Tuesday 21 August 2018 11:57 AM IST

‘പെണ്ണാണ് നിനക്കിതു ചെയ്യാനാവില്ല’ എന്നുപറഞ്ഞു തളർത്തുന്നവർക്ക് പ്രവർത്തിയിലൂടെ മറുപടി നൽകുക!

Syama

Sub Editor

ship-tra78
(ഇടത്തു നിന്ന് ) ലെഫ്. കമാൻഡർ പി. സ്വാതി, ലെഫ്. എസ് വിജയാദേവി, ലെഫ്. പായൽ ഗുപ്ത, ലെഫ്. കമാൻഡർ ഐശ്വര്യ ബൊദ്ദപതി, ലെഫ്. കമാൻഡർ പ്രതിഭ ജാംവൽ, മുന്നിൽ യാത്രയുടെ ക്യാപ്റ്റൻ ലെഫ്. കമാൻഡർ വർത്തിക ജോഷി

ആറു പെൺകുട്ടികൾ, അഞ്ചു രാജ്യങ്ങൾ, നാല് ഭൂഖണ്ഡങ്ങള്‍, മൂന്ന് മഹാസമുദ്രങ്ങൾ, രണ്ടു തവണ ഭൂമധ്യരേഖ മുറിച്ചുകടക്കൽ, ഒരു പായ്‌വഞ്ചി...!

‘റോജ’ സിനിമയിലെ ‘ചിന്ന ചിന്ന ആസൈ’ എന്ന പാട്ടിൽ പെൺമനസ്സ് കൊത്തി വച്ചൊരു വരിയുണ്ട്. ഏ.ആർ. റഹ്മാൻ സംഗീതം കൊണ്ട് പൊട്ടു തൊട്ട പാട്ടിലെ ‘കാർകുഴലിൽ ഉലകൈ, കെട്ടി വിട ആസൈ’ എന്ന വരി. പെൺമനം കവര്‍ന്ന ആ കവിഭാവനയ്ക്കും മേലെയാണ് ഇന്ത്യൻ നേവിയിലെ ആറു പെൺപുലികൾ കടലിലെഴുതിയ പുതുചരിത്രം.
വിജയിക്കാൻ ഉറച്ച പെണ്ണിനു മുന്നിൽ ഭീതിയുടെ തിരമാലകൾക്കു സ്ഥാനമില്ലെന്നു തെളിയിച്ചിരിക്കുകയാണ് ‘തരിണി’ എന്ന പായ്‌വഞ്ചിയില്‍ കടലിലൂടെ ഭൂലോകം ചുറ്റി വന്ന ഈ വനിതകൾ. 55 അടി നീളമുള്ള, തടിയും ഫൈബറും കൊണ്ട് നിർമിച്ച തരിണിയിൽ 254 ദിവസം കൊണ്ട് ഉലകം ചുറ്റിയ ധീരയാത്ര. ഗോവയിൽ നിന്നു തുടങ്ങി ഗോവയിൽ തന്നെ തിരിച്ചെത്തിയപ്പോൾ താണ്ടിയത് 21600 നോട്ടിക്കൽ മൈൽ (40,000 കിലോമീറ്റർ).

അഞ്ചിടങ്ങളിൽ കരതൊട്ട്, മൂന്ന് മഹാസമുദ്രങ്ങൾ താണ്ടി  ഭൂമധ്യരേഖ രണ്ടുവട്ടം  കുറുകേ കടന്നുള്ള യാത്ര. തിരികെ ഗോവയിലെത്തുമ്പോൾ ‘തരിണി’യുടെ മുകളിൽ പാറിയ ത്രിവർണപതാകയ്ക്കു താഴെ അവർ ആറുപേർ സൂര്യനെ പോലെ ജ്വലിച്ചു നിന്നു. യാത്രയുടെ  ക്യാപ്റ്റൻ ലഫ്.കമാൻഡർ വർത്തിക ജോഷി, ലഫ്.കമാൻഡർ പി. സ്വാതി, ലഫ്. കമാൻഡർ പ്രതിഭ ജാംവൽ, ലഫ്. ഐശ്വര്യ ബൊദ്ദപതി, ലഫ്. പായൽ ഗുപ്ത, ലഫ്. എസ്. വിജയാദേവി.

കടൽ കീഴടക്കിയ വനിതകൾ ഭാരതമണ്ണിൽ തിരികെയെത്തിയപ്പോൾ അവരെ സ്വീകരിക്കാൻ കാത്തുനിന്നു ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രി നിർമല സീതാരാമനും സംഘവും. 2017 സെപ്റ്റംബർ പത്തിന് ആരംഭിച്ച അഭിമാനയാത്രയുടെ കഥ ‘വനിത’യോട് പങ്കുവയ്ക്കുന്നു അവർ ആറു പേർ.

വർഷങ്ങൾ നീണ്ട തയാറെടുപ്പുകൾ

‘‘രണ്ടര വർഷത്തെ കഠിനമായ പരിശീലത്തിനൊടുവിലാണ് ഞങ്ങൾക്ക് ഈ യാത്ര സാധ്യമായത്. മുംബൈയിലെ രാജ്യാന്തര പരിശീലന കേന്ദ്രത്തില്‍ സെയിലിങ്ങിൽ ഉള്ള അടിസ്ഥാന കോഴ്സായിരുന്നു പരിശീലനത്തിന്റെ തുടക്കം. കമാൻഡർ അഭിമന്യു പഠാൻകറായിരുന്നു പരിശീലകൻ. അതിനു ശേഷം ഞങ്ങൾ കൊച്ചിയിലെത്തി.’’ യാത്രയുടെ വിശേഷങ്ങൾ പറയുമ്പോൾ വർത്തികയുടെ വാക്കുകളിൽ ആവേശം.

‘‘കടൽയാത്രയ്ക്കു വേണ്ട വിവിധ പരിശീലനങ്ങളായിരുന്നു കൊച്ചിയിലും ഗോവയിലായിരുന്നു അടുത്ത സെഷൻ. കടലിലൂടെ ഭൂമി ചുറ്റി വന്ന ആദ്യ ഇന്ത്യക്കാരന്‍ ദിലീപ് ദോണ്ഡെ ആയിരുന്നു പരിശീലകൻ. ഒറ്റയ്ക്ക് പായ്ക്കപ്പലില്‍ നിർത്താതെ ലോകം ചുറ്റി വന്ന അഭിലാഷ് ടോമിയും  ദിലീപ് ദോണ്ഡെയുമൊക്കെ യാത്ര ചെയ്ത  ഐഎൻഎസ്‌വി  മാഹ്ദേയ് എന്ന പായ്‌വഞ്ചിയാണ് ഞങ്ങൾക്കു പരിശീലനത്തിന് തന്നത്.

പഠിച്ച കാര്യങ്ങൾ പലതും ജീവിതത്തിൽ എവിടെ ഉപയോഗിക്കണം എന്നു അത്രയ്ക്ക് മനസ്സിലായിട്ടില്ലായിരുന്നു. എന്നാൽ ഈ യാത്രയുടെ ട്രെയ്നിങ്ങിന്റെ ഭാഗമായി പലതും ഞങ്ങൾ സ്വയം റിപ്പയർ ചെയ്യാൻ പഠിച്ചു.’’  ആത്മവിശ്വാസം തുളുമ്പുന്ന സ്വരത്തോടെ പ്രതിഭ.

‘‘ചെയ്യുന്നത് എല്ലാം ആദ്യം ശരിയാകണമെന്നില്ല, എന്നാലും നമ്മുടെ സ്വന്തം കൈകൊണ്ട് പലതും നന്നാക്കാൻ കഴിയുമെന്ന അറിവ് തരുന്ന ധൈര്യം വളരെ വലുതാണ്. യാത്രയുടെ തുടക്കത്തിൽ പായ്‌വഞ്ചിയിൽ കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന യന്ത്രത്തിനു തകരാർ വന്നു. ഞങ്ങൾ അതു നന്നാക്കാൻ ശ്രമിച്ചു െകാണ്ടേയിരുന്നു. കുറേ ദിവസം വേണ്ടി വന്നു അതിന്. അത്രയും ദിവസത്തെ ആവശ്യങ്ങൾ നിറവേറ്റിയത് ഞങ്ങൾ സംഭരിച്ച മഴവെള്ളം െകാണ്ടാണ്. ഒരിടത്തു തടസ്സം നേരിട്ടാൽ അപ്പോൾ അടുത്ത വഴി ആലോചിക്കണം. അതിനുള്ള കഴിവ് ഞങ്ങളറിയാതെ തന്നെ ഞങ്ങൾക്ക് കിട്ടി.’’ സ്വാതി പറയുന്നു.

ലക്ഷ്യത്തിലേക്ക് ഒറ്റക്കെട്ടായി

‘‘മൂന്നു വർഷം ഞങ്ങൾ ആറു പേരും ഒരുമിച്ചായിരുന്നു. അത് ഞങ്ങൾ തമ്മിലുള്ള അടുപ്പം കൂട്ടാൻ നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്. പരസ്പരം  അറിയാനും  ആഴത്തിൽ മനസ്സിലാക്കാനും സാധിച്ചു. ഒരാൾക്ക് എത്രത്തോളം സഹിക്കാൻ പറ്റും. ഏത് പോയിന്റിലാണ് ഒരാളുടെ ക്ഷമ കെടുന്നത് എന്നൊക്കെ സ്വാഭാവികമായും മനസ്സിലായി. വളരെ പരിമിതമായ സ്ഥലത്ത് കുടുംബവും നാടും വിട്ടു ജീവിക്കേണ്ടി വരുമ്പോൾ, സ്വാഭാവികമായും സമ്മർദം ഉണ്ടാകും. ഇതൊക്കെ മറികടന്ന് പരസ്പരം സഹായിച്ച് മുന്നോട്ടു പോകാനുള്ള ടീം സ്പിരിറ്റ് ഞങ്ങൾ ഇത്രയും  കാലം കൊണ്ട് ആർജിച്ചിരുന്നു. എല്ലാവരുടേയും മനസ്സിൽ ഒരേയൊരു ലക്ഷ്യമുള്ളപ്പോൾ മറ്റൊന്നും ഞ ങ്ങൾക്ക് പ്രശ്നമായി തോന്നിയില്ല.’’ വർത്തിക ജോഷിയുടെ കണ്ണിൽ അഭിമാന തിളക്കം.

ഭയവും വിസ്മയവും പകരുന്ന കടൽ

‘‘കടലിന് ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസങ്ങളില്ല. അതിലേക്കിറങ്ങുന്ന ആർക്കും അതിശയങ്ങളും ആപത്തും ഒക്കെ നേരിടേണ്ടി വരും.’’ വർത്തിക കടലിലെ വിസ്മയങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങി.

‘‘എട്ടു മണിക്കൂർ വച്ച് രണ്ടു പേരുടെ ടീം ആയി എപ്പോഴും കാവൽ നിന്നിരുന്നു. ഞങ്ങളുടെ ജീവിതത്തിൽ കണ്ടതി ൽ വച്ച് ഏറ്റവും മനോഹരമായതും ഭയാനകമായ ദൃശ്യങ്ങള്‍ കടൽ കാണിച്ചു തന്നു. ഓസ്ട്രേലിയയിൽ വച്ച് ‘അറോറ’ കണ്ടതാണ് എടുത്തു പറയേണ്ട കാഴ്ച. ആകാശത്തു പ്രകൃതിയൊരുക്കുന്ന ഒരു ലൈറ്റ് ഷോ ആണ് അറോറ. പോളാർ ലൈറ്റ്സ് എന്നും ഇവയെ പറയും. ആർട്ടിക്, അന്റാർട്ടിക് തുടങ്ങിയ പോളാര്‍ പ്രദേശങ്ങൾക്കു സമീപം കാണുന്നതു കൊണ്ടാണ് ഈ പേരു വന്നത്. എല്ലാ നാവികർക്കും കാണാൻ കിട്ടുന്ന ഭാഗ്യമല്ല ഇത്.

പിന്നെ, ലോകത്തു  മറ്റൊരിടത്തും കാണാത്ത തരം  ജീവജാലങ്ങൾ, അപൂർവയിനം തിമിംഗലങ്ങൾ, സ്രാവുകൾ, ഡോ ൾഫിനുകൾ, പെൻഗ്വിനുകൾ... ഇവയെല്ലാം അവരവരുടെ സ്വാഭാവിക ഇടങ്ങളിൽ വച്ചു തന്നെ കാണാൻ പറ്റി.

navy-ship98532

യാത്രയ്ക്കിടയിൽ മൂന്നു കൊടുങ്കാറ്റുകൾ അഭിമുഖീകരിക്കേണ്ടി വന്നു. കടലിന്റെ രൗദ്രത കൺമുന്നിൽ കണ്ട ദിനങ്ങളായിരുന്നു അവ. നാവികരുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന കേപ് ഹോൺ എത്തിയപ്പോൾ മുപ്പതടിയോളം ഉയരത്തില്‍ ഭീമൻതിരമാലകൾ ആർത്തലച്ചു കൊണ്ടിരുന്നു. കാറ്റിന് വേഗം മണിക്കൂറിൽ 140 കിലോമീറ്റർ. കൊടുംതണുപ്പും മഴയും. ആരും ഭയന്നു പോകുന്ന സന്ദർഭം. പക്ഷേ, എന്തും  നേരിടാൻ ഞങ്ങൾ ഒരുക്കമായിരുന്നു.

സെയ്‌ലുകൾ എല്ലാം മാറ്റി. കൈ കൊണ്ടു നിയന്ത്രിച്ചാണ് ബോട്ട്  മുന്നോട്ട് നീക്കിയത്. 17 മണിക്കൂർ നിർത്താതെ ഇതു തുടർന്നു. ഞങ്ങൾ മാറി മാറി ജോലി ചെയ്തു. എല്ലാ പവർ ‍സോഴ്സുകളും വേർപെടുത്തി, ഓട്ടോമാറ്റിങ് സ്റ്റിയറിങ്ങും നീക്കി. ഞങ്ങള്‍ രണ്ടു ടീമായി തിരിഞ്ഞ് ജാഗ്രതയോടെ കാവ ൽ നിന്നു. മൂന്നു പേർ ബോട്ടിന്റെ ഡെക്കിൽ മൂന്നു പേർ ബാക്കി കാര്യങ്ങൾ ചെയ്യാനും. രാത്രിയാകുമ്പോൾ ആകാശം മൂടിക്കെട്ടും, ദിശാബോധം കിട്ടാൻ പ്രയാസമാകും. തിരമാലകളുടെ ശബ്ദം ശ്രദ്ധിച്ച് അതനുസരിച്ചാണ് മുന്നോട്ടു പോയത്. പലപ്പോഴും ബോട്ടിനുള്ളിലേക്കു ശക്തമായി വെള്ളം കയറി. നീന്തിപ്പോയി കാര്യങ്ങൾ ചെയ്യേണ്ട ഘട്ടങ്ങൾ. ഒരു നിമിഷം നമ്മൾ നിൽക്കുന്നത് കടലിലാണോ ബോട്ടിലാണോ എന്നു കൂടി മനസ്സിലാകാതെയാകും. ഞങ്ങളിലൊരാൾ കടലിലേക്കു വീണു പോകേണ്ട ഘട്ടം വരെ വന്നു. പക്ഷേ, ടീമിന്റെ ധൈര്യം കൊണ്ട് ആ സാഹചര്യങ്ങളെയെല്ലാം അതിജീവിച്ചു.
മാറിയിടാൻ ഉണങ്ങിയ ഉടുപ്പു പോലുമില്ല, പലർക്കും പനിയുടെ അസ്വസ്ഥതകൾ. ബോട്ടിന്റെ സ്റ്റിയറിങ് പിടിക്കുമ്പോ ൾ കൈ വഴുക്കാതിരിക്കാൻ സാധാരണ ഗ്ലൗസിനടിയിൽ കിച്ചൻ ഗ്ലൗസ് കൂടിയിട്ടിരുന്നു. ഇതെല്ലാം മറികടന്ന് ഗോവൻ തീ രം ലക്ഷ്യമാക്കി നീങ്ങുമ്പോഴാണ്  ബോട്ടിന്റെ ഗിയർ തകരാറിലാകുന്നത്. അങ്ങനെയാണ് പ്രതീക്ഷിക്കാതെ മൊറീഷ്യസിൽ കൂടി നിർത്തേണ്ടി വന്നത്.’’ വിജയം തിളങ്ങുന്ന പുഞ്ചിരിയൊടെ വർത്തിക പറഞ്ഞു.

പെണ്ണൊരുമയുടെ കരുത്ത്

‘‘പെൺകുട്ടികൾ മാത്രമായിരുന്നത് പലപ്പോഴും  ഉപകാരപ്പെടുകയും ചെയ്തു. പീരിയഡ്സിന്റെ സമയത്തൊക്കെ പരസ്പരം മനസ്സിലാക്കി തമ്മിൽ സഹായിച്ചു. മൂഡ്സ്വിങ്ങ്സും പീരിയഡ് ക്രാപ്സും ഒന്നും അത്ര കണ്ട് ഞങ്ങളെ ബാധിച്ചില്ല. ആ ദിവസങ്ങളിൽ കൂടുതൽ ജോലിയിൽ ഫോക്കസ് ചെയ്തു. ഭക്ഷണ രീതികളും അൽപം വ്യത്യസ്തമായിരുന്നു.

കാലാവസ്ഥയ്ക്കനുസരിച്ച് മൂന്നു രീതിയിലുള്ള മെനു ആണ് തിരഞ്ഞെടുത്തത്. നല്ല കാലാവസ്ഥയിൽ ഇഷ്ടമുള്ളതെന്തും ഉണ്ടാക്കാം, കഴിക്കാം. ചോറും ദാലും ഒക്കെ. കാലാവസ്ഥ മോശമായിത്തുടങ്ങുമ്പോള്‍ പെട്ടന്നുണ്ടാക്കാവുന്ന നൂഡില്‍സ് പോലുള്ളവ. തീരെ മോശം കാലാവസ്ഥകളില്‍ ചൂടാക്കി കഴിക്കാൻ പാകത്തിനുള്ള ഭക്ഷണസാധനങ്ങൾ.

ലോകം ചുറ്റിയുള്ള കടൽ യാത്രയ്ക്ക് നാലു നിബന്ധനകളാണുള്ളത്. കേപ് ഓഫ് ഗുഡ് ഹോപ്, കേപ് ഓഫ് ലൂവിൻ, കേപ് ഓഫ് ഹോൺ എന്നീ പ്രധാന മുനമ്പുകൾ  മറികടക്കണം. തുടങ്ങിയിടുത്തു തന്നെ തിരിച്ചെത്തണം. എല്ലാ ധ്രുവരേഖകളും മുറിച്ചു കടക്കണം. രാജ്യാന്തര സമയരേഖ മുറിച്ചു കടക്കണം. ഈ കടമ്പകളൊക്കെ ഞങ്ങൾ പൂര്‍ത്തിയാക്കി.

യാത്ര തുടങ്ങി 43 ദിവസം പിന്നിട്ട് ഒക്ടോബർ 23 ന് ഒാസ്ട്രേലിയയിലെ ഫ്രീമന്റിലിൽ എത്തി. 12 ദിവസം അവിടെ. പായ്‌വഞ്ചിയുെട അറ്റകുറ്റപ്പണികളും ഇന്ധനം നിറയ്ക്കലും കഴിഞ്ഞ് രണ്ടാം ഘട്ടം. കേപ് ഒാഫ് ലുവിൻ കടന്ന് നവംബർ 29 ന് ന്യൂസീലൻഡിലെ ലിറ്റിൽടൺ തുറുമുഖത്ത്. അവിടെ വിശ്രമത്തിനു ശേഷം യാത്ര തുടർന്നു. ഫോക്‌ലൻഡിലെ പോർട് സ്റ്റാൻലിയിൽ ആയിരുന്നു അടുത്ത സ്റ്റോപ്. പസഫിക് സമുദ്രത്തിലെ കൊടുംതണുപ്പ് അതിജീവിച്ചാണ് കേപ് ഓഫ് ഹോൺ  കടന്നത്. അറ്റ്ലാന്റിക് –പസഫിക് സമുദ്രങ്ങൾ സംഗമിക്കുന്ന സ്ഥലമാണ് കേപ് ഹോൺ. അറ്റ്ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിച്ച് ജനുവരി 22നു സ്റ്റാൻലിയിലെത്തി.

പിന്നീടു ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ ലക്ഷ്യമാക്കി നീങ്ങി. യാത്രാപരിപാടിയിലെ അവസാന സ്റ്റോപ്. ഹോളി ദിവസമാണ് അവിടെയെത്തുന്നത്. അടിെപാളിയായി ഞങ്ങള്‍ അവിെട ഹോളി ആഘോഷിച്ചു. പായ് വഞ്ചിയുടെ ചെറിയ റിപ്പയറിങ് പരിപാടികളും തീർത്തു. മാർച്ച് 14 നു കേപ്ടൗണിൽ നിന്നുള്ള മടക്കയാത്രയിൽ കേപ് ഓഫ് ഗുഡ് ഹോപ് മറികടന്നതോടെ തരിണി ഇന്ത്യൻ നേവിയുടെ പുതുചരിത്രമെഴുതി എന്ന് ഞങ്ങൾ ആവേശത്തോടെ തിരിച്ചറിഞ്ഞു.

‘അവസാന വെല്ലുവിളി’ എന്നു പറയില്ലേ. അതായിരുന്നു കടൽ ഞങ്ങൾക്കായി കാത്തുവച്ചത്. പായ് വഞ്ചി മുന്നോട്ടു നീങ്ങാനാകാത്ത വിധം  കാലാവസ്ഥ പെട്ടെന്നു മോശമായി. തകരാർ പരിഹരിക്കാതെ മുന്നോട്ട് പോകാനാകില്ല എന്ന് ബോധ്യമായപ്പോൾ പ്ലാനിൽ നിന്നു മാറി മൊറീഷ്യസിലെ പോർട് ലൂയിസിൽ ഞങ്ങളിറങ്ങി. പ്രശ്നങ്ങൾ പരിഹരിച്ച് ഏപ്രിൽ 26 ന് ഇന്ത്യൻ തീരം തൊടാനായി തുഴഞ്ഞു.

മേയ് 21 ന് ഗോവൻ മണ്ണിലിറങ്ങുമ്പോൾ ഞങ്ങൾ തരിണിയുടെ മേലെ പാറിപ്പറക്കുന്ന ത്രിവർണ പതാകയെ നോക്കി ഒരു നിമിഷം നിന്നു. ഭാരത മണ്ണിൽ കാൽതൊട്ട നിമിഷം ഉള്ളിൽ ആവേശം സൂര്യനെപ്പോലെ ജ്വലിച്ചു. യാത്രയിൽ ചെന്നിറങ്ങിയ സ്ഥലങ്ങളിൽ ഞങ്ങളെ സ്വീകരിച്ചവർ, മനസ്സറിഞ്ഞ പിന്തുണ നൽകിയ നേവിയിലെ സഹപ്രവർത്തകർ, മന്ത്രിമാരടക്കമുള്ള ജനനേതാക്കൾ, ഞങ്ങൾക്കായി പ്രാർഥിച്ച ഭാരത ജനത, കുടുംബാംഗങ്ങൾ എല്ലാവർക്കും ടീം ‘നാവിക സാഗർ പരിക്രമ’യുടെ ബിഗ് സല്യൂട്ട്.’’

പെൺകുട്ടികളോടു ഞങ്ങൾക്കു പറയാനുള്ളത് ഇതാണ്, ‘സ്വന്തം കഴിവുകളില‍്‍ നിങ്ങൾ ഒരിക്കലും സംശയിക്കരുത്. ‘പെണ്ണാണ് നിനക്കിതു ചെയ്യാനാവില്ല’ എന്നു പറഞ്ഞു തളർത്തുന്നവർക്ക് പ്രവർത്തിയിലൂടെ മറുപടി നൽകുക. പെണ്ണായതു കൊണ്ട് ‘പ്രത്യേക പരിഗണന’ വേണം എന്നു സ്ത്രീകളും  പറയാതിരിക്കുക. തോറ്റാലും തളരാതെ മുന്നോട്ട് പോകുന്നവരുടേതാണ് വിജയം. ഞങ്ങൾ കത്തിച്ച ഈ ജ്വാല തലമുറയ്ക്കുള്ള വെളിച്ചമാണ്. കടലുകളും ആകാശങ്ങളും കടന്ന്  ഇനിയും  സ്വപ്നങ്ങൾ ഉയരത്തിലെത്തെട്ടെ, അപ്പോഴും നിങ്ങളുടെ വേരുകൾ മണ്ണിലൂന്നി നിൽക്കട്ടേ’

കടലില്‍ 199 ദിവസങ്ങള്‍

നേവിയിൽ നിന്ന് പലരും  ലോകം ചുറ്റി സഞ്ചരിച്ചിട്ടുണ്ടെങ്കിലും  സ്ത്രീകൾ മാത്രമായൊരു യാത്ര ഇതുവരെ ഇ ന്ത്യൻ നേവി നടത്തിയിരുന്നില്ല. താൽപര്യം അറിയിച്ചവരിൽ നിന്നാണ് ‘നാവിക സാഗർ പരിക്രമ’യ്ക്കു വേണ്ടിയുള്ള  ടീം രൂപപ്പെടുത്തിയത്. ലഫ്. കമാൻഡർമാരായ വർത്തിക ജോഷിയും  പ്രതിഭയും  സ്വാതിയുമാണ് ടീമിൽ ആ ദ്യമെത്തിയ അംഗങ്ങൾ. വർത്തികയായിരുന്നു ടീം ക്യാപ്റ്റൻ. ലെഫ്റ്റനന്റുമാരായ ഐശ്വര്യയും വിജയാദേവിയും പായലും കൂടിയെത്തിയപ്പോഴാണ് ടീം പൂർണമായത്. മൂന്നു വർഷം മുൻപ് പരിശീലനം ആരംഭിച്ചു.

ട്രെയിനിങ് പൂർത്തിയാക്കിയപ്പോൾ പരിശീലകനില്ലാതെ ആറംഗ സംഘം സ്വന്തമായി സെയിലിങ് പ്രാക്ടീസ് ചെയ്തു. 254 ദിവസം നീണ്ട  ഐഎൻഎസ്‌വി (ഇന്ത്യൻ നേവൽ സെയ്‌ലിങ് വെസൽ) തരിണിയിലെ യാത്രയിൽ 199 ദിവസമാണ് ഇവർ കടലിൽ ചെലവഴിച്ചത്. 2017 സെപ്റ്റംബർ 10 ന് തുടങ്ങിയ യാത്ര 2018 മേയ് 21 ന് അവസാനിച്ചു. ‘നാവിക സാഗർ പരിക്രമ’യിൽ  അംഗങ്ങളായ ആറുപേർക്കുമായിരുന്നു കഴിഞ്ഞ വർഷത്തെ നാരി ശക്തി പുരസ്കാരം. 

our team

1.ലഫ്.കമാൻഡർ വർത്തിക ജോഷി: ഉത്തരാഖണ്ഡിലെ ഋഷികേശ് സ്വദേശിയായ വർത്തിക ബിടെക് ബിരുദധാരിയാണ്. 2010ൽ നാവിക സേനയിലെത്തി. ലോകം ചുറ്റിയ സംഘത്തിന്റെ ക്യാപ്റ്റൻ സ്ഥാനം വർത്തികയ്ക്കായിരുന്നു.
2.ലഫ്. കമാൻഡർ പി. സ്വാതി: വിശാഖപട്ടണം സ്വദേശി. 2011മുതൽ നാവിക സേനയിലുണ്ട്.
3.ലഫ്. കമാൻഡർ പ്രതിഭ ജാംവൽ: ഹിമാചൽ പ്രദേശിലെ കുളു സ്വദേശി. 2011 മുതൽ നാവിക സേനയിൽ.
4.ലഫ്. ഐശ്വര്യ ബൊദ്ദപതി: ഹൈദരാബാദ് സ്വദേശിയാണ്. നാവിക സേനയിൽ 2011ൽ എത്തി.
5. ലഫ്.പായൽ ഗുപ്ത: ഡെറാഡൂൺ സ്വദേശി. 2013ലാണ് നാവിക സേനാംഗമായത്.
6. ലഫ്. എസ്. വിജയാദേവി: മണിപൂരിലെ ബിഷ്ണുപൂർ സ്വദേശി. 2012ൽ നാവിക സേനയിൽ ചേർന്നു.

navi-ship56