Thursday 06 December 2018 11:50 AM IST : By സ്വന്തം ലേഖകൻ

ത്വക്ക് രോഗം ചികിത്സിച്ച് മാറ്റാന്‍ പണമില്ല; ദിവസവും 12 മുതല്‍ 14 മണിക്കൂര്‍ വരെ വെള്ളത്തിൽ അഭയം!

west-bengal-video

ദുരിതം എന്നു പറഞ്ഞാൽ യഥാർത്ഥത്തിൽ ഇതാണ്. വെസ്റ്റ് ബംഗാള്‍ സ്വദേശിനിയായ ഈ അറുപത്തിയഞ്ചുകാരി അനുഭവിക്കുന്ന വേദന അത്രയും വലുതാണ്. ആരുടേയും കണ്ണുനിറയും ഈ അമ്മയുടെ കഥ അറിഞ്ഞാൽ. വിചിത്രമായ ത്വക്ക് രോഗത്തിൽ നിന്ന് മുക്തി തേടി പകൽ മുഴുവൻ വെള്ളത്തിൽ കഴിച്ചുകൂട്ടുകയാണ് ഇവർ. കഴിഞ്ഞ 20 വര്‍ഷത്തോളമായി 12 മുതല്‍ 14 മണിക്കൂര്‍ വരെ വെള്ളത്തിൽ അഭയം തേടുന്നു.

ദിവസവും രാവിലെ സൂര്യന്‍ ഉദിക്കുന്നതിനു മുൻപുതന്നെ എഴുന്നേല്‍ക്കുകയും, തലയില്‍ തുണിയിട്ട് മറച്ച് കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയും ചെയ്യുന്നു. സൂര്യപ്രകാശം ത്വക്കിൽ പതിച്ചാൽ അസഹനീയമായ വേദനയും പൊള്ളലും അനുഭവപ്പെടും. വേദന സഹിയ്ക്കാനാകാതെയാണ് പതിവായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത്. 1998 മുതലാണ് ഈ ശീലം തുടങ്ങിയത്.

അരിയും കുറച്ചു പച്ചക്കറികളും വെള്ളവും മാത്രമാണ് ഇവരുടെ ഒരു ദിവസത്തെ ഭക്ഷണം. കുടുംബാംഗങ്ങളാണ് ഭക്ഷണം നദിക്കരയില്‍ എത്തിച്ചുനല്‍കുന്നത്. ചികിത്സിക്കാൻ പണമില്ലാത്തതാണ് മറ്റൊരു പ്രധാന പ്രശ്നം. വെള്ളത്തിൽ കിടക്കുന്ന ഇവരെ കൗതുകത്തോടെ നോക്കിക്കാണാനായി ഗ്രാമവാസികളും നദിക്കരയിലെത്തും. എന്നാൽ കാഴ്ചക്കാരുടെ എണ്ണം കൂടുകയല്ലാതെ ഇവരെ സഹായിക്കാനായി ആരും എത്തുന്നില്ല എന്നതും ദുഃഖകരമായ വസ്തുതയാണ്. ഈ അമ്മയെക്കുറിച്ചുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ സംഭവത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് കൂടുതൽ വാർത്തകൾ ലഭ്യമല്ല.