Tuesday 14 August 2018 04:49 PM IST : By സ്വന്തം ലേഖകൻ

വീട്ടിൽ കല്യാണമേളം, മണവാട്ടി ദുരിതാശ്വാസ ക്യാമ്പിൽ; യുവ ഉദ്യോഗസ്ഥയ്ക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ

anjali

ജീവനെടുക്കുന്ന ദുരിതപ്പേമാരിയിലും കേരളക്കരയെ ഉലയാതെ പിടിച്ചു നിർത്തുന്ന ചിലരുണ്ട്. അണമുറിയാത്ത സഹായ പ്രവാഹവും കൈ മെയ് മറന്നുള്ള സഹായഹസ്തവും പങ്കു വയ്ക്കുന്നവരാണവർ. വർണ–വർഗ–രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമയോടെ നിന്ന് ഈ ദുരിതപ്പേമാരിയെ നേരിടാൻ പ്രാപ്തരാക്കുകയാണവർ.

കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പുകളിലെ 60,000ത്തോളം അശരണരുടെ കണ്ണീരൊപ്പാൻ ആയിരക്കണക്കിന് ഉദ്യോഗസ്ഥരാണ് ഇന്ന് രംഗത്തുള്ളത്. സമയമോ കാലമോ പരിമിതികളോ ഒന്നും നോക്കാതെ മറ്റുള്ളന്റെ വേദനയകറ്റാൻ കൈയ് മെയ് മറന്നിറങ്ങുകയാണ് അവർ. ആരോരുമില്ലാത്തവന്റെ മുന്നിലേക്ക് ഇങ്ങനെ ആശ്വാസക്കുട നീട്ടിയെത്തുന്ന എത്രയോ പേർ. അവരിൽ അഞ്ജലി രവി എന്ന കൊല്ലം സ്വദേശിനിയുടെ സ്ഥാനം ഒരുപടി മുന്നിലായിരിക്കും.

കാരണം സ്വന്തം കല്യാണത്തിന്റെ തിരക്കുകൾ മാറ്റി വച്ചാണ് ഈ യുവ ഉദ്യോഗസ്ഥ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഏകോപന സെല്ലിലെ ജീവനക്കാരിയാണ് അഞ്ജലി.

ഈ വരുന്ന ഞായറാഴ്ചയാണ് അഞ്ജലിയുടെ വിവാഹം. വീട്ടിലെ വിവാഹ മേളങ്ങൾ പൊടി പൊടിക്കുമ്പോഴും ആ സന്തോഷത്തിന്റെ കാരണക്കാരി പ്രളയത്തില്‍ താറുമാറായ ജീവിതങ്ങളുടെ സുരക്ഷയ്ക്കും പുനരധിവാസത്തിനുമായ പ്രവര്‍ത്തനങ്ങളിലാണ്. വീട്ടിലെ കല്യാണ തിരക്കുകളല്ല, മറിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ പങ്കാളിയാകുന്നതിലാണ് അഞ്ജലിക്ക് പഥ്യം.

ഞായറാഴ്ച കൊല്ലത്തു വച്ചാണ് കിരണുമായുള്ള അഞ്ജലിയുടെ വിവാഹം. കേരളക്കരയുടെ മുഴുവൻ അനുഗ്രഹാശിസുകളും ഏറ്റുവാങ്ങിക്കൊണ്ടാകും അന്നേരം ഈ യുവ ഉദ്യോഗസ്ഥ കതിർ മണ്ഡപത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്.