Wednesday 13 January 2021 12:20 PM IST

‘അഭയയ്ക്ക് പ്രണയം ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കാനാണ് ആ പൊലീസുകാരൻ വന്നത്’: അഭയയുടെ ഓർമ്മകളിൽ സഹോദരൻ

Sujith P Nair

Sub Editor

abhaya-case

സത്യം പറയാം. വിധി വരുന്നതിന്റെ തലേന്നു രാത്രി സംസാരിച്ചിരുന്നേല്‍ ഞാന്‍ പറഞ്ഞേനേ, ‘ഞങ്ങളുെട െകാച്ചിനു നീതി കിട്ടില്ലെന്ന്. ഞങ്ങൾക്കൊക്കെ അത്രയ്ക്കു പ്രതീക്ഷയറ്റിരുന്നു. എത്രയോ മുന്‍േപ കുറ്റക്കാരെന്നു ബോധ്യപ്പെട്ടവരാണ് ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. അഭയയുടെ ആത്മാവിന് ഇനിയെങ്കിലും ശാന്തി ലഭിക്കുമായിരിക്കും...’’ സിസ്റ്റർ അഭയയുടെ സഹോദരൻ ബിജുവിന്റെ വാക്കുകളിൽ ഒരു ആയുഷ്കാലത്തിന്റെ കാത്തിരിപ്പു സഫലമായതിന്റെ സന്തോഷമുണ്ട്.

ബിജുവിന്റെ ഭാര്യ നോബിക്കും മക്കളായ എഡ്വിനും എൽവിനും എൽജിനും ആ കാത്തിരിപ്പിന്റെ ചൂടും ചൂരുമറിയാം. എ ങ്കിലും ഒരു വേദന ബാക്കിയുണ്ട്. അപ്പൻ തോമസും അമ്മ ലീലാമ്മയും വിധി കേൾക്കാൻ ഇല്ലാതെ പോയല്ലോ എന്ന്. മകളുടെ വിയോഗം ഏൽപ്പിച്ച വേദനയിൽ ആയുസ്സു നീറിയൊടുങ്ങിയ അവരുടെ ചിത്രത്തിലേക്കു ഒരു നിമിഷം ബിജു നോക്കി. പിന്നെ, വേദനകളുടെ പെരുമഴക്കാലത്തിലേക്ക് ഓർമകളുടെ കൈപിടിച്ചു മെല്ലെ നടന്നുതുടങ്ങി.

പോരാട്ടത്തിന്റെ നാളുകൾ

21 വയസ്സാണ് അന്നെനിക്ക്. എന്തു ചെയ്യണം എന്നറിയില്ല. കൊച്ചിനെ ആരോ കൊലപ്പെടുത്തിയതാണെന്നു ഞങ്ങൾ ഉറച്ചു വിശ്വസിച്ചു. കർത്താവിന്റെ മണവാട്ടിയായി സ്വയം സമർപ്പിച്ച അഭയയ്ക്ക് ജീവനൊടുക്കാൻ ആകുമായിരുന്നില്ല. ചില പത്രങ്ങൾ അഭയയുടെ മരണം കൊലപാതകമാണെന്ന തരത്തിൽ വാർത്ത പ്രസിദ്ധീകരിച്ചു. പക്ഷേ, മരണം ആത്മഹത്യയാക്കാൻ ആർക്കൊക്കെയോ തിടുക്കമായിരുന്നു.

ഒരു ദിവസം കൈമൾ എന്നു പേരുള്ള പൊലീസുകാരൻ വീട്ടിലെത്തി. അഭയയ്ക്ക് പ്രണയം ഉണ്ടായിരുന്നോ എന്നന്വേഷിക്കാനാണ് അയാൾ വന്നത്. തിരിച്ചു പോകും മുൻപ് എന്നെ അടുത്തു വിളിച്ച് ഉപദേശിച്ചു, ‘കുഞ്ഞേ, ഇതിനു പിന്നാലെ നടക്കേണ്ട. കേസ് ഒരിക്കലും തെളിയില്ല.’
ആയിടയ്ക്കാണ് ജോമോൻ പുത്തൻപുരയ്ക്കൽ വീട്ടിലെത്തുന്നത്. സിസ്റ്റർ അഭയയുടെ മരണത്തിലെ ദുരൂഹത മാറ്റണം എന്നാവശ്യപ്പെട്ട് കുറച്ചുപേർ ചേർന്ന് ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞങ്ങളൊന്നിച്ചായി നീതി തേടിയുള്ള പോരാട്ടം. എന്റെ കയ്യിലും ജോമോന്റെ കയ്യിലും പണം ഇല്ല. വണ്ടിക്കൂലിക്കു കഷ്ടിച്ച് പ ണം ഒപ്പിച്ചാണു രാവിലെ കോട്ടയത്തേക്കുള്ള ബസ് പിടിക്കുന്നത്. പൊലീസ് സ്റ്റേഷനിലും കലക്ടറേറ്റിലുമൊക്കെയായി നിവേദനങ്ങളുമായി കയറിയിറങ്ങും. സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പ്രവർത്തകനുമായ കെ. ഇ. മാമ്മൻ സാറി നെ പോലുള്ള ചിലര്‍ അക്കാലത്തു തുണയായി. ഉച്ചയ്ക്ക് ചോറും വൈകിട്ടാണെങ്കിൽ ചായയും ബോണ്ടയും നൽകണമെന്ന് കോട്ടയത്തെ ഒരു ചായക്കടയിൽ അദ്ദേഹം ചട്ടംകെട്ടി യിരുന്നു. പണം അദ്ദേഹം മാസാവസാനം നൽകും.

വിശദമായ വായന വനിത ജനുവരി ആദ്യ ലക്കത്തിൽ