Thursday 27 August 2020 03:20 PM IST : By സ്വന്തം ലേഖകൻ

‘അച്ഛന്റെ മൃതദേഹത്തിൽ മഴവെള്ളം വീണുകൊണ്ടിരുന്നു; ദഹിപ്പിക്കാൻ ആറടി മണ്ണില്ലാതെ ഞാനും അമ്മയും പകച്ചുനിന്നു’; ഉള്ളുപൊള്ളിക്കുന്ന ജീവിതാനുഭവം

sneha-ksu

ചെറുപ്രായത്തിൽ ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് നിറക്കണ്ണുകളോടെ പറയുകയാണ് സ്നേഹ. പരിപാടി കാണുന്ന പ്രേക്ഷകരുടെ കണ്ണിലും അറിയാതെ നനവ് പടരുന്നു. മഴവില്‍ മനോരമയിലെ ‘ഉടൻപണം’ വേദിയിലാണ് ഉള്ളുപൊള്ളിക്കുന്ന അനുഭവം സ്നേഹ പങ്കുവച്ചത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റാണ് സ്നേഹ. 

"അച്ഛന് ചൂരൽകസേര വീടുകളിൽ പോയി ചെയ്യുന്ന ജോലിയായിരുന്നു. പ്രത്യേകിച്ച് സമ്പാദ്യമൊന്നുമില്ലായിരുന്നു. അന്നൊക്കെ അച്ഛൻ ചെറിയ ചുമയുണ്ടായിരുന്നു. സിഗരറ്റ് വലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന സ്വഭാവമുണ്ടായിരുന്നു. ഞാൻ പത്താംക്ലാസ്- പ്ലസ്‌വൺ പഠിക്കുന്ന കാലത്ത് അച്ഛന്റെ ചുമ ടിബിയായി മാറി. രോഗം മൂർച്ഛിച്ചതോടെ അച്ഛന് എന്നെപ്പോലും ഓർമയില്ലാതായി. അച്ഛന്റെ പ്രിയപ്പെട്ടവളാണ് ഞാൻ. ഓർമയില്ലാതായതോടെ എന്നെ ഇഷ്മില്ലാതെയായി. എന്റെ പരീക്ഷ ദിവസം, പോവാണെന്ന് പറഞ്ഞപ്പോൾ അച്ഛൻ എന്നെ പിടിച്ചുതള്ളി. എനിക്ക് അത് ഷോക്കായിരുന്നു. 

പ്ലസ്‌വണ്ണിൽ പഠിക്കുന്ന കാലമായപ്പോഴേക്കും അച്ഛന്റെ ഓർമ പൂർണ്ണമായും നശിച്ചു. അമ്മ അച്ഛനുവേണ്ട ഭക്ഷണം ഉണ്ടാക്കിവച്ചിട്ടാണ് വീട്ടുജോലിക്കായി പോയിരുന്നത്. ഞാൻ സ്കൂളിൽ നിന്ന് തിരിച്ചുവരുന്ന ചില ദിവസങ്ങളിൽ അച്ഛനെ വീട്ടിൽ കാണാറില്ല. പലപ്പോഴും റോഡിലൂടെ തുണി പോലുമില്ലാതെ ഭിക്ഷക്കാരനെപ്പോലെ അച്ഛൻ നടക്കുന്നത് കണ്ടിട്ടുണ്ട്. ആ ദുരനുഭവങ്ങളൊന്നും മറക്കാനാകില്ല. 

അച്ഛൻ മരിച്ച വിവരം ഒരാൾ സ്കൂളിൽ വന്ന് പറയുകയായിരുന്നു. ഞാനും അമ്മയുടെ കൂടി ആശുപത്രിയിൽ ചെന്നപ്പോൾ ഒരു ബെഞ്ചിൽ അച്ഛനെ കിടത്തിയിരിക്കുന്നു. കയ്യിൽ ഡ്രിപ്പ് ഇട്ടിട്ടുണ്ട്. അവസാന തുള്ളി ബ്ലോക്കായി നിൽക്കുന്നുണ്ടായിരുന്നു. അച്ഛൻ മരിച്ചുവെന്ന് മനസ്സിലായത് അങ്ങനെയാണ്. ഞങ്ങളുടെ വീട്ടിൽ വെള്ളം കയറിയ കാലമാണ്. മൃതദേഹം ഏറ്റുവാങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ ഞാനും അമ്മയും പകച്ചുനിന്നു. 

ഒടുവിൽ അച്ഛന്റെ സഹോദരങ്ങൾ വന്നു. അവരുടേത് നല്ല വീടുകളാണ്, എന്നാൽ അവിടെ അടക്കാൻ സമ്മതിക്കാതെ ഒരു മാലിന്യക്കൂമ്പാരം പോലെയൊരു സ്ഥലത്തേക്കാണ് അച്ഛന്റെ മൃതദേഹം കൊണ്ടുപോയത്. രാത്രി പന്ത്രണ്ട് മണിയായപ്പോൾ മഴ പെയ്തു. മൃതദേഹത്തിൽ മഴവെള്ളം വീണുകൊണ്ടിരുന്നു. ആ കാഴ്ച ഒരിക്കലും മറക്കാനാകില്ല. അച്ഛനെ ദഹിപ്പിക്കാൻ ആറടി മണ്ണിലാതെ അമ്മയും അന്നത്തെ പതിനഞ്ചുകാരിയും പകച്ചുനിന്നു. ഇന്ന് ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് ജീവിതത്തിലേറ്റ പ്രതിസന്ധികളിൽ നിന്നുള്ള പാഠമാണ്. അച്ഛന്റെ മരണശേഷമാണ് ഞാനും അമ്മയും കൂടി കട തുടങ്ങിയത്."- നിറകണ്ണുകളോടെ സ്നേഹ പറയുന്നു.

എപ്പിസോഡ് കാണാൻ ക്ലിക്ക് ചെയ്യുക

Tags:
  • Spotlight