോർമൽ ആക്കണം എന്നായിരുന്നു ചിന്ത. അന്ന് ഞങ്ങൾ മുംബൈയിലായിരുന്നു. ഓട്ടിസം കുട്ടികൾക്ക് നല്ലത് പഠനം മാതൃഭാഷയിലാകുന്നതാണെന്ന് മനസ്സിലാക്കി ട്രാൻസ്ഫർ വാങ്ങി. കേരളത്തിലേക്ക് ചോദിച്ചെങ്കിലും ബാംഗ്ലൂരാണ് കിട്ടിയത്. അവിടെ നിംഹാൻസിൽ കാണിച്ചു. സാവധാനം ഞങ്ങൾ ഉൾക്കൊണ്ടു ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകില്ല എന്ന്.’’ അനുപമ ആ ദിനങ്ങൾ ഒാർമിച്ചു.

‘‘ആദ്യകാലത്ത് അവൾ ഹൈപ്പർ ആക്റ്റീവ് ആയിരുന്നു. രാത്രി കിടന്ന് കൈകൊട്ടുക, വെറുതേ ചിരിക്കുക, ഏറെ നേരം കരയുക തുടങ്ങിയ പെരുമാറ്റ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ ഒരു മരുന്നും ഉപയോഗിക്കുന്നില്ല. കാരണം ഓട്ടിസത്തിന് മരുന്നില്ല. ഓട്ടിസം കുട്ടികളെ ശരിയായി ട്രെയിൻ ചെയ്ത് പരമാവധി നല്ല രീതിയിൽ പെരുമാറാനും ജീവിക്കാനും പ്രാപ്തമാക്കുക മാത്രമേ വഴിയുള്ളു. തെറാപ്പിസ്റ്റുകളൊക്കെ ധാരാളമുണ്ടാകും പക്ഷേ, കുട്ടിയെയും മാതാപിതാക്കളെയും ശരിയായി പരിശീലിപ്പിക്കുന്ന തെറാപ്പിസ്റ്റിന്റെയടുത്തല്ല ചെന്ന് പെടുന്നതെങ്കിൽ കാര്യങ്ങൾ കീഴ്മേൽ മറിയും. ഞങ്ങൾ തന്നെ പലയിടത്ത് ചെന്നതിന് ശേഷമാണ് ശരിയായ പരിശീലന രീതി മനസ്സിലാക്കിത്. ഇന്ന് അനന്യ സ്വന്തം കാര്യങ്ങളൊക്കെ ഏറെക്കുറേ തനിയേ ചെയ്യും. എഴുതാനും വായിക്കാനും അത്യാവശ്യം അറിയാം.’’ അനുപമ പറയുന്നു.

‘‘അവൾ ശബ്ദങ്ങളോടാണ് കൂടുതൽ അടുപ്പം കാണിക്കുന്നതും മനസ്സിലാക്കുന്നതും എന്ന് തിരിച്ചറിയാനായതാണ് വ ഴിത്തിരിവായത്. ടാബിൽ ലേണിങ് ആപ്പുകളും കീ ബോർഡ് ആപ്പും ഇട്ട് മോൾക്കു കൊടുത്തു. ടാബിലൂടെ മൃഗങ്ങളുടെയും പക്ഷികളുടേയും പേരുകളും മറ്റും പഠിച്ചു. അതിലെ കീബോർഡ് ആപ്പ് അവൾ പെട്ടെന്ന് പഠിച്ചെടുത്തപ്പോൾ കീ ബോർഡ് വാങ്ങിക്കൊടുത്തു. കീ ബോർഡ് പഠിപ്പിക്കാൻ ഒരാളെ ഏർപ്പാടാക്കിയെങ്കിലും പഠിപ്പിക്കാൻ സാധിച്ചില്ല. ഓട്ടിസം കുട്ടികൾ അവരുടേതായ രീതിയിലാണല്ലോ കാര്യങ്ങൾ പഠിക്കുന്നത്. പക്ഷേ താമസിയാതെ കീ ബോർഡിൽ ‘തുമ്പീ വാ, തുമ്പക്കുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാം...’ എന്നു വായിച്ചത് ഞങ്ങളെ അതിശയിപ്പിച്ചു.

യുട്യൂബിൽ തനിയേ സർച്ച് ചെയ്ത് അവൾക്കിഷ്ടമുള്ള പാട്ടുകളൊക്കെ പഠിച്ചെടുത്തിരുന്നു. ഒരിക്കൽ ഒരു പൊതുപരിപാടിയിൽ അനന്യ ‘മൈനാകം’ എന്ന പാട്ട് പാടിയത് ഞാൻ അനന്യ ബിജേഷ് എന്ന പേരിൽ ഫെയ്സ് ബുക്കിലിട്ടു. 40,000 പേരാണ് അത് കണ്ടത്. ഇത് കണ്ടാണ് മുരളി അപ്പാടത്ത് എന്ന സംഗീത സംവിധായകൻ സിഡിയിൽ പാടാൻ വിളിക്കുന്നത്. മുരളി പാടി അയച്ചു തന്ന ട്രാക്ക് കേട്ടാണ് അനന്യ ഗുരുവായൂരമ്പല ശ്രീകോവിൽ മുന്നിൽ എന്ന ഗാനം പഠിച്ചത്.’’

ചിത്രച്ചേച്ചിയോടൊപ്പം വേദി പങ്കിടാൻ പറ്റിയതാണ് അനന്യയ്ക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് ബിജേഷ്. ‘‘പൊ തുവേ മറ്റുള്ളവരോട് അടുക്കാൻ മടി കാണിക്കുന്ന അനന്യ ചിത്രചേച്ചിയെ വേദിയിൽ കണ്ടപ്പോൾ ചിരിച്ചുകൊണ്ടു ചെന്ന് കെട്ടിപ്പിടിച്ചത് ഞങ്ങളെ അതിശയിപ്പിച്ചു,’’

ഇപ്പോൾ തിരുവനന്തപുരം വഴുതക്കാട് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് സ്പെഷ്യൽ കെയറിൽ പഠിക്കുകയാണ് അനന്യ. അനുജൻ ആറാം ക്ലാസ്സിൽ.

അനന്യയുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനായി ഇരുപത് വർഷത്തെ സേവനത്തിന് ശേഷം എയർഫോഴ്സ് വിട്ട് തിരുവനന്തപുരത്ത് മറ്റൊരു ജോലിക്കു ചേർന്നു ബിജേഷ്. പല ചാനൽ പരിപാടികളിലും സ്പെഷൽ ഗസ്റ്റ് ആയ അനന്യ പുതിയ ഓണപ്പാട്ടു സിഡിയിൽ പാടുന്ന തിരക്കിലാണ്. അനന്യ ജയചന്ദ്രൻ സാറിന്റെ ഒരു പാട്ട് പാടുന്നതാണ് ബിജേഷിന്റെയും അനുപമയുടേയും സ്വപ്നം.