Wednesday 29 January 2020 10:54 AM IST : By സ്വന്തം ലേഖകൻ

പുൽത്തകിടിയിൽ പാമ്പ്, സ്‌കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ ആറാം ക്ലാസ്സുകാരന് കടിയേറ്റു!

snake-bite-school-again

മാസങ്ങൾക്ക് മുൻപ് വയനാട് സ്‌കൂളിലെ ക്ലാസ് മുറിയിൽ പാമ്പു കടിയേറ്റ് ഒരു വിദ്യാർത്ഥിനി മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം സമാനമായ സംഭവം തിരുവനന്തപുരം വെഞ്ഞാറമൂട്ടിലും നടന്നു. തേമ്പാംമൂട് സ്കൂളിലെ ആറാം ക്ലാസ്സുകാരനാണ് സ്‌കൂളിൽ വച്ച് പാമ്പു കടിയേറ്റത്.  

തിങ്കളാഴ്ച രാവിലെ 11ന് ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ സമീപത്തെ പുൽത്തകിടിയിലേക്ക് വീണ കുട്ടിയെ പാമ്പ് കടിക്കുകയായിരുന്നു. എന്തോ കടിച്ചുവെന്ന് മനസ്സിലാക്കിയ കുട്ടി നോക്കുമ്പോൾ പാമ്പ് പോകുന്നതും കണ്ടു. തുടർന്ന് പാമ്പ് കടിച്ചുവെന്ന് നിലവിളിച്ചു കൂട്ടുകാരെ അറിയിക്കുകയായിരുന്നു. 

ഉടൻതന്നെ സ്കൂൾ അധികൃതരെത്തി കുട്ടിയെ പുല്ലമ്പാറ ഗവണ്മെന്റ് ആശുപത്രിയിലും പിന്നീട് വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കയ്യിലെ പാടുകൾ നോക്കി ഏതു ജീവിയാണ് കടിച്ചതെന്ന് മനസ്സിലാക്കാൻ ആദ്യം കഴിഞ്ഞില്ല. തുടർ പരിശോധനയിലാണ് കുട്ടിയെ കടിച്ചത് പാമ്പു തന്നെയാണെന്ന് സ്ഥിരീകരിച്ചത്. വലിയ തോതിൽ കുട്ടിയുടെ ശരീരത്തിലേക്ക് വിഷം പ്രവേശിച്ചിരുന്നില്ലെന്ന് കണ്ടെത്തി. 

അപകടസ്ഥിതി മാറിയതോടെ കുട്ടിയെ ഇന്നലെ വാർഡിലേക്ക് മാറ്റി. സംഭവം ഗൗരവമായി എടുത്ത് സ്കൂൾ പരിസരം അധികൃതരുടെ നേതൃത്വത്തിൽ ഇന്നലെ വൃത്തിയാക്കി. വിദ്യാർത്ഥികൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്ന നടപടികൾ സ്വീകരിച്ചുവെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. 

Tags:
  • Spotlight