Friday 15 January 2021 05:23 PM IST

‘നമ്മുടെ കൊച്ചിനെ ആരോ അപകടപ്പെടുത്തിയെടാ...’: വിങ്ങിപ്പൊട്ടിക്കൊണ്ട് അങ്കിള്‍ പറഞ്ഞു: അഭയയുടെ ഓർമ്മകളിൽ സഹോദരൻ

Sujith P Nair

Sub Editor

sister-abhaya

സത്യം പറയാം. വിധി വരുന്നതിന്റെ തലേന്നു രാത്രി സംസാരിച്ചിരുന്നേല്‍ ഞാന്‍ പറഞ്ഞേനേ, ‘ഞങ്ങളുെട െകാച്ചിനു നീതി കിട്ടില്ലെന്ന്. ഞങ്ങൾക്കൊക്കെ അത്രയ്ക്കു പ്രതീക്ഷയറ്റിരുന്നു. എത്രയോ മുന്‍േപ കുറ്റക്കാരെന്നു ബോധ്യപ്പെട്ടവരാണ് ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. അഭയയുടെ ആത്മാവിന് ഇനിയെങ്കിലും ശാന്തി ലഭിക്കുമായിരിക്കും...’’ സിസ്റ്റർ അഭയയുടെ സഹോദരൻ ബിജുവിന്റെ വാക്കുകളിൽ ഒരു ആയുഷ്കാലത്തിന്റെ കാത്തിരിപ്പു സഫലമായതിന്റെ സന്തോഷമുണ്ട്.

ബിജുവിന്റെ ഭാര്യ നോബിക്കും മക്കളായ എഡ്വിനും എൽവിനും എൽജിനും ആ കാത്തിരിപ്പിന്റെ ചൂടും ചൂരുമറിയാം. എ ങ്കിലും ഒരു വേദന ബാക്കിയുണ്ട്. അപ്പൻ തോമസും അമ്മ ലീലാമ്മയും വിധി കേൾക്കാൻ ഇല്ലാതെ പോയല്ലോ എന്ന്. മകളുടെ വിയോഗം ഏൽപ്പിച്ച വേദനയിൽ ആയുസ്സു നീറിയൊടുങ്ങിയ അവരുടെ ചിത്രത്തിലേക്കു ഒരു നിമിഷം ബിജു നോക്കി. പിന്നെ, വേദനകളുടെ പെരുമഴക്കാലത്തിലേക്ക് ഓർമകളുടെ കൈപിടിച്ചു മെല്ലെ നടന്നുതുടങ്ങി.

പെരുമഴ പോലെ വേദന

മൂന്നു വർഷത്തെ പഠനത്തിനു ശേഷം മഠത്തിൽ വച്ചാണു ബീ ന, സിസ്റ്റർ അഭയയാകുന്നത്. 1991ൽ കോട്ടയം ബിസിഎം കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു. അതോടെ താമസം പയസ് ടെൻത് കോൺവെന്റിലേക്കു മാറി.

ആ സമയത്തേ അവൾ പൂർണമായി കർത്താവിൽ സമർപ്പിച്ചു കഴിഞ്ഞു എന്നു തോന്നിയിട്ടുണ്ട്. കോൺവെന്റിൽ നിന്ന് അപ്പച്ചനും അമ്മച്ചിക്കും കത്തയയ്ക്കും. ഇടയ്ക്കു വീട്ടിൽ വരും. വിശേഷങ്ങളൊന്നും വിശദീകരിച്ചു പറയുന്ന സ്വഭാവം ഇല്ല. ഇടയ്ക്കു ഞാനും അപ്പച്ചനും കോൺവെന്റിൽ പോയി കാണും. അനുപമ എന്ന സിസ്റ്ററുമായി മോൾക്കു നല്ല അടുപ്പമായിരുന്നു. ഒരിക്കൽ ഞങ്ങളെ പരിചയപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ, പിന്നീട് അഭയയുടെ പേരിൽ സിസ്റ്ററും ഒരുപാട് വേദനകള്‍ അനുഭവിച്ചു.

ആയിടയ്ക്കു ഞാൻ ജോലി കിട്ടി ഗുജറാത്തിലേക്കു പോ യി. ഒരു ദിവസം ജോലി സ്ഥലത്തേക്ക് ഒരു ഫോൺകോൾ. ഒപ്പമുണ്ടായിരുന്ന സർദാർജിയാണു ഫോൺ എടുത്തത്. ‘സിസ്റ്റർ അഭയയ്ക്ക് എന്തോ ആക്സിഡന്റ് പറ്റിയെന്നും ഉടനെ നാട്ടിൽ എത്തണമെന്നും’ ആയിരുന്നു ആ ഫോണ്‍ സന്ദേശം. വണ്ടിയിലോ മറ്റോ യാത്ര ചെയ്യുമ്പോൾ എന്തെങ്കിലും സംഭവിച്ചതാകും എന്നാണു മനസ്സില്‍ കരുതിയത്. നാട്ടിലേക്കുള്ള ആദ്യ ട്രെയിനിൽ തന്നെ ഞാന്‍ േപാന്നു.

നാട്ടിൽ എന്നെ കാത്തിരിക്കുന്ന ദുരന്തത്തിന്റെ സൂചനയെന്നോണം തകർത്തു പെയ്ത വേനൽമഴയായിരുന്നു എനിക്കു കൂട്ട്. മരം ഒടിഞ്ഞു വീണ് മണിക്കൂറുകളോളം ട്രെയിൻ ഏതോ സ്‌റ്റേഷനിൽ പിടിച്ചിട്ടു. മൂന്നാംപക്കമാണു കോട്ടയത്തെത്തുന്നത്. എന്നെ കണ്ടയുടന്‍ വിങ്ങിപ്പൊട്ടിക്കൊണ്ട് അങ്കിള്‍ പറഞ്ഞു, ‘കൊച്ചിനെ ആരോ അപകടപ്പെടുത്തിയെടാ...’

ആ നിമിഷം ഇപ്പോഴും ഒാര്‍മയുണ്ട്. തരിച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ. ഞങ്ങളുടെ ജീവിതം അവിടെ മുതല്‍ കീഴ്മേൽ മറിഞ്ഞു തുടങ്ങി.

വിശദമായ വായന വനിത ജനുവരി ആദ്യ ലക്കത്തിൽ