Monday 20 August 2018 02:50 PM IST : By സ്വന്തം ലേഖകൻ

വെള്ളമിറങ്ങിയ വീടുകളിൽ വിഷ പാമ്പ്; ആറുപേർക്ക് കടിയേറ്റു! ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

snake-shoe

തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളമിറങ്ങിയ വീടുകളിലേക്കു മടങ്ങിയ ആറു പേർക്കു പാമ്പു കടിയേറ്റു. മാരക വിഷമുള്ള പാമ്പുകളല്ല കടിച്ചതെന്നു ഡോക്ടർമാർ അറിയിച്ചു. ആരുടെയും നില ഗുരുതരമല്ല. എങ്കിലും വെള്ളമിറങ്ങിയ വീടുകൾ വൃത്തിയാക്കാൻ ശ്രമിക്കുന്നവർ സൂക്ഷിക്കണമെന്ന് ആരോഗ്യ അധികൃതർ മുന്നറിയിപ്പു നൽകി. വിഷജന്തുക്കൾ വീടിനുള്ളിലെ സുരക്ഷിത ഇടങ്ങളിലും വാഹനങ്ങളുടെ അറകളിലും പതിയിരിക്കുന്നുണ്ടാകാ മെന്നും അവർ പറയുന്നു.

കടിയേറ്റത് ആറു പേർക്ക്

ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പാമ്പുകടിയേറ്റു ചികിത്സ തേടിയെത്തിയതു രണ്ടു പേർ. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ജോഷി (42), കൂളിമുട്ടം സ്വദേശിനി മുംതാസ് എന്നിവരാണു ചികിത്സ തേടിയത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ നാലു പേർ പാമ്പുകടിയേറ്റ നിലയിൽ ചികിത്സ തേടിയെത്തി. ആരുടെയും നില ഗുരുതരമല്ല.    ജില്ലാ അതിർത്തിയോടു ചേർന്നുള്ള മൂത്തകുന്നത്തു നാലു പേരെ പാമ്പുകടിച്ചു. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ഇവിടെ മരുന്നുണ്ട്


പാമ്പുകടിയേറ്റവർക്ക് അടിയന്തരമായി നൽകേണ്ട പാമ്പ‍ുവിഷ പ്രതിരോധ മരുന്ന് (ആന്റിവെനം) ജില്ലയിലെ അഞ്ച് ആശുപത്രികളിൽ ലഭ്യമാണെന്നു ഡ‍ിഎംഒ അറിയിച്ചു.  മെഡിക്കൽ കോളജ്, ജൂബിലി മിഷൻ ആശുപത്രി എന്നിവിടങ്ങളിൽ നേരത്തെ തന്നെ ആവശ്യത്തിനു പ്രതിരോധ മരുന്നു ലഭ്യമാണ്. കൂടാതെ കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട ആശുപത്രികളിൽ 10 യൂണിറ്റ് വീതം മരുന്ന് എത്തിച്ചിട്ടുണ്ട്.   ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ 100 യൂണിറ്റ് മരുന്നും ലഭ്യമാണ്. ആവശ്യത്തിന് ഓക്സിജൻ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.

കടിയേറ്റാൽ ശ്രദ്ധിക്കേണ്ടത്...


കടിയേറ്റാൽ ഉടൻ പ്രഥമശുശ്രൂഷ നൽകണം. അപകടകരമായ രീതിയിൽ വിഷം വ്യാപിക്കുന്നതും ബോധക്ഷയം ഉണ്ടാകുന്നതും കഠിനവേദന അനുഭവിക്കുന്നതും തടയാൻ പ്രഥമശുശ്രൂഷ സഹായിക്കും.

∙ കടിയേറ്റയാൾക്കു ധൈര്യം നൽകുക. പരിഭ്രാന്തി സൃഷ്ടിക്കരുത്. ഭയവും രക്തസമ്മർദവും കൂടിയാൽ വിഷവ്യാപനം വേഗത്തിലാകും.

∙ കടിയേറ്റ ഭാഗത്തിനു മുകളിൽ രണ്ടോ മൂന്നോ ഇഞ്ച് വീതിയിൽ തുണി ഉപയോഗിച്ചു കെട്ടുക. കെട്ടിനു മുറുക്കം കൂടാനോ കുറയാനോ പാടില്ല. രക്ത ഓട്ടം നിയന്ത്രിക്കാനേ പാടുള്ളൂ, തടയാൻ പാടില്ല.

∙ നടക്കാനോ കിടക്കാനോ ശര‍‍ീരം ഇളകാനോ അനുവദിക്കരുത്.

∙ കയ്യിലോ കാലിലോ ആണു കടിയേറ്റതെങ്കിൽ ആ ഭാഗം താഴ്ത്തിവയ്ക്കണം.

∙ ലഹരിപദാർഥമോ ഭക്ഷണമോ നൽകരുത്. വെള്ളം മാത്രം കൊടുക്കാം.

∙ കടിയേറ്റയാളെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക.

∙ ഏതു പാമ്പ് കടിച്ചാലും വിഷചികിത്സയ്ക്കു നൽകുന്ന മിക്സഡ് ആന്റിവെനം ഒന്നു തന്നെയാണ്. അതുകൊണ്ടു പാമ്പിനെ തിരഞ്ഞുപിടിച്ചു കൊണ്ടുപോകേണ്ട കാര്യമില്ല.

വീടു വൃത്തിയാക്കുമ്പോൾ ഓർക്കുക...

∙ വെള്ളം കയറി നനയാതിരിക്കാൻ, വീടിനുള്ളിൽ ഉയർത്തിവച്ചിട്ടുള്ള സാമഗ്രികളിൽ പാമ്പുകൾ കയറിയിട്ടില്ലെന്ന് ഉറപ്പാക്കുക.

∙ ഓട്, ഷീറ്റ് എന്നിവ കൊണ്ടു മേൽക്കൂര നിർമിച്ച വീടുകളുടെ മച്ചിൽ പാമ്പ് കയറിയിരിക്കാൻ സാധ്യതയേറെ.

∙ വീടിനുള്ളിൽ അടുക്കിവച്ചിരിക്കുന്ന ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയ്ക്കുള്ളിലും പാമ്പ് കയറിയിരിക്കാം. ഷൂസ്, ചെരുപ്പ്, ബാഗ് എന്നിവ സൂക്ഷ്മമായി പരിശോധിക്കുക.

∙ നല്ല വെളിച്ചമുള്ളപ്പോൾ മാത്രം വീട് വൃത്തിയാക്ക‍ുക. രാത്രിയിലെ വൃത്തിയാക്കൽ ഒഴിവാക്കുക.

∙ വീടിനു പുറത്തു നടക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. അസമയത്തു വെള്ളക്കെട്ടിലൂടെയുള്ള സഞ്ചാരം ഒഴിവാക്കുക.

∙ കാറിന്റെ ബോണറ്റ്, ബൈക്കിന്റെ യന്ത്രഭാഗങ്ങൾ എന്നിവിടങ്ങൾ നന്നായി പരിശോധിക്കുക.

more...