Wednesday 30 November 2022 02:35 PM IST : By സ്വന്തം ലേഖകൻ

മഞ്ഞുപാതകളിൽ ഓവർടേക്കിങ് ഒഴിവാക്കുക, കാഴ്ച മങ്ങുന്നത് അപകടങ്ങൾക്ക് കാരണമാകും; മഞ്ഞുകാലത്തെ ഡ്രൈവിങ് ശ്രദ്ധിക്കാം...

fog543678

മഞ്ഞുമൂടിയ കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ സ്വാഭാവികമായും മഞ്ഞ് നമ്മുടെ കാഴ്ചയ്ക്ക് തടസ്സമാകുന്നു. മഞ്ഞുപാതകളിൽ  വേഗത കുറയ്ക്കുന്നതാണ് അപകടങ്ങൾ ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗ്ഗം. വേഗത കുറച്ച് ഡ്രൈവ് ചെയ്യുമ്പോൾ റോഡിലെ തടസ്സങ്ങളോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ പ്രതികരിക്കാൻ കൂടുതൽ സമയം ലഭിക്കുന്നു. 

. മൂടൽ മഞ്ഞു കാരണം ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടുന്നു എങ്കിൽ സുരക്ഷിതമായ സ്ഥലത്ത് വാഹനം ഒതുക്കിനിറുത്തി മഞ്ഞിന്റെ കാഠിന്യം കുറയാൻ കാത്തിരിക്കുക.

.  മഞ്ഞുമൂടിയ പാതകളിലൂടെ  വാഹനമോടിക്കുമ്പോൾ ഹൈ-ബീം ഒഴിവാക്കുക. മഞ്ഞുതുള്ളികളിൽ തട്ടി പ്രകാശം  പ്രതിഫലിപ്പിക്കുന്നു. പുറകിൽ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് മുന്നിലെ വാഹനത്തെ വ്യക്തമായി കാണാൻ ടെയിൽ ലൈറ്റുകൾ ശരിയായ പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.

. ഫോഗ് ലൈറ്റ് ഉപയോഗം ഓടിക്കുന്ന പാതകളിൽ നിയമാനുസൃതമാണെകിൽ ഇത്തരം സന്ദർഭങ്ങളിൽ അവ  പ്രയോജനപ്പെടുത്തുക. പേര് സൂചിപ്പിക്കും പോലെ മഞ്ഞിനെ കീറിമുറിച്ച് കൂടുതൽ വ്യക്തതയുള്ള വെളിച്ചം നല്കാൻ തക്കവിധം തയ്യാറാക്കിയതാണ് ഫോഗ് ലൈറ്റുകൾ. 

. മുന്നിലുള്ള വാഹനവുമായി കൂടുതൽ അകലം പാലിക്കുക. അകലം വളരെ കുറവാണെങ്കിൽ, മുൻപിൽ പോകുന്ന വാഹനം അപകടത്തിൽ പെട്ടാൽ നിങ്ങളുടെ വാഹനം സുരക്ഷിതമായി നിർത്താൻ പറ്റുന്ന രീതിയിൽ പ്രതികരിക്കാനുള്ള സമയം ലഭിച്ചു എന്ന് വരില്ല.

. വാഹനങ്ങൾ തിരിയുന്നതിന് മുൻപ് നിശ്ചിത സമയം കൃത്യമായും ഇൻഡിക്കേറ്റർ ഓൺ ചെയ്ത് സൂചന നൽകുക. 

.  മഞ്ഞുപാതകളിൽ ഓവർടേക്കിങ് ഒഴിവാക്കുക. കാഴ്ച മങ്ങുന്നതിനാൽ എതിരെ വരുന്ന വാഹനത്തെ കൃത്യമായി കാണാൻ സാധിക്കാതെ വരാം. ഇത് അപകടങ്ങൾക്ക് കാരണമാകും. 

. മൂടൽമഞ്ഞ് പോലുള്ള ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ റോഡിലെ തടസ്സങ്ങൾ കാണാനും എതിരെ വരുന്ന വാഹനങ്ങളെ പറ്റി സൂചനകൾ നൽകാനും വാഹനത്തിലെ സഹയാത്രക്കാർക്കും ചുമതലയുണ്ട്. 

. ശ്രദ്ധാപൂർവ്വം യാത്ര പ്ലാൻ ചെയ്യുക. യാത്രയ്‌ക്കൊരുങ്ങും മുൻപ് കാലാവസ്ഥ പ്രവചനം ശ്രദ്ധിക്കുക. റോഡപകടങ്ങൾ, റോഡ് അടയ്ക്കൽ, ഗതാഗത നിർദേശങ്ങൾ എന്നിവയെക്കുറിച്ച് മനസിലാക്കണം. മറ്റു സമയത്തെ അപേക്ഷിച്ച് ശൈത്യകാലത്ത് യാത്രകൾക്ക് കൂടുതൽ സമയമെടുത്തേക്കാം.

. വിൻഡ്‌ സ്‌ക്രീൻ വൃത്തിയായും മഞ്ഞു നീക്കം ചെയ്തും സൂക്ഷിക്കുക. കാഴ്ച വളരെ പ്രധാനമാണ്. അതിനാൽ വാഹനത്തിന്റെ വിൻഡ് സ്‌ക്രീൻ, വിൻഡോ, മിറർ എന്നിവയിൽ പൊടിയോ മറ്റു തടസ്സങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.. വാഹനമോടിക്കുമ്പോൾ ഗ്ലാസ്സുകൾ താഴ്ത്തി വച്ചാൽ മറ്റുള്ള വാഹനങ്ങളുടെ ഹോൺ, എൻജിൻ ശബ്ദങ്ങൾ വ്യക്തമായി കേൾക്കാനും അതിനനുസരിച്ചു കൂടുതൽ സുരക്ഷിതമായി ഡ്രൈവ് ചെയ്യാനും കഴിയും.  എതിരെയും പുറകെയും വരുന്ന വാഹനങ്ങളെ പറ്റി നല്ല ധാരണ കിട്ടാൻ ഇത് സഹായകമാണ്. വിൻഡോ ഗ്ലാസ്സുകൾ പൂർണമായും അടച്ചിടേണ്ട സാഹചര്യം  ഉണ്ടായാൽ കാറിനകത്ത് ഈർപ്പം ഉണ്ടാവുകയും വിൻഡ് ഷീൽഡിൽ വെള്ളത്തുള്ളികൾ രൂപപ്പെട്ട് കാഴ്ച മങ്ങുകയും ചെയ്യും. ഇത്തരം സന്ദർഭങ്ങളിൽ ഹീറ്റർ പ്രവർത്തിപ്പിച്ചു ഉള്ളിലെ താപനില ക്രമീകരിക്കാം.

കടപ്പാട്: കേരളാ പൊലീസ്

Tags:
  • Spotlight