Wednesday 27 January 2021 05:06 PM IST

ചെമ്പുകമ്പി മോഷ്ടിക്കാൻ കയറിയവൻ അഭയയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്രേ: പൊലീസ് മെനഞ്ഞ കഥകൾ

Sujith P Nair

Sub Editor

sister-abhaya-brother

സത്യം പറയാം. വിധി വരുന്നതിന്റെ തലേന്നു രാത്രി സംസാരിച്ചിരുന്നേല്‍ ഞാന്‍ പറഞ്ഞേനേ, ‘ഞങ്ങളുെട െകാച്ചിനു നീതി കിട്ടില്ലെന്ന്. ഞങ്ങൾക്കൊക്കെ അത്രയ്ക്കു പ്രതീക്ഷയറ്റിരുന്നു. എത്രയോ മുന്‍േപ കുറ്റക്കാരെന്നു ബോധ്യപ്പെട്ടവരാണ് ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. അഭയയുടെ ആത്മാവിന് ഇനിയെങ്കിലും ശാന്തി ലഭിക്കുമായിരിക്കും...’’ സിസ്റ്റർ അഭയയുടെ സഹോദരൻ ബിജുവിന്റെ വാക്കുകളിൽ ഒരു ആയുഷ്കാലത്തിന്റെ കാത്തിരിപ്പു സഫലമായതിന്റെ സന്തോഷമുണ്ട്.

ബിജുവിന്റെ ഭാര്യ നോബിക്കും മക്കളായ എഡ്വിനും എൽവിനും എൽജിനും ആ കാത്തിരിപ്പിന്റെ ചൂടും ചൂരുമറിയാം. എ ങ്കിലും ഒരു വേദന ബാക്കിയുണ്ട്. അപ്പൻ തോമസും അമ്മ ലീലാമ്മയും വിധി കേൾക്കാൻ ഇല്ലാതെ പോയല്ലോ എന്ന്. മകളുടെ വിയോഗം ഏൽപ്പിച്ച വേദനയിൽ ആയുസ്സു നീറിയൊടുങ്ങിയ അവരുടെ ചിത്രത്തിലേക്കു ഒരു നിമിഷം ബിജു നോക്കി. പിന്നെ, വേദനകളുടെ പെരുമഴക്കാലത്തിലേക്ക് ഓർമകളുടെ കൈപിടിച്ചു മെല്ലെ നടന്നുതുടങ്ങി.

ഞങ്ങളുടെ കൊച്ച്, വീട്ടിലെ ബീന

കോട്ടയം ജില്ലയിലെ അരീക്കര എന്ന ഗ്രാമത്തിലായിരുന്നു അഭയയുടെ ജനനം. കൂലിപ്പണിക്കാരനായിരുന്ന ഐക്കരക്കുന്നേൽ തോമസിനും ലീലാമ്മയ്ക്കും ആകെയുണ്ടായിരുന്നതു രണ്ടു മക്കളാണ്. മൂത്തവൻ ബിജു, ഇളയവൾ ബീന. ഇവരുടെ കുട്ടിക്കാലം കഷ്ടതകൾ നിറഞ്ഞതായിരുന്നു.

‘‘കപ്പയും ചക്കയുമൊക്കെ ഉണ്ടായിരുന്നതു കൊണ്ടു പട്ടിണിയുണ്ടായിരുന്നില്ല. ഇറച്ചിക്കറിയൊക്കെ വയറുനിറച്ചു കഴിക്കണമെങ്കിൽ അമ്മവീട്ടിൽ പെരുന്നാളു വരണം.’’ ബിജു ഒാര്‍ക്കുന്നു. ‘‘എന്നേക്കാളും രണ്ടുവയസ്സ് ഇളയതാണു ബീന. അ വളെ കൊച്ച് എന്നാണു വിളിച്ചിരുന്നത്. അധികം സംസാരിക്കുന്ന കൂട്ടത്തിലായിരുന്നില്ല. എന്റെ കൈപിടിച്ച് എപ്പോഴും കാണും. പഠിക്കാൻ ശരാശരിക്കാരിയായിരുന്നു. എന്നാലും എ നിക്കു പോലും പാഠങ്ങൾ പറഞ്ഞു തരുമായിരുന്നു. സിനിമയ്ക്കു പോകാനും കൂട്ടുകാരോടൊത്തു നടക്കാനുമൊന്നും കൊച്ചിനു തീരെ താൽപര്യമില്ലായിരുന്നു, സന്ധ്യാപ്രാർഥനയ്ക്ക് ആദ്യമെത്തി പായ വിരിക്കാനും മറ്റുമായിരുന്നു വലിയ ഉത്സാഹം.

ദൈവത്തിലേക്കുള്ള വഴി

കുടുംബത്തിലും നാട്ടിലുമൊക്കെ ഒരുപാട് അച്ചൻമാരും ക ന്യാസ്ത്രീകളുമുണ്ട്. അവർ വരുമ്പോൾ അവൾ ആരാധനയോടെ നോക്കിനിൽക്കും. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണു കന്യാസ്ത്രീ ആകണമെന്ന ആഗ്രഹം ബീന പറഞ്ഞത്. സംഗതി വീട്ടിലറിഞ്ഞതോെട അപ്പനായിരുന്നു കൂടുതല്‍ എതിർപ്പ്. കൊച്ചിനെ എങ്ങനെയെങ്കിലും കെട്ടിച്ചു വിട്ട് അവൾക്കൊരു കുടുംബം ഉണ്ടാകണം എന്നായിരുന്നു അപ്പന്റെ ആഗ്രഹം. അവളാകട്ടെ തീരുമാനത്തിൽ ഉറച്ചുനിന്നു.

വിശപ്പില്ലെന്നും കഴിക്കാൻ വരുന്നില്ലെന്നുമൊക്കെ പറ ഞ്ഞ് സമരമായതോെട കൊച്ചിന്റെ ഇഷ്ടം അങ്ങു സമ്മതിച്ചു കൊടുക്കാൻ പറഞ്ഞ് അമ്മച്ചീം നിർബന്ധിച്ചു. അങ്ങനെ അ പ്പൻ അയഞ്ഞു. പത്താംക്ലാസു കഴിഞ്ഞാണ് കൊച്ചിനെ മഠത്തിൽ ചേർത്തത്. അതിനു മുൻപു കുടുംബപശ്ചാത്തലത്തെ കുറിച്ചൊക്കെ സഭയുടെ അന്വേഷണം ഉണ്ട്. എല്ലാം അന്വേഷിച്ച് ഇടവക വികാരി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു മഠത്തിൽ പ്രവേശനം ലഭിക്കുക. കുടുംബത്തിൽ ആർക്കെങ്കിലും മാനസികരോഗം ഉണ്ടോ എന്നു വരെ അന്വേഷിക്കും.

ജോസഫ് ചാഴികാടൻ അച്ചനായിരുന്നു അക്കാലത്തു ഞ ങ്ങളുടെ വികാരി. അദ്ദേഹം വിശദമായി അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടു പരിഗണിച്ചാണു ബീനയെ എടുത്തത്. അപ്പന്റെ കൈപിടിച്ച് സന്തോഷത്തോടെ മഠത്തിലേക്കു പോയ കൊച്ചിന്റെ മുഖത്തെ സ്വപ്നസാക്ഷാത്കാരത്തിന്റെ ചിരി എനിക്കിപ്പോഴും ഓർമയുണ്ട്.

പെരുമഴ പോലെ വേദന

മൂന്നു വർഷത്തെ പഠനത്തിനു ശേഷം മഠത്തിൽ വച്ചാണു ബീ ന, സിസ്റ്റർ അഭയയാകുന്നത്. 1991ൽ കോട്ടയം ബിസിഎം കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു. അതോടെ താമസം പയസ് ടെൻത് കോൺവെന്റിലേക്കു മാറി.

ആ സമയത്തേ അവൾ പൂർണമായി കർത്താവിൽ സമർപ്പിച്ചു കഴിഞ്ഞു എന്നു തോന്നിയിട്ടുണ്ട്. കോൺവെന്റിൽ നിന്ന് അപ്പച്ചനും അമ്മച്ചിക്കും കത്തയയ്ക്കും. ഇടയ്ക്കു വീട്ടിൽ വരും. വിശേഷങ്ങളൊന്നും വിശദീകരിച്ചു പറയുന്ന സ്വഭാവം ഇല്ല. ഇടയ്ക്കു ഞാനും അപ്പച്ചനും കോൺവെന്റിൽ പോയി കാണും. അനുപമ എന്ന സിസ്റ്ററുമായി മോൾക്കു നല്ല അടുപ്പമായിരുന്നു. ഒരിക്കൽ ഞങ്ങളെ പരിചയപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ, പിന്നീട് അഭയയുടെ പേരിൽ സിസ്റ്ററും ഒരുപാട് വേദനകള്‍ അനുഭവിച്ചു.

ആയിടയ്ക്കു ഞാൻ ജോലി കിട്ടി ഗുജറാത്തിലേക്കു പോ യി. ഒരു ദിവസം ജോലി സ്ഥലത്തേക്ക് ഒരു ഫോൺകോൾ. ഒപ്പമുണ്ടായിരുന്ന സർദാർജിയാണു ഫോൺ എടുത്തത്. ‘സിസ്റ്റർ അഭയയ്ക്ക് എന്തോ ആക്സിഡന്റ് പറ്റിയെന്നും ഉടനെ നാട്ടിൽ എത്തണമെന്നും’ ആയിരുന്നു ആ ഫോണ്‍ സന്ദേശം. വണ്ടിയിലോ മറ്റോ യാത്ര ചെയ്യുമ്പോൾ എന്തെങ്കിലും സംഭവിച്ചതാകും എന്നാണു മനസ്സില്‍ കരുതിയത്. നാട്ടിലേക്കുള്ള ആദ്യ ട്രെയിനിൽ തന്നെ ഞാന്‍ േപാന്നു.

നാട്ടിൽ എന്നെ കാത്തിരിക്കുന്ന ദുരന്തത്തിന്റെ സൂചനയെന്നോണം തകർത്തു പെയ്ത വേനൽമഴയായിരുന്നു എനിക്കു കൂട്ട്. മരം ഒടിഞ്ഞു വീണ് മണിക്കൂറുകളോളം ട്രെയിൻ ഏതോ സ്‌റ്റേഷനിൽ പിടിച്ചിട്ടു. മൂന്നാംപക്കമാണു കോട്ടയത്തെത്തുന്നത്. എന്നെ കണ്ടയുടന്‍ വിങ്ങിപ്പൊട്ടിക്കൊണ്ട് അങ്കിള്‍ പറഞ്ഞു, ‘കൊച്ചിനെ ആരോ അപകടപ്പെടുത്തിയെടാ...’ ആ നിമിഷം ഇപ്പോഴും ഒാര്‍മയുണ്ട്. തരിച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ. ഞങ്ങളുടെ ജീവിതം അവിടെ മുതല്‍ കീഴ്മേൽ മറിഞ്ഞു തുടങ്ങി.

പോരാട്ടത്തിന്റെ നാളുകൾ

21 വയസ്സാണ് അന്നെനിക്ക്. എന്തു ചെയ്യണം എന്നറിയില്ല. കൊച്ചിനെ ആരോ കൊലപ്പെടുത്തിയതാണെന്നു ഞങ്ങൾ ഉറച്ചു വിശ്വസിച്ചു. കർത്താവിന്റെ മണവാട്ടിയായി സ്വയം സമർപ്പിച്ച അഭയയ്ക്ക് ജീവനൊടുക്കാൻ ആകുമായിരുന്നില്ല. ചില പത്രങ്ങൾ അഭയയുടെ മരണം കൊലപാതകമാണെന്ന തരത്തിൽ വാർത്ത പ്രസിദ്ധീകരിച്ചു. പക്ഷേ, മരണം ആത്മഹത്യയാക്കാൻ ആർക്കൊക്കെയോ തിടുക്കമായിരുന്നു.

ഒരു ദിവസം കൈമൾ എന്നു പേരുള്ള പൊലീസുകാരൻ വീട്ടിലെത്തി. അഭയയ്ക്ക് പ്രണയം ഉണ്ടായിരുന്നോ എന്നന്വേഷിക്കാനാണ് അയാൾ വന്നത്. തിരിച്ചു പോകും മുൻപ് എന്നെ അടുത്തു വിളിച്ച് ഉപദേശിച്ചു, ‘കുഞ്ഞേ, ഇതിനു പിന്നാലെ നടക്കേണ്ട. കേസ് ഒരിക്കലും തെളിയില്ല.’

ആയിടയ്ക്കാണ് ജോമോൻ പുത്തൻപുരയ്ക്കൽ വീട്ടിലെത്തുന്നത്. സിസ്റ്റർ അഭയയുടെ മരണത്തിലെ ദുരൂഹത മാറ്റണം എന്നാവശ്യപ്പെട്ട് കുറച്ചുപേർ ചേർന്ന് ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞങ്ങളൊന്നിച്ചായി നീതി തേടിയുള്ള പോരാട്ടം. എന്റെ കയ്യിലും ജോമോന്റെ കയ്യിലും പണം ഇല്ല. വണ്ടിക്കൂലിക്കു കഷ്ടിച്ച് പ ണം ഒപ്പിച്ചാണു രാവിലെ കോട്ടയത്തേക്കുള്ള ബസ് പിടിക്കുന്നത്. പൊലീസ് സ്റ്റേഷനിലും കലക്ടറേറ്റിലുമൊക്കെയായി നിവേദനങ്ങളുമായി കയറിയിറങ്ങും. സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പ്രവർത്തകനുമായ കെ. ഇ. മാമ്മൻ സാറി നെ പോലുള്ള ചിലര്‍ അക്കാലത്തു തുണയായി. ഉച്ചയ്ക്ക് ചോറും വൈകിട്ടാണെങ്കിൽ ചായയും ബോണ്ടയും നൽകണമെന്ന് കോട്ടയത്തെ ഒരു ചായക്കടയിൽ അദ്ദേഹം ചട്ടംകെട്ടി യിരുന്നു. പണം അദ്ദേഹം മാസാവസാനം നൽകും.

അവർ പൊലീസിന് അപമാനം

തെളിവുകൾ നശിപ്പിക്കാനായിരുന്നു ലോക്കൽ പൊലീസിനു തിടുക്കം. അടുക്കളയിലുള്ള ഫ്രിജിൽ നിന്നു വെള്ളം കുടിക്കാൻ വന്ന അഭയ ഇരുട്ടു കണ്ട് ഭ്രമിച്ച് കോൺവെന്റിനു പുറത്തിറങ്ങി വാതിലടച്ചു കിണറ്റിലേക്ക് ഊർന്നു ചാടി എന്നായിരുന്നു പൊലീസ് മെനഞ്ഞ കഥ. അഭയയുടെ മനസ്സിൽ ആത്മഹത്യ ചെയ്യാനുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു എന്ന മട്ടിലാണ് അവർ കേസിനെ സമീപിച്ചത്. വാതിലിന്റെ കൊളുത്തിലെ വിരലടയാളം പോലും അവർ പരിശോധിച്ചില്ല.

ലോക്കല്‍ െപാലീസിനെ തുടര്‍ന്നു വന്ന ക്രൈബ്രാഞ്ച് സംഘവും ഇതേ വഴിയിലൂടെയാണ് മുന്നോട്ടു പോയത്. എന്തെല്ലാം ക്രൂരതകളാണ് അവർ ചെയ്തതെന്നോ. കുടുംബത്തിനെതിരെ കഥകൾ മെനഞ്ഞു. കൊച്ചിന്റെ മരണം അമ്മയെ വല്ലാതെ തളർത്തിയിരുന്നു. രാത്രിയിൽ ഉറക്കമില്ല. അങ്ങനെ പിറവത്തെ ആശുപത്രിയിൽ ചികിത്സ തേടി. ഞങ്ങൾക്കു കുടും ബപരമായി മാനസിക‌പ്രശ്നം ഉണ്ടെന്നു വരുത്തി തീർക്കാൻ ഈ സംഭവം ആയുധമാക്കി.

ഒരിക്കൽ എന്നെ കോട്ടയം ക്രൈബ്രാഞ്ച് ഒാഫിസിലേക്കു വിളിപ്പിച്ചു. അവിടെ ചെല്ലുമ്പോൾ പൊലീസ് ഒരു തമിഴൻ പയ്യനെ ക്രൂരമായി മർദിക്കുകയാണ്. കോൺവെന്റിൽ നിന്ന് ഇടിമിന്നൽ രക്ഷാചാലകത്തിന്റെ ചെമ്പുകമ്പി മോഷ്ടിക്കാൻ കയറിയ അവൻ മുന്നിൽപെട്ട അഭയയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളിയതാണത്രേ. കഷ്ടിച്ച് 40 കിലോഗ്രാം ഭാരം വരുന്ന അവൻ ഇടി കൊണ്ട് ഇഞ്ചപ്പരുവമായിരിക്കുകയാണ്. ഞാൻ വിഷമത്തോെട ഇറങ്ങിപ്പോന്നു. ചാഴികാടൻ അച്ചനും നാട്ടുകാരും നൽകിയ പിന്തുണയാണ് അന്നു പിടിച്ചു നിൽക്കാൻ കരുത്ത് നൽകിയത്.

അഭയ മരിക്കുമ്പോൾ കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി. അദ്ദേഹമാണ് േകസ് സിബിെഎയ്ക്കു വിടുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം മാറി ഇ. കെ. നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. ജോമോനും ഞാനും കോട്ടയം ടിബിയില്‍ െചന്ന് അദ്ദേഹത്തെ കണ്ട് സംഭവങ്ങളെല്ലാം വിശദമായി പറഞ്ഞു. ‘കഴിവിന്റെ പരമാവധി സ ഹായിക്കാം, പക്ഷേ, വലിയ പ്രതീക്ഷ ഒന്നും വേണ്ട’ എന്നായിരുന്നു അദ്ദേഹത്തിെന്‍റ മറുപടി.

കൂടെപ്പിറപ്പിനു സാധിക്കാത്തത്

നീതി തേടി ജോമോനൊടൊപ്പം രണ്ടു വർഷത്തോളം മുട്ടാ ത്ത വാതിലുകൾ ഇല്ല. െെക്രംബ്രാഞ്ചിനു ശേഷം സിബിഐ േകസ് ഏറ്റെടുത്തു. അപ്പോഴേക്കും കുടുംബത്തിന്റെ അവസ്ഥ പരിതാപകരമായി മാറിയിരുന്നു. അങ്ങനെയാണ് ജോലി തേടി ഞാന്‍ ഗൾഫിലേക്ക് പോന്നത്. എസി മെക്കാനിക് ജോലിയാണ് ലഭിച്ചത്. അതോടെ ജോമോന് കൂട്ട് അപ്പൻ തോമ സായി. സിബിഐ ഡിവൈഎസ്പി വർഗീസ് പി. തോമസ് സാറുമായി അപ്പനു വലിയ ആത്മബന്ധം വരെ ഉണ്ടായി.

ജോമോന്റെ പോരാട്ടത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കൂടപ്പിറപ്പായ എനിക്കു സാധിക്കാത്തതാണ് അദ്ദേഹം ചെയ്തത്. പ്രതികൾ ആരാണെന്നു ബോധ്യമായപ്പോള്‍ തന്നെ ഞങ്ങളുടെ മനഃസാക്ഷിയുടെ കോടതി അവരെ ശിക്ഷിച്ചതാണ്. ഇപ്പോള്‍ ദൈവത്തിന്റെ വിധിയും വന്നിരിക്കുന്നു.

അടുത്തിടെ ദുബായ്‌യിൽ ഒരു സുഹൃത്തിന്റെ മകന്റെ ജ ന്മദിനാഘോഷത്തിനു പോയി. അഭയയുെട സഹോദരനാണെന്നറിഞ്ഞപ്പോള്‍ അവിെടയുണ്ടായിരുന്ന ഒരു കുട്ടി ചോദിച്ചു, ‘അങ്കിളേ, അഭയ സിസ്റ്ററെ കൊലപ്പെടുത്തിയതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടെന്താ ആരെയും ശിക്ഷിക്കാത്തത്...? ഞങ്ങളെല്ലാം സിസ്റ്ററിനായി പ്രാർഥിക്കുന്നുണ്ട് .’ അവനെ േപാലെ ഒരുപാടു േപരുെട പ്രാർഥനയുെട ഫല മാണ് ഇപ്പോഴത്തെ വിധി എന്നു ഞാന്‍ വിശ്വസിക്കുന്നു.