Tuesday 15 September 2020 12:15 PM IST : By സ്വന്തം ലേഖകൻ

‘എനിക്ക് നിവർന്നു നിൽക്കണം, എന്റെ മക്കൾക്ക് വേണ്ടി’; വിധി ഒരു കാലെടുത്തു, അടുത്ത കാലും മുറിക്കേണ്ട ദുരവസ്ഥ; കണ്ണീരോടെ സ്മിത കേഴുന്നു

smitha

‘ഞാൻ നിവർന്നു നിന്നത് എന്റെ കുടുംബത്തിന് വേണ്ടിയാണ്... എന്റെ മക്കളുടെ ഭാവിക്ക് വേണ്ടിയാണ്. പട്ടിണിക്കും പരാധീനതകൾക്കും നടുവിൽ ജീവിതം തള്ളിനീക്കിയപ്പോഴും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയായിരുന്നു. പക്ഷേ വീണ്ടും വീണ്ടും വേദനയാണ് ജീവിതം എനിക്ക് തരുന്നത്. ദേ... കണ്ടില്ലേ... എന്റൊരു കാല് പോയി... അതിന്റെ പേരിലുള്ള വേദന ഇനിയും തീർന്നിട്ടില്ല. ഇനീപ്പോ അടുത്ത കാലും എടുക്കണമെന്ന ഡോക്ടർമാർ പറയുന്നത്.’

തീരുമ്പോഴേക്കും സ്മിതയുടെ കണ്ണുനിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കിടന്ന കിടപ്പിൽ നിന്നും ഒന്നനങ്ങണമെങ്കിൽ പോലും പരസഹായം വേണം. എന്തിനേറെ പറയണം, പ്രാഥമിക ആവശ്യങ്ങൾക്കു പോലും പരസഹായം തേടേണ്ടുന്ന അവസ്ഥ.

കോട്ട.ം തിരുവഞ്ചൂർ കോട്ടമുറി സ്വദേശി സ്മിത അനുഭവിക്കുന്ന വേദന അധിക നേരെ കണ്ടു നിൽക്കാനാകില്ല, നെഞ്ചു പിടയും. ഒരു വൈറൽ പനിയിൽ നിന്നായിരുന്നു തുടക്കം. പരിശോധനയിൽ രക്തത്തിന്റെ പമ്പിംഗ് കുറ‍ഞ്ഞു പോയെന്ന് കണ്ടെത്തൽ. മരുന്നും മന്ത്രവുമായി കഴിഞ്ഞു കൂടിയെങ്കിലും പരീക്ഷിക്കാൻ തന്നെയായിരുന്നു വിധിയുടെ തീരുമാനം. കാലക്രമേണം സ്മിതയുടെ ഇടതു കാലിലെ രക്ത ഓട്ടം നിലച്ചു. മുട്ടിന് താഴെ വച്ച് മുറിച്ചു മാറ്റേണ്ടി വന്നു. ഹൃദയം തുളച്ചു കയറുന്ന വേദനയും കണ്ണീരുമായി കുറേ നാളുകൾ കടന്നു പോയി. അപ്പോൾ വീണ്ടുമെത്തി അടുത്ത പരീക്ഷണം. വലതു കാലിനും ഇതേ അസുഖം ബാധിച്ചു. സിടി സ്കാൻ റിപ്പോർട്ട്  പ്രകാരം കാലിലെ ചെറിയ ഞരമ്പുകൾ രക്തം കട്ടപിടിച്ച് ബ്ലോക്കായി എന്നാണ് ഡോക്ടർമാർ പറയുന്നത്. വലതുകാലും മുറിക്കേണ്ടി വരുമെന്ന് ചുരുക്കം.

വലതു കാലിലെ ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്നത് തടയാൻ മരുന്നു കഴിക്കുന്നുണ്ട്. പക്ഷേ അപ്പോഴും പ്രതീക്ഷയുടെ കിരണം അകലെയാണ്. മുമ്പ് വന്ന വൈറൽ പനി സ്മിതയുടെ ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ഇതെല്ലാം ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കിയതു കൂടാതെ വാൽവിന് ദ്വാരവും കരളിൽ നീർക്കെട്ടും സൃഷ്ടിച്ചിരിക്കുന്നു. കിഡ്ണിയുടെ പ്രവർത്തനങ്ങളേയും സാരമായി ബാധിച്ചിക്കുന്നു.

കഷ്ടപ്പാടും ദുരിതവും മാത്രം ബാക്കിയുള്ള ജീവിതം ഇത്രമേൽ പരീക്ഷിക്കുമ്പോൾ സ്മിതയ്ക്ക് കൈകൂപ്പി കേണപേക്ഷിക്കാനല്ലാതെ മറ്റൊന്നിനുമാകുന്നില്ല. സ്വന്തമായൊരു കൂര പോലുമില്ലാത്ത സ്മിതയും കുടുംബവും 14 വർഷമായി വാടക വീടിന്റെ കുടുസുമുറിയില്‍ കനിന് കാത്ത് കിടക്കുകയാണ്്. മാസം തോറും 4000 രൂപയെങ്കിലും മരുന്നിന് ചെലവാകും. വീട്ടുവാടകയും മക്കളുടെ വിദ്യാഭ്യാസ ചെലവുകളും കൂടിയാകുമ്പോൾ പിടിച്ചു നിൽക്കാനാകാത്ത അവസ്ഥ. പരസഹായം കൂടാതെ തനിക്ക് ഒന്നനങ്ങാൻ പോലും സാധിക്കാത്തതിനാൽ ഭർത്താവിന് ജോലിക്ക് പോകാൻ പോലും ആകുന്നില്ല. പ്രതീക്ഷകളുടെ സകല വാതിലുകളും അടഞ്ഞ നിമിഷത്തിൽ സ്മിത കൈകൂപ്പുകയാണ്.... കേഴുകയാണ് സോഷ്യല്‍ മീഡിയയിലെ സുമനസുകളോട്.