Monday 04 July 2022 04:27 PM IST : By സ്വന്തം ലേഖകൻ

‘അനസ്തീസിയ നൽകിയപ്പോൾ ഹൃദയാഘാതവും ഛന്നിയും ഒരുമിച്ച്..’; ആറു വയസ്സുകാരിയെ ചികിത്സിക്കാന്‍ പണമില്ലാതെ ദുരിതത്തില്‍ കുടുംബം

agasthya-anil

തലച്ചോറിന്റെ തകരാറിനു ചികിത്സ തേടുന്ന ആറു വയസ്സുകാരിയെ ജീവിതത്തിലേക്കു തിരികിയെത്തിക്കാൻ മാതാപിതാക്കൾ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. മാവേലിക്കര തഴക്കര ക്നായപ്പള്ളിൽ അഗസ്ത്യ അനിലിന്റെ ചികിത്സയ്ക്കാണു മാതാപിതാക്കളായ അനിൽകുമാറും സജിനിയും സഹായം തേടുന്നത്. ജനിച്ചപ്പോൾ തന്നെ തലച്ചോറിനു നേരിയ തകരാർ കണ്ടെത്തി. 

കണ്ണിന്റെ കാഴ്ചയ്ക്കു പ്രശ്നം അനുഭവപ്പെട്ടതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയുടെ ഭാഗമായി അനസ്തീസിയ നൽകിയപ്പോൾ ഹൃദയാഘാതവും ഛന്നിയും ഒരുമിച്ചുണ്ടായതോടെ കോമ അവസ്ഥയിൽ ആയെന്നാണു മാതാപിതാക്കൾ പറയുന്നത്. വിദഗ്ധ ചികിത്സ നൽകിയാൽ മകളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാമെന്ന ഡോക്ടർമാരുടെ വാക്കുകളാണു കുടുംബത്തിന്റെ പ്രതീക്ഷ.

കാഴ്ചയുടെ പ്രശ്നത്തിൽ ചികിത്സയ്ക്കായി പോകുന്നതിനു മുൻപു വരെ മകൾ വളരെ സജീവമായിരുന്നെന്നു വീട്ടുകാർ പറഞ്ഞു. നാട്ടുകാരുടെ സഹായത്താലും വീട്ടുകാരുടെ സമ്പാദ്യമെല്ലാം വിറ്റുമാണ് ഇതുവരെ ചികിത്സ നടത്തിയത്. തുടർചികിത്സ നടത്താൻ പണമില്ലാതെ കുടുംബം ദുരിതത്തിലാണ്. 

ദിവസജോലിക്കു പോയി അനിൽകുമാറിനു കിട്ടുന്ന വരുമാനത്തിലാണു കുടുംബം മുന്നോട്ടു പോകുന്നത്. മകളെയും കൊണ്ട് ആശുപത്രിയിൽ പോകുന്ന ദിവസങ്ങളിൽ ജോലിക്കും പോകാൻ സാധിക്കാറില്ല. അഗസ്ത്യയെ സഹായിക്കാൻ പിതാവ് അനിൽകുമാറിന്റെ പേരിൽ എസ്ബിഐ മാവേലിക്കര ടൗൺ ശാഖയിൽ അക്കൗണ്ട് (നമ്പർ:67155168062, ഐഎഫ്എസ് കോഡ്: SBIN0070089) ആരംഭിച്ചിട്ടുണ്ട്. 7558953574 (ഗൂഗിൾപേ).

Tags:
  • Spotlight