Friday 17 September 2021 03:53 PM IST : By സ്വന്തം ലേഖകൻ

ആ പാവങ്ങളുടെ ജീവിതത്തില്‍ വെളിച്ചമെത്തുന്നു, സീതയുടേയും കുഞ്ഞുമണിയുടേയും മുഖത്ത് പൊണ്‍തിരി വെട്ടം

hibi

നഗരനടുവില്‍ നരകജീവിതം നയിക്കുന്ന സീതയെയും സഹോദരി കുഞ്ഞുമണിയേയും ആരും മറന്നിട്ടുണ്ടാകില്ല. വൈദ്യുതി പോലുമില്ലാത്ത വീട്ടില്‍ ഭിന്നശേഷിക്കാരിയായ കുഞ്ഞനുജത്തി കുഞ്ഞുമണിയെ കണ്ണിലെ കൃഷ്മണി പോലെ നോക്കുന്ന സീത ഒരുപോട് ഹൃദയങ്ങളില്‍ മുറിപ്പോടായി. ആ ജീവിതം തൊട്ടറിഞ്ഞപ്പോള്‍ അവരെയോര്‍ത്ത് കണ്ണീരൊഴുക്കിയവരും ഏറെ. 

കലൂര്‍ പള്ളിയില്‍ നിന്നു ദാനം കിട്ടുന്ന മെഴുകുതിരി വെളിച്ചത്തില്‍ അവരുടെ ഇരുണ്ട ജീവിതം മുന്നോട്ടു പോകാന്‍ തുടങ്ങിയിട്ട് വര്‍ഷം 30 ആകുന്നു. 

കേരളം മുഴുവന്‍ കിറ്റുകള്‍ വിതരണം ചെയ്തപ്പോള്‍ ഇടിഞ്ഞു വീഴാറായ ഈ വീട്ടിലേയ്ക്കു മാത്രം ഒരു കിറ്റും വന്നില്ല. എന്തിനേറെ പറയണം, എരിയുന്ന വയറിന്റെ പരവേശം അടക്കാന്‍ കേവലം റേഷന്‍ കാര്‍ഡ് പോലും ഈ പാവങ്ങള്‍ക്കില്ല. ഈ കണ്ണീര്‍ ജീവിതം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ നിരവധി പേരാണ് കനിവിന്റെ കരംനീട്ടിയെത്തിയത്. ഇപ്പോഴിതാ അവരുടെ ജീവിതത്തില്‍ വെളിച്ചമെത്തുകയാണെന്നുള്ള സന്തോഷവാര്‍ത്ത പങ്കിടുകയാണ് എംപി ഹൈബി ഈഡന്‍. 

വൈകിട്ടോടെ അവരുടെ വീട്ടിലെത്തി സീതയെയും കുഞ്ഞുമണിയെയും കണ്ടു. ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഹൈബി സന്തോഷവാര്‍ത്ത പങ്കുവച്ച് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

‘രാവിലെ ചായകുടിച്ചു, ഉച്ചയ്ക്കത്തെ ചോറിന് പള്ളിയിൽ പോയിരിക്കുകയാണ്’: 6 കോടി വിലയുള്ള സ്ഥലത്ത് പട്ടിണിയുടെ രണ്ട് ആൾരൂപങ്ങൾ

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

മലയാള മനോരമയിലെ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കലൂർ നോർത്ത് ജനത റോഡിലെ സീതയുടെ വീട്ടിലെത്തുന്നത്. നഗര മധ്യത്തിൽ ദയനീയ സ്ഥിതിയിലുള്ള ഇവരുടെ ജീവിതം വേദനാജനകമായിരുന്നു.

വൈദ്യുതി ഇല്ലാത്തതായിരുന്നു ഏറ്റവും വലിയ പ്രശ്നം. രാവിലെ കെ. എസ്. ഇ. ബി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ബന്ധപ്പെട്ടു. വാർത്തയറിഞ്ഞ ഉടൻ ഇവർക്ക് സൗജന്യമായി വൈദ്യുതി ലഭിക്കുന്നതിനുള്ള എല്ലാ നടപടികളും കെ. എസ്. ഇ. ബി സ്വീകരിച്ചിരുന്നു.നാളെ അവർക്ക് വൈദ്യുതി കണക്ഷൻ ലഭിക്കും. ദ്രുതഗതിയിലുള്ള പ്രവർത്തനത്തിന് കെ. എസ്. ഇ. ബി യെ അഭിനന്ദിക്കാതെ വയ്യ.

വൈകിട്ടോടെ അവരുടെ വീട്ടിലെത്തി സീതയെയും കുഞ്ഞുമണിയെയും കണ്ടു. ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. നോൺ പെയ്മെന്റ് സ്കീമിലാണ് വൈദ്യുതി നൽകിയിരിക്കുന്നത്.അധിക ഉപയോഗം വന്നാൽ ബില്ലടക്കാനും ഫാൻ അടക്കമുള്ള കാര്യങ്ങൾ ആവശ്യാനുസരണം വാങ്ങി നൽകാൻ എന്റെ ഓഫീസിന് നിർദേശം നൽകിയിട്ടുണ്ട്. സ്ഥലം കൗൺസിലർ ദീപ്തി മേരി വർഗീസും ശ്രീ.ജോയ് പടയാട്ടിലിന്റെ നേതൃത്വത്തിലുള്ള പാലരിവട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും അവർക്ക് സർവ്വ സഹായമാവുമായി രംഗത്തുണ്ട്.

ആരും ഒറ്റപ്പെട്ട് പോകരുത്.. നമുക്ക് കൂടെ നിൽക്കാം